മെയിൽ, എക്സ്പ്രസ് ട്രയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണത്തിന് നിർദ്ദേശം. 16,672 മുതൽ 22,442 രൂപവരെയെങ്കിലും വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽമാത്രം പുതിയ സ്റ്റോപ്പ് അനുവദിച്ചാൽ മതിയെന്നാണ് റയിൽവേ ബോർഡിന്റെ നിലപാട്. ഒരു സ്റ്റേഷനിൽ തീവണ്ടി നിർത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നുവെന്നാണ് റയിൽവെയുടെ വാദം.
മെയിൽ, എക്സ്പ്രസ് തീവണ്ടികൾ ഒരു സ്റ്റേഷനിൽ നിർത്തുമ്പോൾ 16,672 രൂപ മുതൽ 22,432 രൂപവരെ ചെലവുവരുന്നതായാണ് പുതിയ കണക്ക്. ഇന്ധന-ഊർജ നഷ്ടം, തേയ്മാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കുന്നത്. 2005‑ലെ കണക്കുകൾ അനുസരിച്ച് ഇത് 4,376 മുതൽ 5,396 രൂപവരെയായിരുന്നു. റയിൽവേ മന്ത്രാലയത്തിനുകീഴിലുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനാണ് (ആർഡിഎസ്ഒ) പുതിയ കണക്ക് തയ്യാറാക്കിയത്.
ഇന്ധനം, സ്പെയർപാർട്സ് എന്നിവയുടെ വിലവർധനമൂലം 22 കോച്ചുകളുള്ള എക്സ്പ്രസ് തീവണ്ടി ഒരുസ്റ്റോപ്പിൽ നിർത്തുമ്പോൾ 22,442 രൂപ ചെലവുണ്ടാകും. കോച്ചുകളുടെ എണ്ണം കുറയുന്നതനുസരിച്ച് ചെലവും കുറയും. ഇതിന്റെ അടിസ്ഥാനത്തിൽ തീവണ്ടി നിർത്തുന്നതിനുള്ള നയം (സ്റ്റോപ്പേജ് പോളിസി) റെയിൽവേ ബോർഡ് തയ്യാറാക്കി സോണൽ റയിൽവേ ജനറൽ മാനേജർമാർക്ക് കൈമാറിയിട്ടുണ്ട്. ഈ കണക്ക് അടിസ്ഥാനമാക്കിയാൽ കേരളത്തിലെ 70 മുതൽ 80 ശതമാനംവരെ സ്റ്റോപ്പുകൾ നിർത്തേണ്ടിവരും. എന്നാൽ നിലവിൽ സ്റ്റോപ്പുള്ളയിടങ്ങളിൽ തല്‍ക്കാലം ഇത് ബാധകമാകില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം കോവിഡ് കാലത്ത് നിർത്തിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നതിന് പുതിയ നയം തിരിച്ചടിയാകും.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് വരുമാനം മാത്രമല്ല ഇതുവരെ മാനദണ്ഡമാക്കിയിരുന്നത്. ഓരോ സ്റ്റേഷന്റെയും പ്രാധാന്യവും പ്രധാന ലൈനിൽത്തന്നെ നിർത്തുന്നതിനുള്ള സൗകര്യവും പരിഗണിച്ചാണ് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്. ഇതില്‍ നിന്നുള്ള വ്യതിയാനമാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നത്.പുതിയ നയം നടപ്പായാല്‍ കന്യാകുമാരി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്ര തുടങ്ങുന്ന പല തീവണ്ടികള്‍ക്കും തിരുവനന്തപുരം, വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ ഏതാനും സ്റ്റേഷനുകളില്‍ മാത്രമായി സ്റ്റോപ്പുകള്‍ ചുരുക്കേണ്ടി വരും.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഭൂരിഭാഗം സ്റ്റേഷനുകളും റെയില്‍വേ ബോര്‍ഡിന്റെ പുതിയ മാനദണ്ഡപ്രകാരമുള്ള വരുമാനം ലഭിക്കുന്നവയല്ല. അതനുസരിച്ച് അവിടങ്ങളിലെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയാല്‍ ആ സ്റ്റേഷനുകളെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകളും ഒരു പ്രദേശം തന്നെയും ഒറ്റപ്പെടുന്ന സ്ഥിതി വിശേഷവുമുണ്ടാകും. സാമൂഹിക പ്രതിബദ്ധതയില്‍ നിന്ന് വ്യതിചലിച്ച് ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതാണ് റയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പടിപടിയായുള്ള സ്വകാര്യവല്‍ക്കരണവും പുതിയ നിര്‍ദ്ദേശത്തിനു പിന്നിലുണ്ടെന്ന് പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ ആരോപിക്കുന്നു.
English Summary: strict control over the stoppage of trains
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.