19 December 2024, Thursday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ ഭരണഘടന ആഴമേറിയ അപകടാവസ്ഥയില്‍: അരുണ്‍കുമാര്‍

Janayugom Webdesk
September 14, 2022 10:54 pm

ഇന്ത്യന്‍ ഭരണഘടന ആഴമേറിയ അപകടാവസ്ഥയിലേക്ക് കടക്കുന്ന ഒരു സാമൂഹിക, രാഷ്ട്രീയ സാഹചര്യം 2014ന് ശേഷം ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഡോ.കെ അരുണ്‍കുമാര്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ‘ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. ഭരണഘടനാ ധാര്‍മികത എന്നത് സാര്‍വത്രികമായി വ്യാപിക്കാത്തിടത്തോളം കാലം ഭരണകൂടത്തെ മാറ്റിക്കൊണ്ട് ഭരണഘടനയെ പരാജയപ്പെടുത്താമെന്നതും ഒരു വെല്ലുവിളിയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈയടുത്ത് ചര്‍ച്ചചെയ്ത അഗ്നിവീറുകളെപ്പറ്റിയുള്ളത്. താല്ക്കാലികം എന്ന രീതിയില്‍ നിയോഗിക്കപ്പെടുന്ന അഗ്നിവീറുകള്‍ നാളെ സമൂഹത്തിനുമേല്‍ അതോറിറ്റികളായി മാറുന്ന കാലം വരുന്നതോടെ ഭരണഘടന പരാജയപ്പെടുമെന്നതാണ് വസ്തുത. ഭരണഘടനയെ മാറ്റാതെ ഭരണഘടനയെ അട്ടിമറിക്കുകയാണ് ഇപ്പോഴത്തെ ഭരണകൂടമെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

 

 

ഭരണഘടനയെ ഒരു തുകല്‍പ്പന്തുപോലെ ഉപയോഗിക്കുകയാണെങ്കില്‍ ഈ പറഞ്ഞ മൂന്നുതരം വെല്ലുവിളികളെക്കുറിച്ച് സംസാരിക്കേണ്ടിവരും. ഒന്ന്, ഭരണഘടന പ്രവര്‍ത്തിക്കുന്ന സാമൂഹിക പരിതസ്ഥിതി. രണ്ട്, ഭരണഘടന പ്രയോഗിക്കേണ്ട ആളുകള്‍ക്ക് ഭരണഘടനയെക്കുറിച്ചുള്ള കാഴ്ചപ്പാടും മനോഗതിയും. മൂന്ന്, ഇപ്പോള്‍ ആ ഭരണഘടന കയ്യാളുന്ന മനുഷ്യരെക്കുറിച്ചും. നിരപ്പില്ലാത്ത മൈതാനത്ത് ലോകത്തെ ഏറ്റവും മുന്തിയ തുകല്‍പ്പന്തുമായി കളിയറിയാത്തവര്‍ കളിക്കാന്‍ ഇറങ്ങിയാല്‍ ആ പന്ത് നേരിടുന്ന വെല്ലുവിളി ആരുടെയൊക്കെ ഭാഗത്തുനിന്നുള്ളതായിരിക്കും?. നിരപ്പില്ലാത്ത മൈതാനത്തിന്റെയും ആ പന്ത് കളിക്കാനാണ് എന്ന് തിരിച്ചറിവില്ലാതെ മൈതാനത്തിറങ്ങിയവരുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളിയായിരിക്കും. മൂന്നാമത്തെ ഒരു കൂട്ടരുകൂടി നമ്മുടെ ചുറ്റുമുണ്ട്. ഫട്ബോളിനേക്കാള്‍ ദണ്ഡ ഉപയോഗിച്ചുള്ള കളിക്കാണ് അവര്‍ക്ക് താല്പര്യം. അതുകൊണ്ട് ഈ മൈതാനത്ത് പന്തിന് പകരം ദണ്ഡ ഉപയോഗിച്ച് കളിക്കാം എന്ന് പറഞ്ഞ് പുതിയൊരു വെല്ലുവിളിയും ഉയര്‍ത്തുന്നു.

ഭരണഘടനയെ മനസിലാക്കാതെ പോയ അസമത്വം നിറഞ്ഞ തട്ടുതിരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ സ്വാഭാവിക വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. ഭരണഘടന നിലവില്‍ വന്ന് ഒമ്പത് വര്‍ഷം പിന്നിട്ട ഘട്ടത്തില്‍ ബംഗാളിലെ ദാമോദര്‍ നദിക്കു കുറുകെ നിര്‍മ്മിച്ച ഡാം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരില്‍ പതിഞ്ചുകാരിയെ സ്വന്തം ഗ്രാമം ആട്ടിപ്പുറത്താക്കി. ബുധനി മെജാന്‍ എന്ന ആ പെണ്‍കുട്ടിയെ സ്വന്തം വംശം ആട്ടിപ്പുറത്താക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്താനോ സംരക്ഷിക്കാ കഴിയാതിരുന്ന ഒന്നാണ് ഇന്ത്യന്‍ ഭരണഘടന. അത് ഭരണഘടനയെ മനസിലാക്കാനുള്ള ബോധ്യമോ മാനസികമായ വളര്‍ച്ചയോ കാഴ്ചപ്പാടോ ഇന്ത്യയിലെ സാമൂഹിക പരിതസ്ഥിതിക്ക് ഇല്ലാതെ പോയി എന്നതുകൊണ്ടാണ്.

 

 

ഭരണഘടന എന്നത് ഒരു ഛായാമുഖിയാണ്. ഓരോരുത്തരും നോക്കുമ്പോള്‍ വ്യത്യസ്ഥ രൂപങ്ങളായി കാണാനാകും. സോഷ്യലിസ്റ്റ് ജനാധിപത്യത്തെ ആഗ്രഹിക്കുന്നവര്‍ കാണുന്ന കാഴ്ചപാടായിരിക്കില്ല, മറ്റ് ആശയങ്ങളോടെ നോക്കുന്നവര്‍ക്ക് കാണാനാവുക. വ്യത്യസ്ഥ ആശയങ്ങള്‍ ഒരേ സമയത്ത് പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ഭരണഘടന. അതിന്റെ രൂപവും സവിശേഷതയും കൊണ്ടാണ് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതുപോലെ നിലകൊള്ളാന്‍ ഭരണഘടനയ്ക്ക് സാധിക്കുന്നത്. അഞ്ച് വ്യത്യസ്ഥ ആശയഗതികള്‍ ഭരണഘടനയുടെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു. നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ ജനാധിപത്യ വാദവും അംബേദ്കറുടെ നേതൃത്വത്തിലുള്ള ലിബറല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ വാദവും ഗാന്ധിസവും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഹിന്ദുത്വവാദവുമെല്ലാം അടങ്ങിയ ആശയഗതികള്‍ നിറഞ്ഞതാണ് ഭരണഘടന. ആ ഭരണഘടനയാണ് അപകടത്തിലായിരിക്കുന്നത്.-അരുണ്‍കുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.