ഓണക്കാലത്തിന് പിന്നാലെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ പകർന്ന് അവധിക്കാലമെത്തുന്നു. നവരാത്രി, ദീപാവലി സീസൺ തുണയാവുമെന്നുള്ള പ്രതീക്ഷയാണ് കുമരകം പോലുള്ള മേഖലയെ സജീവമാക്കുന്നത്. നവരാത്രി പ്രമാണിച്ച് ഉത്തരേന്ത്യൻ സഞ്ചാരികളുടെ ബുക്കിങ്ങ് കുമരകത്ത് ഉൾപ്പെടെ ആരംഭിച്ചു. ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിങ്ങുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലും തേക്കടിയിലും പോകുംവിധമാണ് പാക്കേജ്. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളിലും ബുക്കിങ് അവസാനിക്കാറായെന്നാണ് സൂചന.
ഹൈദരബാദ്, മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അധികവും. ഇതിന് ശേഷം ദീപാവലിയും തുടർന്നുള്ള ക്രിസ്മസ് സീസണിലും ആളുകളുണ്ടാകുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ. ലോക ടൂറിസം ദിനമായ 27 മുതൽ സീസൺ സജീവമായി തുടങ്ങുമെന്ന് സംരംഭകർ പ്രതീക്ഷിക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി മാർച്ച് വരെയാണ് ജില്ലയിലെ പ്രധാന സീസൺ.
കാലാവസ്ഥ അനുകൂലമായാൽ ഡിസംബർ ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക.
ഇത്തവണ ഓണക്കാലത്ത് ആഭ്യന്തര വിനോദസഞ്ചാരികളുടെ തിരക്ക് കുമരകം, വാഗമൺ മേഖലയിൽ അനുഭവപ്പെട്ടിരുന്നു. ഓണ ദിവസങ്ങളിൽ ശക്തമായ മഴ പ്രവചനത്തെത്തുടർന്നു മുൻകൂട്ടി ബുക്ക് ചെയ്ത പലരും സഞ്ചാരം ഒഴിവാക്കിയിരുന്നു. എന്നാൽ, മഴ മാറി നിന്നതോടെ ഒഴുകിയെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികൾ ഈ കുറവു നികത്തി.
കോവിഡ് ആശങ്ക മാറിയതു ഇത്തവണ കൂടുതൽ സഞ്ചാരികൾ എത്താൻ കാരണമാകുമെന്നും സംരംഭകരും ടൂർ ഓപ്പറേറ്റർമാരും കണക്കുകൂട്ടൂന്നു. എന്നാൽ, കോവിഡിനു മുമ്പുണ്ടായിരുന്നതു പോലെ, വിദേശവിനോദ സഞ്ചാരികളെ കാര്യമായി പ്രതീക്ഷിക്കുന്നില്ല.
ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തുന്നതാണു ചെറുകിട സംരംഭകർക്ക് നല്ലതെന്നു ഈ മേഖലയിലുള്ളവർ പറയുന്നു. കഴിഞ്ഞ വർഷം വിനോദ സഞ്ചാര സീസണിൽ ഇടയ്ക്ക് വന്ന മഴയും വെള്ളപ്പൊക്കവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് കുറച്ചിരുന്നു.
ഇത്തവണ അനുകൂല കാലാവസ്ഥയാണ് സംരംഭകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, നവംബർ വരെ മഴ നീണ്ടുനിൽക്കുമെന്ന പ്രവചനവും തുടർച്ചയായുണ്ടാകുന്ന തെരുവുനായ ഭീഷണികളും വിനോദ സഞ്ചാര മേഖലയെ ആശങ്കയിലാക്കുന്നുണ്ട്.
English Summary: Holiday brings hope to the tourism sector
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.