22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 12, 2024
November 8, 2024
October 22, 2024
October 21, 2024
October 20, 2024
October 17, 2024

പുഞ്ചിരിച്ചുകൊണ്ട് അർബുദത്തെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തി; കോടിയേരിയെക്കുറിച്ച് ഡോക്ടറിന്റെ കുറിപ്പ്

Janayugom Webdesk
October 2, 2022 11:02 am

അർബുദത്തെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ വിദഗ്ധനായ ഡോ. ബോബന്‍ തോമസ് പറയുന്നു.പാൻക്രിയാസ് കാൻസർ അഡ്വാൻസ്ഡ് സ്റ്റേജിൽ നില്‍ക്കുമ്പോഴും അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കാണിച്ച അസാമാന്യമായ ആര്‍ജവം ഡോക്ടര്‍ ഇന്നും ഓര്‍ക്കുന്നു. ആരോഗ്യസ്ഥിതി മോശമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയിൽ അൽപം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നുവെന്നുമാണ് ഡോക്ടറിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ള കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

കോടിയേരി സഖാവിനെ ഓർക്കുമ്പോൾ
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചയ്ക്ക് എനിക്ക് ആ ഫോൺ കോൾ വന്നത്.
“കൊടിയേരി സഖാവിനെ തിങ്കളാഴ്ച തന്നെ എയർ ആംബുലൻസിൽ ചെന്നൈ അപ്പോളോയിലേക്ക് ഷിഫ്റ്റ് ചെയ്യണം.!”
ഞാൻ ആ സമയത്ത് സുഹൃത്തും എറണാകുളം രാജഗിരി ആശുപത്രിയിലെ മെഡിക്കൽ ഓൺകോളജിസ്റ്റുമായ ഡോക്ടർ സഞ്ജു സിറിയക്കിനോടൊപ്പം പൂവാർ റിസോർട്ടിലേക്കുള്ള ബോട്ട് യാത്രയിലായിരുന്നു.
പൂവാർ ഐലൻഡിൽ നടക്കുന്ന ലിവർ ക്യാൻസറിന്റെ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടിയതായിരുന്നു സഞ്ജുവിനെ.
“തിങ്കളാഴ്ച സഖാവിനെ അനുഗമിക്കണം” എന്ന നിർദ്ദേശം കേട്ടയുടനെ ഞാനല്പം ടെൻസ്ഡ് ആയി.
കാരണം മറ്റൊന്നുമല്ല. എനിക്കന്ന് ഇവനിംഗിൽ പ്രസന്റേഷൻ സെഷൻ ഉണ്ട്. മാത്രമല്ല പോകുന്നതിനു മുമ്പായി തീർക്കേണ്ട ട്രീറ്റ്മെൻറ് സമ്മറി അടക്കമുള്ള ഒരുപാട് പേപ്പർ വർക്കുകളും.! പിറ്റേന്ന് ഞായറാഴ്ചയാകട്ടെ അവധിയുമാണ്. സങ്കീർണ്ണമാണെങ്കിലും വലിയ ഗൗരവത്തോടെയും, ജാഗ്രതയോടെയും ചെയ്തുതീർക്കേണ്ട കാര്യങ്ങളാണ്.
അപ്പോൾ തന്നെ അപ്പോളോയിൽ നിന്ന് ഡോക്ടർമാർ ബന്ധപ്പെടുകയും അവർക്ക് സഖാവിൻ്റെ ചികിത്സയുടെ വിശദാംശങ്ങൾ എല്ലാം തന്നെ ഓരോന്നോരോന്നായി ബ്രീഫ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരുന്ന എനിക്ക് സഖാവിൻ്റെ ആരോഗ്യനിലയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു.
പലപ്പോഴും അഡ്മിഷൻ വേണ്ടിവന്നിരുന്ന, കൂടിയും കുറഞ്ഞുമിരുന്ന രോഗാവസ്ഥയായിരുന്നു അദ്ദേഹത്തിൻ്റേത്.
ക്യാൻസർ നല്ല രീതിയിലുള്ള കൺട്രോളിലായിരുന്നുവെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടോ മൂന്നോ ആഴ്ചയ്ക്ക് മുൻപ് തന്നെ അനുബന്ധമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന സഖാവിനെ മറ്റൊരു ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്ത് ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കണമെന്ന ഉറച്ച ബോധ്യത്തിലായിരുന്നു ഞങ്ങൾ.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അമൃതയിലേക്ക് ഷിഫ്റ്റ് ചെയ്യണമെന്ന പ്ലാനിൽ ആയിരുന്നുവെങ്കിലും പെട്ടെന്നാണ് ചെന്നൈയിലുള്ള അപ്പോളോയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നത്.
എയർ ആംബുലൻസിൽ ഷിഫ്റ്റ് ചെയ്യുന്നതിനുള്ള സുദീർഘമായ എല്ലാ പേപ്പർ വർക്കുകളും അടിയന്തരമായി ചെയ്തു തീർത്തു. ഞായറാഴ്ചയിലെ കോൺഫറൻസിൽ പങ്കെടുക്കാതെ സഖാവിനെ തിരുവനന്തപുരത്തുള്ള വീട്ടിൽ പോയി കണ്ടു.
വെള്ളിയാഴ്ച രാത്രി വളരെ വൈകിയാണ് കോട്ടയത്ത് നിന്ന് വേണാടിന് ഞാൻ തിരുവനന്തപുരത്ത് എത്തുന്നത്. എൻ്റെ ഫ്ലാറ്റിൽ പോകുന്നതിന് മുമ്പ് തന്നെ സഖാവിനെ എ.കെ.ജി ഭവനടുത്തുള്ള അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ പോയി കണ്ട് ആരോഗ്യസ്ഥിതി മനസ്സിലാക്കിയിരുന്നു. കോൺഫറൻസിന് പോകുന്നതിന് മുമ്പും അദ്ദേഹത്തെ കാണുകയും ചികിത്സയുടെ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഞായറാഴ്ച വീണ്ടും സഖാവിനെ കാണുകയും തിങ്കളാഴ്ചയിലെ യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
പ്രയാസമുണ്ടാക്കിയ മറ്റൊരു കാര്യം കോട്ടയത്ത് ഞാൻ ജോലി ചെയ്യുന്ന കാരിത്താസ് ആശുപത്രിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലിയുടെ സമാപന സമ്മേളനം 29 തിങ്കളാഴ്ചയായിരുന്നു എന്നതാണ്. Car­i­tas-60 യുടെ ഓർഗനൈസിംഗ് സെക്രട്ടറിയായ എനിക്ക് ഒരു വർഷം ഞങ്ങൾ ഏറ്റെടുത്ത പ്രൗഢഗംഭീരമായ പരിപാടികളുടെ സമാപന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുവാൻ കഴിയുമോ.?.
മാത്രമല്ല സേവന പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട ഗവർണറിൽ നിന്ന് ഫലകവും സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ ഒരു ഡോക്ടർ എന്ന നിലയ്ക്ക് അനുമോദന സമ്മേളനമല്ല മുഖ്യമെന്നും ചികിത്സിക്കുന്ന രോഗിയുടെ, പ്രത്യേകിച്ച് ഒരുപാട് സാമൂഹ്യ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടുന്ന ഒരു വലിയ നേതാവിൻ്റെ ആരോഗ്യപരിപാലനത്തിന് തന്നെയാണ് പ്രൈമറി റെസ്പോൺസിബിലിറ്റി കൊടുക്കേണ്ടതെന്നുള്ള സുവ്യക്തമായ നിലപാടിലായിരുന്നു ഞാൻ. അക്കാര്യം ഡയറക്ടർ ഫാദർ ബിനു കുന്നത്തിനെ അറിയിക്കുകയും അദ്ദേഹം പൂർണ്ണ മനസ്സോടെ സമ്മതിക്കുകയും ചെയ്തു.
സഖാവിൻ്റെ സെക്രട്ടറിയും, എൻ്റെ നേഴ്സും, സഖാവിനെ ദീർഘനാളായി നോക്കിക്കൊണ്ടിരുന്ന അച്ചു ബ്രദറും തലേന്ന് ഞായറാഴ്ച തന്നെ അപ്പോളോയിലേക്ക് തിരിക്കുകയും അവിടെ വേണ്ട തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടരയോടുകൂടി ഞാൻ അദ്ദേഹം താമസിക്കുന്ന വസതിയിൽ എത്തുകയും പിന്നീട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായി വിജയനും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ പതിനൊന്നരയ്ക്ക് തീരുമാനിച്ചിരുന്ന യാത്ര ചെന്നൈയിലെ പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പത്തരയ്ക്ക് തന്നെ പുറപ്പെടാൻ തീരുമാനിക്കുകയും ചെയ്തു.

തലേന്ന് തന്നെ തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിച്ചേർന്ന എയർ ആംബുലൻസിലേക്ക് അദ്ദേഹത്തെ ഷിഫ്റ്റ് ചെയ്തു. അദ്ദേഹത്തെ അനുഗമിക്കുവാൻ അപ്പോളോയിൽ നിന്ന് ഒരു ഡോക്ടറും, ടെക്നീഷ്യനും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് അതിശക്തമായി പെയ്ത മഴ ഭാഗ്യവശാൽ ഒഴിഞ്ഞ് നിൽക്കുകയും എയർ ആംബുലൻസിലേക്കുള്ള അദ്ദേഹത്തിൻ്റെ ഷിഫ്റ്റിംഗ് സുഗമമാവുകയും ചെയ്തു.
പൈലറ്റ് ഉൾപ്പെടെ എട്ടുപേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനത്തിലായിരുന്നു യാത്ര. കൂടെ ഭാര്യ വിനോദിനിയും ഉണ്ടായിരുന്നു. സഖാവിൻ്റെ ആരോഗ്യ നിലയിൽ വരുന്ന വ്യതിയാനം അദ്ദേഹത്തെ ട്രീറ്റ് ചെയ്യുന്ന ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് മാനസിക സംഘർഷമുണ്ടാക്കുന്ന ഒന്നായിരുന്നു.
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് പെട്ടെന്ന് തന്നെ സഖാവിൻ്റെ ഓക്സിജൻ നിലയിൽ നേരിയ ഒരു കുറവ് സംഭവിച്ചുവെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ തരണം ചെയ്യുവാൻ സാധിച്ചു. പിന്നീട് ഇടയ്ക്ക് ചുമ ഉണ്ടാകുന്നത് ഒഴിച്ചു നിർത്തിയാൽ വളരെ കംഫർട്ടബിൾ ആയിരുന്നു അദ്ദേഹത്തിൻ്റെ ആരോഗ്യനില.
ഏകദേശം ഒന്നേകാലോടുകൂടി ചെന്നൈ എയർപോർട്ടിൽ എത്തുകയും അവിടെനിന്ന് അപ്പോളോയിലെ ആംബുലൻസിൽ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു.
ഹോസ്പിറ്റലിലെ എമർജൻസി റൂമിൽ സ്റ്റെബിലൈസ് ചെയ്തതിനുശേഷം അദ്ദേഹത്തെ റൂമിലേക്ക് മാറ്റി. തുടർന്ന് അവിടെ അദ്ദേഹത്തെ ചികിത്സിക്കേണ്ട ഡോക്ടർമാരുടെ ടീമുമായി അദ്ദേഹത്തിൻ്റെ ചികിത്സാ വിവരങ്ങൾ വളരെ വിശദമായി സംസാരിക്കുകയും ചികിൽസ ഹാൻഡ് ഓവർ ചെയ്യുകയും ചെയ്തു. അതിനുശേഷം വൈകീട്ട് 9 മണിക്ക് തിരിച്ചുള്ള ഫ്ലൈറ്റിൽ നെടുമ്പാശ്ശേരിയിൽ എത്തുകയും ഏകദേശം രാത്രി ഒരു മണിയോടെ കോട്ടയത്ത് തിരിച്ചെത്തുകയും ചെയ്തു.

ആംബുലൻസിൽ തിരുവനന്തപുരത്തുനിന്ന് കയറുന്നതിന് മുമ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.
“ഡോക്ടറെ അപ്പോൾ എല്ലാം പറഞ്ഞത് പോലെ” ആ വാക്കുകളിൽ എന്നിൽ അർപ്പിച്ച ഉത്തരവാദിത്വം മുഴുവൻ പ്രകടമായിരുന്നു. സഖാവിനെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അപ്പോളോയിൽ എത്തിക്കണം എന്ന വലിയ ഉത്തരവാദിത്വം.!
ഒരു ഡോക്ടർ എന്ന നിലയ്ക്ക് എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആകാത്ത ഒരേട്. അപ്പോളോയിൽ അഡ്മിറ്റ് ചെയ്തു തിരിച്ചുവന്നതിന് ശേഷവും അവിടുത്തെ ഡോക്ടർമാരുടെ സംഘവുമായി സഖാവിൻ്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ചർച്ചകൾ നടത്തിയിരുന്നു. ആരോഗ്യ സംബന്ധമായി നേരിയ പുരോഗതിയും ദൃശ്യമായിരുന്നു. ഒരു രോഗിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ തന്നെയായിരുന്നു അപ്പോളോയിൽ നിന്ന് ലഭ്യമായിരുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഏകദേശം രണ്ടാഴ്ച മുൻപ് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുന്നു എന്ന വിവരം ലഭിച്ചിരുന്നു. രണ്ടുദിവസം മുൻപ് ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. അവിടെ ചികിത്സിക്കുന്ന ഡോക്ടർ ഇൻ ചാർജ് ആയ ഡോ. പ്രമോദുമായി സംസാരിച്ചപ്പോൾ കൊടിയേരി സഖാവ് മരണപ്പെട്ടുവെന്നും മരണവാർത്ത ഡിക്ലയർ ചെയ്യാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ചികിത്സിച്ച രോഗികളിൽ അസാമാന്യ ധൈര്യത്തോടുകൂടി ക്യാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു കൊടിയേരി സഖാവ് എന്ന് പറയാതിരിക്കാൻ വയ്യ. പാൻക്രിയാസ് ക്യാൻസർ അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരുന്നിട്ടുകൂടി പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാൻ അദ്ദേഹം കാണിച്ച ആർജ്ജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയിൽ അല്പം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു. പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടർ എന്ന നിലയ്ക്ക് നമുക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ഏത് പ്രതിബന്ധത്തിലും, ജീവിത പ്രയാസങ്ങളിലും സഖാവിൻ്റെ ജീവനും, ശ്വാസവും പാർട്ടി തന്നെയായിരുന്നു എന്ന് ചികിത്സിച്ച മൂന്നുവർഷംകൊണ്ട് എനിക്ക് വ്യക്തിപരമായി പറയുവാൻ സാധിക്കും. അദ്ദേഹത്തിൻറെ വിയോഗം കേരള രാഷ്ട്രീയത്തിനും വ്യക്തിപരമായി എനിക്കും ഒരു തീരാനഷ്ടം തന്നെയാണ്. സഖാവിൻറെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട്..
ഡോ.ബോബൻ തോമസ്.

Eng­lish Summary:The per­son who faced can­cer with a smile and extra­or­di­nary courage; Doc­tor’s note on Kodiyeri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.