18 October 2024, Friday
KSFE Galaxy Chits Banner 2

കറുത്ത പൊട്ടുതൊട്ട സുന്ദരിയുടെ പ്രേമലേഖനം

വിജിഷ വിജയന്‍
October 5, 2022 7:30 pm

ചില കഥകൾ അവസാനത്തിൽ നിന്നും വായിക്കുന്നതാണുത്തമം,
ഒരു പെൺകുട്ടിയുടെ കന്യാചർമം പൊട്ടുംപോലെ ഏറ്റവും പരിപാവനമായി അതിന് ആദ്യത്തേതിൽ പൂർണവിരാമമിടാം.
അത്തരമൊരു കഥയുമായി
യാദൃശ്ചികമായാണ് വൃന്ദയെ പരിചയപ്പെടുന്നത്. കറുത്ത വലിയ പൊട്ടു തൊട്ട് മലയാളം കവിതകൾ ചൊല്ലുന്ന അവളുടെ ചേല് ഞാൻ നോക്കി നിന്നിട്ടുണ്ട്.
അധികം പരിചയമൊന്നുമില്ലേലും ഞങ്ങൾ ഫ്രീ പിരിയഡുകളിൽ സംസാരിച്ചിരിക്കും.
ആള് പക്കാ കമ്മ്യൂണിസ്റ്റ്‌ ആണ്. ശബരിമല പ്രശ്നവും, വനിതാമതിലിനു പോയതുമൊക്കെ ഉച്ചത്തിൽ പറഞ്ഞു ചിരിക്കും.
“ടീച്ചറേതാ പാർട്ടി?”
എന്ന് ചോദിക്കും. ഞാൻ ചിരിക്കും.
“എഴുത്തിന് പാർട്ടി വേണ്ടല്ലോ ലേ “എന്ന് അവൾ തന്നെ മറുപടി പറയും.“മലയാളം ടീച്ചറല്ലേ, എഴുതില്ലേ “എന്നൊരിക്കൽ ചോദിച്ചു.
നന്നായി വായിക്കും എന്ന് മറുപടി.
എന്നും ഇടുന്ന ചുരിദാറിനെ വർണിക്കുന്ന അവളുടെ വാക്കിന്റെ ഭംഗി അറിഞ്ഞപ്പോഴേ ഉറപ്പിച്ചു. അവളൊരു മലയാളം പിജിക്കാരിയാണെന്ന്.
ഇടക്കെപ്പഴോ പറഞ്ഞു ‘എന്റെ കാമുകൻ നന്നായി കവിത എഴുതുമായിരുന്നു ‘എന്ന്.
എനിക്കെന്തോ അതിനെപ്പറ്റി അറിയാൻ ആശയുണ്ടായില്ല.

ക്ലാസിൽ ബ്ലൂടൂത്ത് വെച്ചിരിക്കുന്ന ഒരുത്തനുമായി വഴക്കുണ്ടായ
ദിവസം.ഇബ്ബാനുൽ ആഷിഖ്, എന്ന ആ പയ്യനോട് ഞാൻ ചോദ്യം ചോദിച്ചു. അവൻ ഒന്നും കേൾക്കാത്ത മട്ട്.
സ്‌ഥലം മാറി ഇരിക്കാൻ പറഞ്ഞപ്പോൾ ഇരിക്കില്ലാ എന്ന മറുസ്വരം. എനിക്കതൊട്ടും പിടിച്ചില്ല.
പഠിക്കാത്തതിന് പോലും വഴക്കുപറയാത്ത ഞാനവനെ നന്നായി പറഞ്ഞു. അവന് നൊന്തെന്നു കണ്ണിൽനിന്നും വായിച്ചെടുത്തെങ്കിലും അന്നൊന്നും മിണ്ടീല.

സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഇളംറോസ് നിറമുള്ള താമരപ്പൂ കൊണ്ടു വന്ന് എന്റെ കൈയ്യിൽ തന്നു വൃന്ദ ടീച്ചർ പറഞ്ഞു.
“ദ് മിസ്സിന് ”
“ന്താ പ്രത്യേകത?”
ഞാൻ ചോദിച്ചു.
“ചുമ്മാ ”
അവരുടെ ഉള്ളിലെവിടെയോ ഒരു കാമുകിയുണ്ടെന്ന് ആരും പറയാതെ എനിക്കറിയാമായിരുന്നു.
ഞാനൊന്നും അതേക്കുറിച്ച് ഉരിയാടിയില്ല.
മഞ്ചേരി ഭാഗത്തു നിന്ന് വരുന്ന ബസുകൾക്ക് എന്തോ സമരം പ്രഖ്യാപിച്ച സെപ്റ്റംബർ പത്തൊൻപതിന് കുട്ടികൾ നന്നേ കുറവായിരുന്നു.കോളേജ് ഉച്ചക്ക് വിട്ടു. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അവളെനിക്ക് വെള്ള പൊതിയിട്ട ചോരപ്പൊട്ടിറ്റിയ ഒരു കുഞ്ഞു പുസ്തകം തന്നിട്ട് പറഞ്ഞു. “മിസ്സ്‌ ഇത് വായിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.”
മഷിപൊഴിഞ്ഞ അടയാളങ്ങൾക്കിടയിൽ സൗഹൃദം, ജനത, പ്രണയം, ചോര മാർക്സിസം എന്നെഴുതിയിരിക്കുന്നു.
വലിയ അക്ഷരങ്ങളിൽ കറുപ്പിച്ച വാക്കുകൾ ഏതൊരു പെണ്ണിന്റെയും നെഞ്ചിൽ തറയ്ക്കും വിധം എഴുതിയത് വായിച്ചു.
‘കറുത്ത പൊട്ട് തൊട്ട സുന്ദരിക്ക് ’

അവസാനത്തെ പ്രണയമാണ് ഏറ്റവും മനോഹരമെന്ന മാനസികോല്ലാസത്തിൽ ഞാനാ പുസ്തകം അവസാനത്തിൽ നിന്നും മറിച്ചു തുടങ്ങി.
‘തോന്ന്യാസം 8’ എന്ന തലക്കെട്ടുള്ള അവസാനപേജിൽ,
അനുവാദമില്ലാതെ നിന്റെ വഴികളിൽ ഇനി ഞാനുണ്ടാവില്ല എന്ന് വായിച്ചു.
വേദനിച്ചു. മുന്നിലെ അടുത്ത രണ്ടുപേജുകൾ ഒഴിഞ്ഞു കിടക്കുന്നു.
തോന്ന്യാസം 7 കവി അയ്യപ്പന്റെതായിരുന്നു.അയ്യപ്പനെ നോക്കി പഠിച്ച രണ്ടുമൂന്നു പയ്യന്മാരുടെ ദുരവസ്ഥ നെഞ്ചിൽ കൊണ്ടതിൽ പിന്നെ അയ്യപ്പനോടെന്നല്ല കുടിച്ച് ശരീരവും മനസ്സും ഒരുപോലെ നഷ്ടപ്പെടുത്തുന്ന മനുഷ്യരോടൊന്നും എനിക്ക് മതിപ്പില്ലാതായിരിക്കുന്നു.ഏറ്റവും പ്രിയപ്പെട്ടതുങ്ങൾക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ട ദുഃശീലത്തെ ഇല്ലായ്മ ചെയ്യുന്നവരല്ലേ നല്ലവർ?
ആണോ? എനിക്കറിയില്ല.
ഞാനാ പേജ് വേഗം മറിച്ചു.
ഉപ്പിൽ കുതിരാത്തതെന്തെങ്കിലും ഉണ്ടാവും എന്നുതന്നെ വിശ്വസിച്ചു.
ഇനിയുമെത്രയോ താളുകൾ ഒന്നുമെഴുതാതെ ബാക്കിയിട്ടതിൽ ഒരു കാമുകന്റെ സകലഭയങ്ങളും കാണാൻ കഴിഞ്ഞു. ഈ പുസ്തകം കിട്ടിയാൽ തന്റെ കാമുകി കീറിക്കളയുമോ, തന്നോടുള്ള ഇഷ്ടം ഇല്ലാതാകുമോ എന്നൊക്കെയുള്ള പരവേശം അയാളുടെ അക്ഷരങ്ങളിൽ തെളിഞ്ഞു നിൽക്കുന്നു.
അതിനാൽ തോന്ന്യാസം 7ന് മുൻപ് അയാൾ തോന്ന്യാസം 8എന്ന് തെറ്റായി എഴുതിപ്പോയി.
സ്വാഭാവികം!
മനസ്സുകൊണ്ട് മാത്രം പേന ചലിപ്പിച്ച പുസ്തകങ്ങളിൽ തെറ്റുകൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ!
കാതുകൾ എന്ന മോഹനകാവ്യം വായിച്ചു. യൂണിയൻ ഓഫിസിന്റെ കോണുകളിൽ ചില നേരങ്ങളിൽ അവന്റെ കണ്ണുകൾ വാക്കുകളെ വിഴുങ്ങുമ്പോൾ.. അവളുടെ ശബ്ദങ്ങളെ സ്വീകരിക്കുന്ന അവന്റെ കാതുകൾ വാൻഗോഗിനെപ്പോലെ അറുത്തെടുത്ത് സമ്മാനിക്കണമെന്നൊക്കെ ചിലപ്പോൾ തോന്നിയേക്കാം..
പ്രണയിനികൾ പുലരാനിരിക്കുന്ന വസന്തത്തിന്റെ പ്രത്യാശയിൽ ജീവിക്കുന്നവരല്ലേ?
ലാൽ സലാം എന്ന വാചകത്തിൽ അവനാ എഴുത്ത് നിർത്തുമ്പോൾ അവനൊരു കറ കളഞ്ഞ സഖാവാണെന്ന് ഉറപ്പിച്ചു.

എട്ട് നേരിട്ട് ആറിലേക്ക് എത്തുന്ന മുൻപേജിലെ തോന്ന്യാസത്തിന് നല്ല നീളമുണ്ട്.എന്നാലും അൻപത്തൊൻപത് മണികളുള്ള കൊന്തയവൻ എണ്ണംതെറ്റാതെ രേഖപ്പെടുത്തിയിരിക്കുന്നു.
അതിന്റെ കറുത്ത മണികൾ..
കറുത്ത പൊട്ട്,
കറുത്ത വളകൾ..
അവനൊരു തോന്ന്യാസിയായ കവി തന്നെ.
സ്വയം മരിച്ചെന്നു എഴുതി നിർത്തുമ്പോഴും. ഏതൊരു കാമുകനെയും പോലെ ഉറപ്പില്ലാത്ത വാചകങ്ങൾ അവനെ വേട്ടയാടി. പേന പറഞ്ഞിടത് നിന്നില്ല.
ഞാൻ പുസ്തകം മടക്കി.
അവൾക്ക് നൽകി.
അല്ലെങ്കിലും മറ്റൊരാളുടെ പ്രേമലേഖനം വായിക്കുന്നതിൽ എന്തർഥമാണുള്ളത്?
അതൊരു ശരിയായ കാര്യവുമല്ല.

“എന്താ വായിക്കാത്തെ?”
“ഏയ്‌ ഇതൊരു പേഴ്സണൽ കാര്യമല്ലേ..കത്തുകൾ, ഡയറികൾ, സ്വകാര്യതകൾ, ഞാനെന്തിനാ വെറുതെ..”
“ഞാൻ തന്നിട്ടല്ലേ. മിസ്സ്‌ വായിക്ക്.”
എനിക്കൊട്ടും മൂഡ്‌ തോന്നിയില്ല. മടുത്ത പോലെ. കണ്മഷിയെഴുതാത്ത അവളുടെ മിഴികളിൽ നോക്കി. നെറ്റിയിൽ കറുത്ത പൊട്ട്.എന്റെ നെറ്റിയിലെ പൊട്ടിന്റെ അതേ വലിപ്പം.
എനിക്ക് സംശയം. അപ്പുറത്തിരുന്ന അക്കൗണ്ടൻസി മാഷിനോട് ഞാൻ ചോദിച്ചു. “മാഷേ ഞങ്ങളിൽ ആരുടെ പൊട്ടാ വലിപ്പം?”
“രണ്ടും ഒരേ വലിപ്പം.”
ഞങ്ങൾ രണ്ടാളുമാണ് അവിടുത്തെ ചെറിയ ടീച്ചർമാർ. അതുകൊണ്ടു തന്നെ സ്റ്റാഫ്റൂമിൽ കുട്ടികളുടെ ഇമേജ് ആണ്.
ഫ്രീ പീരിയഡിൽ ഞങ്ങളിരുന്ന് സംസാരിക്കും.
“മിസ്സ്‌ ഒരു കാര്യം ചെയ്യ് വീട്ടിൽ കൊണ്ടുപോയി വായിച്ചോ.”
വൃന്ദക്ക് ഞാനത് വായിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്.
ഭദ്രമായി ബാഗിൽ വെച്ചു.
രാത്രിതന്നെ വായിക്കണമെന്ന് കരുതിയിരുന്നു.
അടുത്തുള്ള മൂകാംബികദേവിയുടെ അമ്പലത്തിൽ ഓട്ടംതുള്ളൽ കാണാൻ പോയി അന്നത്തെ നേരം തീർത്തു. രാത്രി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞും, പേടിച്ച സ്വപ്‌നങ്ങൾ കണ്ടും, ഹേ മർക്കടവീരാന്നൊക്കെ ആരോ വിളിച്ചപോലെ തോന്നിയും, തുള്ളിയും രാവിലെയായി.
പതിവുപോലെ ക്ലാസ്സും ബഹളവും.
വൃന്ദ എന്നോട് പുസ്തകം ചോദിച്ചില്ല.ഞാൻ വായിക്കണമെന്നും, എന്തെങ്കിലും കുറിക്കണമെന്നും നിർബന്ധമുള്ള ഒരു കള്ളക്കാമുകിയെ ഞാനവളിൽ കണ്ടു.

തോന്ന്യാസം ആറിന് മുൻപത്തെ താളിൽ തോന്ന്യാസം നാലാണ്.
എന്നിലെ ഷേർലക്ക് ഹോംസ് സട കുടഞ്ഞെഴുന്നേറ്റു.
എന്താണിങ്ങനെ?
ഒരു കാമുകന്റെ പൊട്ടത്തരങ്ങളോ. ഒരു വ്യക്തി കാമുകനാകുമ്പോഴാണ് ഏറ്റവും കൂടുതൽ പൊട്ടത്തരങ്ങൾ കാണിക്കുന്നത്.നമ്പർ ഇടുന്നതിൽ അയാളെന്തിനാണ് തെറ്റുകൾ വരുത്തുന്നത്?
ഇനിയും നിയമവ്യവസ്ഥ വരാത്ത പ്രണയലിഖിതങ്ങളിൽ മാത്രം തെറ്റുവരുത്തിയാൽ പോരെ?
അതോ
എനിക്ക് വായിക്കാൻ തരുമ്പോൾ വൃന്ദ പിഴുതെടുത്തതാകുമോ?
അവരുടേതായ രഹസ്യങ്ങളെ മാത്രം അരിച്ചെടുക്കാൻ?
ഒരെത്തും പിടിയും കിട്ടുന്നില്ല.
എന്നിട്ടും തോന്ന്യാസം നാലിലെ ഡിസംബറിൽ അവൻ ബസ്സിൽ കയറിയതിന്റെ കൂടെ ഞാനും കയറി.അവനൊരു കവിയെക്കാളേറെ വിഷാദരോഗിയാണ്. ഡിസംബറിന്റെ വേദന പറയുമ്പോഴും കരഞ്ഞു മനസ്സ് ശുദ്ധമാക്കാൻ പുരുഷന്റെ ധാർഷ്ട്യം അനുവദിക്കുന്നില്ല.
‘തിളച്ച് വെന്ത് പൊന്തിയാലും ശരി
കഴിക്കുമ്പോൾ സൗകര്യപൂർവ്വം
മാറ്റി നിർത്താവുന്ന കറിവേപ്പില.’
എന്ന കവിതയിലെ പ്രയോഗം നന്നേ ബോധിച്ചു. കറിവേപ്പില കണക്കെ എത്രയെത്ര ആളുകളാണ് അവഗണിക്കപ്പെടുന്നത്.. ഊറ്റാവുന്നതിനുമപ്പുറം രുചിയൂറ്റിയെടുത്ത്, ഒപ്പം തിളച്ച് വെന്ത് അവനവന്റെ കാര്യം കഴിഞ്ഞാൽ തള്ളിപ്പറയുന്ന എത്ര പേരെ നാം കാണുന്നു.
നന്ദിയുള്ളവരെ കാണാൻ മൃഗങ്ങളിലേക്ക് നോക്കണം.
ഇല്ലായ്മയിലേക്ക് നോക്കിയിരിക്കാത്ത കാലത്തോളം അവർക്കൊന്നും ഒരു വിഷാദവും വരില്ല.
എരിഞ്ഞ ബീഡി പകർന്ന പുക തന്ന ലഹരിക്ക് പകരം വെക്കാൻ പ്രണയത്തിനു പോലും സാധിക്കില്ലെന്ന നഗ്നസത്യവും അവനാൽ പറയപ്പെട്ടു.
‘ഈസ്റ്റ് ഹില്ലിൽ എത്തിനിൽക്കുമ്പോൾ
മനസ്സ് വിരൽ ചൂണ്ടി സംസാരിച്ചു.
നഷ്ടകണക്കിന്റെ
ഇഷ്ടക്കാരൻ നീ ’
ആത്മഗതത്തിലേക്ക് അതിനെയും അവൻ ഒഴുക്കി വിടുമ്പോൾ അവനാരെന്നറിയാൻ ഞാൻ തിടുക്കപ്പെട്ടു.അവനൊരു കോഴിക്കോട്ടുകാരനാണ്.ഒരു മുറിപ്പേരെങ്കിലും എഴുതിയിരുന്നെങ്കിൽ!

നിരാശയുടെ നിസ്സഹായതയിൽ കുതിർന്ന വഷളൻ ചിരിയല്ലാതെ മറ്റൊന്നും നാളെ എന്ന അഞ്ചാം കവിതയിൽ കാണാൻ കഴിഞ്ഞില്ല.
എനിക്കതൊട്ടും ഇഷ്ടമായില്ല. ഞാനെന്തിന് ഇഷ്ടപ്പെടണം?
ഞാനയാളുടെ കാമുകിയല്ലല്ലോ.
ഇനിയാണ് ഞാൻ കാത്തിരുന്ന കവിത. തോന്ന്യാസം മൂന്ന്. അക്കം തെറ്റിച്ച അവന്റെ കവിതകൾ ആരുമൊന്നു നോക്കും.
‘കറുത്ത പൊട്ട് തൊട്ട സുന്ദരി’
എന്ന് തലകെട്ടിയ കവിത.കറുത്ത ജെൽമഷികൊണ്ട് വലിയതാക്കി അക്ഷരങ്ങളെ അടുക്കി വെച്ച അവനൊരു ചിത്രകാരൻ തന്നെ!
അയാൾ ബീച്ചിന്റെ പൊളിഞ്ഞ പാലത്തിന്റെ ചുവട്ടിൽ,
സമയം രാത്രി..
“ഇപ്പോഴീ ബീച്ചിൽ ഞാനും
എന്നെ പുണർന്ന് കാറ്റും
എന്നെ ഭോഗിച്ച് കടലും
എനിക്ക് മുകളിൽ ആകാശവും മാത്രം.”
ചിലപ്പോൾ അവനൊരു ഭ്രാന്തനെപ്പോലെ. ആകാശത്തെ സ്നേഹിക്കുന്നവൻ. ശരിയാണ്. അവനൊരു ചിത്രകാരൻ കൂടിയാണല്ലോ. ആകാശത്തോളം വിശാലമായ കാൻവാസ് ഏതുണ്ടീലോകത്തിൽ?’
ഇടക്ക് അവളെ വിളിക്കാനും മറക്കുന്നില്ല.
“ആഹാ ഇത് നീയാണല്ലോ വൃന്ദ,
കറുത്ത പൊട്ട് തൊട്ട സുന്ദരി..
നിനക്കായ് ഒരു ചുടുചുംബനം
ഞാനിതാ കടലിൽ ഒഴുക്കിവിട്ടിരിക്കുന്നു.
എന്നെങ്കിലും ഈ തീരത്ത് വന്നു നിൽക്കുമ്പോൾ നിന്റെ കാലുകളിലതടിയട്ടെ ”

അവനാരെന്നറിയാതെ ഞാൻ പരിഭ്രമിച്ചു. പാണത്തൂരിൽ നിന്നും ഇറക്കുമതിചെയ്ത ഗോൾഡ് എന്ന വിസ്കിയുടെ അവസാനപെഗ്ഗിന്റെ ഹാങ്ങ്‌ ഓവറിൽ കോളേജിലെ ബാത്‌റൂമിൽ തുറന്നു വിട്ട പൈപ്പിനൊപ്പം അവൻ കണ്ട സ്വപ്‍നങ്ങളെ ഇന്നുമിരുന്നു പകർത്തിയെഴുതുന്നുണ്ടാകുമോ?
അവൻ പറഞ്ഞത് നേരാണ്.
‘സ്വപ്നങ്ങളും ആകാശം പോലാണ്
അതിരുകളിടാൻ ഒരു പട്ടിക്കും കഴിയില്ല.’

ഞാനവന്റെ പേര് കണ്ടെത്തി. അല്ല, കണ്ടെത്തിയതല്ല. ധൈര്യത്തോടെ അവൻ വിളിച്ചു പറഞ്ഞതാണ്. ഏതൊരു കാമുകിയും ആഗ്രഹിക്കുന്ന കാര്യം ,
ആൾക്കൂട്ടത്തോട് ഇവളെന്റെ കാമുകിയാണെന്ന് വിളിച്ചു പറയാൻ തക്ക തന്റേടമുള്ള കാമുകനെ ഞാൻ നമിച്ചു.
പ്രണയിക്കുന്ന കാലം തൊട്ട് നമ്മളേറ്റവും അഭിമുഖീകരിക്കുന്ന ചോദ്യമെന്താണ്?
‘നിന്റെ പ്രണയം ആത്മാർഥമാണോ?‘എന്നത് തന്നെ.
ചിത്രയോട്?
സനൂപിനോട്?
പാർവണയോട്?
ആതിരയോട്?
റഷീദിനോട്?
ഇല്ല. ആത്മാർത്ഥമായ പ്രണയം എന്നൊന്നുണ്ടോ?
ഉണ്ടെങ്കിൽ എന്താണ് ആത്മാർത്ഥത?
അതാവാം അവൻ തോന്ന്യാസം രണ്ടിൽ സാക്ഷ്യപത്രം എന്നു പേരിട്ട് സ്വയം സാക്ഷിയായി പ്രണയരേഖയിൽ മാറ്റാരുമില്ലാത്തതിനാൽ സ്വയം സാക്ഷ്യപ്പെടുത്തി അവൻ ഒപ്പുവെച്ചത്.
സായ്കിഷോർ.. അവനെ ഞാനെന്റെ ഫ്രണ്ട്ലിസ്റ്റിൽ തിരഞ്ഞു. അങ്ങനൊരാളില്ല.
പ്രണയവും, കവിതയും, കലഹവുമായി നടക്കുന്ന അവനെവിടെ അതിനൊക്കെ നേരം.
തോന്ന്യാസം ഒന്ന് ഞാൻ ആദ്യം വായിക്കണമായിരുന്നു. പക്ഷെ എനിക്ക് കുറ്റബോധമൊന്നും തോന്നുന്നില്ല.പ്രണയത്തിൽ എന്തിന് കുറ്റബോധം?
‘എന്റെ ഇരുണ്ട ജനതയ്ക്ക് ഞാൻ സമർപ്പിക്കുന്ന സർവ്വദേശീയ ഗാനം’
എന്ന സബ്ഹെഡിങ്ങിൽ ‘കള്ളമേവ ജയതേ’ എന്ന് പറഞ്ഞു നിർത്തുന്ന നല്ലൊരു ഗീതം വായിച്ച സുഖം ഞാൻ അനുഭവിച്ചു.
മുൻപോട്ട് ഇനി അധികം മറിക്കാനില്ല.
എനിക്ക് സങ്കടം വന്നു. വായന മുറുകുമ്പോൾ എഴുത്ത് നിർത്തുന്ന കഠിനഹൃദയനായ അവനെ കൊല്ലാനുള്ള ദേഷ്യം.
മുഖവുര അല്പം പൈങ്കിളിയാണ്. പ്രേമത്തിന് ഏത് കാലത്തും പൈങ്കിളിവാക്കുകൾ ചേരുന്നു എന്നതാണ് സത്യം!
ഒരു നിമിഷം സ്വന്തമാകുമെന്ന പ്രതീക്ഷയിൽ, തൊട്ടടുത്ത നിമിഷം സ്വന്തമാകില്ലെന്ന നിരാശയിൽ, ഇവക്കിടയിലെ കാത്തിരിപ്പിൽ..
ഈ ചാക്രികത എത്ര ആവർത്തിച്ചാലും ഒരു തരി വിരസതയില്ലെന്നതും. അതൊരു സുഖം തന്നെയാണ്!
ഈ പുസ്തകം ഒരു ഖണ്ഡകാവ്യമായിരുന്നെങ്കിൽ
എന്ന് പ്രാർത്ഥിച്ചു പോയി..
ഞാനെന്തിന് ഇങ്ങനെ സംഭ്രമിക്കണം?അല്ലെങ്കിലും നിഗൂഢതകളിലാണ് ആളുകൾക്ക് താല്പര്യം. മറ്റുള്ളവന്റെ കിടപ്പുമുറികളിലേക്കും, (അ)വിഹിതപ്രണയങ്ങളിലേക്കും, എന്തിന് മെഡിക്കൽ സ്റ്റോറിൽ നിന്നും പൊതിഞ്ഞു ഭദ്രമായി തരുന്ന വിസ്പറിലേക്ക് പോലും നോക്കുന്നതിൽ കാണിക്കുന്ന ഏഴിലൊന്ന്.. ഏ.. ഹേ. ഇല്ല. അതുണ്ടാവില്ല. ഞാൻ സ്വയം ഇളിഭ്യയായി. വേഗം പുസ്തകം അടച്ചു വെച്ചു.
പിറ്റേന്ന് തിരിച്ചു കൊടുത്തു.
“ടീച്ചറേ ങ്ങക്കെയാളെ കെട്ടിക്കൂടെ?”
ഞാൻ ചോദിച്ചു.
“ചോദ്യം രസണ്ട്, കെട്ടാൻ ഒക്കൂല. ദുഃശീലങ്ങൾ അനവധി ”
“അതോരോരുത്തരുടെയും ഇഷ്ടങ്ങളല്ലേ. ടീച്ചറ് കൂടെയുണ്ടെങ്കിൽ സ്നേഹം കൊണ്ടു മാറ്റിയെടുത്തൂടെ? ”
“മിസ്സേ സ്വസ്‌ഥതയുള്ള സ്‌ഥലത്തിരുന്ന് നമുക്കങ്ങനെയൊക്കെ സംസാരിക്കാം. അതിന്റെ ഒപ്പമാവുമ്പോഴേ എല്ലാം മനസ്സിലാവൂ.”
എനിക്കും ശരിയായി തോന്നി.
“ഒരുപാട് പേജുകൾ ഒഴിച്ചിട്ടിരിക്കുന്നു. എനിക്ക് തോന്നുന്നു അയാൾക്ക് ഇനിയും എഴുതാനുണ്ടെന്ന് ”
“അയാൾ ജീവിതകാലം മുഴുവൻ എഴുതും , എഴുത്തുകാരനാണ്, പ്രേമിക്കുക റിസ്കാണ്.ഞാനൊരു അധികപ്പറ്റാകും”
“എഴുത്തുകാരുടെ മനസ്സിലേക്ക് കടക്കുക എളുപ്പമല്ല.“ഞാൻ പറഞ്ഞു.
“ശരിയാണ് മിസ്സേ ഞാനെപ്പഴും ചിന്തിക്കും അവനെങ്ങനെയാണ് എന്നെ ഇഷ്ടമായതെന്ന്. എത്രയോ കഴിവുകളുള്ള അവൻ. വരക്കും, എഴുതും, ഉച്ചത്തിൽ കവിത ചൊല്ലും, മുദ്രാവാക്യം വിളിക്കും, തെറി വിളിക്കും. ലഹരിയാണ് പ്രശ്നം.

“നമ്മളെക്കാൾ വലിയ മറ്റു ലഹരിക്കളുള്ളവർക്ക് എത്ര വാരിക്കോരി സ്നേഹം കൊടുത്താലും ശിഷ്ടം നഷ്ടമായി ഭവിക്കും. അയാൾ ഏകനായിരിക്കട്ടെ.“എന്റെ ചിരിയോടെയുള്ള സംസാരത്തിലേക്ക്
വൃന്ദ ടീച്ചർ ചിരി അഭിനയിച്ചു.
ഞാൻ പിന്നെ അധികമൊന്നും ചോദിച്ചില്ല. അമിതമായി ഇഷ്ടപ്പെട്ടവരൊക്കെയും ഇല്ലാതായിപ്പോകുന്നത് അനുഭവിച്ചതിൽപ്പിന്നെ ആരെയും മനസ്സിലേക്ക് എടുത്തു വെക്കാറില്ല.
വൃന്ദ ടീച്ചർ ഒരു തരിയകലത്തിൽ അങ്ങനെ നിൽക്കട്ടെ.
റോബർട്ട്‌ ഫ്രോസ്റ്റ് തന്റെ അയൽവാസിയെക്കൊണ്ട് മെൻഡിംഗ് വാളിൽ പറയിപ്പിച്ച പോലെ ‘ഗുഡ് ഫെൻസസ് മെയ്ക് ഗുഡ് നെയ്‌ബേഴ്സ് ‘എന്നാണല്ലോ.
എന്നാലും അവരുടെ പ്രണയലേഖനം പോലൊന്ന് മുൻപ് വായിച്ചിട്ടില്ല. ഇനി ഒരിക്കലും വായിക്കുകയുമില്ല.പുതുമയുള്ള ഒന്ന്. ശരിക്കും വിസ്മയമുള്ള അനുഭവമായിരുന്നു.ഇത്രമേൽ നിർബന്ധത്തോടെ ഇങ്ങനൊന്ന് ആരും വായിക്കാൻ തരികയുമില്ല. പിന്നെന്തിനാവും ആ കറുത്ത പൊട്ടിട്ട സുന്ദരിക്കൊച്ചിന്റെ കത്തുകൾ എനിക്ക് വായിക്കേണ്ടി വന്നത്?
ഏതായാലും മറവിയിലേക്ക് ഞാനതിനെ വലിച്ചിടുന്നു. ഇനി അങ്ങനൊന്നില്ല. എന്നാലും ഏതൊക്കെയോ വരികളിൽ ഞാനുടക്കിപ്പോകുന്നു..
‘സ്നേഹിക്കപ്പെടണമെന്നതുകൊണ്ടുമാത്രം നല്കപ്പെടുന്ന സ്നേഹത്തിനോടും എന്നെ നിമിത്തം സഹതാപമുറ്റിയവരോടും അതിനെപ്രതി കണ്ണീരണിഞ്ഞവരോടും പോയി പണി നോക്കാൻ പറയണം.’
പറയണം. എനിക്കും പറയണം!
വൃന്ദടീച്ചർക്കും പറയണം.. കോളേജിലെ ഓരോ കുട്ടികൾക്കും പറയണം.. എല്ലാവരും പറയട്ടെ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.