സംസ്ഥാനത്തെ നടുക്കിയതും നിരവധി കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തിയതുമായ പാലക്കാട്, വടക്കഞ്ചേരിയിലെ വാഹനാപകടത്തിന്റെ ഞെട്ടലിൽനിന്നും കേരളത്തിന് മോചനം ശ്രമകരമാണ്. ഇതുവരെ പുറത്തുവന്ന വാർത്തകളും വസ്തുതകളും ആ ദുരന്തം മനുഷ്യനിർമ്മിതമാണെന്ന് നിസംശയം വ്യക്തമാക്കുന്നു. പതിനഞ്ചും പതിനേഴും മാത്രം പ്രായക്കാരായ അഞ്ച് സ്കൂൾ വിദ്യാർത്ഥികളടക്കം ഒൻപതു ജീവനുകൾ അപഹരിച്ച ദുരന്തത്തിന്റെ ഉത്തരവാദി അമിതവേഗതയിലും അതിസാഹസികവുമായി വാഹനമോടിച്ച ഡ്രൈവർ മാത്രമല്ലെന്ന് പറയേണ്ടിവരും. വാഹനങ്ങൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ലംഘിച്ച ബസുടമ, അത്തരം ബസുകൾ നിരത്തിലിറക്കാൻ അനുവദിച്ച മോട്ടോർ വാഹനവകുപ്പിലെ പലതലത്തിലുമുള്ള ഉദ്യോഗസ്ഥർ, വിനോദസഞ്ചാരത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ബസ് ഏർപ്പാടാക്കിയ സ്കൂൾ അധികൃതർ, തുടർച്ചയായി പലതവണയും നിയമലംഘനം നടത്തിയ ഡ്രൈവറെ മതിയായ വിശ്രമംപോലുംകൂടാതെ അതിനു നിയോഗിച്ച ബസ് ഉടമ, അതറിഞ്ഞിട്ടും അയാളെ തടയാതെ യാത്രയ്ക്ക് അനുമതി നൽകിയ അധ്യാപകരടക്കം വിനോദസഞ്ചാരപരിപാടിയുടെ ചുമതലക്കാർ, ബസ്ബേയിൽ — അത് ഇല്ലാത്തതിനാലാവാം — സഞ്ചാരപാതയിൽ തന്നെ അപകടത്തിൽ ഉൾപ്പെട്ട കെഎസ്ആർടിസി ബസ് നിർത്താനുണ്ടായ സാഹചര്യം തുടങ്ങിയവയെല്ലാം ദുരന്തത്തിന് കാരണമായി.
പരിമിതമെങ്കിലും റോഡ് സുരക്ഷയ്ക്കും സ്കൂൾകുട്ടികൾ ഉൾപ്പെട്ട വിനോദ‑പഠന യാത്രകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പടക്കം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഒന്നുംതന്നെ ഇവിടെ മാത്രമല്ല എവിടെയും പാലിക്കപ്പെടുന്നില്ലെന്ന് ഇതുവരെ നടന്ന അന്വേഷണങ്ങൾ സംബന്ധിച്ചു പുറത്തുവന്ന വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ അപകടത്തെ തുടർന്ന് രംഗത്തിറങ്ങിയ ഉദ്യോഗസ്ഥരുംമറ്റും സമാനയാത്രകൾ തടഞ്ഞ സംഭവങ്ങൾ ബന്ധപ്പെട്ട നിയമങ്ങൾ നടപ്പാക്കുന്നതിൽ നിലനിൽക്കുന്ന വീഴ്ചകളും അലംഭാവവുമാണ് തുറന്നുകാട്ടുന്നത്.
ഹൃദയഭേദകമായ ദുരന്തങ്ങൾ വേണ്ടിവരുന്നു നമ്മുടെ കണ്ണുതുറപ്പിക്കാൻ എന്നത് ഖേദകരമാണ്. അവ ഇനിയും ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല. നിലവിലുള്ള നിയമങ്ങൾ കാർക്കശ്യത്തോടെ നടപ്പാക്കാനും വീഴ്ചകളും അപാകതകളും പോരായ്മകളും കണ്ടെത്തി പരിഹരിക്കുകയുമാണ് അടിയന്തര കർത്തവ്യം. വിനോദ‑പഠനയാത്രകൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ യാത്രികരുടെ സുഖസൗകര്യങ്ങൾക്ക് ന്യായമായി ആവശ്യമുള്ളവയിൽ കവിഞ്ഞ യാതൊരു നിർമ്മിതികളും ആർഭാടങ്ങളും ഇല്ലെന്നും വേഗപ്പൂട്ടുപോലെയുള്ള പ്രവർത്തനക്ഷമമായ സംവിധാനങ്ങൾ ഉണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതർ ഉറപ്പുവരുത്തണം.
അവരുടെ അനുമതി കൂടാതെ സ്കൂളുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിനോദ‑പഠനയാത്രകൾ നടത്താൻ അനുവദിക്കരുത്. ഇത്തരം യാത്രകൾക്കായി രാത്രികാല റോഡ് യാത്രകൾ ഒരുകാരണവശാലും അനുവദിക്കരുത്. വാഹനങ്ങൾക്ക് എന്നതുപോലെ ഡ്രൈവർമാരെ നിയോഗിക്കുന്നതിലും യാത്ര സംഘടിപ്പിക്കുന്നവർ അവരെ തിരഞ്ഞെടുക്കുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തണം. നിയമങ്ങൾ ലംഘിക്കുകയും അവ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്യുന്ന വാഹനങ്ങൾ, വാഹന ഉടമകൾ, ഡ്രൈവർമാർ എന്നിവരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും കുറ്റം ആവർത്തിക്കുന്ന വാഹനങ്ങളുടെയും ഉടമകളുടെയും ഡ്രൈവര്‍മാരുടെയുംമേൽ പിഴചുമത്തുകയും അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കാനും തയാറാവണം. നിയമലംഘകരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ബാധ്യസ്ഥരായവരുടെ നിയമലംഘനം വച്ചുപൊറുപ്പിച്ചുകൂടാ. റോഡ് നിയമങ്ങൾ പാലിക്കാൻ ആവശ്യമായ ബസ്ബേയടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാൻ ബാധ്യസ്ഥരായവരുടെ വീഴ്ചകളും അവഗണനയും കുറ്റകൃത്യമായിത്തന്നെ കാണണം.
റോഡപകടങ്ങൾ ദുരന്തങ്ങളായി മാറുമ്പോൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നതുകൊണ്ടു മാത്രം സംസ്ഥാനവും രാജ്യവും നേരിടുന്ന ഈ ഗുരുതര വിപത്തിനു പരിഹാരമാവില്ല. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. അവ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും നടപടികളുമാണ് വേണ്ടത്. 2018 മുതൽ 2022 ഏപ്രിൽവരെ സംസ്ഥാനത്ത് ഒന്നരലക്ഷത്തിലധികം റോഡപകടങ്ങളിൽ പൊലിഞ്ഞത് പതിനാറായിരത്തിൽപ്പരം ജീവനുകളാണ്. ലോകത്ത് റോഡപകടങ്ങളുടെയും അതുമൂലമുള്ള മരണങ്ങളുടെയും കാര്യത്തിൽ ഒന്നാംസ്ഥാനത്താണ് ഇന്ത്യ. റോഡുകളും റോഡ്നിയമപാലനവും മെച്ചപ്പെടുത്താതെ ഈ ഗുരുതര സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാവില്ല. സമൂഹവും സർക്കാരും കൈകോർത്തുള്ള ആത്മാർത്ഥമായ ശ്രമങ്ങളിലൂടെയെ മാറ്റം സാധ്യമാവൂ. വാരാഘോഷങ്ങളും പ്രചാരണപരിപാടികള്‍ക്കും അപ്പുറത്തേക്ക് നീങ്ങാൻ നമുക്ക് കഴിയണം. അങ്ങനെ മാത്രമേ നഷ്ടജീവിതങ്ങളോട് പ്രായശ്ചിത്തം സാധ്യമാവൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.