യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഒക്ടോബർ 20ലേക്ക് മാറ്റി. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റംചുമത്തിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളി കോടതിയെ സമീപിച്ചത്.
യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചിരുന്നു.പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി.
യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീർപ്പിനു ശ്രമിക്കുകയും ചെയ്ത കോവളം സിഐയെ പിന്നീട് സ്ഥലം മാറ്റി. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. കേസ് കോവളം പൊലീസിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.യുവതി പണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ എൽദോസ് പറഞ്ഞിരുന്നത്.
അധ്യാപികയെ ബലാത്സംഗംചെയ്ത കേസിലെ പ്രതി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം. ദിവസങ്ങളായി ഒളിവിലുള്ള കുന്നപ്പിള്ളിക്ക് മുതിർന്ന നേതാക്കളിൽ ചിലരാണ് ഒളിയിടം ഒരുക്കുന്നതെന്ന സംശയവും ബലപ്പെട്ടിരുന്നു. ജില്ല വിട്ടുപോയിട്ടില്ലാണ് വിലയിരിത്തലും ഉണ്ടായിരുന്നു. കുന്നപ്പിള്ളിയെ ബന്ധപ്പെടാനാകുന്നില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും വാദങ്ങൾ മറ്റ് കോൺഗ്രസ് നേതാക്കൾതന്നെ പൊളിച്ചു. സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും എംഎൽഎ കൃത്യമായി നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നുണ്ടെന്ന് പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനും കോൺഗ്രസ് നേതാവുമായ ടി കെ സക്കീർഹുസൈനും മാധ്യമങ്ങളോട് പറഞ്ഞു
ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു.ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായതിനാൽ കുന്നപ്പിള്ളി ഒളിവിൽ പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇരുപതിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കുന്നപ്പിള്ളിക്ക് നോട്ടീസ് നൽകിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചതും തിരക്കഥയുടെ ഭാഗമായിട്ടാണെന്നു വിലയിരുത്തലും ഉണ്ടായി. പരാതിക്കാരിക്ക് നീതി ലഭിക്കണമെന്ന് ഇതുവരെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം. ജാമ്യാപേക്ഷയിൽ വിധിവരുന്നതുവരെ സംരക്ഷിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. അതാണ് വീണ്ടും സമയം നീട്ടി നൽകിയത്. കോണ്‍ഗ്രസ് നേതാക്കളില്‍ വിശ്വാസമില്ലെന്നു പരാതിക്കാരി അഭിപ്രായപ്പെട്ടിരുന്നു.
പരാതിക്കാരിയെയും സാക്ഷിയെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും വാഗ്ദാനം ചെയ്തതിൽ കൂടുതൽ പണം കൊടുത്ത് ഒത്തുതീർപ്പാക്കാനും എംഎൽഎയ്ക്ക് അവസരമുണ്ടാക്കുകയാണ് നേതൃത്വം. സാക്ഷിക്ക് അയച്ച ഭീഷണി സന്ദേശവും അധ്യാപികയെ മോശക്കാരിയാക്കുന്ന ഫെയ്‌സ്‌ബുക് കുറിപ്പും നേതൃപിന്തുണയോടെയാണ്. പരാതിക്കാരിക്കെതിരെ കുന്നപ്പിള്ളിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതും ഇത് വ്യക്തമാക്കുന്നു.പൊലീസ് നടപടിക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് എ എൻ ഷംസീർ പറഞ്ഞു. പൊലീസ് ബലാത്സംഗക്കുറ്റംകൂടി ചുമത്തിയതോടെ അധ്യാപികയുടെ രഹസ്യമൊഴി വഞ്ചിയൂർ കോടതി രേഖപ്പെടുത്തി. പണംനൽകി പരാതി പിൻവലിക്കാൻ ശ്രമിച്ചതിന് എംഎൽഎക്കെതിരെ വിജിലൻസും കേസെടുത്തിട്ടുണ്ട്. അതിനിടെയാണ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചത്. എൽദോസ് കുന്നപ്പിള്ളി ക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പാരാതിയുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിരുന്നു.
വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേട്ട് കോടതി (11) മജിസ്ട്രേട്ട് ലെനി തോമസ് മുമ്പാകെയാണ് ഐപിസി 164 പ്രകാരം മൊഴി നൽകിയത്. എംഎൽഎയുടെ ഭീഷണിയെത്തുടർന്ന് നാടുവിട്ട യുവതിയുടെ മൊഴി നേരത്തേ കോടതി രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞദിവസം ജില്ലാ ക്രൈംബ്രാഞ്ചിനും എൽദോസ് ബലാത്സംഗം ചെയ്‌തതായി യുവതി മൊഴിനൽകി.തുടർന്ന്, കേസിൽ ബലാത്സംഗക്കുറ്റംകൂടി ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴിയെടുത്തത്. കേസ് ആദ്യം അന്വേഷിച്ച കോവളം ഇൻസ്‌പെക്ടർ കൈക്കൂലി ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് യുവതി ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു.
കുന്നപ്പിള്ളി തന്നെ ബലാത്സംഗം ചെയ്തുവെന്ന മൊഴിയിൽ യുവതി ഉറച്ചുനിന്നതോടെയാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കേസ് ചുമത്തിയത്. ഇതിന് പിന്നിലെ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോയി. സാമൂഹ്യമാധ്യമങ്ങളിൽ തന്റെ ഭാഗം ന്യായീകരിച്ച് എൽദോസ് പോസ്റ്റ് ഇട്ടിരുന്നു. പരാതിക്കിരിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ ആൾക്ക് എൽദോസ് കുന്നപ്പിള്ളി അയച്ച വാട്സാപ്പ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും എന്നാണ് എൽദോസ് കുന്നപ്പിള്ളി വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞത്.
English Summary:
Torture case: Verdict on Eldos Kunnappilly’s bail plea on 20th
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.