കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നു മാറി കുത്തിവെച്ചതിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ ഉൾപ്പെടെ കെമിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
കൂടരഞ്ഞി പഞ്ചായത്തിലെ ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു (45) ആണ് കഴിഞ്ഞദിവസം മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ കാണിച്ച സിന്ധുവിന് ശക്തമായ പനി ഉള്ളതിനാൽ ഡോക്ടർമാർ വാർഡിൽ അഡ്മിറ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ കുത്തിവെപ്പ് എടുത്ത ശേഷം പൾസ് റേറ്റ് താഴുകയായിരുന്നുവെന്നും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ പരാതി. നഴ്സിന് പറ്റിയ പിഴവാണിതെന്നും ഇവര്‍ ആരോപിച്ചിരുന്നു. നഴ്‌സ് തുടർച്ചയായി രണ്ട് ഇഞ്ചക്ഷൻ നല്കിയെന്നും അതു കഴിഞ്ഞയുടൻ യുവതിയുടെ ശരീരം തളരുകയായിരുന്നുവെന്നും ഭർത്താവ് രഘു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ശരീരം നീലിക്കുകയും വായിൽ നിന്ന് നുരയും പതയും വന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
എന്നാല്‍ മരുന്ന് മാറിയിട്ടില്ലെന്ന് മെഡിക്കൽ കോളെജ് ആശുപത്രി അധികൃതരും വ്യക്തമാക്കി. തലേദിവസം രാത്രി ടെസ്റ്റ് ഡോസ് ചെയ്താണ് പെൻസിലിൻ ഇഞ്ചക്ഷൻ നൽകിയത്. അതേ ഇഞ്ചക്ഷൻ തന്നെയാണ് ഒമ്പത് മണിക്കൂറിന് ശേഷം പിറ്റേന്ന് വാർഡിൽ നിന്നും നൽകിയത്. അത് മാറിയിട്ടില്ല. ബാക്കി എന്താണ് സംഭവിച്ചതെന്നറിയാനാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. അതിന്റെ റിപ്പോർട്ട് വന്നശേഷമേ കൃത്യമായ കാരണം വ്യക്തമാകൂകയുള്ളൂവെന്ന് മെഡിക്കൽ കോളേജ് ഇറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
English Summary:Minister Veena George will conduct a detailed investigation in death of women
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.