26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
August 9, 2024
December 23, 2023
November 14, 2023
October 23, 2023
September 3, 2023
July 27, 2023
May 26, 2023
April 27, 2023
April 15, 2023

ഹിജാബ് വിധിയും ഭരണഘടനയും

സഫി മോഹന്‍ എം ആര്‍
(ട്രഷറർ, പ്രോഗ്രസീവ് ഫെഡറേഷൻ ഓഫ് കോളജ് ടീച്ചേഴ്സ് സംസ്ഥാന കമ്മിറ്റി)
October 29, 2022 4:30 am

ർണാടക സർക്കാർ ഹിജാബ് നിരോധിച്ച കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിന്യായം പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടകയിലെ ബിജെപി സർക്കാരിന്റെ ഹിജാബ് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് വിധിയെഴുതിയപ്പോൾ ഹിജാബ് നിയന്ത്രണം തികച്ചും ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായി ജസ്റ്റിസ് സുധാംശു ധൂലിയ കണ്ടെത്തി. എന്താണ് ഭരണഘടന എന്ന ചോദ്യത്തിന് കോടതിയുടെ വിധിന്യായമാണ് ഭരണഘടന എന്ന വ്യാഖ്യാനം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഹിജാബ് നിരോധനത്തിൽ രാജ്യത്തെ ഭരണഘടനയെ വ്യാഖ്യാനിച്ച ന്യായാധിപന്മാർ രണ്ട് അഭിപ്രായം പ്രകടിപ്പിച്ചത് എന്തുകൊണ്ട് എന്ന വസ്തുതയാണ് ഇവിടെ പരിശോധിക്കേണ്ടത്.


ഇതുകൂടി വായിക്കൂ:  ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം


ഭരണഘടന പൗരന്മാർക്ക് നല്കുന്ന മൗലിക അവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശമാണ് സ്വാതന്ത്ര്യം. അനുച്ഛേദം 19ൽ പലതരത്തിലുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോൾ അനുച്ഛേദം 25 മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നു. ഇത്തരം സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യാതിരിക്കാൻ ചില ന്യായമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരം ഭരിക്കുന്ന സർക്കാരുകൾക്കുണ്ട്. ഇത്തരം ന്യായമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുവേണ്ടി ചില മാനദണ്ഡങ്ങൾ ഭരണഘടന നിഷ്കർഷിച്ചിരിക്കുന്നു. പൗരന്റെ സ്വാതന്ത്ര്യത്തിലേക്ക് ഭരണകൂടം കൈകടത്തുമ്പോൾ ഭരണഘടനാ കോടതികൾ അതിൽ ഇടപെടാറുമുണ്ട്. ഹിജാബ് നിരോധനത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഈ വിധിന്യായത്തിൽ രണ്ട് ന്യായാധിപന്മാരും ഭരണഘടനയെ വ്യാഖ്യാനിച്ചത് വ്യത്യസ്തമായ വിധത്തിലാണ്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഭരണഘടനയെ രാജ്യത്തെ പൗരന്മാർക്ക് മുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ കഴിയുന്ന ഒരു പുസ്തകം എന്ന നിലയിൽ വ്യാഖ്യാനിച്ചപ്പോൾ ജസ്റ്റിസ് സുധാംശു ധൂലിയ ഭരണഘടനയെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഒരു അനുകമ്പയുള്ള പുസ്തകമായിട്ടാണ് കണ്ടത്. രണ്ടുപേരും അവരുടെ വ്യാഖ്യാനങ്ങളില്‍ ശരികണ്ടെത്തുമ്പോൾ ഭരണഘടന ജനങ്ങളുടെ പുസ്തകമാണ് എന്ന സത്യം മറക്കാൻ കഴിയുന്നതല്ല. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നിലനിൽക്കുന്ന സ്ഥാപനങ്ങളാണ് ഭരണഘടനാ കോടതികളെന്ന ഡോ. ബി ആർ അംബേദ്കറിന്റെ പ്രസ്താവനയും ഈ അവസരത്തിൽ പ്രസക്തമാകുന്നു.


ഇതുകൂടി വായിക്കൂ: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം


ഇന്ത്യയെപ്പോലെ ഒരു ലിബറൽ ജനാധിപത്യ രാജ്യം മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങളിൽ നിന്ന് നിയന്ത്രണങ്ങളിലേക്ക് പോകുന്നതാണോ അതോ ഭരണഘടന നൽകുന്ന മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം മനസിലാക്കി അവ പൂർണ അർത്ഥത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണോ വേണ്ടത് എന്ന് ഈ അവസരത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. പൗരന്റെ മനുഷ്യാവകാശങ്ങൾ പൂർണാർത്ഥത്തിൽ നടപ്പിലാക്കണം എന്ന് ജസ്റ്റിസ് സുധാംശു ധൂലിയ തന്റെ വിധിന്യായത്തിൽ പറയുന്നു. സുപ്രീം കോടതിയുടെ തന്നെ ബിജോയി ഇമ്മാന്യുവൽ, മേനക ഗാന്ധി, പുട്ടുസ്വാമി, കേശവാനന്ദ ഭാരതി, ഇന്ദിരാസാഹ്നി എന്നീ വിധിന്യായങ്ങളെ നിരത്തി ഇത് സമർത്ഥിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ലോകത്തിലെ ലിബറൽ ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ കോടതികൾ പൗരാവകാശത്തിന്റെ കാര്യത്തിൽ എടുത്തിരിക്കുന്ന ഇത്തരം പുരോഗമനപരമായ വ്യാഖ്യാനങ്ങളെ അദ്ദേഹം വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായ സുപ്രീം കോടതിയിലെ ന്യായാധിപന്മാർ ഇടക്കാലത്തെ പലവിധികളിലും പൗരന്മാരുടെ മനുഷ്യാവകാശത്തെ പൂർണമായും സംരക്ഷിക്കുവാൻ പരാജയപ്പെടുന്നു എന്ന സത്യം നിലനിൽക്കുമ്പോൾ ഹിജാബ് വിധിയിലൂടെ വളരെ ആശാവഹമായ വ്യാഖ്യാനമാണ് ജസ്റ്റിസ് സുധാംശു ധൂലിയയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സുപ്രീം കോടതിയിൽ ന്യായാധിപന്മാരായിരുന്ന ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി, ജസ്റ്റിസ് മുക്കർജിയ, ജസ്റ്റിസ് എച്ച് ആർ ഖന്ന എന്നിവര്‍ മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി എടുത്തിട്ടുള്ള ധീരമായ സമീപനങ്ങളെക്കുറിച്ച് ജസ്റ്റിസ് ധൂലിയ തന്റെ വിധിന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി


ഭരണഘടനയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ജസ്റ്റിസ് ധൂലിയയുടെ വിധിന്യായം ജനാധിപത്യത്തിന്റെ പ്രതീക്ഷയായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ജനങ്ങളുടെ പുസ്തകമായ ഭരണഘടന വ്യാഖ്യാനിക്കുമ്പോൾ അനുകമ്പാപൂർണമായ സമീപനം അത്യാവശ്യമാണ്. അത്തരം ഒരു സമീപനം ജസ്റ്റിസ് ധൂലിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ജനാധിപത്യത്തെയും ഭരണഘടനയെയും ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് കോടതിയോടുള്ള വിശ്വാസം വർധിപ്പിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.