5 May 2024, Sunday

മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി

ദേവിക
വാതിൽപ്പഴുതിലൂടെ
February 7, 2022 6:00 am

കുഞ്ഞുണ്ണിമാഷിന്റെ ഒരു കുഞ്ഞുകവിതയുണ്ട്; ‘മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി’, മത്തായിക്ക് ശക്തിവച്ചാല്‍ ശക്തിമത്തായി, ഓര്‍ക്കേണ്ടത് മറക്കരുത്. മറക്കേണ്ടത് ഓര്‍ക്കരുത്, എന്ന ചിന്താബന്ധുരമായ കവിത. ആനമടയന്മാരേ മദയാനയെ പിടിച്ചു മുറത്തിലിട്ട് പാറ്റിനോക്കി ഭാരമളക്കാറുള്ളു. അവര്‍ തന്നെ ഓര്‍ക്കേണ്ടത് മറന്നിട്ട് മറക്കേണ്ടത് ഓര്‍ക്കുകയും ചെയ്യും. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പെട്ടുപോയ മാധവന്‍ പിള്ള ശിവശങ്കര്‍ ഐഎഎസ് ഒരു പുസ്തകമെഴുതിയത് ഒടുവില്‍ മുട്ടായിക്ക് ബുദ്ധിവച്ച ബുദ്ധിമുട്ടുപോലെയായി. അദ്ദേഹമെഴുതിയ സര്‍വീസ് സ്റ്റോറിയായ ‘അശ്വത്ഥാമാവ് വെറും ഒരാന’ എന്ന പുസ്തകം പുറത്തുവന്നതോടെ ആ ഗ്രന്ഥം കിടിലന്‍ മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും സൃഷ്ടിച്ച പ്രകമ്പനം ചില്ലറയല്ല. ചാനല്‍ ചര്‍ച്ചകള്‍ വിഡ്ഢിപ്പെട്ടികള്‍ പൊട്ടിച്ച് തീപാറുന്നു. അടുക്കളകളില്‍ പോലും പെണ്ണുങ്ങള്‍ മുഖത്തോടു മുഖം നോക്കി പറയുന്നു; എന്തരക്കാ ഇത്. ഈ ശിവശങ്കരണ്ണന്‍ മറക്കാനുള്ള ഇപ്പോള്‍ ഓര്‍ത്തെടുത്ത് അളിപിളിയാകാന്‍ വല്ല കാര്യവുമുണ്ടോ! ‘ആകെ ബുദ്ധിമുട്ടായി! ശിവശങ്കറിന്റെ പുസ്തകമിറങ്ങിയതോടെ മലയാളം വായിക്കാനും എഴുതാനുമറിയാത്ത സ്വപ്നാ സുരേഷ് കൂലിക്ക് ആളെവച്ച് പുസ്തകം വായിപ്പിച്ചു കേട്ട് വേഷം മാറി മാറി ചാനലുകളിലെത്തി പ്രതികരിക്കുന്നു. ആകെ ഒരു മസാലപ്പടത്തിന്റെ ഹര്‍ഷോന്മാദം!

അശ്വത്ഥാമാ പ്രതികരണോത്സവത്തില്‍ സതീശനും ചെന്നിത്തലയും സുധാകരനും സുരേന്ദ്രനും പറയുന്നത് തങ്ങളിപ്പോള്‍ സ്വപ്നപക്ഷജീവികളാണെന്ന്. തന്നോടൊപ്പം നിന്ന മൂന്നാലു വര്‍ഷം ശിവശങ്കര്‍, തന്നെ ആഴത്തില്‍ മുറിവേല്പിച്ച് ഹൃദയം തകര്‍ത്തിട്ട് ഇപ്പോള്‍ അക്ഷരങ്ങളിലൂടെ പകല്‍ മാന്യനാവുന്നുവെന്ന് സ്വപ്ന. എല്ലാം തകര്‍ത്തത് ആ കസ്റ്റംസ് സാമദ്രോഹികളെന്ന ശാപവും. സ്വര്‍ണക്കടത്തു പിടിക്കപ്പെടാതിരുന്നെങ്കില്‍ സ്വയം റിട്ടയര്‍ ചെയ്ത് ശിവശങ്കറും താനുമായി ദുബായില്‍ താമസിക്കാനുള്ള അവസരമാണ് കസ്റ്റംസ് തുലച്ചതത്രേ. ഇപ്പോഴിതാ സ്വപ്ന വിളിച്ചു പറയുന്നു. താനും ഒരു പുസ്തകമെഴുതാന്‍ പോകുന്നുവെന്ന്. അത് ബെസ്റ്റ് സെല്ലറാവുമെന്നും സാഹിത്യത്തിനുള്ള ഓസ്കര്‍ ലഭിക്കുമെന്നും. സ്വപ്നയും സരിതയും കൂടത്തായി ജോളിയും എഴുതാന്‍ പോകുന്ന കൃതികള്‍ നമ്മുടെ ആത്മകഥാസാഹിത്യത്തെ സര്‍വാദൃതമാക്കാന്‍ പോകുന്ന പൂക്കാലം! ഭാര്യയുമായി ബുദ്ധിമുട്ടി ജീവിച്ചിരുന്ന ശിവശങ്കര്‍ ഇപ്പോള്‍ തായ്‌ലണ്ടിലെ ഓങ് ഡാം സൊറോട്ടിന്റെ ജീവിതകഥയെക്കുറിച്ച് ഗവേഷണം നടത്തുകയാണത്രേ. 

ജീവിതത്തിന്റെ എല്ലാ തുറകളിലും ശാഠ്യങ്ങള്‍ അടിച്ചേല്പിക്കുന്ന ബിജെപി ഇപ്പോള്‍ കയറിപ്പിടിച്ചിരിക്കുന്നത് വസ്ത്രങ്ങളില്‍. കര്‍ണാടകയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ തട്ടം എന്ന പരമ്പരാഗത ശിരോവസ്ത്രം ധരിച്ച് വിദ്യാലയങ്ങളിലെത്തുന്നതിനാണ് വിലക്ക്. തട്ടമിട്ടാല്‍ തലയിലൂടെ വിദ്യ തലച്ചോറിലേക്ക് അരിച്ചു കയറില്ലത്രേ. നൂല്‍ബന്ധമില്ലാതെ നാഗസന്യാസിമാര്‍ മര്‍മ്മസ്ഥാനത്ത് പൂമാലകള്‍ ചൂടി രാഷ്ട്രതലസ്ഥാനത്ത് എന്നും ഘോഷയാത്രകള്‍ നടത്തുമ്പോഴാണ് ഈ ശിരോവസ്ത്ര നിരോധനം. ഗംഗയില്‍ സ്നാനം ചെയ്യാന്‍ എത്തുന്ന സന്യാസിമാര്‍ ധരിക്കുന്നത് വെറും ഒരു കോണകത്തുണ്ട്. വസ്ത്രകാര്യത്തില്‍ ഇത്രയും ശാഠ്യം പിടിക്കുന്ന മോഡി ഐക്യരാഷ്ട്രസഭയിലും വസ്ത്രചിട്ടകൊണ്ടുവരുമോ. പപ്പുവാ ന്യുഗിനിയയുടെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനപതി ഡോ. ക്ലാഡിസ് കാമേംഗ തന്റെ സീറ്റിലിരിക്കുന്ന ചിത്രം ഒന്നു കണ്ടു നോക്കണം. വെറുമൊരു വര്‍ണഷഡ്ഡി മാത്രമാണ് വസ്ത്രം. തലയില്‍ ഒരു തൂവല്‍ കിരീടം. മടിയില്‍ ഉറയിലിട്ട പപ്പുവന്‍ ഗോത്രവര്‍ഗകഠാര! മുസ്‌ലിം പെണ്‍കുട്ടികളുടെ മേല്‍ത്തട്ടം നിരോധിച്ച മോഡി വസ്ത്രത്തിന്റെ പേരില്‍ പ്രധാനമന്ത്രി ലക്ഷണമൊത്ത ഒരു കേസില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് ഈ വസ്ത്രച്ചിട്ടയെന്ന കൗതുകം വേറെ. സൈനികരല്ലാതെ മറ്റാരെങ്കിലും സൈനിക വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 140 പ്രകാരം ശിക്ഷാര്‍ഹമാണ്. മോഡിയാകട്ടെ പട്ടാള ക്യാമ്പുകളുടെ നാലയലത്ത് കൂടി പോയാലും സൈനിക വേഷമേ ധരിക്കു. മോഡിയുടെ ഈ നിയമലംഘനത്തിനെതിരേ യുപിയിലെ പ്രയാഗ്‌രാജ് ജില്ലാ കോടതി പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ചിട്ടുണ്ട്. 

വിവാഹമോചനങ്ങള്‍ക്ക് എത്രയോ വിചിത്ര കാരണങ്ങളുണ്ട്. മട്ടന്‍ ഫ്രൈ വാങ്ങിത്തരാത്തതിന് വിവാഹമോചനം, തന്റെ അളവിനൊത്ത ബ്രാ വാങ്ങിത്തരാത്ത ഭര്‍ത്താവില്‍ നിന്ന് മോചനം തേടി ആത്മഹത്യ എന്നിങ്ങനെ കാരണങ്ങള്‍ പലതുമുണ്ട്. മീററ്റിലാണെങ്കില്‍ കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ മണവാട്ടിയുടെ അമ്മയും മണവാളന്റെ പിതാശ്രീയും തമ്മില്‍ ഒളച്ചോടി. അങ്ങനെ ഒളിച്ചോടിയവരുടെ ഭാര്യ ഭര്‍ത്താവും തമ്മില്‍ ഒളിച്ചോടിയോ എന്നു വ്യക്തമല്ല. എന്തായാലും ഒരു പയ്യന്റെയും പെണ്ണിന്റെയും കല്യാണം മുടങ്ങി. എന്നാല്‍ ഗതാഗതകുരുക്ക് വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കേള്‍ക്കുന്നത് ലോകത്ത് ഇതാദ്യം. മുംബൈയില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ മൂന്നു ശതമാനവും ഗതാഗതക്കുരുക്കുമൂലമാണത്രേ. മഹാരാഷ്ട്രയിലെ മുന്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന്റേതാണ് കണ്ടുപിടിത്തം. റോഡിലെ കുണ്ടും കുഴിയും കാരണം സമയത്ത് വീട്ടിലെത്താന്‍ കഴിയാത്തതുമൂലം കുടുംബങ്ങളുമായി ഏറെ സമയം ചെലവഴിക്കാന്‍ സമയം കിട്ടാത്തതിനാല്‍ എളുപ്പവഴിയായി പലരും വിവാഹ മോചനം കണ്ടെത്തുന്നുവെന്നാണ് അമൃതയുടെ അമൃതവചനം. 

അതേസമയം മറ്റൊരു കണ്ടുപിടിത്തം പുറത്തുവരുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി പ്രായം 70.7 വര്‍ഷവും പുരുഷന്മാരുടേത് 68.2 വര്‍ഷവുമാണെന്ന് സര്‍വേ. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കേരളത്തിലാണ് സ്ത്രീകള്‍ക്ക് ഏറ്റവുമധികം ആയുര്‍ദൈര്‍ഘ്യം. തൊട്ടുപിന്നില്‍ ഡല്‍ഹി. എന്തായാലും മിക്ക സംസ്ഥാനങ്ങളിലും ഇപ്പോള്‍ പുരുഷപീഡിത സംഘങ്ങള്‍ സജീവമാണ്. നേരത്തേ തന്നെ ഫ്യൂസ് അടിച്ചുപോകുന്ന പുരുഷന്മാരുടെ സ്വയം സഹായ കൂട്ടായ്മകള്‍ പെരുകുമ്പോള്‍ സ്ത്രീകളുടെ ഈ കാലനില്ലാത്ത കാലത്തെക്കുറിച്ച് ഒരു ഗവേഷണം നടത്താന്‍ അമൃതാ ഫഡ്നാവിനെത്തന്നെ ചുമതലപ്പെടുത്തിയാലോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.