16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 1, 2024
October 29, 2024
October 16, 2024
October 15, 2024
October 10, 2024
October 8, 2024
October 6, 2024
October 3, 2024
September 28, 2024

പാനീയം കുടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

Janayugom Webdesk
തിരുവനന്തപുരം
October 28, 2022 10:48 pm

കേരള — തമിഴ‌്നാട് അതിര്‍ത്തിയില്‍ പാനീയം കുടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. 11ഉം 23 ഉം വയസുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് വ്യത്യസ്ത സാഹചര്യങ്ങളിലായി ശീതളപാനീയം കുടിച്ച് അത്യാഹിത നിലയിലായി മരിച്ചത്. പാറശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്റെ മകൻ ഷാരോൺ രാജ്(23) ആണ് കഴിഞ്ഞദിവസം പെണ്‍ സുഹൃത്ത് നൽകിയ പാനീയം കുടിച്ച് മരിച്ചത്. മരിച്ച ഷാരോണ്‍ രാജ് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു. 14 -ാം തീയതിയാണ് ഷാരോണ്‍ സുഹൃത്ത് നല്‍കിയ പാനീയം കുടിക്കുന്നത്. 25ന് മരണപ്പെട്ടു.
14ന് രാവിലെ ഷാരോൺ രാജും സുഹൃത്ത് റെജിനും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. റെജിനെ പുറത്ത് നിര്‍ത്തി ഷാരോൺ തനിച്ചാണ് വീടിനുള്ളിൽ പോയത്. കുറച്ച് കഴിഞ്ഞ് വീടിന് പുറത്തുവന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. അവശനായതിനാല്‍ തന്നെ വീട്ടിൽ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു.
ഷാരോൺ രാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടിൽ എത്തിയപ്പോൾ യുവാവ് ഛർദ്ദിച്ച് അവശനിലയിൽ ആയിരുന്നു. തുടര്‍ന്ന് ഷാരോണിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാ‍ൻ കഴിയാത്ത സ്ഥിതിയിലായി. 17ന് വീണ്ടും മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടെത്തി. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി തുടങ്ങി. ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണ ഷാരോണിനെ ഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
ഇതിനിടെ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേറ്റ് ആശുപത്രിയിൽ‌ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി പരിശോധനയില്‍ ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങള്‍ ദ്രവിച്ച് പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നൽകി.
സമാനമായ സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളിയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍(11) സ്കൂളിൽ വച്ച് മറ്റൊരു വിദ്യാര്‍ത്ഥി നല്‍കിയ പാനീയം കുടിച്ച് അവശനിലയിലായ ശേഷം മരണത്തിന് കീഴടങ്ങിയിരുന്നു. അശ്വിന്റെ മരണത്തിലും ഷാരോണ്‍ രാജിന്റെ മരണത്തിലും സമാനതകള്‍ ഏറെയാണ്. പാനീയം കുടിച്ച് അവശനിലയിലായി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് ഇരുവരും മരിച്ചത്.

Eng­lish Sum­ma­ry: The mys­te­ri­ous death of stu­dents after drink­ing the drink

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.