6 May 2024, Monday

Related news

May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024

പുതിയ കെഎസ്‌യു അധ്യക്ഷനെതിരെ പടക്കോപ്പുണ്ടാക്കി കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനേക്കാള്‍ മൂന്ന് വയസ് മൂപ്പ്
Janayugom Webdesk
തിരുവനന്തപുരം
October 29, 2022 10:08 pm

യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് കെഎസ്‌യുവിന് പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിച്ചത് കോണ്‍ഗ്രസിലും പുകിലാവുന്നു. ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ കെ എം അഭിജിത്തിനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നോമിനിയായ മുഹമ്മദ് ഷമ്മാസിനെയും വെട്ടി ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും നിര്‍ദ്ദേശിച്ച സേവിയര്‍ അലോഷ്യസിനെ പ്രസിഡന്റാക്കിയതിരെയാണ് കെഎസ്‌യുവിലും കോണ്‍ഗ്രസിലും നീക്കം നടക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പിന്റെ യോഗ്യതാ മാനദണ്ഡമനുസരിച്ച് 27 ആണ് പ്രായപരിധി. നിലവില്‍ വിദ്യാര്‍ത്ഥിയായിരിക്കണമെന്നും അവിവാഹിതരാവണമെന്നും പറയുന്നു. ഈ യോഗ്യതപ്രകാരം അഭിജിത്തിന് ഒരു തവണകൂടി അധ്യക്ഷനാകാം. 

മറ്റുഭാരവാഹികളെല്ലാം അയോഗ്യരായതിനാല്‍ ഒരാളെ മാത്രം നിലനിര്‍ത്തുന്നത് ശരിയല്ലെന്ന കാരണം പറഞ്ഞാണ് സേവിയറിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാള്‍ക്ക് 29 വയസ് ആയെന്നും വിദ്യാര്‍ത്ഥിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എതിര്‍ശബ്ദം ഉയരുന്നത്. പ്രായപരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കി. അഭിജിത്തിനൊപ്പം സംസ്ഥാന ഭാരവാഹിത്വം ഒഴിയേണ്ടിവന്ന ആര്‍ക്കും യൂത്ത് കോണ്‍ഗ്രസിലേക്ക് ഉടനെ സ്ഥാനക്കയറ്റം കിട്ടാന്‍ സാധ്യതയില്ലെന്നത് അലോഷ്യസിന്റെ ശത്രുനിര ഗ്രൂപ്പിനതീതമായിരിക്കുകയാണ്. കെ സുധാകരന്‍ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും കെഎസ്‌യു തെര‌ഞ്ഞെടുപ്പിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് തലപ്പൊക്കേണ്ടെന്ന നിലപാടില്‍ അത് പരസ്യമാക്കിയിട്ടില്ല. കണ്ണൂര്‍ കെഎസ്‌യു പ്രസിഡന്റാണ് സുധാകരന്‍ നിര്‍ദ്ദേശിച്ച പി മുഹമ്മദ് ഷമ്മാസ്. വയനാട് ജില്ലാ പ്രസിഡന്റ് അമല്‍ ജോയിയെയും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഷമ്മാസിനെ പുതിയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി നിയോഗിച്ചിട്ടുണ്ട്.

അതിനിടെ വിദ്യാര്‍ത്ഥി യൂണിയനിലെ പുനഃസംഘടനയില്‍ തങ്ങളുടെ ആളുകള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി രമേശ് ചെന്നിത്തല വിഭാഗം രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി തന്നെ ഇവര്‍ പ്രതികരിക്കുകയാണിപ്പോള്‍. കെഎസ്‌യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്‍ ചെന്നിത്തലയുടെ ചിത്രം വച്ചാണ് ഫേസ്ബുക്കില്‍ ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു യദുകൃഷ്ണന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നത്.
2017ലാണ് അവസാനമായി കെഎസ്‌യുവില്‍ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷമായിരുന്നു കാലാവധി. വിദ്യാര്‍‍ത്ഥി സംഘടനയിലും കോണ്‍ഗ്രസ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ഇടപെടലുകളും അവകാശവാദങ്ങളുമാണ് തെരഞ്ഞെടുപ്പ് അഞ്ചാം വര്‍ഷത്തിലേക്ക് കടത്തിയത്. വരും ദിവസങ്ങളില്‍ ഇതേച്ചൊല്ലി കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കെഎസ്‌യു നേതാക്കള്‍ക്കിടയിലെ വര്‍ത്തമാനം.

Eng­lish Summary:Congress groups are against the new KSU president
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.