23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

ഗുജറാത്ത് തെരഞ്ഞെടുപ്പും മോഡിയുടെ അപ്രമാദിത്വവും

Janayugom Webdesk
November 4, 2022 6:00 am

ഗുജറാത്ത് മറ്റൊരു തെരഞ്ഞെടുപ്പിനെ കൂടി നേരിടുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയായ സംസ്ഥാനമെന്ന നിലയില്‍ ഗുജറാത്തില്‍ നടക്കുന്ന ഓരോ തെരഞ്ഞെടുപ്പുകളും ദേശീയ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. 1995 മുതല്‍ ഗുജറാത്ത് ബിജെപിയുടെ കൈകളിലാണ്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തില്‍ തിരികെയെത്താന്‍ കോണ്‍ഗ്രസ് പല രീതിയിലും ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ആംആദ്മി പാര്‍ട്ടി കൂടി മത്സരിക്കുന്നുവെന്നതാണ് ഇക്കുറി ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

അതേസമയം ആംആദ്മി നഷ്ടപ്പെടുത്തുക കോണ്‍ഗ്രസിന്റെ വോട്ടുകളായിരിക്കുമെന്നതിനാല്‍ അവര്‍ ബിജെപിക്ക് അവിടെയൊരു ആപ്പാകില്ല. മാത്രമല്ല, നരേന്ദ്ര മോദി നേതൃത്വം നല്‍കിയ 2002ലെ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപി ഗുജറാത്തില്‍ അടിവേര് ഉറപ്പിക്കുകയാണ് ചെയ്തത്. 1995ല്‍ 121 സീറ്റുകളോടെ അധികാരത്തില്‍ വന്ന ബിജെപി 2002ല്‍ ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദികളെന്ന് ചിത്രീകരിക്കപ്പെട്ടിട്ടും 127 സീറ്റുകളാണ് നേടിയത്. ബിജെപി ഇക്കാലം വരെയും 182 അംഗ നിയമസഭയില്‍ നേടിയിട്ടുള്ള ഏറ്റവും വലിയ ഭൂരിപക്ഷവും അതായിരുന്നു. 1985ല്‍ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 എന്ന റെക്കോഡ് ഭൂരിപക്ഷത്തിന്റെ ഏഴയലത്ത് പോലും എത്താനായില്ലെങ്കിലും പിന്നീടൊരിക്കലും ബിജെപി ഗുജറാത്തില്‍ അധികാരം നഷ്ടപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധിക്കണം. നരേന്ദ്ര മോഡിയുടെ ഭരണരീതി തന്നെയാണ് അതിന് കാരണം.

ഗുജറാത്തില്‍ അധികാരം ഉറപ്പിച്ചതിനൊപ്പം ബിജെപിയിലും ഏകാധിപതിയായിരിക്കുവാനാണ് മോഡി ശ്രമിച്ചത്. ആര്‍എസ്എസ് പാരമ്പര്യവും അതിനായി കൃത്യമായി ഉപയോഗിക്കപ്പെട്ടു. 2007ലും 2012ലും മോഡിക്ക് കീഴില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ യഥാക്രമം 117ഉം 115ഉം ആയിരുന്നു സീറ്റുകള്‍. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം 2017ല്‍ ആനന്ദിബെന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മാത്രമാണ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായത്. 99 സീറ്റുകള്‍ മാത്രമാണ് ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്.

മാധവ് സിംഗ് സോളങ്കി ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്‌ലിം സഖ്യത്തിലൂടെ നേടിയ വിജയത്തെ തൂത്തെറിഞ്ഞ് ഹിന്ദുത്വ എന്ന വികാരം ആളിക്കത്തിച്ചാണ് മോഡി തുടര്‍ വിജയങ്ങള്‍ നേടിയത്. സോളങ്കിയുടെ ഈ സാമൂഹിക ഘടനയില്‍ ഗുജറാത്തിലെ പ്രബല വിഭാഗമായ പട്ടേല്‍മാര്‍ ഒഴിവാക്കപ്പെട്ടതാണ് ബിജെപിക്ക് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തത്. എന്നാല്‍ ബിജെപി ചെയ്തതാകട്ടെ മുസ്‌ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും വളര്‍ത്തി അധികാരം പിടിച്ചെടുക്കുകയാണ്. 2002ലെ ഗുജറാത്ത് കാലപത്തോടെ ഹിന്ദുത്വ വികാരം ശക്തമാക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. കേശുഭായ് പട്ടേലിന്റെ സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് 2001ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയാകുന്നത്. 2002ലെ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആ വര്‍ഷം തുടക്കത്തില്‍ മതവികാരം ആളിക്കത്തിച്ച് ഗുജറാത്ത് രക്തക്കളമായി മാറിയത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പിലും ഇതേ മതവികാരം തന്നെ ആയുധമാക്കി ബിജെപി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുകയും ചെയ്തു. അതോടെ ഹിന്ദുത്വയും മുസ്‌ലിം വിരുദ്ധതയുമായി ഗുജറാത്ത് രാഷ്ട്രീയത്തിലെ പ്രധാന ഘടകം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെയും കേന്ദ്രസര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയതും ഈ വികാരം ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ബ്രാഹ്മണര്‍ തെറ്റ് ചെയ്താല്‍ അത് തെറ്റല്ലെന്ന മനുസ്മൃതിയുടെ കാലത്തെ ചിന്തയാണ് ഈ 11 പേരുടെയും വിമോചനത്തിന് പിന്നില്‍.

ഈ വിജയത്തിന് ശേഷം ഗുജറാത്തിലും ബിജെപിയിലും കാലക്രമേണ ഇന്ത്യയിലും മോദി മാത്രമായി അവസാന വാക്ക്. കാരണം, ഗുജറാത്തില്‍ മോഡി പരീക്ഷിച്ച മത രാഷ്ട്രീയമാണ് പിന്നീട് ഇന്ത്യയിലും ബിജെപിക്ക് അധികാരത്തിലേക്കുള്ള വഴി തുറന്നതെന്നതിനാല്‍ മോദിക്ക് ഒരു മറുവാക്ക് ഇല്ലാതാകുകയായിരുന്നു. ആദ്യം ഗുജറാത്തിലും പിന്നീട് രാജ്യത്തും അന്നുവരെയുണ്ടായിരുന്ന ബിജെപി നേതാക്കളെയെല്ലാം പിന്നിലാക്കി മോഡിയുടെ ഏകാധിപത്യം ആരംഭിക്കുകയും ചെയ്തു. അമിത് ഷായെയും ആദിത്യനാഥിനെയും പോലുള്ള നേതാക്കള്‍ ബിജെപിക്കുണ്ടെങ്കിലും അവരെല്ലാം മോദിക്ക് പിന്നില്‍ മാത്രം നില്‍ക്കുന്നത് ബിജെപിയിലെ മോദിയുടെ അപ്രമാദിത്വത്തിന് തെളിവാണ്. ഗുജറാത്താണ് തന്റെ അടിത്തറയെന്ന് മോഡിക്കും നിശ്ചയമുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ഡല്‍ഹിയിലാണെങ്കിലും മോഡി തന്നെയാണ് ഗുജറാത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവായി തുടരുന്നത്. മറ്റൊരാളെയും തനിക്ക് മുകളിലേക്ക് വളരാന്‍ മോഡി അനുവദിക്കുകയുമില്ല.

പട്ടേല്‍ സമുദായക്കാരുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് വിഹിതം കുറഞ്ഞത്. എന്നാല്‍ അന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹര്‍ദിക് പട്ടേലിനെ തന്നെ ബിജെപിയിലെത്തിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചു. ബിജെപിക്ക് സ്വാധീനം കുറവുള്ള ആദിവാസി ജില്ലകളിലും ഗ്രാമപ്രദേശങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ പരിതാപകരമായ അവസ്ഥയിലാണെങ്കിലും നഗര പ്രദേശങ്ങളിലെ വോട്ടില്‍ തന്നെയാണ് അവരുടെ എല്ലാ പ്രതീക്ഷകളും.

പ്രധാനമന്ത്രിയെന്ന നിലയിലും മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തിനെ കേന്ദ്രീകരിച്ചാണ്. മഹാരാഷ്ട്രയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ഏകദേശം 1.79 ലക്ഷം കോടി രൂപയുടെ നാല് വ്യവസായ പദ്ധതികള്‍ അഹമ്മദാബാദില്‍ എത്തിച്ചേര്‍ന്നത് അതിന് തെളിവാണ്. 2002ല്‍ മോദി തുടങ്ങിവച്ചത് തന്നെയാണ് ഇപ്പോഴും ഗുജറാത്ത് രാഷ്ട്രീയത്തിന്റെ പിന്‍ബലം. ഹിന്ദു മനസ്സുകളിലെ ചക്രവര്‍ത്തിയെന്ന് 2002ല്‍ വിശേഷിപ്പിക്കപ്പെട്ടെങ്കിലും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ മോദിക്ക് എതിരായിരുന്നു. ഇതിന് പരിഹാരമായാണ് മോദി 2007 മുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ മാറ്റിയെടുത്തത്. വിഭ്രാന്ത് ഗുജറാത്ത് പോലുള്ള പദ്ധതികളിലൂടെ രത്തന്‍ ടാറ്റ മുതല്‍ മുകേഷ് അംബാനി വരെയുള്ളവര്‍ക്ക് വിപണന സാധ്യതകള്‍ തുറന്നുകൊടുത്ത് അവരുടെ പ്രീതി ആര്‍ജ്ജിക്കാനും മോദിക്ക് സാധിച്ചു.

പുതിയ തെരഞ്ഞെടുപ്പ് തിയതി എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാമെന്ന ഘട്ടത്തിലാണ് മോഡി തന്റെ തന്നെ പേരിലുള്ള രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്തത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി അക്ഷരാര്‍ത്ഥത്തില്‍ മോഡിയുടെ വണ്‍മാന്‍ ഷോ ആയിരുന്നു. രാജ്യം മുഴുവന്‍ ലൈവ് ആയി കണ്ട ആ ചടങ്ങില്‍ പ്രധാനമന്ത്രി ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അദ്ദേഹം സംസാരം ഗുജറാത്തിയിലേക്ക് മാറ്റും. കാരണം, ഗുജറാത്തിലെ ജനങ്ങളെ എങ്ങനെ കയ്യിലെടുക്കാമെന്ന് ഏകാധിപത്യ മനസ്സുള്ള മോഡിക്ക് തീര്‍ച്ചയായും അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.