ഗുജറാത്തിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മോര്‍ബി തൂക്കുപാല അപകടത്തില്‍ 135 പേര്‍ മരിച്ചത് ദൈവത്തിന്റെ ഇഷ്ടമാണെന്ന് അറസ്റ്റിലായ കരാര്‍ കമ്പനി ഉദ്യോഗസ്ഥന്‍. മോര്‍ബി ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഒറെവ കമ്പനിയുടെ മാനേജര്‍മാരില്‍ ഒരാളായ ദീപക് പരേഖ് ആണ് ഇങ്ങനെ പ്രതികരിച്ചത്. അതേസമയം മൂന്ന് ദിവസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് കരാറെടുത്ത കമ്പനി ഉടമകളെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ചയാണ് പാലം തകര്‍ന്നുവീണ് സംസ്ഥാനം അടുത്തകാലത്ത് കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്.
അതേസമയം ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമില്ലാത്ത ക്ലോക്ക് നിര്‍മ്മാതാക്കളായ ഒറെവ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കമ്പനിയുടെ ഉടമകളെല്ലാം ഒളിവിലാണ്. മാനേജിംഗ് ഡയറക്ടറായ ജയ്ശുഖ്ഭായി പട്ടേല്‍ അപകടം നടന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടെങ്കിലും പിന്നീട് ആരും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കണ്ടിട്ടില്ല. ഒറെവ കമ്പനിയുടെ അഹമ്മദാബാദിലെ ഫാം ഹൗസ് പൂട്ടിയിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും അവിടെയില്ല. 2007ലും 2022ലും ഈ കമ്പനിക്ക് ഒരു ലേലം പോലും നടത്താതെയാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
അറ്റകുറ്റപ്പണികളിലെ അപാകതയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. പാലത്തിന്റെ പ്ലാറ്റ്ഫോം മാത്രമാണ് മാറ്റിയത്. എന്നാല്‍ 150 വര്‍ഷം പഴക്കമുള്ള കേബിളുകള്‍ മാറ്റിയില്ല. തുരുമ്പെടുത്ത കേബിളുകള്‍ക്ക് പുതിയ പ്ലാറ്റ്ഫോമിന്റെ ഭാരം താങ്ങാനാകാതെ വന്നതാണ് അപകട കാരണമെന്ന് മോര്‍ബി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി.എ സാല കോടതിയെ അറിയിച്ചു. അറസ്റ്റിലായ ഒമ്പത് പേരില്‍ കമ്പനിയുടെ രണ്ട് മാനേജര്‍മാരെയും രണ്ട് ഉപകരാറുകാരെയും ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുരക്ഷ ഉദ്യോഗസ്ഥരും ടിക്കറ്റ് ബുക്കിംഗ് ക്ലര്‍ക്കുമാരും ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മാര്‍ച്ചിലാണ് ഒറെവ കമ്പനി പാലത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ ഏറ്റെടുത്തത്. നിശ്ചിത കാലയളവിന് മുമ്പ് ഏഴ് മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 26ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. എന്നാല്‍ സുരക്ഷാ പരിശോധനകളൊന്നും നടത്താതെയായിരുന്നു ഇതെന്നാണ് കമ്പനിക്കെതിരെയുള്ള പ്രധാന ആരോപണം. അതേസമയം യോഗ്യത നോക്കാതെ കരാര്‍ നല്‍കിയ മോര്‍ബി മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരെയും കമ്പനി ഉടമകളെയും സംരക്ഷിച്ച് ജീവനക്കാരെയും ഉപകരാറുകാരെയും പ്രതികളാക്കാനാണ് പോലീസിന്റെ ശ്രമമെന്ന് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
English Summery: “Will Of God”: Arrested Manager to Court on Gujarat’s Morbi Bridge Collapse
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.