22 December 2024, Sunday
KSFE Galaxy Chits Banner 2

അച്ഛനെകൊന്ന് അമ്മയെ വിവാഹം ചെയ്ത ഈഡിപ്പസ് രാജാവ്

ജോയ് നായരമ്പലം
November 6, 2022 8:37 pm

“നീചകീടമേ, ഈ പരിപാവനമായ സ്ഥലത്തുനിന്നും നീ കടന്നുപോകൂ… നീ നിന്റെ പിതാവിനെ വധിക്കും. മാതാവിനെ വിവാഹം കഴിക്കും. ഈ നിമിഷം നീ ഇവിടെനിന്നും പോകൂ… മാനവകുലത്തിന്റെ മാലിന്യമാണു നീ…” അദൃശ്യതയിൽ നിന്നുള്ള വാക്കുകൾ ഡൽഫിയിലെ പ്രവചന കേന്ദ്രത്തിൽ നിന്നുമായിരുന്നു. ആ നിഷേധവാക്യങ്ങൾ ശ്രവിച്ചത് ഈഡിപ്പസായിരുന്നു. തീബ്സിലെ രാജകുമാരനായ ഈഡിപ്പസ്, സോഫാക്ലീസിന്റെ ‘ഈഡിപ്പസ് രാജകുമാരൻ’ എന്ന ദുരന്തനാടകത്തിലെ മുഖ്യകഥാപാത്രം. ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട മനുഷ്യൻ.
തന്റെ തൊണ്ണൂറാം വയസിലാണ് യവന നാടകാചാര്യനായ സോഫാക്ലീസ് ഈഡിപ്പസ് രാജകുമാരൻ പൂർത്തിയാക്കിയത്. ഗ്രീക്കു പുരാണകഥയിലെ ഈഡിപ്പസ് എന്ന കഥാപാത്രത്തെ സോഫാക്ലീസ് തന്റെ പ്രതിഭയുടെയും ഭാവനയുടെയും സര്‍ഗശക്തിയിൽ മഹാട്രാജഡിയാക്കി നാടക രൂപം നല്കി.
അച്ഛനായ ലെയ്സ് രാജാവിനെ കൊന്ന് മാതാവായ ജക്കോസ്റ്റയെ ഈഡിപ്പസ് പരിണയിച്ചത് സത്യാസത്യങ്ങൾ അറിയാതെയായിരുന്നു. സ്വപുത്രനാൽ താൻ വധിക്കപ്പെടും എന്ന അശരീരി കേട്ടതുകൊണ്ടാണല്ലോ രാജാവ് തന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി മറ്റൊരാൾവശം കൊടുത്തുവിടുന്നത്. പിതാവ് താൻ ചെയ്ത ആ തെറ്റിന്റെ ഫലം ഏറ്റുവാങ്ങുന്നത് വധത്തിൽ കുടുങ്ങാതെ രക്ഷപ്പെട്ട സ്വപുത്രനിൽ നിന്നുതന്നെ.
അച്ഛനെ കൊന്ന് മാതാവിനെ സ്വന്തമാക്കി എന്ന മഹാപാതകവും മഹാപാപവും അറിഞ്ഞതോടെ ഈഡിപ്പസ് തന്റെ രാജപദവിയിൽ ഇരുന്നു വിറയ്ക്കാൻ തുടങ്ങി. മനഃസാക്ഷി പ്രകമ്പനപ്പെടുകയായി. തെറ്റ്… മാപ്പർഹിക്കാത്ത തെറ്റ്. അന്നൊരിക്കൽ ഡെൽഫിയിൽ നിന്നു കേട്ട പ്രവചനം ശരിയായിരിക്കുന്നു. കുറ്റബോധം ചുറ്റിലും ഭീകര താണ്ഡവമാടുന്നു. എങ്ങനെയാണ് അസ്വസ്ഥതകളിൽ നിന്നും അങ്കലാപ്പുകളിൽ നിന്നും വിമോചിതനാവുക? ആ മഹാ തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങുകതന്നെ. ഇനി രാജാവും ആ കണ്ട രാജപദവിയും വേണ്ട. പിന്നെ താമസിച്ചില്ല. സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ച് അലഞ്ഞുതിരിയാൻ ഭിക്ഷാപാത്രവുമേന്തി കൊട്ടാരപ്പടവുകളിൽ നിന്നും സ്വയം ഭ്രഷ്ടനാക്കപ്പെട്ടു.
തന്റെ നാലു മക്കൾ സ്വന്തം മകനിൽ നിന്നും പിറന്നതാണല്ലോ എന്നു മനസിലായതോടെ മറ്റൊരു നീറ്റലോടെ ജെക്കോസ്റ്റ ആ തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ സ്വയംഹത്യക്ക് വശംവദയായി. അത്തരം ദുരന്തദുരിതമുണ്ടായെങ്കിലും തീബ്സ് രാജ്യത്തിനു ഭവിച്ച ശാപം തീരാതെ കിടക്കുകയാണ്.
ആ നാടകത്തെ തുടർന്ന് സോഫോക്ലീസ് തന്റെ മറ്റൊരു ദുരന്തനാടകത്തിലേക്ക് കയറി ‘ആന്റിഗണി’. വിശ്വവിഖ്യാതമായ ആന്റിഗണിയുടെ കഥയോ-
ഈഡിപ്പസിന്റെ പുത്രന്മാരായ എറ്റിയോക്ലീസും പോളനിക്കസും പുത്രിമാരായ ആന്റിഗണിയും ഇസ്മീനും അവരുടെ അമ്മാവനും തീബ്സിന്റെ പുതിയ രാജപദം അലങ്കരിക്കുന്ന ക്രയോണും പിന്നെ പ്രവാചകനായ തൈറീഷ്യസുമാണ് ആന്റിഗണിയിലെ കഥാപാത്രങ്ങൾ.
രാജഭരണത്തിന്റെ അവകാശം ഏറ്റെടുക്കുന്നതിനുവേണ്ടി പുത്രന്മാർ ഇരുവരും പടപൊരുതി വെട്ടിമരിക്കുന്ന കാഴ്ച പഴയ ശാപത്തിന്റെ പിൻതുടർച്ചയായി നിലനിൽക്കുമ്പോൾ ഇനിയും ദുരന്തങ്ങൾ ഇടിവെട്ടി പെയ്യുകതന്നെ ചെയ്യും.
എറ്റിയോക്ലീസിന്റെ ജഡം രാജകീയ ബഹുമതിയോടെ സംസ്കരിക്കാൻ കല്പിച്ചു ക്രയോൺ പൊളി നിക്കോസിനെ രാജ്യദ്രോഹിയായി മുദ്രകുത്തിക്കൊണ്ട് അതിനെ കഴുകനും കാക്കയും തിന്നുതീർക്കട്ടെ, ആരെങ്കിലും ആ ശവം മറവുചെയ്താൽ തക്കതായ ശിക്ഷകിട്ടും എന്ന രാജകല്പനയെ ആര് എതിർക്കാൻ? ആന്റിഗണി എതിർത്തെങ്കിലും ഒന്നും നടന്നില്ല. പക്ഷേ, രഹസ്യമായി അവൾ ആ വൃത്തികേടായ ശവശരീരം മണ്ണിട്ടുമൂടിയും മരണാനന്തര ക്രിയ അനുഷ്ഠിച്ചും സഹോദരീസ്നേഹം സാക്ഷാത്ക്കരിച്ചു. ഹെയ്തിൻ ആന്റിഗണിയെ പ്രണയിക്കുന്നു എന്ന് അറിവുകിട്ടിയതോടെ ക്രയോൺ കോപാക്രാന്തനായി മകനെ അതിൽ നിന്നു മാറാൻ ശഠിക്കുന്നുണ്ട്. പക്ഷേ, അത് അസാധ്യമാണെന്നു മനസിലായതോടെ അയാൾ ആ സാമൂഹ്യവിരുദ്ധതയ്ക്കുള്ള ശിക്ഷ ആന്റിഗണിക്ക് നല്കാൻതന്നെ തീരുമാനിച്ചു. അവളെ പാറയിടുക്കിൽ കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടുക. ഉത്തരവ് നടന്നതോടെ പ്രണയ ദുഃഖവും ആന്റിഗണിയുടെ ഇല്ലായ്മയും ഹെയ്തിനെ ഇരുട്ടിലാക്കി. ദുഃഖം സഹിക്കാനാവാതെ മറ്റൊരാലോചനയിൽമേൽ അടയിരിക്കാതെ അവൻ ആത്മഹത്യയിൽ അഭയം പ്രാപിച്ചു.
അന്ധനായ പ്രവാചകൻ കൂടിയായ തൈറീഷ്യസിന്റെ താക്കീതുകൾ രാജാവ് കേൾക്കുന്നതേയില്ല. അഹങ്കാരത്തിന്റെ മേലെ നിന്നുകൊണ്ട് അയാൾ ഓരോരോ ദുഷ്കൃത്യങ്ങൾക്ക് കല്പന നല്കിക്കൊണ്ടിരുന്നു.
ആന്റിഗണിയുടെയും സ്വന്തം മകന്റെയും ഇല്ലായ്മയിൽ ക്രയോണിന്റെ ഭാര്യയും സ്വജീവിതം ഇല്ലാതാക്കുന്നു. തന്റേതായ എല്ലാവരും ഇല്ലാതാകുന്നതോടെ താൻ ഒറ്റയ്ക്കായല്ലോ എന്ന വേദനയില്‍ ക്രയോൺ വല്ലാതായി. അധികാരങ്ങളും അഹന്തകളും ഒന്നുമല്ലാതായി. തനിക്ക് വന്നുഭവിച്ച ദുർവിധിയിൽ മനംനൊന്ത് അകലേക്ക് മിഴിച്ചുനോക്കി അങ്ങനെ നിൽക്കുമ്പോൾ ഒരു തിരിച്ചുപോക്ക് അസാധ്യമാകുമ്പോൾ ആന്റിഗണി എന്ന മുഴുനീള ദുരന്തനാടകം, നാടകമായിത്തന്നെ അവസാനിക്കുകയാണ്.
ഗ്രീസിലെ അറ്റിക്കായയിൽ കൊളോണസ് ഹിപ്പിയസിലെ ഒരു ഗ്രാമപ്രദേശത്തെ ഉന്നത വംശത്തിലെ അംഗമായിരുന്ന പിതാവിന്റെ മകനായ സോഫോക്ലീസ് സ്വയമാർജിച്ച വിദ്യാഭ്യാസവും അറിവും കൊണ്ട് സ്വയം പ്രഭാവനാവുകയും നാടകസാമ്രാജ്യത്തിൽ കടന്നുകൂടുകയും ചെയ്തു. മറ്റു നാടകക്കാർക്കില്ലാതിരുന്ന ചില പ്രത്യേകതകൾ സോഫോക്ലീസിനുണ്ടായിരുന്നു. ആൾ അതീവസുന്ദരനും സംഗീതതല്പരനുമായിരുന്നു. തൊട്ടയൽ രാജ്യവുമായി നടന്ന യുദ്ധത്തിൽ യവന സഖ്യം നേടിയ വിജയം ആഘോഷിക്കാൻ നടത്തിയ യുവാക്കളുടെ നഗ്നനൃത്തത്തിൽ സോഫോക്ലീസുമുണ്ടായിരുന്നു. സുന്ദരന്മാർക്ക് മാത്രമായിരുന്നു ആ നൃത്തത്തിൽ പങ്കാളിത്തം.
അതി സുന്ദരന്മാരോടൊപ്പം ലൈംഗിക ചങ്ങാത്തവും സോഫോക്ലീസിനുണ്ടായിരുന്നു. ഗ്രീക്ക് സൈനിക സമിതിയിൽ അദ്ദേഹം അംഗവുമായിരുന്നു.
പ്രായമേറെയായിട്ടും സോഫോക്ലീസ് അരോഗ്യദൃഢഗാത്രനായിരുന്നു. വൈവാഹിക ജീവിതത്തെക്കുറിച്ചോ കുടുംബജീവിത്തെക്കുറിച്ചോ കാര്യമായി ചരിത്രമൊന്നുമില്ല. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിചിത്രങ്ങളായ ചില അഭ്യൂഹങ്ങൾ പരക്കാതിരുന്നിട്ടില്ല. ഡയനീഷ്യൻ നാടകമത്സരത്തിൽ തന്റെ നാടകം വിജയം നേടിയതിന്റെ ആനന്ദത്തിമിർപ്പിൽ പെട്ടെന്ന് അദ്ദേഹത്തിന് മരണം സംഭവിച്ചത്രേ. ആന്റിഗണി നാടകത്തിന്റെ സ്റ്റേജരങ്ങേറ്റത്തിൽ ഒരു ദീർഘസംഭാഷണം നടത്തുമ്പോൾ ശ്വാസം എടുക്കാനാവാതെ മരിച്ചെന്നും വാർത്തയുണ്ട്. അവിടംകൊണ്ടും തീർന്നില്ല. ഏഥൻസ് നഗരത്തിലെ അന്തിസ്റ്റീരിയ വീഞ്ഞുത്സവത്തിൽ വീഞ്ഞുപാനം അധികമായതോടെ മുന്തിരിപ്പഴം തൊണ്ടയിൽ കെട്ടി ശ്വാസം മുട്ടി മരിച്ചതുമാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.