23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 27, 2024
October 25, 2024
June 20, 2024
May 19, 2024
May 14, 2024
May 12, 2024
May 10, 2024
April 30, 2024
April 28, 2024

അഫ്ഗാനില്‍ പട്ടിണി രൂക്ഷം; നിത്യചിലവുകള്‍ക്കായി കുട്ടികളെ വില്‍ക്കുന്നു

Janayugom Webdesk
കാബൂള്‍
November 13, 2022 9:52 pm

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിത്യചിലവുകള്‍ക്കായി കുട്ടികളെ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബാല്‍ഖ് പ്രവിശ്യയിലെ ഒരു കുടുംബം ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി രണ്ട് വയസുകാരിയെ വില്‍ക്കാന്‍ ശ്രമിച്ചതായി ടോളോ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ ഭക്ഷണവും മറ്റ് സഹായങ്ങളും കുടുംബത്തിന് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാദ്യമായല്ല അഫ്ഗാനിസ്ഥാനില്‍ സാമ്പത്തിക കാരണങ്ങളാല്‍ കുട്ടികളെ വില്‍ക്കുന്നത്.

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു ശേഷം ആഗോളതലത്തിലെ തന്നെ ഏറ്റവും കഠിനമായ ഭക്ഷ്യ പ്രതിസന്ധിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നും കടുത്ത മാനുഷിക പ്രതിസന്ധിയാണ് രാജ്യത്തുള്ളതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാം അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും ആശങ്ക ഉയര്‍ത്തിയിരുന്നു. 2022 ല്‍ അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ റെക്കോഡ് നിരക്കിലെത്തിയാതായി ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ- കാര്‍ഷിക സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നീണ്ട വരള്‍ച്ച, ആഭ്യന്തര സംഘര്‍ഷം, രാഷ്ട്രീയ അസ്ഥിരത, കോവിഡ് എന്നിവയുടെ ഫലമായി ഭക്ഷ്യ പ്രതിസന്ധി 22.8 ദശലക്ഷം ആളുകളെ ബാധിക്കുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന കണക്കാണിത്. ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും ജനങ്ങള്‍ക്ക് തിരിച്ചടിയായി. പത്തില്‍ ഒമ്പത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. 

അഫ്ഗാനിലെ വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി ചെറുകിട സംരംഭങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആവശ്യകതയുടെയും വില്പനയുടെയും കുറവ് കാരണം സ്വകാര്യ കമ്പനികള്‍ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. യുഎസ് പിന്‍മാറ്റത്തോടെ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ഇരട്ട പ്രഹരമായി. താലിബാനെതിരെ നിലനില്‍ക്കുന്ന രാജ്യാന്തര ഉപരോധവും അഫ്ഗാന്‍ കേന്ദ്ര ബാങ്കിന്റേതായി അമേരിക്കന്‍ ബാങ്കുകളിലുണ്ടായിരുന്ന 950 കോടി ഡോളര്‍ മരവിപ്പിക്കുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പൂര്‍ണമായും തകര്‍ന്നത്.

Eng­lish Summary:Famine in Afghanistan; Chil­dren are sold for dai­ly expenses
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.