23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
August 5, 2024
July 31, 2024
June 10, 2024
May 13, 2024
April 24, 2024
April 20, 2024
April 20, 2024
April 13, 2024
March 14, 2024

വിമതരെ ഒതുക്കാൻ അമിത് ഷാ

Janayugom Webdesk
അഹമ്മദാബാദ്
November 15, 2022 11:06 pm

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിലെ വിമതപ്പടയെ മെരുക്കാൻ അമിത് ഷാ നേരിട്ടെത്തി. 182 സീറ്റുകളിൽ 160 എണ്ണത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കെയാണ് വിമത ശബ്ദം രൂക്ഷമായത്. സീറ്റ് നഷ്ടമായ 38 എംഎൽഎമാരുൾപ്പെടെയുള്ള വിമതരെ അനുനയിപ്പിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരുടെ പ്രതിഷേധത്തോട് അനുഭാവപൂര്‍വം ഇടപെടണമെന്നാണ് അമിത് ഷാ നിർദ്ദേശിച്ചിരിക്കുന്നത്.
27 വർഷമായി സംസ്ഥാനത്ത് തുടർഭരണം നടത്തുന്ന ബിജെപി മോർബി തൂക്കുപാലം തകർച്ചയടക്കം വലിയ വെല്ലുവിളികളാണ് ഇത്തവണ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടിക്കകത്ത് വിമതരും ഭീഷണിയായത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഗ്‍വി വിമത നേതാക്കളോട് ചർച്ച നടത്തിയിരുന്നുവെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് ഗുജറാത്തിലുള്ള അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്ന് അനുരഞ്ജന പദ്ധതികൾ ചർച്ച ചെയ്തത്. 

ഇക്കഴിഞ്ഞ 12ന് തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും ബിജെപിക്ക് വിമത ശല്യം നേരിടേണ്ടി വന്നിരുന്നു. 68 സീറ്റിൽ 21 വിമതരാണ് പാർട്ടിക്കെതിരെ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം ഫോണിലൂടെ സംസാരിച്ചിട്ടും ഒരു വിമതൻ പിന്മാറിയിരുന്നില്ല. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുമ്പേ വിമത ശല്യം പരിഹരിക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം 27 വർഷത്തിനു ശേഷം സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതിനായി താരപ്രചാരകരായി സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം എത്തുന്നുണ്ട്. കഴിഞ്ഞതവണ ബിജെപിയെ 99 സീറ്റിൽ ഒതുക്കിയ പ്രചരണത്തിന് ചുക്കാൻ പിടിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനാൽ ഹിമാചൽ പ്രദേശിൽ പ്രചാരണത്തിനെത്തിയിരുന്നില്ല. എന്നാൽ ഗുജറാത്തിൽ പ്രചാരണത്തിനെത്തും. 

ഇസുദൻ ഗാധ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് ആംആദ്മി പാർട്ടി പ്രചാരണം നടത്തുന്നത്. ആംആദ്മിയുടെ രംഗപ്രവേശം പല മണ്ഡലങ്ങളും ത്രികോണ മത്സരത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് ആർക്ക് ഗുണം ചെയ്യുമെന്നത് ബിജെപിക്കും കോൺഗ്രസിനും ആശങ്കയാകുന്നു. അതിനിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ സർക്കാർ ഓഫീസുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോകൾ നീക്കം ചെയ്യാനോ മറയ്ക്കാനോ നിർദ്ദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആംആദ്മി പാർട്ടി അഭ്യർത്ഥിച്ചു.
ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകനായ മോഡിയുടെ ചിത്രം സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എഎപി ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Amit Shah to paci­fy the rebels

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.