ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമം പ്രാബല്യത്തില്‍ വന്ന് 10 വർഷം കഴിയുമ്പോൾ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത് 14.03 ശതമാനം കേസുകളിൽ മാത്രമെന്ന് റിപ്പോർട്ട്. 43.44 ശതമാനം കേസുകളിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതായും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തുടനീളമുള്ള ഇ‑കോടതികളില്‍ പോക്സോ നിയമത്തിന് കീഴിലുള്ള കേസുകള്‍ വിശകലനം ചെയ്തതിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.
138 വിധികളില്‍ 22.9 ശതമാനത്തിലും പ്രതികള്‍ക്ക് ഇരകളെ അറിയാമായിരുന്നു. ഇതില്‍ 3.7 ശതമാനം കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളാണ്. 18 ശതമാനം പേർ പ്രണയബന്ധത്തിൽ ഉൾപ്പെട്ടിരുന്നു. അതേസമയം, ഇരയും പ്രതിയും തമ്മിലുള്ള ബന്ധം 44 ശതമാനം കേസുകളില്‍ തിരിച്ചറിഞ്ഞിട്ടില്ല.
ലോകബാങ്കിന്റെ ഡാറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോം എന്ന സംഘടനയുമായി സഹകരിച്ച് നീതി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയിലെ ജസ്റ്റിസ്, ആക്സസ് ആന്റ് ലോവറിങ് ഡിലേയ്സ് ഇന്‍ ഇന്ത്യ നടത്തിയ ‘പോക്സോയുടെ ഒരു ദശകം’ എന്ന പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
2012 മുതല്‍ 2021 വരെ, 28 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 486 ജില്ലകളിലെ ഇ‑കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത 2,30,730 കേസുകള്‍ പഠന വിധേയമാക്കി. കൂടാതെ 138 കേസുകള്‍ പ്രത്യേകം പഠിച്ചു. 2021‑ല്‍ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം പോക്സോ ഫയല്‍ ചെയ്ത 96 ശതമാനം കേസുകളിലും പ്രതികള്‍ക്ക് ഇരകളെ അറിയാമായിരുന്നു.
ഇരകള്‍ 5.47 ശതമാനവും 10 വയസിന് താഴെയും, 17.8 ശതമാനം 10–15 വയസിനിടയിലും, 28 ശതമാനം 15–18 വയസിനിടയിലുമാണ്. എന്നാല്‍ 48 ശതമാനം കേസുകളിലും ഇരകളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല. ഈ കേസുകളിലെ പ്രതികളില്‍ 11.6 ശതമാനം 19–25 വയസിനിടയിലും, 10.9 ശതമാനം 25–35 വയസിനിടയിലും, 6.1 ശതമാനം 35–45 വയസിനിടയിലും, 6.8 ശതമാനം 45 വയസിനു മുകളിലുമാണ്. 44 ശതമാനം കേസുകളില്‍ പ്രതികളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല.
പശ്ചിമ ബംഗാളില്‍ ശിക്ഷ വിധിക്കപ്പെട്ടവരുടെ (11.56 ശതമാനം) അഞ്ചിരട്ടിയാണ് കുറ്റവിമുക്തരായവര്‍. 53.38 ശതമാനം. കേരളത്തില്‍ മൊത്തം കേസുകളില്‍ 20.5 ശതമാനം കുറ്റവിമുക്തരായപ്പോള്‍ 16.49 ശതമാനംപേര്‍ ശിക്ഷിക്കപ്പെട്ടു. 2012 നവംബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ ഫയല്‍ ചെയ്ത മൊത്തം കേസുകളില്‍ നാലില്‍ മൂന്ന് (77.77 ശതമാനം) തീര്‍പ്പാക്കാത്ത യുപിയിലാണ് ഏറ്റവും കൂടുതല്‍ കെട്ടിക്കിടക്കുന്നതെന്നും പഠനം പറയുന്നു.
English Summary: The POCSO Act is no rescue either; Punishment is only 14 percent
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.