19 December 2024, Thursday
KSFE Galaxy Chits Banner 2

യുദ്ധക്കൊതിയുടെ കാണാപ്പുറങ്ങൾ

ഡോ. പി കെ സബിത്ത്
November 27, 2022 7:30 am

പ്രാവശ്യത്തെ ഗോവ ചലച്ചിത്രമേളയിൽ ഡോക്യുമെന്ററി വിഭാഗത്തിൽ നാമമാത്രമായ ചിത്രങ്ങളാണ് ദർശിപ്പിച്ചത്. യാഥാർത്ഥ്യത്തെ തന്മയത്വത്തോടെ ചിത്രീകരിക്കുന്നതാണ് ഡോക്യുമന്ററികൾ. ഡോക്യുമെന്ററിയുടെ രീതിശാസ്ത്രം ഇന്ന് കാലോചിതമായി പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയെ സംബന്ധിച്ച് കഥാചിത്രങ്ങൾ ഹൃദ്യമായ ആഖ്യാനമാകുമ്പോൾ ഡോക്യുമെന്ററി, ദേശത്തിന്റെ സ്പന്ദനങ്ങളെയാണ് ആവിഷ്കരിക്കുന്നത്. സംവിധായകന്റെ അവസരോചിതമായ ഇടപെടലുകളാണ് ഒരു ഡോക്യുമെന്ററിയെ കൂടുതൽ സർഗാത്മകമാക്കുന്നത്. യാഥാർത്ഥ്യത്തെ അതുപോലെ ചിത്രീകരിച്ച് അതിന്റെ സാധൂകരണത്തിനായി അക്കാദമിക്ക് അഭിപ്രായങ്ങളും ചിലവസ്തുനിഷ്ഠമായ രേഖകകളും ചേർത്തു വെക്കുന്നതോടെ പരമ്പരാഗതമായ ഡോക്യുമെന്ററിയുടെ രസക്കൂട്ട് രൂപപ്പെടുകയായി. എന്നാൽ പുതിയ കാലത്ത് ഇത്തരം രീതിശാസങ്ങളല്ല ഡോക്യുമെന്ററികൾ അഥവാ ആധാര ചിത്രങ്ങൾ പിൻതുടരുന്നത്. അവ സർഗാത്മകമായ ഇടം കൂടി സൃഷ്ടിച്ചുകൊണ്ടാണ് ആവിഷ്കരിക്കപ്പെടുന്നത്. യാഥാർത്ഥ്യത്തിനും അയാഥാർത്ഥ്യത്തിനും ഇടയിലൂടെയുള്ള യാത്രയല്ല. മറിച്ച് പച്ചയായ യാഥാർത്ഥ്യങ്ങളെ ആവിഷ്കരിച്ചുകൊണ്ട് മാത്രം ചിത്രീകരിക്കുന്നവയാണവ. 

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഡോക്യുമെന്ററി ചിത്രങ്ങളുടെ എണ്ണം കുറവാവന്നെങ്കിലും പ്രദർശിപ്പിച്ച ചിത്രത്തിൽ ‘ഇന്നസെൻസ്’ എന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഉപരിപ്ലവതയുടെ ഒരു ലാഞ്ഛന പോലുമില്ലാതെ ഹൃദയത്തെ കൊത്തി മുറിവേല്പിക്കുന്ന ചിത്രം വലിയ ഒരു ദർശനമാണ് മുന്നോട്ട് വെക്കുന്നത്.
ആയുധ പന്തയത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹം ഒരു ഭരണസംവിധാനത്തിനും അനുയോജ്യമല്ല. പട്ടാളക്കാരെ മാത്രം സമൂഹത്തിന്റെ ഔന്നത്യത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്ന സമൂഹം ഒരു നല്ല സന്ദേശമല്ല നല്കുന്നത്. ഇസ്രയേൽ സമൂഹം ഏതാണ്ട് ഇങ്ങനെയാണ്. വളരെ ചെറുപ്പം മുതൽ അവർ സമൂഹത്തെ അങ്ങനെ രൂപപ്പെടുത്തുകയാണ്. സൈനിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇസ്രായേൽ ഒരു മാതൃകയാണ്. നമ്മുടെ കഥ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, അത് നമ്മുടെ കുട്ടികളോട് പറയേണ്ടതുണ്ട്. ‘ഇന്നസെൻസ്’ പറയുന്നത് കീഴ്പ്പെടുത്തലിനെ എതിർത്ത കുട്ടികളുടെ കഥയാണ്. സേവനത്തിനിടെ മരിച്ചതിനാൽ അവരുടെ കഥകൾ ഒരിക്കലും പറഞ്ഞിട്ടില്ല. അവരുടെ വേട്ടയാടുന്ന ഡയറിക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ഒരു വിവരണത്തിലൂടെ, സിനിമ അവരുടെ ഉള്ളിലെ അസ്വസ്ഥതകൾ ചിത്രീകരിക്കുന്നു. ശരിക്കും പ്രേക്ഷകരെ അല്പ സമയം ആകുലപ്പെടുത്തി കടന്നുപോകുകയല്ല, മറിച്ച് ഇന്നസെൻസിലെ കാഴ്ചകൾ നമ്മെ വിടാതെ പിൻതുടരും. 

പ്രീ പ്രൈമറി ക്ലാസ് ഡോക്യുമെന്ററിയിൽ കടന്നുവരുന്നുണ്ട്. ക്ലാസിലെ കുട്ടികൾ ചിത്രങ്ങൾ വരയ്ക്കുകയാണ്. ആയുധധാരികളായ പട്ടാളക്കാരും അവരുടെ ചലനങ്ങളും മാത്രമാണ് കുട്ടികളുടെ സർഗാത്മകതകളിൽ നിറയുന്നത്. അവർ പരസ്പരം സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുമ്പോൾ പോലും അവരുടെ വാക്കുകളിലും കഥകളിലും നിറഞ്ഞു നില്ക്കുന്നത് ധീര യോദ്ധാക്കളായ അവരുടെ ഉറ്റവരും ഉടയവരുമായ പട്ടാളക്കാർ മാത്രമാണ്. ഇസ്രയേലിന്റെ സ്വത്വത്തെ ഇത്രയും ചേതോഹരമായി അവതരിപ്പിച്ച സംവിധായകനാണ് ഗൈ ഡേവിഡി. സിനിമ പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം ഉടനീളമുള്ള കാഴ്ചയിൽ അലോസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അത് വാസ്തവത്തിൽ അലോസരപ്പെടുത്തലായിരുന്നില്ല. യത്ഥാതഥമായ ചിത്രീകരണത്തിന്റെ അനിവാര്യതകൾ മാത്രമായിരുന്നു. 

ഇന്നസെൻസ് എന്ന ചിത്രത്തിന്റെ സംവിധായകനായ ഗൈ ഡേവിഡി അക്കാദമി അവാർഡ് നോമിനേറ്റ് ചെയ്യപ്പെട്ട സംവിധായകനാണ്. എമ്മി അവാർഡ് ജേതാവുമായ ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവ് ഡേവിഡി 16 ഓളം സിനിമകൾ സംവിധാനം ചെയ്യുകയും ചിത്രീകരിക്കുകയും എഡിറ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഫൈവ് ബ്രോക്കൺ ക്യാമറകൾ’ (2012) സംവിധാനം ചെയ്തത് പലസ്തീൻകാരനായ ഇമാദ് ബർനത്തിനൊപ്പം ആയിരുന്നു. മികച്ച ഡോക്യുമെന്ററിക്കുള്ള 2013 ലെ ഇന്റർനാഷണൽ എമ്മി അവാർഡ് ഈ ചിത്രം നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.