6 May 2024, Monday

Related news

May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024

താരമായി തരൂർ; സതീശൻ കീഴടങ്ങുന്നു

Janayugom Webdesk
തിരുവനന്തപുരം
November 27, 2022 7:56 pm

ആളും അര്‍ത്ഥവുമായി ശശി തരൂരിന്റെ പരിപാടികള്‍ നിറയുമ്പോള്‍ കലുഷിതമാവുന്നത് കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയാണ്. തരൂര്‍ സഞ്ചരിക്കുന്നിടത്തെല്ലാം ഗ്രൂപ്പുകള്‍ പലവിധങ്ങളായി തിരിഞ്ഞ് പോരടിക്കുന്നത് പതിവാകുന്നു. എല്ലാറ്റിനും കാരണം തരൂരിനെ വിമര്‍ശിക്കുന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണെന്ന ആരോപണം താഴെത്തട്ടില്‍ ഇവര്‍ക്ക് ദോഷം ചെയ്യുന്നുമുണ്ട്. സുധാകരന്‍ ചികിത്സാര്‍ത്ഥം മൗനത്തിലാണ്. സതീശന്‍ തരൂരിന്റെ വേദിയില്‍ നേരിട്ടെത്തി കീഴടങ്ങുകയും ചെയ്തു.
ശശി തരൂരുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് വി ഡി സതീശൻ കൊച്ചിയില്‍ നടന്ന പ്രഫഷണൽ കോൺഗ്രസ് വേദിയിൽ പറഞ്ഞത്. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണ്. തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ട്. വിവാദങ്ങളിൽ തന്നെ വില്ലനാക്കാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്നാണ് സതീശന്റെ ഇപ്പോഴത്തെ ആരോപണം.

ശശി തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണ്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തരൂരിനെ താൻ ഗൗനിച്ചില്ലെന്ന രീതിയിൽ മാധ്യമങ്ങൾ ചിത്രീകരിച്ചു. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്. പിന്നെ വീണ്ടും വേദിയിൽ കണ്ടപ്പോ ആദ്യം കണ്ട രീതിയിൽ ചെയ്യണമെങ്കിൽ താൻ അഭിനയിക്കേണ്ടി വരുമായിരുന്നു- വി ഡി സതീശൻ പറഞ്ഞു. തനിക്ക് ശശി തരൂരിനോട് അസൂയ ഉണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ, അത് തനിക്ക് ഇല്ലാത്ത കഴിവുകൾ ഉള്ള ആളെന്ന രീതിയിലാണെന്ന് തിരുത്തി പറഞ്ഞു. ഓരോ കഥയിലും ഒരു വില്ലനുണ്ട്. ഈ കഥയിൽ താൻ വില്ലൻ ആയി എന്നും അദ്ദേഹം പറയുകയും ചെയ്തു.

അതേസമയം, തരൂര്‍ ദേശീയ അധ്യക്ഷനായ പ്രഫഷണൽ കോൺഗ്രസിന്റെ ഏകദിന സമ്മേളനം കൊച്ചിയില്‍ അതികേമമായാണ് സംഘടിപ്പിക്കപ്പെട്ടത്. തരൂരിന് ചുമതലയുണ്ടായിരുന്നെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും ശ്രദ്ധേയമായ വിധം സംഘടനയുടെ പരിപാടി നടക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. മുഖ്യപ്രഭാഷണമായിരുന്നു തരൂരിന്റേത്. പരിപാടിയില്‍ ക്ഷണിച്ചവരുടെയും വന്നവരുടെയുമെല്ലാം പേര് ആമുഖത്തില്‍ എടുത്തുപറഞ്ഞ ശശി തരൂര്‍, കെ സുധാകരന്റെ പേര് വിട്ടുപോയി. പെട്ടെന്ന് ഓര്‍മ്മയില്‍ വന്നോണം — ‘അയ്യോ നമ്മുടെ ഉദ്ഘാടകന്റെ പേര് വിട്ടുപോയി’ എന്ന് പറഞ്ഞുകൊണ്ടുതന്നെയാണ് പ്രസംഗം തുടര്‍ന്നത്. സുധാകരന്‍ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്തു.

തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ടെന്നാണ് സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി പറഞ്ഞത്. തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണം. അദ്ദേഹം കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് സ്റ്റാറാകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പ്രതികരിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോകണം. ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്നവരുണ്ടാവും. എതിരാളികള്‍ക്ക് എതിരെയാണ് ഫൗള്‍ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ല. പ്രവര്‍ത്തകരാണ് ഇവിടെ ഗോളി. അവരെ നിരാശപ്പെടുത്തരുതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വിവിധ ജില്ലകളിലായി ശശി തരൂരിന്റെ പരിപാടികള്‍ നടക്കുന്നതിനിടെയാണ് കൂടുതല്‍ പേര്‍ അദ്ദേഹത്തോടൊപ്പം രംഗത്തുവരുന്നത്. എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ ശശി തരൂരിനെ പാടെ അവഗണിച്ച സംസ്ഥാനമായിരുന്നു കേരളം. രമേശ് ചെന്നത്തലയടക്കം പരസ്യമായാണ് എതിര്‍ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം നടത്തിയത്. അതുകൊണ്ടുതന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പിലടക്കം തരൂരിന് അവഗണനയാണെങ്കിലും ചെന്നിത്തല അവിടെ കോണ്‍ഗ്രസിന്റെ താരപ്രചാരകരില്‍ പ്രമുഖസ്ഥാനത്താണ്.

Eng­lish Sum­ma­ry: vd satheesan and shashi tha­roor controversy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.