17 November 2024, Sunday
KSFE Galaxy Chits Banner 2

കു‍ഞ്ഞേപ്പിന്റെയും അന്നക്കുട്ടിയുടെയും ആത്മഹത്യ…

ദേവിക
വാതില്‍പ്പഴുതീലൂടെ
November 28, 2022 4:45 am

ഇന്നലെ വയനാട് സ്വദേശികളായ അന്നക്കുട്ടിയും ഭര്‍ത്താവ് ജോസഫ് എന്ന കുഞ്ഞേപ്പിയും പെരിയ ഉള്‍‍വനത്തില്‍ ആത്മഹത്യ ചെയ്തു. വൃദ്ധദമ്പതികള്‍. നാടിന്റെ ഇരമ്പുന്ന ദയാശൂന്യതയില്‍ നിന്നും കാടിന്റെ നിത്യശാന്തതയില്‍ അവര്‍ വിട ചൊല്ലി. ദമ്പതികളുടെ ആത്മഹത്യ പുതിയൊരു കഥയല്ലല്ലോ എന്നു പറഞ്ഞേക്കാം. പക്ഷേ ഈ ആത്മഹത്യകള്‍ മാധ്യമഭാഷയില്‍ വേറിട്ടൊരു ആത്മഹത്യയാവുന്നത് അവ സമൂഹത്തിന്റെ നന്ദികേടായി അടയാളപ്പെടുത്തുന്നതുകൊണ്ടാണ്. വൃദ്ധരായ മാതാപിതാക്കളെ കയ്യൊഴിയുന്ന മക്കളുടെ എണ്ണം കൂടിവരുന്നത് സമൂഹത്തിന്റെ ജീര്‍ണതയല്ലെങ്കില്‍ മറ്റെന്താണ്. ഗുരുവായൂര്‍ അമ്പലനടയില്‍ തങ്ങളുടെ മക്കളെ ഒന്നു കാണിച്ചുതരാമോ എന്ന് കണ്ണീരോടെ ചോദിക്കുന്ന നൂറുകണക്കിന് അമ്മമാരുണ്ടത്രേ. എല്ലാം അമ്പലം കാണിച്ചുകൊടുക്കാമെന്നു പറഞ്ഞ് ഗുരുവായൂരപ്പന്റെ സവിധത്തില്‍ കൊണ്ടുവന്നു നടതള്ളപ്പെട്ടവര്‍. സംസ്ഥാനത്തെ വൃദ്ധസദനങ്ങളും ശരണാലയങ്ങളും നിറഞ്ഞുകവിയുന്നു. എണ്ണൂറോളം വൃദ്ധസദനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. പന്ത്രണ്ടെണ്ണം സര്‍ക്കാര്‍ വക. പത്തനാപുരത്തെ പ്രശസ്തമായ ഗാന്ധിഭവന്‍ എന്ന ഒരു ശരണാലയമുണ്ട്. ഒരു അന്തേവാസി മലയാള സിനിമയ്ക്കു കരുത്തുറ്റ സംഭാവനകള്‍ നല്കിയ നിര്‍മ്മാതാവ്. മറ്റൊരാള്‍ ജനപ്രതിനിധിയായിരുന്നയാള്‍. അതിസമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ച് വളര്‍ന്ന മറ്റൊരാള്‍. ചിലര്‍ ഉറ്റവരില്ലാതെയും മറ്റു ചിലര്‍ മക്കള്‍ ആട്ടിപ്പുറത്താക്കിയും അഭയം തേടി വൃദ്ധസദനത്തിലെത്തുന്നു. ഇങ്ങനെ അന്തേവാസികളായ പലരുടെയും ഒരു മോന്‍ ലണ്ടനിലായിരിക്കും. മറ്റൊരാള്‍ ബഹുരാഷ്ട്ര കമ്പനിയിലായിരിക്കും. ഓരോ വാര്‍ഡിലും ഓരോ വൃദ്ധസദനമെങ്കിലും വേണമെന്ന നിലയിലേക്ക് മുന്നേറുന്ന കേരളം.

സമൂഹത്തില്‍ ബന്ധങ്ങളുടെ ഇഴകള്‍ അറ്റുപോകുന്ന ദുരന്തത്തിന്റെ പ്രതീകങ്ങളായി കുഞ്ഞേപ്പുമാരും അന്നക്കുട്ടിമാരും മാറുമ്പോള്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ചാനലുമില്ല, മാധ്യമവുമില്ല, സാംസ്കാരിക നായകര്‍ക്ക് ഇതൊരു തിന്മയേയല്ല. പണ്ടൊരിക്കല്‍ ഒരു പെരുമഴക്കാലത്ത് കൊച്ചിക്കടപ്പുറത്ത് ഒരു മഴനൃത്തം സംഘടിപ്പിച്ചിരുന്നു. യുവതീയുവാക്കളും വൃദ്ധരും കുട്ടികളും അര്‍ധനഗ്നരായും അല്പവസ്ത്രരായവരും മഴയത്ത് നൃത്തം ചെയ്തപ്പോള്‍ എന്തെല്ലാം പുക്കാറായിരുന്നു. നൂറുകണക്കിനു വിദേശികളാണ് അന്നു മഴനൃത്തം കാണാനെത്തിയത്. പക്ഷേ നമ്മളില്‍ ചിലര്‍ വിളിച്ചു കൂവി; ഇത് നമ്മുടെ സംസ്ഥാനത്തിനു യോജിച്ചതല്ല. നമുക്ക് മഴക്കഥകളി, മഴയോട്ടന്‍തുള്ളല്‍, മഴമിഴാവുകൊട്ടല്‍, മഴപഞ്ചാരിമേളം എന്നിവ മതി. സദാചാരത്തിന്റെ കാവലാളുകള്‍ ചീറിയടുത്തതോടെ മഴനൃത്തം ഒറ്റത്തവണ തീര്‍പ്പാക്കലായി അവസാനിച്ചു. മഴ ടൂറിസത്തിന്റെ കട്ടേം പടോം മടങ്ങി. ഇപ്പോള്‍ എന്തെല്ലാം ഇനം ടൂറിസങ്ങളാണ് നമുക്കുള്ളത്. തായ്‌ലന്‍ഡിലെപ്പോലെ സെക്സ് ടൂറിസം ഒഴികെ, ഉത്തരവാദിത്ത ടൂറിസം, തീര്‍ത്ഥാടന ടൂറിസം അങ്ങനെയങ്ങനെ; കള്ളില്‍ നിന്നും ലോട്ടറിയില്‍ നിന്നുമല്ല ടൂറിസത്തില്‍ നിന്നാണ് സംസ്ഥാനം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. റിയാസ് മന്ത്രി ഒന്നു മനസുവച്ചാല്‍ കേരളത്തിലെ വിനോദസ‍ഞ്ചാര വ്യവസായത്തിന് ഒരു മഹാപൂക്കാലമൊരുക്കാം. ആസ്ത്രേലിയയിലെ ബോണ്ടിബീച്ചില്‍ എല്ലാ വര്‍ഷവും ഒരു ദിവസം ആയിരക്കണക്കിനു സുന്ദരിമാരും സുന്ദരന്മാരും പൊരിവെയിലത്ത് വിവസ്ത്രരായി വെയില്‍ കായുന്ന ആഘോഷം. ഈ നഗ്നമാമാങ്കം കാണാനെത്തുന്ന ടൂറിസ്റ്റുകള്‍ പതിനായിരക്കണക്കിന്.


ഇതുകൂടി വായിക്കൂ: വനാവകാശ സംരക്ഷണ നിയമവും ആദിവാസി സമൂഹവും


സര്‍ക്കാരിന് ഈ നഗ്നവെയില്‍കായല്‍ ടൂറിസത്തിലൂടെ ലഭിക്കുന്നത് കോടികള്‍. തൊലിയിലെ അര്‍ബുദത്തിനെതിരായ ബോധവല്ക്കരണം കൂടിയാണ് ഈ നഗ്നദിനാചരണം. കേരളത്തിലും ഇത് ആയിക്കൂടെ. സര്‍ക്കാരിനാണെങ്കില്‍ അങ്കവും കാണാം, താളിയുമൊടിക്കാം! നമ്മുടെ പുന്നാര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുജന്‍ ആസിഫ് മുഹമ്മദലി ഖാനെ ബിജെപി വേട്ടയാടുന്നുവെന്ന് വാര്‍ത്ത. ഗവര്‍ണര്‍സാബ് ഇതുവരെ ഒന്‍പതു പാര്‍ട്ടികളിലേക്ക് ചാടിക്കളിച്ചിട്ടുണ്ടെങ്കിലും അനുജന്‍ ആസിഫിന് തുടക്കം മുതല്‍ ഒരു പാര്‍ട്ടിയേയുള്ളു-കോണ്‍ഗ്രസ്. ഡല്‍ഹിയിലെ എംഎല്‍എ ആയിരുന്ന ആസിഫിന്റെ മകള്‍ ആരിഷാ ഖാന്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജാമിയാനഗറില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ മകളുടെ വാര്‍ഡില്‍ പ്രവേശിച്ചു പ്രചരണം നടത്തിയെന്ന പേരിലാണ് ഗവര്‍ണറുടെ പൊന്നനിയനെ മോഡിയുടെ ഡല്‍ഹി പൊലീസ് അകത്താക്കിയിരിക്കുന്നത്. ബിജെപിക്കാര്‍ കള്ളക്കേസെടുത്ത് തട്ടിയകത്താക്കിയ അനുജനെ ജാമ്യത്തിലിറക്കാന്‍ ഗവര്‍ണര്‍ പോകുമോ എന്നേ അറിയാനുള്ളു. ബിജെപിക്കാര്‍ അങ്ങനെയൊക്കെയാണ്. ലിംഗഛേദനത്തിന് അഗ്രഗണ്യര്‍. തമിഴ്‌നാട്ടില്‍ നിന്ന് ഇതാ മറ്റൊരു വാര്‍ത്ത. ഡിഎംകെ നേതാവും മന്ത്രിയുമായ തിരുച്ചിശിവയുടെ പുത്രനും പുത്തന്‍കൂറ്റു ബിജെപിക്കാരനുമായ സൂര്യശിവയാണ് കഥയിലെ നായകന്‍. പട്ടികജാതി വനിതാവിഭാഗം നേതാവ് ഡെയ്‌ക് ശരണിന്റെ ലൈംഗികാവയവം ഗുണ്ടകളെവിട്ട് ഛേദിക്കുമെന്നാണ് സൂര്യശിവയുടെ പ്രഖ്യാപനം. ഗുണ്ടകള്‍ സൂര്യയോടു ചോദിക്കുന്നു; അത് എപ്പടി പണ്ണലാം സാര്‍. സ്ത്രീ ലൈംഗികാവയവ ഛേദനത്തിനു ക്ലാസെടുക്കുന്നതിനു മുമ്പ് പിതാവ് മന്ത്രി തിരുച്ചിശിവ മകന്റെ ഊണ് അകത്താക്കിയിരിക്കുന്നു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.