7 December 2024, Saturday
KSFE Galaxy Chits Banner 2

വനാവകാശ സംരക്ഷണ നിയമവും ആദിവാസി സമൂഹവും

രശ്മി സെഗൽ
November 23, 2022 5:45 am

വനവാസികൾ ഉള്‍പ്പെടെയുള്ള പട്ടികവർഗ സമൂഹത്തെ ബാധിക്കുന്ന വനാവകാശ സംരക്ഷണനിയമം എന്നും തർക്കവിഷയമാണ്. 2006‑ൽ നിയമം അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം രാജ്യത്തെ 10 കോടി ഗോത്രവർഗക്കാരെയും വനവിഭവങ്ങളിൽ നിന്നും ഉപജീവനം തേടുന്ന പരമ്പരാഗത വനവാസികളെയും ഭൂമി കയ്യേറ്റക്കാരായി കണക്കാക്കരുത് എന്നതായിരുന്നു. ഗോത്രവര്‍ഗ വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2018 സെപ്റ്റംബർ 30 വരെ 16 ലക്ഷത്തോളം വ്യക്തിപരവും സാമൂഹികവുമായ വനാവകാശ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. 2019 ഫെബ്രുവരി 13ല്‍ സുപ്രീം കോടതി, വനഭൂമിയുടെ അവകാശവാദം നിരസിക്കപ്പെട്ട എല്ലാവരെയും കുടിയൊഴിപ്പിക്കാൻ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഈ തീരുമാനം രാജ്യത്തുടനീളം ആദിവാസി, വനവാസി സമൂഹങ്ങൾക്കിടയിൽ ഞെട്ടലുണ്ടാക്കി. വനഭൂമിയുടെ മേൽ നിയമവിരുദ്ധമായി ഉടമസ്ഥാവകാശം അവകാശപ്പെടാൻ പലരും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാല്‍ ദാരിദ്ര്യവും നിരക്ഷരതയും മൂലം നിയമപരമായ നടപടിക്രമങ്ങൾക്ക് പോലും സാധ്യതയില്ലാത്ത പാവങ്ങളും കുടിയൊഴിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടും. വനാവകാശ സംരക്ഷണ നിയമത്തിന്റെ (എഫ്ആർഎ) ഭരണഘടനാ സാധുത ചോദ്യം ചെയ്ത് വൈൽഡ് ലൈഫ് ഫസ്റ്റ്, നേച്ചർ കൺസർവേഷൻ സൊസൈറ്റി, ടൈഗർ റിസർച്ച് ആന്റ് കൺസർവേഷൻ ട്രസ്റ്റ് എന്നിവ സമർപ്പിച്ച ഹർജിയുടെ ഫലമായിരുന്നു സുപ്രീം കോടതിയുടെ ഒഴിപ്പിക്കൽ ഉത്തരവ്.

ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന മനുഷ്യ ദുരന്തം ഹർജി കണക്കിലെടുക്കുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. കുടിയൊഴിപ്പിക്കൽ കോടതി സ്റ്റേ ചെയ്തെങ്കിലും ആദിവാസികളുടെ ഭാവി അനിശ്ചിതത്വത്തില്‍ തന്നെയാണ്. പിന്നീട് എൻ‌ജി‌ഒകളെയും ആദിവാസി ഗ്രൂപ്പുകളെയും സുപ്രീം കോടതി ഈ കേസിൽ കക്ഷിയാക്കി. അപ്പോഴും വനഭൂമിയില്‍ അവകാശത്തിനു വേണ്ടിയുള്ള അപേക്ഷകളും നിരസിക്കലും വർധിച്ചുകൊണ്ടിരുന്നു. കേന്ദ്ര മന്ത്രാലയത്തിന്റെ കണക്കനുനുസരിച്ച്, 2022 ജൂൺ 30 വരെ 44.46 ലക്ഷം അപേക്ഷകള്‍ സ്വീകരിച്ചു. ഇതില്‍ 22.35 ലക്ഷം എണ്ണം അംഗീകരിച്ചു. ഇതുവഴി 1.6 കോടി ഏക്കർ വനഭൂമിക്ക് പട്ടയം വിതരണം ചെയ്തു. വനം നിലനിർത്തുന്നതിൽ തദ്ദേശീയ സമൂഹങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഉന്നത പരിസ്ഥിതി ശാസ്ത്രജ്ഞരും സംരക്ഷകരും തുടക്കം മുതൽ തന്നെ, ഹർജിക്കാരുടെ വാദത്തെ എതിർത്തിരുന്നു. 2019ൽ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വനസംരക്ഷണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹര്‍ജി പിൻവലിച്ചു. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി കേസിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡിൽ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകന്‍ സോണി സോറി, ജന്തർ മന്ദറിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ആഹ്വാനം ഗോത്രവർഗങ്ങള്‍ക്കും വനവാസികൾക്കും വേണ്ടിയുള്ള എഫ്ആർഎയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ‘1865ൽ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് കൊണ്ടുവന്ന് ബ്രിട്ടീഷുകാർ തട്ടിയെടുത്ത ഗോത്രവർഗക്കാരുടെ സമൂഹസ്വത്താണ് വനവും അതിന്റെ ഉല്പന്നങ്ങളും. ഈ അനീതി തിരുത്താനാണ് എഫ്ആർഎ കൊണ്ടുവന്നത്.


ഇതുകൂടി വായിക്കൂ: മോഡിയുടെ ഇന്ത്യയില്‍ സമീകൃതാഹാരം സ്വപ്നം മാത്രമാകുമ്പോള്‍


എന്നാൽ അത് തെറ്റായി നടപ്പാക്കുന്നത് അനീതിയാണ്’ എന്ന് സോറി പറഞ്ഞു. എഫ്ആർഎയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആദിവാസികളല്ലാത്തവരാണെന്നാണ് ഹർജിക്കാർ കോടതിയില്‍ പറഞ്ഞിരുന്നത്. വ്യക്തിഗത അവകാശികൾക്ക് വനാവകാശം നൽകുന്നതിനെയും അവർ എതിർക്കുന്നു. വൻകിട ഖനന മാഫിയയും തടിക്കമ്പനികളും ബിനാമി ഇടപാടുകളിലൂടെ ഭൂമി കൈക്കലാക്കുന്നതിനായി ആദിവാസികളല്ലാത്തവരുടെ പേരില്‍ അപേക്ഷ നല്‍കുന്നുവെന്നും അവർ വാദിച്ചു. സമീപകാല കൈയേറ്റങ്ങൾ സ്ഥാപിക്കാൻ ഉപഗ്രഹ ചിത്രങ്ങൾ സഹായിക്കുമെന്നും അവർ പറഞ്ഞു. എന്നാല്‍ എല്ലാ ആവശ്യങ്ങളെയും ആദിവാസി പ്രവർത്തകർ ശക്തമായി എതിർത്തു. നേച്ചർ കൺസർവേഷൻ സൊസൈറ്റിയുടെ കിഷോർ റിഥേ പറഞ്ഞത്-‘വ്യാജ അവകാശികൾക്കെതിരെ നടപടിയെടുക്കാനാണ് കോടതി ഉത്തരവിട്ടത്. എല്ലാ അപേക്ഷകര്‍ക്കും ഒറ്റരാത്രി കൊണ്ട് വീട് നഷ്ടപ്പെടില്ലെന്ന് ഉറപ്പു പറയാം. പലരും കാടുകൾ വെട്ടിത്തെളിക്കുകയും അവകാശവാദം ഉന്നയിക്കുകയും ചെയ്‌തെങ്കിലും വനത്തിന് പുറത്ത് താമസിക്കുന്നവരാണ്. 2005 ഡിസംബറിൽ നിലവിലുള്ള സെറ്റിൽമെന്റുകൾക്കുള്ളിൽ കുറച്ച് ഭൂമി കൈവശം വച്ചിരിക്കാം. എന്നാൽ അത് വിപുലീകരിക്കാനുള്ള അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്‘എന്നാണ്. ‘എഫ്ആർഎയുടെ ചില വശങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

ഉദാഹരണത്തിന്, പരമ്പരാഗത വനവാസികളെ കുറിച്ചുള്ള അവ്യക്തമായ നിർവചനം. ഇതുമൂലം അർഹതയില്ലാത്ത നിരവധി പേര്‍ വനവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ട്’ എന്ന് 35 വർഷം ഫോറസ്റ്റ് ഓഫീസറായിരുന്ന അരവിന്ദ് ഝാ പറയുന്നു. ആദിവാസി പ്രവർത്തകരാകട്ടെ ഈ വിഷയത്തിൽ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് നൽകുന്നത്. നിയമം ഒരിക്കലും പൂർണമായി നടപ്പാക്കാതിരിക്കാന്‍ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അവരുടെ പക്ഷം. 2005 ഡിസംബർ 13‑നോ അതിനുമുമ്പോ വനഭൂമി തുടർച്ചയായി കൈവശം വച്ചതിന്റെ തെളിവ് കാണിക്കാൻ കഴിയാത്തതിനാൽ പല പട്ടികവർഗ അപേക്ഷകരുടെയും ക്ലെയിമുകൾ നിരസിക്കപ്പെട്ടതായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഗോത്രവര്‍ഗ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ഖനി പ്രദേശങ്ങളിലാണ് അപേക്ഷകളുടെ നിരാസം ഏറ്റവും ഉയർന്നത്. ഖനനത്തിനോ വ്യാവസായിക വ്യാപനത്തിനോ വേണ്ടി ഭൂമി റിസർവ് ചെയ്യാൻ സർക്കാരുകൾ കൂടുതൽ ആഗ്രഹിക്കുന്നിടത്ത് വനവാസി സമൂഹങ്ങൾക്കു് തിരിച്ചടി ലഭിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ആദിവാസികളെയും മറ്റും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. വനവിഭവങ്ങള്‍ വനം വകുപ്പുകൾക്ക് പ്രധാന വരുമാന സ്രോതസാണ്. വനങ്ങളും പരിസ്ഥിതി വ്യവസ്ഥകളും സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാരിന് പ്രതിബദ്ധത കുറവാണ് എന്നതാണ് യഥാർത്ഥ പ്രശ്നം. എഫ്‌ആർ‌എയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതിൽ വ്യത്യസ്ത സംഘടനകൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. ഡിസംബറിൽ സുപ്രീം കോടതി ഈ വിഷയം വീണ്ടും പരിഗണിക്കും. ആദിവാസി വിഭാഗങ്ങളുള്‍പ്പെടെയുള്ള വനവാസികള്‍ ഉറ്റുനോക്കുന്നത് കോടതി എന്ത് തീരുമാനിക്കും എന്നതായിരിക്കും. (അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.