23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2022
December 20, 2022
December 18, 2022
December 14, 2022
December 10, 2022
November 28, 2022
November 28, 2022
November 27, 2022
November 26, 2022
November 24, 2022

ടീംസേ… കണ്ടറിയണം എന്താകും നിങ്ങടെ സ്ഥിതിയെന്ന്…

സുരേഷ് എടപ്പാള്‍
November 28, 2022 10:55 pm

ഗ്രൂപ്പ്ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ ഇനിയുള്ള പോരാട്ടങ്ങള്‍ ജീവന്മരണം. മൂന്നാമത്തെ മത്സരമായിരിക്കും അടുത്ത 15 ടീമുകളെ തീരുമാനിക്കുക. ഖത്തറിനും കാനഡയ്ക്കുമൊഴികെ എല്ലാ ടീമുകള്‍ക്കും നോക്കൗട്ട് സാധ്യത നിലനില്‍ക്കുകയാണ്. ഫ്രാന്‍സ് രണ്ടു മത്സരങ്ങളും ജയിച്ച് ഇതിനികം പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഖത്തറും കാനഡയും മൂന്നാമത്തെ മത്സരം തുടങ്ങും മുമ്പേ നോക്കൗട്ട് സാധ്യതകള്‍ നഷ്ടമാക്കി. ആദ്യ റൗണ്ടില്‍ ഉഗ്രന്‍ പ്രകടനം കാഴചവച്ച ഹോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിന്‍ ടീമുകള്‍ രണ്ടാമത്തെ മത്സരത്തില്‍ നിറം മങ്ങി. മൂന്ന് ടീമകുള്‍ക്കും സമനിലയാണ് ലഭിച്ചത്. കാനഡക്കെതിരെ കഷ്ടിച്ച് ജയിച്ചെങ്കിലും കൊമ്പന്മാരായ ബെല്‍ജിയത്തിന് രണ്ടാമത്തെ മത്സരത്തില്‍ അടിപതറി. ബെല്‍ജിയത്തെ അട്ടിമറിച്ച മൊറാക്കോ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷക്ക് നിറം നല്‍കി. ആദ്യറൗണ്ടില്‍ വന്‍ അട്ടിമറി നടത്തിയ സൗദി അറേബ്യയും ജപ്പാനും വിജയതുടര്‍ച്ച ലഭിക്കാതെ പ്രതിസന്ധിയിലാണ്. ദുര്‍ബലരായ സൗദിക്കുമുന്നില്‍ കീഴടങ്ങിയ അര്‍ജന്റീന രണ്ടാമത്തെ മത്സരത്തില്‍ മെക്‌സിക്കോയെ കീഴടക്കി മുന്നോട്ടു വന്നപ്പോള്‍ കരുത്തരായ സ്‌പെയിനിനെ സമനിലയില്‍ തളച്ചാണ് ജര്‍മ്മനി ഫോം വീണ്ടെടുത്തത്. തുടക്കത്തില്‍ വലിയ മാര്‍ജിനില്‍ തോല്‍വി ഏറ്റുവാങ്ങി ഇറാനും കോസ്റ്റാ റിക്കയും രണ്ടാം മത്സരത്തില്‍ ജയം നേടി പുറത്താകാതെ പിടിച്ചു നിന്നു.

ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്സിനും ഇക്വഡോറിനും സെനഗലിനും പ്രീ കാര്‍ട്ടര്‍ സാധ്യതകളുണ്ട്. എതിരാളികള്‍ ഖത്തര്‍ ആയതിനാല്‍ നെതര്‍ലാന്‍ഡ്‌സിനാണ് മുന്‍തൂക്കം. രണ്ട് മത്സരങ്ങള്‍ ജയിച്ച ഇക്വഡോറിന് സെനഗലിനെതിരെ സമനില ലഭിച്ചാലും പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാം. മൂന്നു പോയന്റുള്ള സെനഗലിനാകട്ടെ ജയം അനിവാര്യമാണ്. ബി ഗ്രൂപ്പില്‍ നാലു ടീമുകള്‍ക്കും വാതിലുകള്‍ തുറക്കാമെങ്കിലും ഒന്നാം സ്ഥാത്തുള്ള ഇംഗ്ലണ്ടിനാണ് കൂടുതല്‍ സാധ്യത. വെയില്‍സുമായുള്ള മത്സരത്തില്‍ സമനിലപോലും ഇംഗ്ലീഷ് ടീമിനു വഴി തുറക്കും. വെയില്‍സിന് ജയിച്ചാല്‍ മുന്നേറാനുള്ള ചെറിയ അവസരം കിട്ടിയേക്കാം. മൂന്നുപോയിന്റുമായി രണ്ടാം സ്ഥാത്തുള്ള ഇറാന് അമേരിക്കയുമായി സമനില നേടിയാല്‍ പ്രീക്വാര്‍ട്ടര്‍ കിട്ടാനിടയുണ്ട്. അമേരിക്കയ്ക്കാകട്ടെ ജയിച്ചാലെ രക്ഷയുള്ളൂ. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് മുന്നില്‍. മൂന്ന് പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്താണ്. അവസാന കളിയില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചാലും പോളണ്ടിന് പ്രീ ക്വാര്‍ട്ടറിലെത്താം. സൗദി-മെക്സിക്കോ കളി സമനിലയില്‍ കലാശിച്ചാല്‍ അര്‍ജന്റീനയും അവസാന 16ല്‍ എത്തും. അതേസമയം പോളണ്ട് അര്‍ജന്റീനയോട് തോല്‍ക്കുകയും സൗദി മെക്സിക്കോയെ കീഴടക്കുകയും ചെയ്താല്‍ അര്‍ജന്റീനയും സൗദിയും അവസാ 16ല്‍ ഇടംപിടിക്കും.
ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ് അടുത്ത റൗണ്ടിലേക്ക് മുന്നേറി. രണ്ടാം സ്ഥാനക്കാര്‍ക്കായാണ് ഇനി മത്സരം. ഓസ്ട്രേലിയ‑ഡെന്മാര്‍ക്ക് കളി സമനിലയില്‍ കലാശിക്കുകയും ടുണീഷ്യ ഫ്രാന്‍സിനോട് സമനില പാലിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ മുന്നേറും. ഡെന്മാര്‍ക്കിന് പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ടുണീഷ്യ ഫ്രാന്‍സിനെ തോല്‍പ്പിക്കാതിരിക്കുകയും വേണം.

ഗ്രൂപ്പ് ഇയില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ജര്‍മ്മനി രണ്ടാം കളിയില്‍ സ്പെയിനിനോട് സമനില പാലിച്ചതോടെ ജീവശ്വാസം വീണുകിട്ടിയ നിലയിലാണ്. അവസാന കളിയില്‍ കോസ്റ്റാ റിക്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ജപ്പാന്‍ സ്പെയിനോട് തോല്‍ക്കുകയും ചെയ്താല്‍ ജര്‍മ്മനിക്ക് അവസാന 16ല്‍ ഇടംപിടിക്കാം. ജപ്പാന്‍-സ്പെയിന്‍ കളി സമനിലയിലാവുകയാണെങ്കില്‍ നിലവിലെ കണക്കുവച്ച് ജര്‍മ്മനി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലും മതി. ഗ്രൂപ്പില്‍ നാല് പോയിന്റുമായി സ്പെയിന്‍ ഒന്നാമതും മൂന്ന് പോയിന്റുമായി ജപ്പാനും കോസ്റ്റാ റിക്കയും രണ്ടും മൂന്നും സ്ഥാനത്തുമാണ്. ഒരു പോയിന്റുള്ള ജര്‍മ്മനി നാലാമതാണ്. ഗ്രൂപ്പ് എഫിലാണ് അപ്രതീക്ഷിതമായ മുന്നേറ്റം പ്രകടമായത്. ഇപ്പോള്‍ ക്രൊയേഷ്യയാണ് ഒന്നാമത്. മൊറോക്കോ രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാമതുമാണ്. മൂന്ന് ടീമുകളില്‍ ആരെല്ലാം പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്നറിയാന്‍ ഡിസംബര്‍ ഒന്നുവരെ കാത്തിരിക്കണം.

ആഫ്രിക്കന്‍ കരുത്തരായ മൊറാക്കോ ക്രൊയേഷ്യയെ സമനിലിയില്‍ തളയ്ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ അവര്‍ക്കനുകൂലമായി. മൊറാക്കയുടെ അടുത്ത മത്സരം ഇതിനകം പുറത്തായ കാനഡയുമായാണ്. ബെല്‍ജിയം ‑ക്രൊയേഷ്യ പോരാട്ടം ഗ്രൂപ്പിലെ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കും. ഗ്രൂപ്പ് എച്ചില്‍ ആദ്യമത്സരത്തില്‍ തോറ്റ കാമറൂണും സെര്‍ബിയയും തമ്മിലുള്ള മത്സരം സമനിലയിലായതോടെ അടുത്ത മത്സരം ഇരുടീമുകള്‍ക്കും മുന്നോട്ടു വയ്ക്കുന്നു. ഈ ഗ്രൂപ്പില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലാന്‍ഡും രണ്ടാം റൗണ്ടിന്റെ സാധ്യതാ പട്ടികയില്‍ മുന്നിലാണ്. എച്ച് ഗ്രൂപ്പില്‍ ദക്ഷിണകൊറിയയെ ഘാന വീഴ്ത്തിയതോടെ അവര്‍ക്കും രണ്ടാം റൗണ്ടിലേക്ക് കടക്കാനുളള പാത തുറന്നിട്ടുണ്ട്. ഉറുഗ്വേയുമായാണ് അടുത്തമത്സരം. ഒരുപോയിന്റുള്ള കൊറിയയ്ക്കകാട്ടെ അടുത്ത മത്സരം പോര്‍ച്ചുഗലുമായാണ്.

Eng­lish Summary:Team… let’s see what will hap­pen to you…
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.