26 July 2024, Friday
KSFE Galaxy Chits Banner 2

ഒരു ശതമാനം പോലും ഗോള്‍ സാധ്യതയില്ലാത്ത പാസ് വലയില്‍: ഇതുകൊണ്ടാണ് ഇയാള്‍ ഇക്കാലഘട്ടത്തിലെ മികച്ചവനാകുന്നത്

Janayugom Webdesk
November 27, 2022 12:45 pm

ഫിഫ ലോകകപ്പില്‍ അര്‍ജന്റീനൻ പടയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ഇന്ന് പുലര്‍ച്ചെ ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് നേരിട്ട പരാജയത്തില്‍ നിരാശരായ ആരാധകരെ ആവേശത്തില്‍ തിരികെയെത്തിക്കാനും അത് മതിയായിരുന്നു. 

64-ാം മിനിറ്റില്‍ ലിയോണല്‍ മെസിയും 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും വല കുലുക്കിയതോടെ അര്‍ന്റീന മെക്സിക്കോക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഗ്രൂപ്പ് സിയിലെ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു. ഇന്ന് ജയിക്കാനായില്ലെങ്കില്‍ അര്‍ജന്റീനയുടെ ഗ്രൂപ്പിലെ നില പരുങ്ങലിലാകുമായിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. അതേസമയം മെസിയുടെ നേടിയ ഗോള്‍ ഒരു സാധാരണ ഗോളാണെന്നും അതിന് ഇത്രയധികം പൊലിപ്പിക്കേണ്ടതില്ലെന്നുമുള്ള അഭിപ്രായം ഉയരുന്നുണ്ട്. 

ആദ്യ പകുതി ഗോള്‍ രഹിതമായതിനാല്‍ തന്നെ ആരാധകരും കാണികളും ഒരു പോലെ നിരാശരായിരുന്നു. ആദ്യ മുപ്പത് മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കീപ്പറെ പരീക്ഷിക്കാൻ പോലുമായില്ല. 64-ാം മിനിറ്റില്‍ വലതുവിംഗില്‍ നിന്നും ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്. ബോക്സിന് പുറത്തുനിന്നും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള വെടിച്ചില്ല് ഷോട്ട് നിലംപറ്റി മെക്സിക്കൻ വലയിലേക്ക്. ഗോളി ഗില്ലര്‍മോ ഒച്ചോവ ഒരു മുഴുനീള ഡൈവ് നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. 

ഈ ഗോളാണ് ഒച്ചോവയുടെ കഴിവുകേടാണെന്നും ഉരുണ്ടു വരുന്ന പന്ത് സുഖമായി പിടിക്കാമായിരുന്നെന്നും വിമര്‍ശനം ഉയരുന്നത്. എന്നാല്‍ ഗോളാകാൻ ഒരു ശതമാനം പോലും സാധ്യതയില്ലായിരുന്ന പന്തായിരുന്നു അത്. ബോക്സിന് പുറത്തായിട്ടും പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് തൊടുക്കാൻ ഒരൊറ്റ നിമിഷം കൊണ്ട് തീരുമാനിക്കുകയും അത് നടപ്പാക്കുകയും ചെയ്തിടത്താണ് ഇവിടെ മെസി മാജിക് തെളിഞ്ഞതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടാണ് അദ്ദേഹം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുന്നതെന്നും.

87-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. അതിലും മെസിയുടെ സ്പര്‍ശമുണ്ടായിരുന്നു. കോര്‍ണറില്‍ നിന്നും ലഭിച്ച പാസ് മെസിയാണ് എന്‍സോയ്ക്ക് കൈമാറിയത്. എന്‍സോ അത് ഉയര്‍ത്തിയടിച്ച് പോസ്റ്റിന് മുകളില്‍ ഇടതുമൂലയിലെത്തിച്ചു. ഒരു ഗോള്‍ നേടുകയും ഒറു ഗോളില്‍ അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസി കളിയിലെ കേമനുമായി.

Eng­lish: Mes­sei’s Goal Against Mex­i­co Was From Zero Pos­si­bil­i­ty Pass
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.