ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയവെ മരിച്ച വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറില്‍ കുറ്റകരമായ രേഖകള്‍ തിരുകിക്കയറ്റിയതായി കണ്ടെത്തല്‍. മസാച്യുസെറ്റ്സിലെ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആഴ്സണൽ കൺസൾട്ടിങ്ങിന്റേതാണ് കണ്ടെത്തൽ. കൃത്രിമമായി ചമച്ച ഇത്തരം ഇലക്ട്രോണിക് കത്തിടപാടുകളെ അടിസ്ഥാനമാക്കിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്റ്റാൻ സ്വാമിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ഇതോടെ വ്യക്തമായി. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട കത്തുകള്‍ എന്ന് ചൂണ്ടിക്കാണിക്കുന്നത് ഉള്‍പ്പെടെ 44 രേഖകള്‍ അജ്ഞാതരായ ഹാക്കര്‍മാര്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറിലേക്ക് തിരുകി കയറ്റുകയായിരുന്നു എന്ന് ആഴ്സണൽ കൺസൾട്ടിങ് പറയുന്നു.
2014 ഒക്ടോബര്‍ 19നാണ് ഹാക്കര്‍മാര്‍ സ്വാമിയുടെ കമ്പ്യൂട്ടര്‍ ആക്സസ് ചെയ്തത്. ഇതിനായി നെറ്റ്‌വയര്‍ എന്ന മാല്‍വേര്‍ ആണ് അവര്‍ ഉപയോഗിച്ചതെന്നും ആഴ്സണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വര്‍ഷ(2014–2019) മെടുത്താണ് ഈ രേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറില്‍ സ്ഥാപിച്ചത്. 2019ലാണ് ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടന്നത്. ബോസ്റ്റൺ മാരത്തൺ ബോംബ് സ്ഫോടനക്കേസ് ഉള്‍പ്പെടെയുള്ള ഉയർന്ന കേസുകൾ അന്വേഷിച്ചിട്ടുള്ള സ്ഥാപനമാണ് ആഴ്സണൽ കൺസൾട്ടിങ്.
2018 ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. 2020 ഒക്ടോബര്‍ എട്ടിനായിരുന്നു സ്വാമിയെ റാഞ്ചിയിലെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്.
അറസ്റ്റിലായവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് വീണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാൻ മാവോയിസ്റ്റുകളുമായി ഗൂഢാലോചന നടത്തിയതിനും സ്വാമിക്കും മറ്റുള്ളവര്‍ക്കുമെതിരെ എൻഐഎ കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് റെക്കോഡ് ചെയ്ത ഒരു വീഡിയോയിൽ, തന്റെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ മാവോയിസ്റ്റ് ബന്ധമുള്ള കത്തുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സ്റ്റാന്‍ സ്വാമി പറഞ്ഞിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വച്ചാണ് സ്റ്റാന്‍ സ്വാമി മരിച്ചത്.
കേസിലെ കൂട്ടുപ്രതികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവരുടെ കമ്പ്യൂട്ടറുകളില്‍ ഇത്തരത്തില്‍ കുറ്റകരമായ രേഖകള്‍ ഹാക്കര്‍മാര്‍ നിക്ഷേപിച്ചതായി ആഴ്സണൽ കൺസൾട്ടിങ് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
റോണ വിൽസണിന്റെ കമ്പ്യൂട്ടറിൽ 30ലധികവും സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കമ്പ്യൂട്ടറിൽ 14 രേഖകളും നിക്ഷേപിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.
English Summary:US forensics discovered 40 documents were inserted in Stan Swamy’s laptop
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.