പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമിതികൾ സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടും വിധം പ്രദർശിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ഈ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇക്കോ സെൻസിറ്റീവ് സോൺ ബഫർ സോൺ ഉൾപ്പെടുന്ന വാർഡ് അടിസ്ഥാനത്തിൽ പ്രചാരണം നടത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഹെൽപ് ഡെസ്ക്ക് ആരംഭിക്കും. വിട്ടു പോയ നിർമിതികളെ കുറിച്ച് വിവരം നൽകാനുള്ള സഹായം ഹെൽപ് ഡെസ്ക്കിൽ ലഭിക്കും. കൂടാതെ ജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ ഇക്കോ സെൻസിറ്റീവ് സോണിൽ ഏതെല്ലാം പ്രദേശങ്ങൾ ഉൾപ്പെടുന്നു എന്ന വിവരം ഹെൽപ് ഡെസ്ക്കിൽ നിന്ന് മനസിലാക്കാം.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ നിർമിതികൾ ഉണ്ടെങ്കിൽ അവയുടെ വിവരം നിർദ്ദിഷ്ട പ്രൊഫോർമയിൽ 23നകം eszexpertcommittee@gmail.com ലേക്ക് അറിയിക്കാം. ജോയിന്റ് സെക്രട്ടറി, വനംവന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് രണ്ട്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലും വിവരങ്ങൾ നൽകാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ഫീൽഡ്തല വാലിഡേഷൻ നടപടികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സ്വീകരിക്കും. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കുന്നതിനുള്ള വിലാസവും വിശദാംശങ്ങൾ കൈമാറേണ്ട പ്രൊഫോർമയും https://www.kerala.gov.in/sub detail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg= എന്ന ലിങ്കിൽ ലഭിക്കും.
കെഎസ്ആർഇസി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ പഞ്ചായത്ത്/ വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള സംക്ഷിപ്ത രൂപവും റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയിട്ടുള്ള വിവരങ്ങൾ ജനങ്ങൾക്ക് അറിയിക്കാനുള്ള പ്രൊഫോർമയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്വീകരിക്കും. കേരള സർക്കാർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ വെബ്സൈറ്റിൽ റിപ്പോർട്ടിന്റെ വിശദാംശം ലഭ്യമാണ്.
ദേശീയ ഉദ്യാനമോ വന്യജീവി സങ്കേതമോ ആയ ഓരോ സംരക്ഷിത വനത്തിനും അത്തരം സംരക്ഷിത വനങ്ങളുടെ അതിർത്തിയിൽ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരത്തിൽ ഒരു എക്കോ സെൻസിറ്റീവ് സോൺ (ESZ) ഉണ്ടായിരിക്കണമെന്നു സൂചന 1 പ്രകാരം സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓരോ സംസ്ഥാനത്തിലും /കേന്ദ്രഭരണ പ്രദേശത്തിലുമുള്ള പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, അതത് എക്കോ സെന്‍സിറ്റീവ് സോണിനുള്ളില്‍ നിലനിൽക്കുന്ന നിർമ്മാണങ്ങളുടയും മറ്റ് പ്രസക്തമായ വിശദാംശങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കി, സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ ആവശ്യത്തിനായി സാറ്റലൈറ്റ് ഇമേജിംഗിനോ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫിക്കോ വേണ്ടി ഏതെങ്കിലും സർക്കാർ ഏജൻസിയുടെ സഹായം സ്വീകരിക്കാവുന്നതാണ് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 115 വില്ലേജുകളിലെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള ബഫർ സോണുകളിലെ സ്ഥാപനങ്ങൾ വീടുകൾ മറ്റു നിർമ്മാണങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിക്കുവാൻ സൂചന 2,3 ഉത്തരവുകൾ പ്രകാരം ഒരു വിദഗ്ധ പരിശോധന സമിതി രൂപീകരിച്ചിട്ടുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
English Summary: Buffer Zone Subject: Suggestion that information should be displayed for public attention
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.