പുതിയ ഇന്ത്യയെ സൃഷ്ടിക്കുവാനുള്ള പോരാട്ടം ശക്തമാക്കുമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ പറഞ്ഞു. ആലപ്പുഴയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമർജിത്കൗർ.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ മാറ്റാതെ പുതിയ ഇന്ത്യയെ സൃഷ്ടിക്കുവാൻ കഴിയില്ല. ഇതിനായി തൊഴിലാളി സംഘടനകൾ ശക്തമായി മുന്നോട്ട് വരണം. തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുവാനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തെ തൊഴിലാളികൾ ഏറെ പ്രതിസന്ധി നേരിടുന്നു. തൊഴിലാളി സംഘടനകളുടെ ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ അവരുടെ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നു. തൊഴിലാളി വിരുദ്ധ, സ്ത്രീവിരുദ്ധ, ദേശവിരുദ്ധ ശക്തികളായ കേന്ദ്രസർക്കാരിനെ മാറ്റുവാനുള്ള ഉത്തരവാദിത്തം തൊഴിലാളി സംഘടനകൾ ഏറ്റെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കൊളോണിയൽ ഭരണം പിന്തുടരുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇത് നാശത്തിന് വഴിയൊരുക്കും. രാജ്യത്തിന്റെ സ്വത്തുക്കൾ കൊള്ളയടിക്കുന്ന ഭരണകൂടം കൊളോണിയൽ ശക്തികൾക്ക് വിടുപണി ചെയ്യുകയാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തി വിഭജിച്ചത് കൊളോണിയൽ ശക്തികളായിരുന്നു. അതേ നയമാണ് ഇന്നത്തെ ഭരണാധികാരികൾ പിന്തുടരുന്നത്. ലോകത്തെ തൊഴിലാളി സംഘടനകള്‍ ഐക്യത്തിന്റെ പാതയിലാണ്. ലോക യുവജന സംഘടന നൽകുന്ന സന്ദേശവുമിതാണ്.
ജനങ്ങളെ ചൂഷണം ചെയ്യുന്ന മുതലാളിത്തം സമ്പത്ത് കൂടുതൽ ഉണ്ടാക്കുമ്പോൾ സാധാരണ ജനങ്ങൾ ദുരിതത്തിലായി. കോവിഡ് കാലത്ത് ജനങ്ങളെ ചൂഷണം ചെയ്ത് കുത്തക മുതലാളിമാർ ലാഭം ഉണ്ടാക്കിയപ്പോൾ തൊഴിലാളികളെ ചേർത്ത് നിർത്തുന്ന രാജ്യങ്ങളാണ് സഹായവുമായി മുന്നോട്ട് വന്നത്. കോവിഡ് വ്യാപിച്ച രാജ്യങ്ങളിൽ ക്യൂബയിൽ നിന്നെത്തിയ ഡോക്ടർമാർ നൽകിയ സേവനം മാതൃകയാണെന്നും അമർജീത് കൗർ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോത്താരി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണം
ഗുരുദാസ് ദാസ് ഗുപ്ത നഗർ: കോത്താരി കമ്മിഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തണമെന്ന് എഐടിയുസി ദേശീയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോത്താരി കമ്മിഷൻ റിപ്പോർട്ട് പാർലമെന്റ് പാസാക്കിയെങ്കിലും നടപ്പിലായിട്ടില്ല. ഇന്ത്യയിൽ എല്ലായിടത്തും സ്കൂളുകൾ ഉണ്ടാവണം. ജിഡിപിയുടെ ആറു മുതൽ പത്ത് ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റിവയ്ക്കണം. സ്കൂളുകളിൽ സ്ഥിരം അധ്യാപകർ ഉണ്ടാവണമെന്നും ഉന്നത വിദ്യാഭ്യാസത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും കേന്ദ്ര സര്‍ക്കാര്‍ കൂടുതൽ പ്രാധാന്യം നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
English Summary: Fight for new India will intensify: Amarjeet Kaur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.