22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024
October 1, 2024
September 30, 2024

മോഡി ഭരണം അസ്തമിക്കണം; തൊഴിലാളി പ്രക്ഷോഭം ജനകീയ പോരാട്ടമാക്കി മാറ്റാന്‍ എഐടിയുസി ആഹ്വാനം

വത്സന്‍ രാമംകുളത്ത്
ഗുരുദാസ് ദാസ് ഗുപ്ത നഗര്‍
December 20, 2022 10:57 pm

ധീരരക്തസാക്ഷികളുടെ ഉജ്വലസ്മരണകളിരമ്പുന്ന പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ നിന്ന് തൊഴിലാളി ഐക്യത്തിനും പോരാട്ടത്തിനും ആഹ്വാനവുമായി എഐടിയുസിയുടെ ദേശീയ പ്രതിനിധി സമ്മേളനത്തിന് സമാപനമായി. ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരായി അമര്‍ജീത് കൗറിനെയും രമേന്ദ്ര കുമാറിനെയും വീണ്ടും തെരഞ്ഞെടുത്തുകൊണ്ടാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ചെത്തി നാല് ദിവസമായി സമ്മേളിച്ച പ്രതിനിധികള്‍ പിരിഞ്ഞത്. ഇന്ത്യന്‍ ജനത നേരിടുന്ന കടുത്ത പ്രതിസന്ധികളെയും തൊഴിലാളി വര്‍ഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും നേരിടുവാന്‍ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് സജ്ജരാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. നരേന്ദ്രമോഡി ഭരണകൂടവും ആര്‍എസ്എസും നടപ്പിലാക്കുന്ന വര്‍ഗീയ, ഫാസിസ്റ്റ് അജണ്ട രാജ്യത്തിന്റെ സര്‍വമേഖലയെയും തകര്‍ക്കുന്നതാണെന്ന് സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു. വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ അട്ടിമറിക്കുന്നതിന് കാരണമാകുന്നതാണ് മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ അജണ്ട. ഇവ രണ്ടും യോജിച്ചുതന്നെ നേരിടണം. തൊഴിലാളി പ്രസ്ഥാനങ്ങള്‍ മാത്രമല്ല, മുഴുവന്‍ ജനവിഭാഗങ്ങളും അതിനായി കൈകോര്‍ക്കണമെന്ന് അമര്‍ജീത് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത 1464 പ്രതിനിധികളും ഒറ്റക്കെട്ടായാണ് വരാനിരിക്കുന്ന പ്രക്ഷോഭത്തിനുള്ള തീരുമാനമെടുത്തത്. അവരില്‍ 68 ശതമാനം പേരും ഇന്ത്യയിലെ വിവിധ മേഖലകളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. മാനേജ്മെന്റുകളുടെ തെറ്റായ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സമരം നയിച്ചവരാണ് സമ്മേളനത്തില്‍ പങ്കെടുത്ത 13.4 ശതമാനം പേര്‍. 82 ശതമാനം പ്രതിനിധികളും തങ്ങളുടെ കുടുംബങ്ങളെയും സമരങ്ങളില്‍ പങ്കാളികളാക്കുമെന്ന് ക്രഡന്‍ഷ്യല്‍ ഫോറത്തിലൂടെ സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യയിലെ തൊഴിലാളി കുടുംബങ്ങളാകെ ഏറ്റെടുക്കുമെന്നാണ് എഐടിയുസി അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രതീക്ഷ. അത് ഇന്ത്യ കാണാനിരിക്കുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി മാറും.

സമ്മേളനം അംഗീകരിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ വിവിധ മേഖലകളെ ഉണര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ്. അസംഘടിത മേഖലയിലെ സാധാരണക്കാരായ തൊഴിലാളിവര്‍ഗത്തിന്റെ ജോലിസുരക്ഷയും ക്ഷേമവും ഉറപ്പാക്കപ്പെടുന്നതോടെ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് തന്നെ ഉണര്‍വുണ്ടാകും. തൊഴിലാളികളെയും തൊഴിലിനെയും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ മുതലാളിത്തത്തിനായി നിയമങ്ങള്‍ തിരുത്തുന്ന മോഡി ഭരണം 2024ലെ പൊതുതെരഞ്ഞെടുപ്പോടെ ഇല്ലായ്മ ചെയ്യപ്പെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

രമേന്ദ്ര കുമാര്‍ പ്രസിഡന്റ് അമര്‍ജീത് ജനറല്‍ സെക്രട്ടറി

എഐടിയുസി പ്രസിഡന്റായി രമേന്ദ്രകുമാറിനെയും ജനറല്‍ സെക്രട്ടറിയായി അമര്‍ജീത് കൗറിനെയും വര്‍ക്കിങ് പ്രസിഡന്റായി ബിനോയ് വിശ്വത്തെയും 42-ാം ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. കെ സുബ്ബരായന്‍, ഡി ആദിനരേന്‍, കെ പി രാജേന്ദ്രന്‍, മൊഹദ് യൂസഫ്, വിദ്വ സാഗര്‍ ഗിരി, എം എല്‍ യാദവ്, പഹല്‍ സിങ്, ബിജ്വാല്‍ ചൗധരി, ബന്ത് സിങ് ബ്രാര്‍, രമീൻ ദാസ്, ഗുല്‍സായ് ഗോറിയ, സീതാ സൊറേന്‍, ഡോ. നാരാ സിങ്, ഹരിദ്വാര്‍ സിങ്, ശേഷാദ്രി, സദറുദ്ദീന്‍ റാണെ, സി എച്ച് വെങ്കിടാചലം (വൈസ് പ്രസിഡന്റുമാര്‍). സുകുമാര്‍ ഡാംലെ, വാഹിദ നിസാം, ഉഷ സാഹ്നി, ബംബ്ലി റാവത്, ലീന ചാറ്റര്‍ജി, മോഹന്‍ ശര്‍മ്മ, ക്രിസ്റ്റഫര്‍ ഫോൻസെ, കുനാല്‍ റാവത്, ടി എം മൂര്‍ത്തി, ജി ഒബ്‌ലെസു, രാമകൃഷ്ണ പാണ്ഡെ, നിര്‍മ്മല്‍ സിങ് ദലിവാള്‍, സി ജെ ജോസഫ്, സി ശ്രീകുമാര്‍ (സെക്രട്ടറിമാര്‍).

Eng­lish Sum­ma­ry: AITUC’s Nation­al Con­fer­ence concluded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.