കർഷക സമരത്തിന്റെ മുന്നണി പോരാളിയും കർഷക തൊഴിലാളികളുടെ മുഖ്യ സംഘാടകനുമായിരുന്ന ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിംഗിന് ആലപ്പുഴ കണ്ണീരോടെ വിട നൽകി . ആലപ്പുഴ ബീച്ചിൽ നടന്ന എഐടിയുസി ദേശിയ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരികെ മുറിയിലേക്ക് മടങ്ങവേ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ റെയിൽവേ റെയിൽവേ ക്രോസിന് അടുത്ത് വെച്ച് ട്രെയിൻ തട്ടിയായിരുന്നു അപകടം .
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു . ഇന്ന് രാവിലെ മൃതദേഹം വിമാന മാർഗം പഞ്ചാബിലെ വസതിയിലെത്തിക്കും . സന്തോഖ് സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാനായി നേതാക്കൾ ഉൾപ്പടെ ഒട്ടേറെ പേരാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നത് . എഐടിയുസി ദേശിയ സമ്മേളനത്തിന്റെ കമ്മീഷൻ ചർച്ചകളിലുൾപ്പടെ സജീവമായി പങ്കെടുത്ത സന്തോഖ് സിംഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി .
സരസമായ പെരുമാറ്റവും ആരെയും ആകർഷിക്കുന്ന ഇടപെടലും അദ്ദേഹത്തെ പ്രതിനിധികൾക്കിടയിൽ ഇഷ്ട്ട സഖാവാക്കി . ദേശിയ സമ്മേളനത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത് . എഐടിയുസി ദേശിയ വർക്കിംഗ് കമ്മറ്റി അംഗം അമർജിത്ത് സിംഗ് മൃതദേഹം ഏറ്റുവാങ്ങി . എഐടിയുസി ദേശിയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ , സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ബികെഎംയു സംസ്ഥന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , നേതാക്കളായ പി വി സത്യനേശൻ, വി മോഹൻദാസ്, ആർ പ്രസാദ്, ഡി പി മധു, ആർ അനിൽ കുമാർ, ആർ സുരേഷ്, ഇ കെ ജയൻ, വി സി മധു, പി കെ ബൈജൂ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി . സന്തോഖ് സിംഗിന്റെ നിര്യാണത്തിൽ ബി കെ എം യു സംസ്ഥന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ അനുശോചിച്ചു . കർഷക തൊഴിലാളികളുടെയും കർഷകരുടെയും അവകാശ സമര പോരാട്ടങ്ങളിൽ എന്നും മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ നിര്യാണം തൊഴിലാളി വർഗത്തിന് കനത്ത നഷ്ട്ടമാണെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.