19 December 2024, Thursday
KSFE Galaxy Chits Banner 2

‘കാപ്പ’ ലിസ്റ്റിൽ ഇടം പിടിക്കുമ്പോൾ

എ ഐ ശംഭുനാഥ്
January 1, 2023 3:00 am

നാട്ടിലെ അധിപനായി വാഴുന്ന അധോലോകനായകൻമാരുടെ കഥകൾ സിനിമാലോകത്തിന് ഒരു പുതുമയല്ല. ദി ഗോഡ്ഫാദർ എന്ന ചിത്രം ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റത്തിലൂടെയാണ് ചലച്ചിത്രലോകത്ത് അത്തരം ഗ്യാങ്ങ്സ്റ്റർ സ്റ്റോറികൾക്ക് രൂപം കൊണ്ട് തുടങ്ങിയത്. ഈ ഗണത്തിൽപ്പെട്ട സിനിമകളുടെ പട്ടികയെടുത്താൽ വേറിട്ട ശൈലി ഉൾക്കൊണ്ടവ മാത്രമാണ് ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളത്. ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിയിട്ടുള്ള പല സിനിമാസൃഷ്ടികളുടെ കഥാപശ്ചാത്തലം അത് തന്നെയായിരുന്നു.
ജി ആർ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥ വായിച്ചിട്ടുള്ളവർക്ക് അതിൽ സിനിമയുടെ അംശം എത്രത്തോളമുണ്ടെന്ന് അറിയാം. ശംഖുമുഖി സിനിമയാകുമ്പോൾ അനന്തപുരിയുടെ അധോലോകസംഘത്തിന്റെ ചെയ്തികൾ ഇത്രയും ശക്തമായി പരാമർശിച്ച സാഹിത്യസൃഷ്ടി എങ്ങനെ സിനിമയാക്കപ്പെടും എന്നത് പ്രേക്ശകര്‍ ഉറ്റുനോക്കിയ പ്രധാനഘടകമാണ്.

ഫെഫ്ക റൈറ്റേഴ്സ് യൂണിയും തിയേറ്റർ ഓഫ് ഡ്രീംസും സാരേഗാമയും ചേർന്ന് നിർമ്മിച്ച കാപ്പ എന്ന ചിത്രം ഡിസംബർ 22 ‑നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ടത്. ഒരു പക്കാ തിയേറ്റർ ഫോർമാറ്റിൽ തന്നെയാണ് സിനിമ ഒരുക്കിയിട്ടുള്ളതും. ക്രിസ്മസ് കാലത്ത് മലയാള സിനിമാ പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റായി മാറുകയാണ് കാപ്പ. രണ്ടേകാൽ മണിക്കൂർ നീണ്ട് നിൽക്കുന്ന പക്ക ഫാമിലി എന്റർടെയ്നർ കൂടിയാണ് സിനിമ. ഐ ടി ഉദ്യോഗസ്ഥനായ ആനന്ദ് ജോലിസംബന്ധമായി തിരുവനന്തപുരത്ത് എത്തുന്നു. വളരെ യാദൃച്ഛികമായാണ് തന്റെ ഭാര്യയായ ബിനു ത്രിവിക്രമന്റെ പേര് പോലീസിന്റെ കാപ്പ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ടെന്ന് ആനന്ദ് മനസ്സിലാക്കുന്നത്. നഗരത്തിലെ രണ്ട് പ്രധാന ഗുണ്ടാസംഘങ്ങളുടെ ചേരിതിരിഞ്ഞുള്ള പോരിനിടയിൽ പെട്ടതാണ് ആ പേര് എന്ന് ആനന്ദിന് വെളിവാകുന്നു. തന്റെ പത്നിയെ രക്ഷിക്കാൻ ഏത് അറ്റം വരെയും പോകാൻ തുനിഞ്ഞിറങ്ങുന്ന അയാൾ എത്തിപ്പെടുന്നത് എന്തിനും പോന്ന കൊട്ട മധു എന്ന സംഘത്തലവനു മുന്നിലാണ്.

കൊട്ട മധുവിനും മറ്റൊരു സൈലന്റ് ഗ്യാങ്ങിന്റേയും ഇടയിൽപ്പെട്ട് ഞെരിപിരി കൊള്ളുന്ന സംഘർഷങ്ങൾ ആനന്ദിനെ വേട്ടയാടുന്നു. ഇതിനിടയിൽ കൊട്ട മധു എങ്ങനെ ഇന്ന് കൈവരിച്ച ഈ ഇരിപ്പിടത്തിൽ എത്തിപ്പെട്ടു എന്നതിനുള്ള ഉത്തരം പ്രേക്ഷകനു ലഭിക്കുന്നു. പകപോക്കലിന്റെ പേരിൽ എന്തിനും ഇറങ്ങിതിരിക്കുന്ന രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിയാലുണ്ടാകുന്ന അജ്ഞാതശക്തിയുടെ അനന്തരഫലത്തിൽ എത്തിചേരാനുള്ള വഴിയാണ് ചിത്രത്തിന്റെ രണ്ടാംപകുതിയെ മുന്നോട്ട് നയിക്കുന്നത്. എന്റർടെയ്നർ സിനിമകളുടെ ഉസ്താദായ ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ വ്യത്യസ്തമായ ശൈലിയിലുള്ള ഒന്നായി കാപ്പയെ കണക്കാക്കാം. എന്റർടെയ്ൻമെന്റ് വാല്യൂ ഒട്ടും ചോർന്നു പോകാതെ എന്നാൽ മണ്ണിലുറച്ച കഥയുടെ പ്രാധാന്യം നഷ്ടപ്പെടാതെയാണ് സിനിമ നമുക്ക് മുന്നിൽ അദ്ദേഹം സമർപ്പിച്ചിട്ടുള്ളത്. ‘കടുവ’ വരെയുള്ള ഷാജി കൈലാസ് ചിത്രങ്ങൾക്ക് പൊതുവായ ഒരു മേക്കിങ്ങ് പാറ്റേൺ ഉണ്ടായിരുന്നെങ്കിൽ കാപ്പയിലൂടെ അത് പൊളിച്ചെഴുതുകയാണ്. ഉയർച്ച, അധഃപതനം, ഉയർത്തെഴുന്നേൽപ്പ് എന്നീ ആദിമധ്യാന്ത രേഖകളുടെ ചൂടുപിടിച്ചുള്ള സ്ഥിരം ചേരുവകൾക്കപ്പുറം ഷാജിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ മാറുന്നതിന്റെ മുന്നോടിയായി കാപ്പയെ കണകാക്കാം.

ജി ആർ ഇന്ദുഗോപന്റെ തിരക്കഥ പൂർണ്ണമായും പ്രേക്ഷകരുടെ ആകാംഷാതാളങ്ങളെ മുൾമുനയിൽ നിർത്തുന്നുണ്ട്. തിരുവനന്തപുരം സ്ലാങ്ങിൽ ചിട്ടപ്പെടുത്തിയ സംഭാഷണങ്ങൾ എടുത്ത് പറയേണ്ടതാണ്. തിരക്കഥയുടെ ചില നിർണായകഘട്ടങ്ങളിൽ എഴുത്തുകാരൻ വളരെ സാധാരമമായി കഥയെ പുരോഗമിപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. അത് തികച്ചും പരീക്ഷണാർത്ഥമാണ്. കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ച രീതിയിൽ ഒരു പുതുമ കാണാം. അവയുടെ വേരിലേക്ക് ചൂഴ്ന്ന് ഇറങ്ങി സ്വഭാവസവിശേഷതകൾ പറയാതെ പലയിടങ്ങളിലും വളരെ മൈൽഡായി കൊണ്ടുപോകുന്നു. അനാവശ്യമായ ന്യായീകരണങ്ങളൊന്നും കഥാപാത്രങ്ങളുടെ പ്രവൃത്തികൾക്ക് കൊടുക്കുന്നില്ല എന്നുള്ളതും പ്രശംസനീയമാണ്.

ശംഖുമുഖി എന്ന അതിത്രീവ സ്വഭാവമുള്ള കഥ തന്നെയാണ് സിനിമയെക്കാളും മുന്നിൽ. ജി ആർ ഇന്ദുഗോപൻ വായനക്കാർക്ക് നൽകിയ ഭാവനയുടെ കാണാപുറങ്ങൾ പുതിയ മാനദണ്ഡങ്ങൾ കൽപ്പിക്കാൻ ഇടയാകുന്നുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ടുന്ന എല്ലാ ഘടകങ്ങളും സിനിമയിൽ ഉണ്ട്. സാഹിത്യവും സിനിമയും താരതമ്യം ചെയ്ത് നിരൂപണ രൂപേണ ചർച്ചയ്ക്ക് വഴിയൊരുക്കുന്നവർ സാഹിത്യസൃഷ്ടിയെ ഒരുപടി മുന്നിൽ കാണുമെന്നത് തീർച്ച. ജോമോൻ ടി ജോൺ ആണ് കാപ്പയുടെ ഛായാഗ്രാഹകൻ. പൂർണമായും ആർട്ടിസ്റ്റിക് അപ്രോച്ചിൽ നിന്നല്ലാതെ ജോമോന്റെ ക്യാമറാക്കണ്ണുകൾ കമേർഷ്യൽ എന്റർടെയ്നറിനു വേണ്ടി ചലിക്കുന്നത് ഇവിടെ കാണാൻ സാധിക്കും. അഭ്രപാളികൾ പൂർണ്ണമായും ഇത്തരമൊരു സിനിമയ്ക്ക് ഇണങ്ങും വിധമുള്ളതാണ്. പ്രേക്ഷകനെ അധികം വിരസതയ്ക്ക് വിട്ടുകൊടുക്കാതെ ജോമോൻ തന്റെ ദൗത്യം നിറവേറ്റിയിട്ടുണ്ട്. കഥയുടെ ഇരുണ്ട പശ്ചാത്തലത്തിന് തീർത്തും യോജിക്കും വിധമുള്ള കളർ ഗ്രേഡിങ്ങും ക്യാമറാ ചലനങ്ങളും തന്നെയാണ് സന്നിവിശേഷിപ്പിച്ചിട്ടുള്ളത്.

പൃഥ്വിരാജിന്റെ കൊട്ട മധു ആയുള്ള വേഷപ്പകർച്ചയാണ് ശംഖുമുഖി വായിച്ച ഒരാളെ സംബന്ധിച്ച് കാപ്പയിലേക്ക് കൗതുകപൂർവ്വം നോക്കാൻ പ്രേരണ നൽകുന്നത്. സാഹിത്യവും സിനിമയും തമ്മിലുള്ള അന്തരം പോലെ പൃഥ്വിയുടെ പ്രകടനം ശംഖുമുഖിയിൽ വായിച്ച കൊട്ട മധുവിൽ നിന്നും വ്യത്യസ്തമായി തോന്നിയേക്കാം. എങ്കിലും തിരക്കഥയിലെ പെർഫോമൻസ് സ്പെയ്സ് നല്ലതുപോലെ പൃഥ്വി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജബ്ബാർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയാണ് ജഗദീഷ്. വളരെ മനോഹരമായാണ് ജഗദീഷ് ഈ വേഷത്തിൽ ഭാവപ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. ജബ്ബാറിന്റെ മാനറിസങ്ങൾ അതിന്റെ പൂർണതയിൽ അദ്ദേഹം ഫലിപ്പിച്ചിട്ടുണ്ട്. ദീലീഷ് പോത്തന്റെ ലത്തീഫ് എന്ന കഥാപാത്രമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം. ആസിഫ് അലിയുടെ ആനന്ദ് എന്ന കഥാപാത്രത്തിന് പ്രത്യേകിച്ച് വലിയ പ്രകടനത്തിനുള്ള സാഹചര്യം ഇല്ലാത്തതിനാലാകാം ഹൈലൈറ്റിൽ ഉള്ളതായി അനുഭവപ്പെടുന്നില്ല. അപർണ ബാലമുരളിയും അന്നാ ബെന്നിനും തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടും പ്രകടനംകൊണ്ട് അവർ പുതുമകൾ സമ്മാനിക്കുന്നില്ല.

കാപ്പയുടെ എഡിറ്റിംങ്ങ് നിർവ്വഹിച്ചിട്ടുള്ളത് ഷമീർ മുഹമ്മദാണ്. കഥപരിസരത്തിലേക്ക് കടന്നുകയറുന്നത് വളരെ പെട്ടെന്നാണ്. അന്യാവശ്യമായ ഇഴച്ചിലില്ലാത ചിത്രസംയോജനം നടത്തിയിട്ടുണ്ട്. ജേക്ക്സ് ബിജോയിയും ഡോൺ വിൻസെന്റും ചേർന്നൊരുക്കിയ സംഗീതം കാപ്പയുടെ സന്ദർഭങ്ങളെ താളസമ്പന്നമാക്കുന്നു. കഥയുടെ പുരോഗതിക്ക് അനുസരിച്ച് പശ്ചാത്തലസംഗീതത്തിന്റെ വേഗത മാറിമറിയുന്നത് ആവേശകരമായി പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു. സംഘട്ടനരംഗങ്ങളിൽ അതിന്റെ പഞ്ച് നിലനിർത്തിക്കൊണ്ടാണ് ബിജിഎം പരുവപ്പെടുത്തിയിട്ടുള്ളത്. മഹാഭാരതത്തിൽ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ യുദ്ധങ്ങൾക്ക് അവസാനമില്ല. അത് എന്നെന്നും തീരാക്കഥകളായി മാറും. മനുഷ്യരാശിയുടെ തീരാത്ത ആ പരമ്പരയുടെ സമകാലീകമായ ആശയമാണ് കാപ്പ എന്ന സിനിമ കാണികൾക്ക് മുന്നിൽ വയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.