ശേഷം

Web Desk
Posted on March 04, 2018, 8:25 am

കുഞ്ഞുമോള്‍ ബെന്നി

വിശപ്പ് തേര്‍ തെളിച്ച വിശുദ്ധ യുദ്ധങ്ങളെക്കുറിച്ച്
നിങ്ങള്‍ കേട്ടിട്ടുണ്ടോ..?

അമ്മിഞ്ഞ ഞെട്ടില്‍ നിന്നിളം ചുണ്ടുകള്‍
പിഴുതെറിയുന്ന പോര്‍വിളി നിങ്ങളറിഞ്ഞിട്ടുണ്ടോ…?

ഇരുട്ടില്‍ നാണയക്കിലുക്കത്തിനുപകരം
ഇണയുടെ ചൂട് കൈമാറുന്ന
നിഴല്‍ നാടകം കണ്ടിട്ടുണ്ടോ…?

മാടനും മറുതയുംപോലുമിറങ്ങാനറയ്ക്കുന്ന
രാവുകളില്‍
ഉത്തരംകിട്ടാതെ വിശപ്പ്
തെരുവില്‍ തലകീഴായ് തൂങ്ങിക്കിടക്കുന്നു.

എന്റെ സ്വപ്നത്തില്‍ ജ്ഞാനാഗ്നിയാല്‍
വലഞ്ഞൊരുവന്‍ ബോധിവൃക്ഷത്തണലില്‍
മോക്ഷവഴി തിരയുന്നു…

സഹനത്തിന്‍ നെറുകയിലാണ്
കുരിശില്‍ കിടന്നവന് വിശന്നതും
എനിക്ക് ദാഹിക്കുന്നുവെന്ന് മൊഴിഞ്ഞതും.

നെറികേടുകളിങ്ങനെയിങ്ങനെ പെരുകുമ്പോള്‍
സംഹാരാഗ്നി നാവാല്‍ സര്‍വ്വം
നക്കിത്തുടയ്ക്കാനായൊരു ദൂതന്‍
ഇറങ്ങിവരുന്ന ദര്‍ശനം പാര്‍ത്തിരിക്കുന്നു ഞാന്‍

മഹാപ്രളയത്തിനിനൊടുവിലെവിടെയെങ്കിലും
നീതിശംഖൂതാന്‍ ഒരുവന്‍
ശേഷിക്കുമോ…?