പെറുവിൽ വലിയ പ്രതിഷേധം അരങ്ങേറുകയാണ്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തെരുവുകൾ കയ്യടക്കിയിരിക്കുന്ന പ്രതിഷേധക്കാരെ നേരിടുന്നതിന് എല്ലാവിധ മർദനോപാധികളും ജനവിരുദ്ധമായി പ്രസിഡന്റ് പദത്തിലെത്തിയ ദിന ബൊലുവാർതെയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. തികച്ചും ജനാധിപത്യ വിരുദ്ധമായ മാർഗത്തിലൂടെയാണ് ഇടതുപക്ഷക്കാരനായ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ നിഷ്കാസനം ചെയ്തത്. പെറുവിയൻ കോൺഗ്രസിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം സമ്പന്ന വിഭാഗത്തിന്റെ പിന്തുണയോടെ നടത്തിയ നീക്കങ്ങളിലൂടെയാണ് കാസ്റ്റിലോയെ പുറത്താക്കുന്നതും വൈസ് പ്രസിഡന്റായിരുന്ന ദിന ബൊലുവാർതെ ഡിസംബർ ആദ്യം പ്രസിഡന്റാകുന്നതും. ഇംപീച്ച്മെന്റ് നടപടി ഒഴിവാക്കുന്നതിന് കാസ്റ്റിലോ, പെറുവിയൻ കോൺഗ്രസ് പിരിച്ചുവിട്ടു. ഇതേത്തുടർന്ന് അദ്ദേഹത്തെ വിവിധ കുറ്റങ്ങള്‍ ചുമത്തി ജയിലിൽ അടച്ചു. അറ്റോർണി ജനറലിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഈ നടപടി. 2021ലെ തെരഞ്ഞെടുപ്പ് വേളയിൽ കാസ്റ്റിലോ പ്രസിഡന്റ് പദവിയിൽ എത്താതിരിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. ഏപ്രിലിലും ജൂണിലുമായി നടന്ന രണ്ടു ഘട്ട തെരഞ്ഞെടുപ്പുകൾ പിന്നിട്ട് വോട്ടെണ്ണൽ വൈകിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. നിയമ പ്രശ്നങ്ങളും വോട്ടവകാശം വിനിയോഗിച്ചവരെ കുറിച്ചുള്ള സംശയങ്ങളും ഉന്നയിച്ചായിരുന്നു ഇത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി ആറാഴ്ച കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്. ദീർഘകാലം രാജ്യം അടക്കിഭരിച്ചിരുന്ന ഫുജിമോറി കുടുംബത്തിലെ കൈയ്കോ ഫുജിമോറി ആയിരുന്നു കാസ്റ്റിലോയുടെ എതിരാളി. അരലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് ഫുജിമോറിയെ കാസ്റ്റിലോ തോല്പിച്ചത്.
ഇപ്പോൾ ബ്രസീലിൽ ലുല ഡ സിൽവയുടെ വിജയം ഉണ്ടായപ്പോഴും നേരത്തെ യുഎസിൽ ജോ ബൈഡന്റെ വിജയം ഉണ്ടായപ്പോഴും പ്രസിഡന്റുമാരായിരുന്ന ബൊൾസൊനാരോയും ഡൊണാൾഡ് ട്രംപും ചെയ്തതുപോലെ കാസ്റ്റിലോയുടെ വിജയം അംഗീകരിക്കാൻ കൈയ്കോയും ആദ്യം തയ്യാറായില്ല. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം തീരുമാനം നീതിപൂർവമല്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറികൾ നടത്തിയതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിന് വലിയ പിൻബലം കിട്ടുന്നില്ലെന്നു വന്നപ്പോൾ പ്രതിപക്ഷവും ഇടതുപക്ഷക്കാരനായ കാസ്റ്റിലോയുടെ ഭരണത്തിൽ വിറളി പൂണ്ട അതിസമ്പന്ന വിഭാഗവും ഒളിഞ്ഞാണെങ്കിലും ലഭ്യമായ യുഎസ് പിന്തുണയോടെ പ്രസിഡന്റ് പദത്തിൽ നിന്ന് പുറന്തള്ളാനുള്ള നീക്കങ്ങൾ നടത്തിവരികയായിരുന്നു. അതിന്റെ ഒടുവിലാണ് ഡിസംബറിൽ ഇംപീച്ച്മെന്റ് നടപടിയും അറസ്റ്റും ജയിൽവാസവുമൊക്കെയുണ്ടായത്. പുറത്താക്കപ്പെടുന്നതിന് മുമ്പുതന്നെ കാസ്റ്റിലോ രാജ്യത്തെ കോൺഗ്രസ് പിരിച്ചുവിട്ടിരുന്നു. 2024ൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് കോൺഗ്രസ് പിരിച്ചുവിട്ടത്. എന്നാൽ കാസ്റ്റിലോയെ പുറത്താക്കി പ്രസിഡന്റ് പദത്തിലെത്തിയ ദിന തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചില്ല. ഈ സാഹചര്യത്തിലാണ് തെറ്റായ മാർഗത്തിലൂടെ അധികാരത്തിലെത്തിയ ദിന രാജിവയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്ത് ശക്തമായത്. അധികാരമേറ്റതുമുതൽ നീതിന്യായ സംവിധാനം, സൈന്യം, മാധ്യമങ്ങൾ, നിയമനിർമ്മാണ അധികാര സ്ഥാപനമായ കോൺഗ്രസിൽ നിയന്ത്രണം തുടരുന്ന സമ്പന്ന പ്രഭുവിഭാഗം എന്നിവ ചേർന്ന് കാസ്റ്റിലോയ്ക്കെതിരായ അട്ടിമറി നീക്കങ്ങളും കലാപശ്രമങ്ങളും നടത്തിവരികയായിരുന്നു.
സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരുടെ പ്രതിനിധിയും ഇടതുപക്ഷക്കാരനും തൊഴിലാളി നേതാവുമായ ഒരാൾ രാജ്യത്തിന്റെ പ്രസിഡന്റായി തുടരുന്നത് അവർക്ക് സഹിക്കാവുന്നതായിരുന്നില്ല. വംശീയ, യാഥാസ്ഥിതിക മേധാവികളും നവഉദാരവല്‍ക്കരണ സാമ്രാജ്യത്വനയ വക്താക്കളും അദ്ദേഹത്തിനെതിരെ നിരന്തരം പ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. പെറുവിയൻ ജനത ദശകങ്ങളായി അനുഭവിച്ചുവരുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് കാസ്റ്റിലോ കൈ ക്കൊള്ളാൻ ശ്രമിച്ച ഇടതുപക്ഷ നയങ്ങളും അവരെ ചൊടിപ്പിച്ചു. കയറ്റുമതി വഴി ലഭിക്കുന്ന അധിക വരുമാനത്തിന് അധിക നികുതി ചുമത്താനുള്ള നീക്കം വൻകിടക്കാരെ ചൊടിപ്പിച്ചു. രാജ്യത്തെ ഉല്പന്നങ്ങളുടെ ഗുണമേന്മയാണ് അധിക വരുമാനത്തിന് കാരണമെന്നും അത് കമ്പനികളുടെ മികവല്ലെന്നുമായിരുന്നു കാസ്റ്റിലോയുടെ നിലപാട്. വനിതാ, ദുർബലജന മന്ത്രാലയത്തിന്റെ ചുമതല വനിതയും എൽജിബിടി അനുകൂലിയുമായ അനഹി ഡുരാന്റിനെ ഏല്പിച്ചത് പുരോഗമനപരമായിരുന്നെങ്കിലും യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിർപ്പ് ക്ഷണിച്ചുവരുത്തി. അധികാരമേറ്റയുടൻ വംശീയത, വർഗീയത, പുരുഷമേധാവിത്വം എന്നിവയൊന്നും അംഗീകരിക്കില്ലെന്ന പ്രഖ്യാപനവും കാസ്റ്റിലോ നടത്തിയിരുന്നു. 2021 സെപ്റ്റംബറിൽ രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങൾക്ക് ഭക്ഷണം നല്കുന്ന പദ്ധതി പ്രഖ്യാപിക്കുകയും അതിനായി 990 ലക്ഷം സോൾ (240 ലക്ഷം അമേരിക്കൻ ഡോളറിന് തുല്യമായ പെറുവിയൻ കറൻസി) അനുവദിക്കുകയും ചെയ്തു. രാജ്യത്ത് സമ്പത്തുണ്ടായിട്ടും അത് സന്തുലിതമായല്ല വിതരണം ചെയ്യപ്പെടുന്നതെന്നും പ്രസ്തുത അവസ്ഥ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നുമായിരുന്നു പദ്ധതി പ്രഖ്യാപിച്ച് കാസ്റ്റിലോ പറഞ്ഞത്.
കാർഷിക പരിഷ്കരണ നടപടികളും ആരംഭിച്ചു. കാർഷികോല്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാവസായികവല്‍ക്കരണവും അതിന്റെ ഭാഗമായിരുന്നു. നേരത്തെ ആവിഷ്കരിച്ചിരുന്ന പദ്ധതികളിലെന്നതുപോലെ മധ്യവർഗത്തിന്റെയും ഉദ്യോഗസ്ഥമേധവികളുടെയും തട്ടിയെടുക്കലിനുള്ള പദ്ധതിയല്ല ഇതെന്നും രാജ്യത്തെ സാധാരണ കർഷകർക്ക് അനുഭവവേദ്യമാക്കുന്നതിനുള്ളതാണ് എന്നുമായിരുന്നു കാസ്റ്റിലോയുടെ വിശദീകരണം. വിപണിയടിസ്ഥാനത്തിലുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളിലുണ്ടായിരുന്നു. കുറഞ്ഞവേതനം 930ൽ നിന്ന് 1000 സോളാക്കി ഉയർത്തി. 1995ൽ വാങ്ങിയ പ്രസിഡന്റിനായുള്ള വിമാനം വില്‍ക്കുക, സിവിൽസർവീസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ക്ലാസിലുള്ള യാത്ര വിലക്കുക തുടങ്ങിയ ചെലവു ചുരുക്കൽ നടപടികളും ആരംഭിച്ചു. ഖനന മേഖലയിൽ നികുതി വർധന നടപ്പിലാക്കി. സാമ്പത്തിക രംഗത്ത് ആവിഷ്കരിച്ച അച്ചടക്ക നടപടികളുടെയും വരുമാനവർധനയുടെയും ഫലമായി 2021ൽ മൂന്നാംപാദത്തിലെ മൊത്ത ആഭ്യന്തരോല്പാദനത്തോത് 11.4 ശതമാനമായി. അക്കാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി പെറുവിനെ ബ്ലൂം ബർഗുൾപ്പെടെ വിലയിരുത്തുകയും ചെയ്തു. ഇതെല്ലാം രാജ്യത്തെ അതിസമ്പന്ന വിഭാഗത്തെയും മുൻകാല സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെയും യാഥാസ്ഥിതിക സംഘടനകളെയും വല്ലാതെ അലോസരപ്പെടുത്തുന്ന നടപടികളായിരുന്നു. ഈ രീതിയിൽ മുന്നോട്ടുപോയാൽ 2026ൽ നടക്കേണ്ട പെറുവിയൻ കോൺഗ്രസ് തെരഞ്ഞെടുപ്പിലും തങ്ങളുടെ അടിത്തറ നഷ്ടമാകുമെന്ന് ഭയന്നാണ് കാസ്റ്റിലോയ്ക്കെതിരായ ഇംപീച്ച്മെന്റ് അട്ടിമറി നീക്കങ്ങൾക്ക് വേഗതയേറിയത്. ഡിസംബറിൽ തികച്ചും തെറ്റായമാർഗത്തിലൂടെ അതവർ നേടുകയും ചെയ്തു. അതിന് കാസ്റ്റിലോയ്ക്കൊപ്പമായിരുന്ന ദിന ബൊലുവാർതെയെ സ്വന്തം പക്ഷത്തേക്ക് ആകർഷിക്കുവാനും അവർക്ക് സാധിച്ചു. ബ്രസീലിൽ ലുലയെ അധികാരത്തിൽ നിന്ന് പുറത്താക്കിയപ്പോഴെന്നതുപോലെ കാസ്റ്റിലോയും വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നുറപ്പാണ്. അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നും ജനങ്ങളുടെ വികാരത്തിന് വിരുദ്ധമായി അധികാരമേറിയ ദിന രാജിവയ്ക്കണമെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് അടിയന്തരമായി നടത്തണമെന്നുമാണ് ജനകീയ പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. അവിടെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ വെടിവച്ചും സൈന്യത്തെ ഉപയോഗിച്ചും അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ കടുത്തതാണ്. അമ്പതോളം പേർ ഇതിനകം കൊല്ലപ്പെട്ടു. അടിയന്തരാവസ്ഥയും നിലവിലുണ്ട്. ഡിസംബര്‍ 14ന് ഒരുമാസത്തേക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രതിഷേധം നിലയ്ക്കാത്തതിനാല്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. എങ്കിലും പെറുവിലെ തെരുവുകളിൽ കനക്കുന്ന പ്രതിഷേധങ്ങൾ ബ്രസീലിലും മറ്റുപല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമെന്നതുപോലെ ജനകീയശക്തി വിജയിക്കുമെന്നതിന്റെ സൂചനകൾ തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.