15 January 2026, Thursday

സര്‍വം തകര്‍ത്തു: മരണം 2300 കടന്നു

Janayugom Webdesk
ഇസ്താംബൂള്‍
February 6, 2023 11:08 pm

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തുര്‍ക്കിയിലും സിറിയയിലും അനുഭവപ്പെട്ട ഭൂചലന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 2300 കടന്നു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ബഹുനില കെട്ടിടങ്ങളുള്‍പ്പെടെ നിലംപൊത്തി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരും. തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളിലായി 1498 പേര്‍ കൊല്ലപ്പെട്ടു. 7600 പേര്‍ക്ക് പരിക്കേറ്റു. 2818 കെട്ടിടങ്ങള്‍ നിലംപരിശായി. സിറിയയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 430 പേര്‍ കൊല്ലപ്പെട്ടു. 1280 പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ മേഖലയില്‍ 380 പേര്‍ മരിച്ചതായി വൈറ്റ്ഹെല്‍മറ്റ്സ് എന്ന രക്ഷാപ്രവര്‍ത്തന സേന അറിയിച്ചു.

സൈപ്രസ്, സിറിയ, ലെബനന്‍, ഗ്രീസ്, ജോര്‍ദാന്‍, ഇറാഖ്, റൊമാനിയ, ജോര്‍ജിയ, ഈജിപ്ത്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലും ഭൂചലനമനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 ഓടെ തെക്ക് കിഴക്കന്‍ തുര്‍ക്കിയിലാണ് ആദ്യചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കല്‍ സര്‍‍വേയുടെ കണക്ക് പ്രകാരം ഗാസിയാന്‍ടെപില്‍ 33 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ആദ്യ ഭൂചലനകേന്ദ്രം. 10 മിനിറ്റിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുണ്ടായി. 20 ലക്ഷം പേരാണ് ഗാസിയാന്‍ടെപ് നഗരത്തില്‍ താമസിക്കുന്നത്. ആളുകള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24ന് ആണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. തെക്ക് കിഴക്കന്‍ നഗരമായ എകിനോസുവാണ് പ്രഭവകേന്ദ്രം. 7.5 ആണ് തീവ്രത രേഖപ്പെടുത്തിയത്. 6.0 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം മധ്യ തുര്‍ക്കി മേഖലയിലാണ് അനുഭവപ്പെട്ടത്. അലെപ്പൊ, ലഡാക്കിയ, ഹമ, ടാര്‍ടസ് തുടങ്ങിയ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. യുദ്ധത്തിന് മുമ്പ് സിറിയയുടെ വാണിജ്യഹബ്ബായിരുന്ന അലപ്പൊയിലെ ബഹുനില കെട്ടിടങ്ങള്‍ പലതും തകര്‍ന്ന നിലയിലാണ്. യുദ്ധത്തില്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളാണ് തകര്‍ന്നുവീണവയില്‍ പലതും. ഇത് രക്ഷാപ്രവര്‍ത്തനം ശ്രമകരമാക്കിയതായും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജപ് തയീബ് എര്‍ദോഗന്‍ അറിയിച്ചു. ഇന്ത്യ, യുഎസ്, യുകെ, ഇസ്രയേല്‍, റഷ്യ, ചൈന, തുടങ്ങിയ വിവിധ ലോകരാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സഹായം

ന്യൂഡൽഹി: ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച തുർക്കിക്ക് സഹായവുമായി ഇന്ത്യ. ഭൂകമ്പബാധിത പ്രദേശത്തേക്ക് ദേശീയ ദുരന്ത നിവാരണ സേന, മെഡിക്കൽ സംഘം, ദുരിതാശ്വാസ സാമഗ്രികൾ എന്നിവ അടിയന്തരമായി അയയ്ക്കാൻ സർക്കാർ നിർദേശം നൽകി. അടിയന്തര ദുരിതാശ്വാസ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ട് ടീമുകളാണ് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി തുര്‍ക്കിയിലേക്ക് തിരിച്ചത്. അവശ്യ മരുന്നുകളുമായി വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും തയ്യാറാണ്. തുർക്കി സർക്കാരും അങ്കാറയിലെ ഇന്ത്യൻ എംബസിയും ഇസ്താംബൂളിലെ കോൺസുലേറ്റ് ജനറൽ ഓഫിസും ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കും.

Eng­lish Sum­ma­ry: Turkey, Syr­ia Earth­quake updates
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.