23 December 2024, Monday
KSFE Galaxy Chits Banner 2

അമൃത്‌കാലവും ഇന്ത്യന്‍ ജനതയ്ക്ക് ദുരിതകാലം

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 15, 2023 4:45 am

സാമ്പത്തിക അവലോകന രേഖയില്‍ പ്രകടമാക്കിയിരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അന്ത്യംകുറിക്കാനും തീര്‍ത്തും ശുഭാപ്തിവിശ്വാസം പ്രതിഫലിപ്പിക്കുന്ന ഒരു ഭാവി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കെെവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കാനും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രകടമാക്കിയ പാടവം അപാരം തന്നെ. കൊറോണയുടെയും ഉക്രെയ്ന്‍ യുദ്ധത്തിന്റെയും കെടുതികളില്‍ നിന്നും കരകയറാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധ്യമായതായി അവകാശപ്പെടാനും‍ ധനമന്ത്രിക്ക് മടിയുണ്ടായില്ല. സമ്പദ്‌വ്യവസ്ഥയില്‍ വ്യാപകമാന്ദ്യവും പണപ്പെരുപ്പവും ഒരേസമയം നിലവിലുണ്ടെന്ന യാഥാര്‍ത്ഥ്യം സൂചിപ്പിക്കാനോ, വിലക്കയറ്റവും തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങള്‍ ദുഃസഹമാക്കിയതിനെപ്പറ്റി നിരീക്ഷിക്കാനോ, ഇതെല്ലാം സംബന്ധിച്ച സാമ്പത്തികാവലോകന രേഖയിലെ വിവരങ്ങള്‍ ധനമന്ത്രിയെ സ്വാധീനിച്ചില്ലെന്നത് അതിശയകരം തന്നെ.
ഒട്ടുംതന്നെ ആശാവഹമല്ലാത്ത സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ മനഃപൂര്‍വം തമസ്കരിക്കാനുള്ള തന്ത്രം മെനയുന്നതില്‍ നിര്‍മ്മലാ സീതാരമന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വരാനിരിക്കുന്ന 25 വര്‍ഷ കാലഘട്ടത്തെ ‘അമൃത്‌കാല്‍’ എന്ന് വിശേഷിപ്പിക്കുകയും ഈ അസുലഭാവസരമൊരുക്കുന്നതിന്റെ ആദ്യപടിയാണ് 2023–24ലേക്കുള്ള തന്റെ ബജറ്റെന്ന് ധനമന്ത്രി തുടക്കത്തില്‍ത്തന്നെ സൂചിപ്പിച്ചതും. 2014ല്‍ നരേന്ദ്രമോഡി അധികാരത്തിലെത്തിയതു മുതല്‍ നാളിതുവരെയായി സമ്പദ്‌വ്യവസ്ഥയ്ക്ക് കെെവരിക്കാനായ നേട്ടങ്ങള്‍ നിരത്താനും ധനമന്ത്രി മടിച്ചില്ല. ഇനിയുള്ള ലക്ഷ്യം സ്വതന്ത്ര ഇന്ത്യയെ 100-ാം വാര്‍ഷികാഘോഷത്തിലേക്ക് നയിക്കുക എന്നതുമാണത്രെ.
ഇതിലേക്കായി ഏഴ് മുന്‍ഗണനാ വിഷയങ്ങളാണ്, സ്വാതന്ത്ര്യത്തിന്റെ അമൃത്‌കാല ബജറ്റിന് തുടക്കം കുറിക്കുന്ന തന്റെ രേഖയില്‍ അവര്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. വരാനിരിക്കുന്ന കാലത്ത് ഈ മുന്‍ഗണനാ വിഷയങ്ങളായിരിക്കും ‘സപ്തര്‍ഷികളെ‘പോലെ ഇന്ത്യയെ നയിക്കുക എന്നും പറയുന്നു. ഒന്ന്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം; രണ്ട്, ലക്ഷ്യം കെെവരിക്കല്‍; മൂന്ന്, അടിസ്ഥാന വികസനം, നിക്ഷേപം; നാല്, ശേഷിയുടെ വിനിയോഗം; അഞ്ച്, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കല്‍; ആറ്, യുവജനക്ഷേമം; ഏഴ്, സാമ്പത്തിക വളര്‍ച്ച നേടിയെടുക്കല്‍.


ഇതുകൂടി വായിക്കൂ: സാമ്പത്തിക സമീപനത്തില്‍ കേരളം വ്യത്യസ്തം


നരേന്ദ്രമോഡി പ്രധാനമന്ത്രിയായ 2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കെെവരിച്ച നേട്ടങ്ങളുടെ പിന്‍ബലം കൂടി ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. ഇന്ത്യ എന്ന രാജ്യം തന്നെ ജന്മമെടുത്തത് 2014ല്‍ ആണെന്ന ധാരണ സാധാരണക്കാരില്‍ ഉളവാക്കാനാണ് ധനമന്ത്രി പരിശ്രമിച്ചത്. ആളോഹരി വരുമാനം ഇരട്ടിയായി ഉയര്‍ന്ന് 1.97 ലക്ഷം രൂപയായി, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തെത്തി, ബജറ്റിലെ ധനക്കമ്മി 4.5 ശതമാനമാക്കി, തുറമുഖ, രാസവള, ധാന്യമേഖലകള്‍ക്ക് ഗതാഗത സൗകര്യം കൂട്ടാന്‍ 75,000 കോടി രൂപ നിക്ഷേപം, സ്വകാര്യ നിക്ഷേപ പ്രോത്സാഹനത്തിന് ഇന്‍ഫ്രാ ഫിനാന്‍സ് സെക്രട്ടേറിയറ്റ് നിലവില്‍ വന്നു, സ്റ്റാര്‍ട്ടപ്പ് ഗവേഷണത്തിന് ദേശീയ ഡാറ്റാ ഗവേണന്‍സ് നയം, വ്യവസായ നയപ്രോത്സാഹനം ലക്ഷ്യമാക്കി, ഡിജിറ്റല്‍ സംവിധാനം എന്ന നിലയില്‍ ‘പാന്‍’ പൊതുതിരിച്ചറിയല്‍ രേഖയാക്കി, സ്വാതന്ത്ര്യത്തില്‍ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 7.5 ശതമാനം പലിശനിരക്കോടെ മഹിളാനിക്ഷേപ പദ്ധതി ആരംഭിച്ചു എന്നിവയാണ് മന്ത്രി നിരത്തിയ നേട്ടങ്ങള്‍.
രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങള്‍— വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക‑സാമൂഹ്യ അസമത്വങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള കൊടിയചൂഷണം എന്നിവയില്‍ ബജറ്റ് അര്‍ത്ഥഗര്‍ഭമായ മൗനം അവലംബിക്കുകയാണ്. ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിന്റെ പ്രാധാന്യം മനഃപൂര്‍വം ഇടിക്കുന്ന നടപടികള്‍ മാറ്റില്ലെന്നതിന്റെ തെളിവും ബജറ്റിലുടനീളം ഉണ്ടെന്നത് കാണാം. ആദിവാസി വികസനത്തിന് 15,000 കോടി രൂപയുടെ പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ധനകാര്യ വര്‍ഷാന്ത്യത്തില്‍ ഇതിന് എന്താണ് സംഭവിക്കുക എന്നത് സംശയാസ്പദമാണ്. നവഭാരതസൃഷ്ടിയാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന ധാരണ ഉളവാക്കാനായി പരിസ്ഥിതി സംരക്ഷണാര്‍ത്ഥമുള്ള പി എം പ്രണാം പദ്ധതി, തണ്ണീര്‍ത്തട വികസനത്തിന് അമൃത് സരോവര്‍ പദ്ധതി, കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന് മിട്ടി പദ്ധതി തുടങ്ങിയ ഏതാനും പദ്ധതികളും ബജറ്റിലുണ്ട്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് 7.5 ശതമാനം പലിശനിരക്കില്‍ മഹിളാ നിക്ഷേപ പദ്ധതി, 157 പുതിയ നഴ്സിങ് കോളജുകള്‍, 5ജി അനുബന്ധ ആപ്പുകളുടെ വികസനത്തിന് 100 ആധുനിക ലബോറട്ടറികള്‍, 748 ഏകലവ്യ മോഡല്‍ സ്കൂളുകള്‍, 38,000 പുതിയ അധ്യാപകരുടെ നിയമനം, ഖര,-ദ്രവ മാലിന്യ നിര്‍മ്മാര്‍ജനത്തിന് മിഷന്‍ കര്‍മ്മയോഗി പദ്ധതി തുടങ്ങിയവയും ബജറ്റിലിടം നേടിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


അതിവേഗം സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഭാരതത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ ഒരു ‘സാങ്കേതിക‑പ്രചോദിത, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ’യാണ് നമുക്കിന്നാവശ്യം. പിഎം വികാസ് അഥവാ പ്രധാന്‍മന്ത്രി വിശ്വകര്‍മ്മ കൗശല്‍ സമ്മാന്‍ എന്ന പദ്ധതി വിശ്വകര്‍മ്മജര്‍ക്ക് അവരുടെ പരമ്പരാഗതമായ തൊഴിലുകളില്‍ പ്രത്യേക ഗുണമേന്മ സൃഷ്ടിക്കുക ലക്ഷ്യമാക്കിയുള്ള ഒരു പ്രത്യേക സഹായ പാക്കേജാണ്. എന്നാല്‍ അതിനാവശ്യമായ സാമ്പത്തിക ബാധ്യത, പ്രാവര്‍ത്തികമാ‌ക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ മുന്നൊരുക്കങ്ങളെപ്പറ്റി പദ്ധതി നിശബ്ദത പാലിക്കുന്നു. അത്തരത്തിലുള്ള മറ്റൊരു പദ്ധതിയാണ് ‘മിഷ്ടി’ (മാന്‍ഡ്രോവ് ഇനിഷിയേറ്റീവ് ഫോര്‍ ഷോര്‍ലെെന്‍ ഹാബിറ്ററ്റ്സ് ആന്റ് ട്രാന്‍ജിബില്‍ ഇന്‍കംസ്) എന്ന പേരിലുള്ള കണ്ടല്‍ക്കാട് സംരക്ഷണ പദ്ധതി. ഇതിന്റെ ധനപരമായ സ്രോതസുകള്‍ സംബന്ധിച്ചും വ്യക്തതയില്ല. എംഎന്‍ആര്‍ഇജിഎസിന്റെയും വനവല്ക്കരണത്തിന്റെയും ഫണ്ടുകള്‍ സംയോജിപ്പിക്കുന്നതിലൂടെ ആയിരിക്കും ഫണ്ട് കണ്ടെത്തുക എന്ന പരാമര്‍ശം ഫലത്തില്‍ ഈ പദ്ധതി നടത്തിപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നു.
യുപിഎ സര്‍ക്കാര്‍, ഇടത് കക്ഷികളുടെ പിന്തുണയോടെ നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ‘കുഴിയെടുക്കല്‍, കുഴിമൂടല്‍’ പദ്ധതിയായി വിശേഷിപ്പിച്ച് പുച്ഛിച്ചുതള്ളിയ പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാരാണ് പദ്ധതിവിഹിതം നീക്കിവയ്ക്കാന്‍ പരിപാടിയിടുന്നത്. തൊഴിലുറപ്പ് പദ്ധതിക്ക് മുന്‍ബജറ്റില്‍ നീക്കിവയ്ക്കപ്പെട്ടിരുന്ന തുക 89,400 കോടി, പുതിയ ബജറ്റില്‍ 60,000 കോടി രൂപയായി വെട്ടിക്കുറച്ചു. പാവപ്പെട്ട ഗ്രാമീണജനതയുടെ ജീവിതം ഒരു പരിധിവിട്ട് താണുപോകാതിരിക്കുന്നതിനെങ്കിലും സഹായകമായിരുന്ന ഈ തൊഴില്‍ദാന പദ്ധതി നഗരമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ഡിമാന്‍ഡ് നിലവിലുള്ളപ്പോഴാണ് ഗ്രാമീണമേഖലയിലെ പദ്ധതിയെത്തന്നെ മോഡി സര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ധനക്കമ്മി കുറയ്ക്കല്‍ ലക്ഷ്യമാക്കി സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ദ്രോഹനടപടി.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വികസന വൈരുധ്യങ്ങളുടെ ഉറവിടമോ?


ഗ്രാമീണ മേഖലയുടെ സമഗ്രവികസനത്തിന് 2.38 ലക്ഷം കോടി രൂപയാണ് ബജറ്റ് നീക്കിവച്ചിരിക്കുന്നത്. 5.2 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമാക്കിയപ്പോള്‍ കേവലം 0.1 ശതമാനം മാത്രം വര്‍ധന. ഭക്ഷ്യ സബ്സിഡി 1.97 ലക്ഷം കോടി എന്നത് 2022–23ലേതിനെക്കാള്‍ അഞ്ച് ശതമാനം കുറവാണ്. ധനകാര്യ ഏകീകരണത്തിന്റെ പേരിലുള്ള വ്യാഖ്യാനമായി ഈ ദ്രോഹ നടപടിയെ വേണമെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് ന്യായീകരിക്കാം. പക്ഷെ, കോവിഡ് ദുരന്തത്തെപ്പറ്റിയോ ഉക്രെയ്ന്‍ യുദ്ധക്കെടുതികളെപ്പറ്റിയോ എത്രനാള്‍ ഒളിച്ചുകളി നടത്താന്‍ കഴിയും. കുടിയേറ്റ തൊഴിലാളികളുടെ നെട്ടോട്ടത്തെയും തിരിച്ചോട്ടത്തെയും ഏതുവിധേന നീതീകരിക്കാന്‍സാധ്യമാകും?.
റവന്യു വരുമാനത്തിലുള്ള കുത്തനെയുള്ള ഇടിവാണ് സബ്സിഡി അടക്കമുള്ള സൗജന്യങ്ങളില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് വാദിക്കുമ്പോള്‍ പ്രതിവര്‍ഷം അഞ്ച് കോടി രൂപയിലേറെ വരുമാനമുള്ള കോര്‍പ്പറേറ്റുകളുടെ പരമാവധി നികുതി ബാധ്യത 35ല്‍ നിന്ന് 27 ശതമാനമാക്കി വെട്ടിച്ചുരുക്കിയതെന്നതിനും വിശദീകരണം നല്കേണ്ടതല്ലേ? ഇക്കാലമത്രയും വന്‍തോതില്‍ നികുതി സൗജന്യങ്ങളും ഇളവുകളും ആസ്വദിച്ചതിനുശേഷവും മൂലധന നിക്ഷേപ വര്‍ധനവിന് മുന്‍കയ്യെടുക്കാത്ത വന്‍കിട കോര്‍പ്പറേറ്റുകളെ തുടര്‍ന്നും പ്രീണിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറ്റമിത്രമായ ഗൗതം അഡാനിയുടെ തട്ടിപ്പുകളാണ് ഹിന്‍ഡെന്‍ബെര്‍ഡ് ഗവേഷണം പുറത്തുവിട്ടത്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടൊരു കാര്യം ധനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള മറ്റൊരു പ്രഖ്യാപനമാണ്. എത്രയൊക്കെ വിഭവ പരിമിതിയുണ്ടെങ്കിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ഘടനാ മൂലധന നിക്ഷേപ വര്‍ധനവിനാണ് എന്നത്. 2023–24ലെ ബജറ്റില്‍ മൂലധന നിക്ഷേപം 10 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകളുടെ ലഭ്യത 3.7 ലക്ഷം കോടി രൂപയുമാണ്. അതിലൂടെ അധിക മൂലധന ആസ്തികളുടെ സൃഷ്ടിയാണ് നടക്കുക.


ഇതുകൂടി വായിക്കൂ: കടം കയറി തകരുന്ന സമ്പദ്‌വ്യവസ്ഥകൾ


ആഗോളവികസിത സമ്പദ്‌വ്യവസ്ഥകളില്‍ മാന്ദ്യത്തിന്റെ സ്വാധീനം ശക്തമാകാനും വളര്‍ച്ചാനിലവാരം തകര്‍ച്ചയിലേക്കു നീങ്ങാനും സാധ്യതകള്‍ ഏറെയാണെന്നും സാമ്പത്തിക സര്‍വേ ആശങ്കപ്പെടുന്നുണ്ട്. ഒരുപക്ഷെ, ഇന്ത്യയുടെ ആഭ്യന്തര കമ്പോളത്തില്‍ മാന്ദ്യത്തിന്റെ ഘട്ടം വരെ സമ്പദ്‌വ്യവസ്ഥ ചെന്നെത്തുമെന്ന് ഉറപ്പാക്കുന്നില്ലെങ്കിലും സാമ്പത്തിക ഞെരുക്കം തള്ളിക്കളയാന്‍ കഴിയില്ല. മാന്ദ്യം ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ സമ്പ‌ദ്‌വ്യവസ്ഥയുടെ വളര്‍ച്ച ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചായിരിക്കും നടക്കുക. ബജറ്റിന്റെ പൊതുവായ ലക്ഷ്യം ഉള്‍ക്കൊള്ളുന്ന വികസനമാണെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ബജറ്റ് രേഖയിലെ നികുതി നിര്‍ദേശങ്ങളും കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നത് സമ്പന്നവര്‍ഗ അനുകൂല സമീപനമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ ദരിദ്രവിഭാഗത്തിനും പാര്‍ശ്വവല്ക്കരിക്കപ്പെട്ട ജനതയ്ക്കും തീര്‍ത്തും അവഗണനയാണ് ബജറ്റിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.