23 December 2024, Monday
KSFE Galaxy Chits Banner 2

സഭാധ്യക്ഷന്മാർ ഭരണകക്ഷി പ്രതിനിധിയാകരുത്

എസ് എന്‍ സാഹു
March 9, 2023 9:45 am

1938 ജൂലൈ 17ലെ ഹരിജൻ മാസികയിൽ ‘പ്രഭാഷകരും രാഷ്ട്രീയവും’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ മഹാത്മാ ഗാന്ധി ചില നിരീക്ഷണങ്ങൾ നടത്തി: “സ്പീക്കറുടെ സ്ഥാനത്തിന് പ്രധാനമന്ത്രിയെക്കാൾ വലിയ പ്രാധാന്യമുണ്ട്. കാരണം, അയാൾ കസേരയിലിരിക്കുമ്പോൾ ജഡ്ജിയുടെ ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്. നിഷ്പക്ഷവും നീതിയുക്തവുമായ വിധികളാണ് നല്കേണ്ടത്. സ്പീക്കർ അംഗങ്ങൾക്കിടയിൽ മര്യാദയും മാന്യതയും പാലിക്കേണ്ടതുണ്ട്. കൊടുങ്കാറ്റുകൾക്കിടയിലും ശാന്തനായിരിക്കണം”.
സ്പീക്കറുടെ സ്ഥാനം പ്രധാനമന്ത്രിയെക്കാൾ ഉയർന്നതാണെന്നും സ്പീക്കർ ഒരു ജഡ്ജിയെപ്പോലെ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നുമുള്ള ഗാന്ധിജിയുടെ പ്രസ്താവന 85 വർഷങ്ങൾക്ക് ശേഷം, പൂർണമായും തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു.
പാർലമെന്റിൽ സഭാധ്യക്ഷന്മാർ പുലർത്തുന്ന പക്ഷപാതപരമായ രീതി ദേശീയ മാധ്യമങ്ങളില്‍ എഡിറ്റോറിയലുകളാകുന്നു. ഇന്ത്യൻ എക്സ്പ്രസും ദി ഹിന്ദുവും ഫെബ്രുവരി 22ലെ അവരുടെ എഡിറ്റോറിയലുകളിൽ രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാക്കളോട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പുലർത്തിയ ശത്രുതാ സമീപനം ചൂണ്ടിക്കാട്ടുന്നു. ശതകോടീശ്വരനായ വ്യവസായി ഗൗതം അഡാനിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബന്ധത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ പരാമർശങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം കടുത്ത വിമർശനം നേരിട്ടു. “പ്രതിപക്ഷത്തിനെതിരെ പക്ഷപാതപരമായ രാഷ്ട്രീയ ഗൂഢാലോചനയിൽ ഏർപ്പെടുന്നതിലൂടെ ജഗ്ദീപ് ധൻഖർ പാർലമെന്റിനെ തകർക്കുന്നു“വെന്ന് ഇന്ത്യൻ എക്സ്പ്രസ് എഴുതി. രാജ്യസഭയുടെ പ്രത്യേകാവകാശ സമിതിയെ ചുമതലപ്പെടുത്താനുള്ള ധൻഖറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിമർശനം. ഒമ്പത് കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് രാജ്യസഭയുടെ നടപടികൾ തടസപ്പെടുത്തി പ്രത്യേകാവകാശ ലംഘനം നടത്തിയെന്നാരോപിച്ചാണ് അന്വേഷണം.
പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ എം മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിലെ ചില ഖണ്ഡികകൾ സഭാരേഖയില്‍ നിന്ന് ധൻഖർ ഒഴിവാക്കിയതായും എഡിറ്റോറിയൽ വ്യക്തമാക്കുന്നു. ബഹുരാഷ്ട്ര കമ്പനിക്കെതിരെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് എൽഎൽസി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി(ജെപിസി) രൂപീകരിക്കുന്നതിനും ഒമ്പത് കോൺഗ്രസ് എംപിമാരുടെ പെരുമാറ്റം അന്വേഷിക്കാൻ നിർദേശിച്ചതിനു പുറമെ ധന്‍ഖർ ഉത്തരവിട്ടു.


ഇതുകൂടി വായിക്കൂ:  ഗാന്ധിഘാതകർ ദേശദ്രോഹികൾ


“സർക്കാർ, ജനങ്ങളോട് ഉത്തരം പറയേണ്ട വേദിയാണ് പാർലമെന്റ്”- ഹിന്ദു എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു. 2019ലെ ശ്രീമന്ത് ബാലാസാഹേബ് പാട്ടീൽ വെഴ്സസ് കർണാടക സ്പീക്കർ കേസ് ശ്രദ്ധേയമാണ്. “സ്പീക്കർ, ഒരു നിഷ്പക്ഷ വ്യക്തിയായതിനാൽ, സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടപടികൾ നിയന്ത്രിക്കുമ്പോള്‍ അല്ലെങ്കിൽ ഏതെങ്കിലും ഹർജികളുടെ തീർപ്പ് നിർവഹിക്കുമ്പോൾ ഭരണഘടനാപരമായ ഉത്തരവാദിത്തം നിക്ഷിപ്തമാണ്. ചെയറിന്റെ രാഷ്ട്രീയ ബന്ധങ്ങൾ വിധിനിർണയത്തിൽ സ്വാധീനിക്കരുത്. സ്പീക്കർക്ക് തന്റെ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാതെ വരികയും നിഷ്പക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ വിരുദ്ധമായി പെരുമാറുകയും ചെയ്യുന്നുവെങ്കിൽ ആ വ്യക്തി പൊതുജനങ്ങളുടെ വിശ്വാസത്തിന് പുറത്താണ്”. “ഭരണഘടനാപരമായ കടമയ്ക്ക് വിരുദ്ധമായി സ്പീക്കര്‍ പ്രവർത്തിക്കുന്ന പ്രവണത വർധിച്ചുവരികയാണ് ” എന്നും അതേവിധിയിൽ,സുപ്രീം കോടതി കുറിച്ചു.
പാർലമെന്റിന്റെ ഇരുസഭകളിലും കമ്മിഷനുകളിലൂടെയും ഒഴിവാക്കലിലൂടെയും പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഭാ അധ്യക്ഷന്മാർ നേതൃത്വം നല്കുമ്പോൾ ജനാധിപത്യത്തെ ബാധിച്ചിരിക്കുന്ന ഗുരുതര രോഗാവസ്ഥയാണ് വെളിപ്പെടുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ അത്യന്തം അപകടകരമായ സൂചനകളാണ് ഇവയെല്ലാം.
രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ 2022ല്‍ പ്രസിദ്ധീകരിച്ച രേഖയില്‍ സഭാനേതാവ്, പ്രതിപക്ഷ നേതാവ്, വിപ്പ് എന്നിവരുടെ ചുമതലകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐവർ ജെന്നിങ്സിന്റെ പുസ്തകത്തില്‍(ക്യാബിനറ്റ് ഗവൺമെന്റ് ‑1969)നിന്നുള്ള ഉദ്ധരണി അതിലുള്ളത് ഇങ്ങനെയാണ്: “സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കുക പ്രതിപക്ഷത്തിന്റെ ചുമതലയാണ്. പ്രതിപക്ഷത്തിന്റെ കടമ എതിർക്കുക എന്നു തന്നെയാണ്. ആ കടമയാണ് അഴിമതിയുടെയും അപാകതയുടെയും പ്രധാന പരിശോധനാ തലം. വ്യക്തിഗത അനീതികൾ തടയുന്നതിനുള്ള മാർഗം കൂടിയാണിത്. സർക്കാരിന്റെ ചുമതലകൾക്കൊട്ടും താഴെയല്ല ഈ ഉത്തരവാദിത്തം. സഭ രഹസ്യപൊലീസും തടങ്കൽപ്പാളയങ്ങളുമല്ല, മറിച്ച് യുക്തിസഹമായ വാദത്തിന്റെ വേദിയാണ്”. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയും പ്രത്യേകാവകാശ ലംഘനം സംബന്ധിച്ച നിയമം ആവശ്യപ്പെടുകയും ചെയ്യുമ്പോൾ എവിടെയാണ് യുക്തിസഹമായ വാദത്തിന്റെ വേദി.


ഇതുകൂടി വായിക്കൂ: മോഡിഭരണത്തില്‍ പാര്‍ലമെന്റ് ദുര്‍ബലമാകുന്നു: ജനാധിപത്യം ചുരുങ്ങുന്നു


ധൻഖറിന്റെ സമീപകാല പ്രവർത്തനങ്ങളിൽ പ്രതിപക്ഷ എംപിമാരെ നിശബ്ദരാക്കാനും ഏറ്റവും മോശമായ രീതിയിൽ സെൻസർ ചെയ്യാനും ഉള്ള ആഗ്രഹം പ്രകടമാണ്. ചർച്ചകൾ സർക്കാരിനെതിരെന്ന് തോന്നുമ്പോൾ ഇടപെടൽ രൂക്ഷമാകും.
1925ൽ നിയമസഭാംഗവും രാഷ്ട്രീയ നേതാവുമായ വിത്തൽഭായ് പട്ടേൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രസിഡന്റായി (സ്പീക്കർ) തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം നിഷ്പക്ഷമായി തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഇത് പലപ്പോഴും ബ്യൂറോക്രസിയെയും ബ്രിട്ടീഷ് വൈസ്രോയിയെയും അലോസരപ്പെടുത്തി. “ഡൽഹിയിൽ പട്ടേൽ രാജ്” എന്നായിരുന്നു പറച്ചിൽ. അഭിമാനത്തിന്റെ കാര്യത്തിൽ സമാനമായ സ്ഥാനങ്ങൾ വഹിക്കുന്ന മറ്റേതൊരാൾക്കും മറികടക്കാത്ത വിധത്തിലുള്ള അറിവിലും പൂർണതയിലും അദ്ദേഹം തന്റെ ചുമതലകൾ നിർവഹിച്ചു. വരുംകാല ഇന്ത്യൻ പാർലമെന്റിന് വഴികാട്ടിയായി.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിലേറെയായി. ആ ചൈതന്യം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. രാജ്യസഭയുടെ ചെയർമാന്റെ ഓഫിസിന്റെ അന്തസും നിഷ്പക്ഷതയും സംരക്ഷിക്കണം. ലോക്‌സഭാ സ്പീക്കറും നിയമനിർമ്മാണ സഭകളോടുള്ള സർക്കാരിന്റെ ഉത്തരവാദിത്തം പൂർണമായും ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.