23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024
October 29, 2024
September 30, 2024
September 29, 2024
August 26, 2024
August 26, 2024

ശത്രു സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2023 10:37 pm

ശത്രു സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. പാകിസ്ഥാന്‍, ചൈനീസ് പൗരത്വമെടുത്ത ആളുകള്‍ ഉപേക്ഷിച്ച സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഒരു ലക്ഷം കോടി മൂല്യമുള്ള ശത്രു സ്വത്ത് എന്ന് വിളിക്കപ്പെടുന്ന 12,611 സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഇവ ശത്രു സ്വത്തവകാശ നിയമപ്രകാരം സൃഷ്ടിക്കപ്പെട്ട അതോറിറ്റിയായ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യ (സിഇപിഐ) യിൽ നിക്ഷിപ്തമാണ്. ശത്രു സ്വത്തുക്കൾ വിനിയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയതായും വിജ്ഞാപനത്തില്‍ പറയുന്നു. ഇതുപ്രകാരം സ്വത്തുക്കൾ വിൽക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെയോ ഡെപ്യൂട്ടി കമ്മിഷണറുടെയോ സഹായത്തോടെ ഇവ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. 

ഒരു കോടിയില്‍ താഴെ വിലവരുന്ന സ്വത്തുക്കളുടെ സംരക്ഷണം ആദ്യം താമസക്കാരന് വാങ്ങാൻ വാഗ്‌ദാനം ചെയ്യും, ഇത് നിരസിച്ചാല്‍ മാർഗനിർദേശങ്ങളിലെ നടപടിക്രമം അനുസരിച്ച് ഇവ വിനിയോഗിക്കും. ഒരു കോടി രൂപയും 100 കോടി രൂപയിൽ താഴെയും മൂല്യമുള്ള ശത്രു സ്വത്തുക്കൾ കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന തരത്തിലും ശത്രു സ്വത്ത് നിർമ്മാർജന സമിതി നിശ്ചയിക്കുന്ന നിരക്കിലും സിഇപിഐ ഇ‑ലേലത്തിലൂടെയോ മറ്റെന്തെങ്കിലുമോ വിനിയോഗിക്കും. ഇ‑ലേല പ്ലാറ്റ്ഫോമായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപറേഷൻ ലിമിറ്റഡ് ഇതിനായി ഉപയോഗപ്പെടുത്തും. 

സ്വര്‍ണം, ഓഹരികള്‍ തുടങ്ങിയ ജംഗമ സ്വത്തുക്കൾ നീക്കം ചെയ്തതിലൂടെ സർക്കാർ 3,400 കോടി രൂപ സമ്പാദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 12,611 സ്ഥാവര ശത്രു സ്വത്തുക്കളിൽ ഒന്നില്‍ പോലും സർക്കാർ ഇതുവരെ ധനസമ്പാദനം നടത്തിയിട്ടില്ല. ശത്രു സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും പണമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ഇതിനോടകം തന്നെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ സര്‍വേ ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിഫൻസ് എസ്റ്റേറ്റ്സിന്റെ (ഡിജിഡിഇ) ഇത്തരത്തിലുള്ള ആദ്യ ദേശീയ സർവേയാണിത്. സിഇപിഐ കണ്ടെത്തിയ ശത്രു സ്വത്തുക്കളുടെ നിലവിലെ അവസ്ഥയും മൂല്യവും ഇവര്‍ വിലയിരുത്തും.

ശത്രുക്കളുടെ സ്വത്തുക്കളുടെ ധനസമ്പാദനത്തിന് മേൽനോട്ടം വഹിക്കാൻ 2020ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സർക്കാർ മന്ത്രിമാരുടെ ഒരു സംഘം രൂപീകരിച്ചത്. 12,611 ശത്രു സ്വത്തുക്കളില്‍ 12,485 എണ്ണം പാകിസ്ഥാന്‍ പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ ശത്രു സ്വത്തുക്കള്‍ കണ്ടെത്തിയത് ഉത്തര്‍പ്രദേശിലാണ്, 6255. പശ്ചിമ ബംഗാള്‍ (4088), ഡല്‍ഹി (659), ഗോവ (295), മഹാരാഷ്ട്ര (208), തെലങ്കാന (158), ഗുജറാത്ത്(151), ത്രിപുര (105), ബിഹാര്‍( 94), മധ്യപ്രദേശ്(94), ഛത്തീസ്ഗഢ് (78), ഹരിയാന(71) എന്നിങ്ങനെയാണ് കണക്ക്. 71 എണ്ണമാണ് കേരളത്തിലുള്ളത്. ഉത്തരാഖണ്ഡ് (69), തമിഴ്‌നാട്(67), മേഘാലയ(57), അസം(29), കര്‍ണാടക(24), രാജസ്ഥാന്‍(22), ഝാര്‍ഖണ്ഡ്(10) ദാമന്‍ ആന്റ് ദിയു (നാല്), ആന്ധ്രാപ്രദേശ്, ആന്റമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍ ഒന്നുവീതം എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ ശത്രു സ്വത്തുക്കളുടെ കണക്ക്.

Eng­lish Summary;Actions were tak­en to con­fis­cate ene­my properties
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.