24 December 2024, Tuesday
KSFE Galaxy Chits Banner 2

വൈക്കം സത്യഗ്രഹവും മനസിലെ ഇണ്ടംതുരുത്തുകളും

രമേശ് ബാബു
മാറ്റൊലി
April 6, 2023 4:45 am

മലയാളികള്‍ സ്വന്തം പൈതൃകങ്ങളെക്കുറിച്ചും പ്രബുദ്ധതയെക്കുറിച്ചും എത്രയൊക്കെ ഊറ്റംകൊണ്ടാലും മേനിപറഞ്ഞാലും വൈക്കം സത്യഗ്രഹത്തിന്റെ കാരണമെന്തായിരുന്നുവെന്ന ഒറ്റ ചോദ്യത്തില്‍ വീണു ചിതറാനേയുള്ളൂ പ്രബുദ്ധതയുടെ ഈ കെട്ടുകാഴ്ചകളെല്ലാം. നമ്മുടെ പൂര്‍വികര്‍ അകത്തും പുറത്തും പുലര്‍ത്തിയിരുന്ന അയിത്തത്തിന്റെയും അടിമത്തത്തിന്റെയും കെട്ടുപാടുകളായിരുന്നല്ലോ സ്വാമി വിവേകാനന്ദനെകൊണ്ട് ഭ്രാന്തന്മാര്‍ എന്നു വിളിപ്പിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ദുര്‍മുഖങ്ങളിലൊന്നായിരുന്ന ഇണ്ടംതുരുത്തി മന ചരിത്രത്തിന്റെ നിര്‍വികാരമായ ഗതിയില്‍ കാവ്യനീതിപോലെ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനാഫീസായി പരിണമിച്ചെങ്കിലും, മനസിലെ ഇണ്ടംതുരുത്തികള്‍ കേരളത്തില്‍ കാലപ്പഴക്കമേല്‍ക്കാതെ നിലനില്‍ക്കുന്നുവെന്നാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിവേളയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയകള്‍ക്ക് ഊര്‍ജം പകര്‍ന്ന വൈക്കം സത്യഗ്രഹ സമരം അയിത്തത്തിനും തീണ്ടലിനുമെതിരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ സംഘടിത പ്രക്ഷോഭമായി മാറിയത് സമൂഹത്തിലെ ഉത്‌പതിഷ്ണുക്കളുടെ പങ്കാളിത്തംകൊണ്ടായിരുന്നു. കേരളത്തിന്റെ ആധുനിക സാമൂഹിക ചരിത്രത്തെ വൈക്കം സത്യഗ്രഹത്തിന് മുന്‍പും പിന്‍പും എന്ന കാലഗണനയിലാണ് നിര്‍വചിക്കപ്പെടുന്നതും.

മലയാള മണ്ണിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നിശബ്ദ വിപ്ലവം നയിച്ച ശ്രീനാരായണ ഗുരു ഉഴുതുമറിച്ചിട്ട മണ്ണിലാണ് ഗുരുവിന്റെ വത്സല ശിഷ്യന്മാരില്‍ ഒരാളായ ടി കെ മാധവന്‍ എന്ന സാമൂഹ്യ പരിഷ്കര്‍ത്താവും വിപ്ലവകാരിയും പത്രപ്രവര്‍ത്തകനുമൊക്കെയായ ബഹുമുഖ പ്രതിഭ വൈക്കം സത്യഗ്രഹ സമരത്തിന്റെ ആദ്യ വിത്തു പാകിയത്. 1921 സെപ്റ്റംബര്‍ മൂന്നിന് തിരുനെല്‍വേലിയില്‍ വച്ച് ടി കെ മാധവന്‍ മഹാത്മാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അയിത്താചാരങ്ങളെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തുമ്പോള്‍ വൈക്കം ക്ഷേത്ര പാതകള്‍ക്കരുകില്‍ സഞ്ചാരം തടയപ്പെട്ട ഗുരുവിന്റെ ചിത്രമായിരുന്നിരിക്കണം മനസിൽ ഉണ്ടായിരുന്നത്. 1923ല്‍ കാക്കിനഡയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ തൊട്ടുകൂടായ്മ സംബന്ധിച്ച് ടി കെ മാധവന്‍ അവതരിപ്പിച്ച അയിത്തോച്ചാടന പ്രമേയം അംഗീകരിക്കപ്പെട്ടു. അത് നടപ്പിലാക്കുന്നതിന് ഒരു സമിതിയേയും നിയോഗിച്ചു. 1924 ജനുവരിയോടെ ടി കെ മാധവനും കെ പി കേശവമേനോനും ചേര്‍ന്ന് വൈക്കത്ത് രൂപീകരിച്ച തൊട്ടുകൂടായ്മ വിരുദ്ധ സമിതി സംഘടിപ്പിച്ച പൊതുയോഗം വൈക്കം ക്ഷേത്രത്തിലേക്കുള്ള പാത അവര്‍ണര്‍ക്കും തുറന്നുകൊടുക്കുന്നതുവരെ ഒരുകൂട്ടം സത്യഗ്രഹികള്‍ സമരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ നീതിനിഷേധത്തിനെതിരെ മര്‍ദിത വര്‍ഗം ഉണരുകയായിരുന്നു.


ഇതുകൂടി വായിക്കൂ: വെെക്കം ഒരു ചരിത്രമാണ്


ക്ഷേത്രപാതയില്‍ അവര്‍ണര്‍ക്ക് വഴിനടക്കാന്‍ അയിത്തം കല്പിച്ചതിനെതിരെ ഹിന്ദു പത്രത്തില്‍ ടി കെ മാധവന്‍ എഴുതിയ ലേഖനം വൈക്കത്തെ ജനമുന്നേറ്റങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധയും നേടിക്കൊടുത്തു. ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസുകളും മഹാത്മാഗാന്ധിയുടെ പിന്തുണയും പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍, വിനോബാ ഭാവേ, സ്വാമി ശ്രദ്ധാനന്ദ എന്നിവരുടെ പങ്കാളിത്തവും അനുഭാവവും ഒരുപോലെ നേടാനായി എന്നതാണ് വൈക്കം സത്യഗ്രഹ സമരത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 1924 മാര്‍ച്ച് 30 ന് സത്യഗ്രഹം തുടങ്ങിയപ്പോള്‍ ശ്രീനാരായണഗുരു വൈക്കത്തെ വെല്ലൂര്‍ മഠം സത്യഗ്രഹ ക്യാമ്പിനായി വിട്ടുകൊടുക്കുകയും ആയിരം രൂപ സംഭാവന നല്‍കുകയും ചെയ്തു. സത്യഗ്രഹ ഫണ്ടിലേക്കായി ഒരു ഭണ്ഡാരം ശിവഗിരിയില്‍ ഏര്‍പ്പെടുത്തിയ ഗുരു, ശിഷ്യരായ സ്വാമി സത്യവ്രതനെയും കോട്ടുകോയിക്കല്‍ വേലായുധനെയും വൈക്കത്ത് പ്രവര്‍ത്തിക്കാന്‍ പറഞ്ഞയച്ചു. 1924 സെപ്റ്റംബര്‍ 27ന് സത്യഗ്രഹാശ്രമം സന്ദര്‍ശിച്ച ഗുരു അടുത്ത ദിവസം നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു നല്കിയ സന്ദേശം സത്യഗ്രഹികള്‍ക്ക് കരുത്തും ആവേശവുമായി മാറുകയായിരുന്നു. ”മറ്റുള്ളവരുടെ സ്പര്‍ശനം തങ്ങള്‍ക്ക് അശുദ്ധി വരുത്തുമെന്ന് കരുതുന്നവരെ അവരുടെ ‘ശുദ്ധി‘യില്‍ തുടരാന്‍ അനുവദിക്കരുത്. പക്ഷേ, അക്രമവും ശക്തിപ്രകടനവും അരുത്. ബലപ്രയോഗത്തില്‍ പ്രകോപിതരാകരുത്”.

ഗുരു മൊഴികള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയ ആയിരങ്ങളോട് ഗുരു പറഞ്ഞു. തമിഴകത്തിന്റെ സ്വന്തം തന്തൈ പെരിയാറായ ഇ വി രാമസ്വാമി നായ്കര്‍, ഭാര്യ നാഗമ്മയോടൊപ്പം എത്തി സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും അറസ്റ്റുവരിക്കുകയും ചെയ്തത് വൈക്കം സമരചരിത്രത്തിലെ അവിസ്മരണീയമായൊരു ഏടാണ്. സത്യഗ്രഹം വലിയതോതില്‍ ലോക ശ്രദ്ധ ആകര്‍ഷിച്ച വേളയിലാണ് അമേരിക്കന്‍ പത്രപ്രതിനിധി റവറന്റ് ചാള്‍സ് ബിഫില്‍ വൈക്കം സന്ദര്‍ശിക്കുന്നത്. ഹൈന്ദവേതരരായ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, ഭജേമാതരം മാത്തുണ്ണി, യങ് ഇന്ത്യയുടെ പ്രവർത്തകനായിരുന്ന അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ സത്യഗ്രഹ സമരത്തിന് മുന്നിട്ടിറങ്ങിയത് അവര്‍ക്കുള്ളിലെ മനുഷ്യസ്നേഹം കൊണ്ടുമാത്രമായിരുന്നു. സത്യഗ്രഹികള്‍ക്ക് സൗജന്യ ഭോജനശാലയൊരുക്കാന്‍ പഞ്ചാബില്‍ നിന്നെത്തിയ അകാലി സംഘം പോലും കേരളീയര്‍ക്കിടയിലെ യാഥാസ്ഥിതികരെക്കാള്‍ എത്രയോ ഔന്നത്യമാര്‍ന്നവരാണ് തങ്ങള്‍ എന്ന് തെളിയിക്കുകയായിരുന്നു. അവര്‍ണരുമായുള്ള ഐക്യം പ്രകടിപ്പിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും വേണമെന്നുമുള്ള ഗാന്ധിജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് നായര്‍ സമുദായ നേതാവായ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ അഞ്ഞൂറു പേരടങ്ങിയ സവര്‍ണ പദയാത്ര 1924 നവംബര്‍ ഒന്നിന് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. പദയാത്രികര്‍ ശിവഗിരിയില്‍ ചെന്ന് നാരായണഗുരുവിന്റെ അനുഗ്രഹവും വാങ്ങി.


ഇതുകൂടി വായിക്കൂ:  ജ്വലിക്കുന്ന വിപ്ലവ താരകങ്ങള്‍


ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ പദയാത്രികര്‍ അയ്യായിരത്തിലേറെയായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെയും മറ്റു ക്ഷേത്രങ്ങളുടെയും ചുറ്റുമുള്ള വഴികള്‍, ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പരിഷ്കര്‍ത്താവായ ചങ്ങനാശേരി പരമേശ്വരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം റീജന്റ് മഹാറാണി സേതുലക്ഷ്മി ഭായിയെ കണ്ട് 25,000 സവര്‍ണര്‍ ഒപ്പിട്ട ഒരു മെമ്മോറാണ്ടവും സമര്‍പ്പിച്ചു. ഇതിനിടയില്‍ യാഥാസ്ഥിതികരുടെ നേതാവും വൈക്കം ക്ഷേത്രത്തിന്റെ ഊരായ്മക്കാരനുമായ ഇണ്ടംതുരുത്തി ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരി സത്യഗ്രഹികളെ മര്‍ദിക്കാന്‍ വാടകഗുണ്ടകളെ അയക്കുകയും ഗുണ്ടകൾ അവരെ കഴുത്തറ്റം വെള്ളത്തില്‍ തള്ളിയിടുകയും കണ്ണില്‍ ചുണ്ണാമ്പ് തേയ്ക്കുകയുമൊക്കെ ചെയ്തു. പൊലീസ് വെറും നോക്കുകുത്തികള്‍ മാത്രമായി നിന്നതേയുള്ളു. പെരുമ്പളം ആമചാടി തുരുത്തില്‍ നിന്നെത്തിയ പുലയ സമുദായക്കാരനായ തേവന്റെയും മൂവാറ്റുപുഴക്കാരന്‍ രാമന്‍ ഇളയതിന്റെയും കണ്ണില്‍ പച്ച ചുണ്ണാമ്പെഴുതി അവരെ അന്ധരാക്കി (പിന്നീട് ശിവഗിരിയിൽ ഗുരുവിനെ കാണാനെത്തിയ തേവനെ ഗുരു ചികിത്സിച്ച് ഭേദപ്പെടുത്തി). തിരുവല്ല ചിറ്റേടത്ത് ശങ്കുപിള്ളയെ മര്‍ദിച്ചുകൊന്നു (വൈക്കം സത്യഗ്രഹത്തിലെ ആദ്യ രക്തസാക്ഷി). സവര്‍ണ ജാതിക്കോമരങ്ങള്‍ ഈ വിധം ക്രൂരതകള്‍ തുടരുന്നതിനിടയിലാണ് 1925 മാര്‍ച്ച് 10ന് ഗാന്ധിജി ടി കെ മാധവന്റെ ക്ഷണമനുസരിച്ച് സത്യഗ്രഹ പന്തലില്‍ എത്തുന്നത്. സവര്‍ണ നേതൃത്വവുമായി ഒരു ഒത്തുതീര്‍പ്പിന് സാധ്യത തേടിയ ഗാന്ധിജി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരിയെ കാണാന്‍ താല്പര്യം കാട്ടിയപ്പോള്‍ അങ്ങോട്ടുചെന്ന് കാണാനായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല, ജാതിയില്‍ കുറഞ്ഞ ഗാന്ധിജിയെ ഇണ്ടംതുരുത്തി മനയ്ക്കുള്ളില്‍ പ്രവേശിപ്പിക്കാതെ പുറത്തിരുത്തിയായിരുന്നു സംസാരിച്ചതുപോലും. അവര്‍ണരായി മനുഷ്യര്‍ പിറക്കുന്നത് അവരുടെ മുന്‍ജന്മ പാപഫലം മൂലമാണെന്നും അതിനാല്‍ അവരെ സവര്‍ണരുടെ വീഥികളില്‍ പ്രവേശിപ്പിക്കുന്നത് സ്മൃതികളുടെ ലംഘനമാണെന്നുമാണ് നമ്പൂതിരി വാദിച്ചത്.

വൈക്കം സത്യഗ്രഹം നടക്കുന്നത് ഒരു പ്രളയ കാലത്താണ്. അതായത് 99ലെ വെള്ളപ്പൊക്ക കാലത്ത്. പ്രളയം പ്രകൃതിയെ ശുദ്ധീകരിക്കുന്ന പ്രക്രിയ തുടരുമ്പോള്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വീര്യം ഉയര്‍ത്തെഴുന്നേറ്റ് മറ്റൊരു പേമാരിയായി കേരളത്തില്‍ പെയ്തിറങ്ങുകയായിരുന്നു. 1924 മാര്‍ച്ച് 30ന് തുടങ്ങി 603 ദിവസം പിന്നിട്ട് 1925 നവംബറില്‍ വൈക്കം പ്രക്ഷോഭം അവസാനിപ്പിക്കുമ്പോള്‍ സത്യഗ്രഹികള്‍ അവരുടെ ഉദ്ദേശ്യലക്ഷ്യം ഭാഗികമായി മാത്രമേ കൈവരിച്ചുള്ളൂവെങ്കിലും പുരോഗമനത്തിന്റെയും സംഘാടനത്തിന്റെയും സഹനപാതകള്‍ വെട്ടിത്തുറക്കുകയായിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ വൈക്കം വലിയ കവലയിലെ മന്നം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലെത്തിയ ശിവഗിരി മഠത്തിലെ സന്യാസി സംഘത്തെ മേല്‍നോട്ടക്കാര്‍ അനുവദിച്ചില്ലത്രേ! മനസിലെ യാഥാസ്ഥിതികത്വത്തിന്റെ ഇണ്ടംതുരുത്തി മനകള്‍ ഇടിഞ്ഞുവീഴാന്‍ ഒരു നൂറ്റാണ്ടാെന്നും പോര കേരളത്തിന്!  ”ഈഴവന്റെ പട്ടിക്കും പുലയന്റെ പൂച്ചക്കും ഭക്ഷണകാര്യത്തില്‍ അത്രയൊന്നും ശുദ്ധിവൃത്തിക്കാരനല്ലാത്ത കാക്കയ്ക്കും യഥേഷ്ടം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ക്ഷേത്രസന്നിധിയില്‍ മനുഷ്യന് അശുദ്ധി കല്പിക്കുന്ന രീതിശാസ്ത്രം ശരിയല്ല”. – മന്നത്തു പദ്മനാഭന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.