ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച നടപടിയില്‍ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. പ്രതികളെ വിട്ടയച്ച നടപടികളിലെ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കോടതി സ്വയം തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി. കോടതിയുടെ ഇടപെടലിനെ കുറിച്ച് നിയമരംഗത്തെ വിദഗ്ധര്‍ സംസാരിക്കുന്നു.
ഡോ. സെബാസ്റ്റ്യന്‍ പോള്‍
രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നാണ് ബില്‍ക്കീസ് ബാനു കേസ്. അതിക്രൂരമായ ബലാത്സംഗം, കൂട്ടക്കൊലപാതകം എല്ലാം നടന്നു. അതിന്റെയെല്ലാം ഒരു പ്രതീകമായിട്ടാണ് ബില്‍ക്കീസ് ബാനുവിനെ കാണുന്നതും വിഷയം സമൂഹം ചര്‍ച്ച ചെയ്യുന്നതും. അതേ വികാരം തന്നെയാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും വാദത്തിനിടെ പ്രകടിപ്പിച്ചത്. അന്ന് ശിക്ഷിക്കപ്പെട്ട പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചത് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണെന്ന് വാദത്തിനു വേണ്ടി പറയാമെങ്കിലും അതിനു പിന്നില്‍ തികഞ്ഞ രാഷ്ട്രീയമാണുണ്ടായിരുന്നത്. അത്തരം നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ചെയ്തികളെ അംഗീകരിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ സൗജന്യമായാണ് ഈ ശിക്ഷാ ഇളവിനെ കാണേണ്ടത്.
അതിനു പിന്നിലെ രാഷ്ട്രീയം മനസിലാക്കിയിട്ടാവണം സുപ്രീം കോടതി പറഞ്ഞത്, ശിക്ഷാ ഇളവിന്റെ ഫയല്‍ ഹാജരാക്കൂ എന്ന്. പക്ഷേ വളരെ ധാര്‍ഷ്ട്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും കോടതിയോട് പ്രതികരിച്ചത്. ഫയല്‍ ഹാജരാക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു ഇരുസര്‍ക്കാരുകളും. ഈ സാഹചര്യത്തിലാണ് ഫയല്‍ ഇല്ലാതെ തന്നെ കേസില്‍ തീര്‍പ്പു കല്പിക്കാനറിയാം എന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നത്. ഇത്തരത്തില്‍ കൊടും ക്രിമിനലുകള്‍ ഭരണകൂടത്തിന്റെ ആനുകൂല്യം പറ്റി ജയില്‍ മോചിതരായി നാട്ടില്‍ വിലസുന്നത് ഭരണഘടനയോടും ജനാധിപത്യത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകും എന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.
രാജ്യത്ത് മലയാളികളടക്കം എത്രയോ തടവുകാര്‍ ശിക്ഷാകാലാവധി കഴിഞ്ഞ ശേഷവും സാങ്കേതിക തടസങ്ങളുടെ പേരില്‍ ജയിലില്‍ തന്നെ കഴിയുന്നുണ്ട്. അവരുടെ മോചനത്തിന് ഒരു നടപടിയും ഇല്ലെന്നിരിക്കെയാണ് കൊടും കുറ്റവാളികളായ 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ രാഷ്ട്രീയ പരിഗണനയില്‍ തുറന്നുവിട്ടത്. എന്തുകാരണത്താലായിരുന്നു അവരുടെ ജയില്‍ മോചനം എന്നതിന് ഒരു കാരണവും ബോധിപ്പിക്കാന്‍ ഇതേവരെ കേന്ദ്രസര്‍ക്കാരിനോ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. ഈ നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
അഡ്വ. കെ എന്‍ അനില്‍കുമാര്‍
(ചെയര്‍മാന്‍, കേരള ബാര്‍ കൗണ്‍സില്‍)
ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ അസ്വസ്ഥതയുളവാക്കിയ സംഭവമായിരുന്നു ബില്‍ക്കീസ് ബാനു കേസ്. സാക്ഷികളുടെ കൂറുമാറ്റം ഉള്‍പ്പെടെ സങ്കീര്‍ണമായ ഒട്ടേറെ സംഭവ വികാസങ്ങള്‍ക്കു ശേഷമാണ് കോടതി 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചത്. എന്നാല്‍ ഗുജറാത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ പ്രതികള്‍ക്കെല്ലാം ശിക്ഷാ ഇളവ് ലഭിക്കുകയും ജയില്‍ മോചിതരാവുകയും ചെയ്തു. രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. പ്രതികളെല്ലാം 15 വര്‍ഷം തടവ് പൂര്‍ത്തിയാക്കി എന്ന ന്യായമാണ് നിരത്തുന്നതെങ്കിലും അതില്‍ അഞ്ച് വര്‍ഷത്തോളം അവരെല്ലാം പരോളിലായിരുന്നുവെന്നത് തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ്.
നിരപരാധിയും നിസഹായയുമായ ഒരു സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും അവരുടെ കുടുംബാംഗങ്ങളെ കൂട്ടക്കുരുതിക്ക് വിധേയരാക്കുകയും ചെയ്തവരാണ് പ്രതികള്‍. ഒരു കാരണവശാലും ദയയോ, കാരുണ്യമോ അര്‍ഹിക്കുന്നവരല്ല അവരാരും. കൊലപാതകവും കൂട്ടക്കൊലയും രണ്ടായി കാണേണ്ടതുണ്ട് എന്ന് സുപ്രീം കോടതി യില്‍ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞതില്‍ നിന്ന് എല്ലാം വ്യക്തമാണ്. നീതിന്യായ വ്യവസ്ഥയുടെ വ്യാഖ്യാനം ആ രീതിയില്‍ പോയാല്‍ ഏതു കൊടുംകുറ്റവാളിക്കും അല്പകാലത്തെ ശിക്ഷ കഴിഞ്ഞാല്‍ നാട്ടിലിറങ്ങി വിഹരിക്കാമെന്ന സ്ഥിതി സംജാതമാകും.
സമൂഹത്തില്‍ അസമാധാനത്തിനും അരാജകത്വത്തിനുമാവും അത് വഴിയൊരുക്കുക. കരുണയും ദയയും അര്‍ഹിക്കുന്നവരുടെ മോചനത്തിനു വേണ്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള വകുപ്പുകളും വ്യവസ്ഥകളും ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ അനുവദിച്ചു കൂടാ. ബില്‍ക്കീസ് ബാനു സമൂഹ മനഃസാക്ഷിക്കു മുന്നിലൊരു പ്രതീകമാണ്. അധികാരത്തിന്റെ ഇരുണ്ട ഗോപുരങ്ങള്‍ക്കപ്പുറം നീതിയും ന്യായവും ഉദിച്ചുയരുമെന്ന് സ്വപ്നം കാണുന്നവരുടെ മനസിലുണരുന്ന പ്രതീകം.
അഡ്വ. തമ്പാൻ തോമസ്
മുഴുവൻ ഇന്ത്യൻ ജനതയുടെയും മനഃസാക്ഷിക്കു നേരെ ഉയർന്ന ചോദ്യചിഹ്നമാണ് ബിൽക്കീസ് ബാനു കേസ്. അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായെങ്കിലും കേസിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരാതിരിക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ പ്രതിരോധം ഉയർത്തിവിട്ടിട്ടും സത്യം പുറത്തുവരികയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വാധീന ശക്തിയുടെ പുറത്ത്, ആ ശിക്ഷ മുഴുവൻ അനുഭവിക്കാതെ സ്വതന്ത്രരായി മറ്റ് പൗരന്മാരെപ്പോലെ ജീവിക്കാൻ പ്രതികൾക്ക് അവസരം ഉണ്ടാക്കികൊടുത്ത ഗുജറാത്ത് സർക്കാരിന്റെ നടപടി മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഈ അവസരത്തിലാണ് കേസില്‍ സുപ്രീം കോടതി ഇടപെടൽ ഉണ്ടാവുന്നത്. സമൂഹത്തിൽ കുറ്റങ്ങൾ ഇല്ലാതാവണമെങ്കിൽ കുറ്റവാളികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന ഉറപ്പു വേണം. സർക്കാർ ഒത്താശയോടെ പ്രതികൾക്ക് വിഹരിക്കാൻ അവസരമൊരുക്കിയ സന്ദർഭത്തിലാണ് കെ എം ജോസഫും ബി വി നാഗരത്നയും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് അർത്ഥവത്തായ നിരീക്ഷണങ്ങൾ നടത്തുന്നത്. ‘ഇന്ന് ബിൽക്കീസ്, നാളെ നിങ്ങളോ ഞാനോ’ എന്ന് ന്യായാധിപര്‍ പരാമർശിക്കുമ്പോൾ ഈ അതിക്രമം ഓരോ പൗരന്റെയും മേലുള്ള അതിക്രമമാണെന്ന ഓർമ്മപ്പെടുത്തലാണ്.
ഒരു ഗർഭിണിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ഒട്ടേറെ പേരെ കൊലപ്പെടുത്തുകയും ചെയ്തതിനെ വെറും കൊലക്കുറ്റമായി കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ യോജിച്ചുവെന്നതു കൊണ്ടുമാത്രം സംസ്ഥാന സർക്കാർ ആലോചനയില്ലാതെ തീരുമാനമെടുക്കണമെന്ന് അർത്ഥമില്ല. കുറ്റവാളികളെ വിട്ടയച്ചതിന് കാരണം വ്യക്തമാക്കുന്നില്ലെങ്കിൽ കോടതി അതിന്റെ വഴിക്ക് ചിന്തിക്കുമെന്ന മുന്നറിയിപ്പിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ധീരോദാത്തമായ ഒരു കോടതി ഇടപെടലാണ് ഇത്.
ബിൽക്കീസ് ബാനു കേസിൽ മാത്രമല്ല, അടുത്തിടെ പുറത്തുവന്ന പുൽവാമ സംഭവം സംബന്ധിച്ചുള്ള വാർത്തകളും സാഹചര്യങ്ങൾ വളച്ചൊടിച്ച്, സ്ഥാപിത താല്പര്യങ്ങൾക്കായി നിരപരാധികളുടെ ജീവൻ ബലികഴിച്ചുവെന്നതാണ്. സൃഷ്ടിക്കപ്പെടുന്ന ഭീകരാനുഭവങ്ങളിൽ നിന്ന് ഭയമുണ്ടാക്കി മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം വളർത്തിവിടാൻ ഭരണകൂടം നടത്തിയ ക്രൂരമായ ഗൂഢാലോചന ഓരോ സംഭവങ്ങളിലും തുടരുന്നു. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തി പൊലീസിന്റെ കാവലിൽ ഗുണ്ടകളാൽ വെടിവച്ചുകൊല്ലപ്പെടുന്നത് കറുത്ത അധ്യായമാണ്. ജനാധിപത്യത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുകൊണ്ടിരിക്കുമ്പോൾ കോടതികൾ തിരുത്തൽ ശക്തിയായി മാറുന്നു. ഇതോടൊപ്പം ജനങ്ങളുടെ സർവശക്തമായ പ്രതിരോധം കൂടി ഉയർന്നുവരേണ്ടതുണ്ട്.
അഡ്വ. രഞ്ജിത്ത് തമ്പാൻ
ബിൽക്കീസ് ബാനു ബലാത്സംഗ കേസിൽ പ്രതികളെ വെറുതെ വിട്ടത് മനുഷ്യത്വ രഹിതമായ നടപടിയാണ്. ഗർഭിണിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തിലെ അംഗങ്ങളെയടക്കം കൊലപ്പെടുത്തുകയും ചെയ്ത കേസാണിത്. അത്തരം ഒരു കൊടും ക്രൂരകൃത്യം ചെയ്തത് പരിഗണിക്കാതെ, ജയിലിൽ നല്ല സ്വഭാവത്തിൽ നടന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വിടുതൽ ചെയ്യുന്നതിന് സർക്കാർ അനുവാദം നൽകിയത് ഉചിതമായ നടപടിയല്ല. മൂന്ന് മുതൽ അഞ്ചു വർഷത്തോളം പരോൾ മുഖാന്തിരം പുറത്തുനടന്ന പ്രതികളെയാണ് 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്നുകൂടി പറഞ്ഞ് വെറുതെ വിട്ടത്.
കുറ്റകൃത്യത്തിന്റെ ക്രൂരതയും ആഴവും കണക്കിലെടുക്കാതെ ജയിലിൽ നല്ല സ്വഭാവം കാണിച്ചാൽ അവരെ വിടുതൽ ചെയ്യാനാവുമോ? സാധാരണ കൊലക്കുറ്റം പോലെയാണോ ഈ കേസും പരിഗണിക്കേണ്ടത്? പ്രതികളെ വിടുതൽ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ ബിൽക്കീസ് ബാനു തന്നെ ഹർജി ഫയൽ ചെയ്തിരുന്നു. വിടുതൽ ചെയ്യുന്നതിനുള്ള രേഖകള്‍ ഹാജരാക്കണമെന്ന് ഗുജറാത്ത് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഹാജരാക്കാത്തത് വിടുതൽ ചെയ്ത നടപടികളിലെ സുതാര്യത ഇല്ലായ്മ മൂലമാണ്.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളികളെപ്പോലും യാതൊരു മാനദണ്ഡവുമില്ലാതെ ഭരിക്കുന്നവരുടെ താല്പര്യവും വ്യക്തിപരമായ ആഭിമുഖ്യവും കണക്കിലെടുത്ത് മോചിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ നയിക്കുന്ന സർക്കാരുകൾ ശ്രമിക്കുന്നത് തടയാനാണ് സുപ്രീം കോടതി ശ്രമം നടത്തിയിരിക്കുന്നത്.
അഡ്വ. ഹരീഷ് വാസുദേവന്‍
ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്കുന്നതാണ്. എന്നാല്‍ കോടതിയുടെ ഈ ഞെട്ടല്‍ പുതിയ കാര്യമല്ല. ഭരണഘടനയുടെ 161-ാം വകുപ്പ് സര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്യുന്നത് ഇതാദ്യമല്ല. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിനിടയ്ക്ക് രാജ്യത്തെ പല ഭരണകൂടങ്ങളും ഈ വകുപ്പ് ദുരുപയോഗപ്പെടുത്തി കുറ്റവാളികളെ വിട്ടയച്ചിട്ടുണ്ടെന്ന് സുപ്രീം കോടതിക്ക് തന്നെ അറിയാവുന്നതാണ്. പക്ഷേ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി കോടതിയില്‍ നിന്നും ഇതുവരെയുണ്ടായില്ല.
ശിക്ഷാ ഇളവ് അനുവദിക്കാന്‍ ഭരണഘടനയുടെ 161, 172 അനുച്ഛേദങ്ങള്‍ യഥാക്രമം ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും അധികാരം നല്‍കുന്നു. പരിധിയില്ലാത്ത ഈ അവകാശമാണ് കാലാകാലങ്ങളായി സര്‍ക്കാരുകള്‍ ദുരുപയോഗിക്കുന്നത്. ഏതെങ്കിലും കേസില്‍ വ്യക്തിപരമായ ഹര്‍ജികള്‍ ഉണ്ടാകുമ്പോള്‍ മാത്രം വിഷയത്തിലെ നടപടിക്രമങ്ങള്‍ പരിശോധിക്കുകയാണ് സുപ്രീം കോടതി. പ്രസ്തുത നിയമം നടപ്പാക്കുന്നതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകണമെന്ന് പരമോന്നത നീതിപീഠം മുമ്പേ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അത് നടപ്പിലാക്കാനുള്ള ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.
അതിനീചമായ കുറ്റകൃത്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ച ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് നിയമത്തിലെ പഴുതുപയോഗിച്ചാണ്. അതുകൊണ്ടു തന്നെ നിയമം നടപ്പാക്കാന്‍ കൃത്യമായ മാനദണ്ഡമുണ്ടാക്കാന്‍ സുപ്രീം കോടതി ഇടപെടണം. ദുരുപയോഗം നടത്തിയെന്ന് ബോധ്യപ്പെട്ട അധികാരികള്‍ക്ക് നേരെ നടപടിയുണ്ടാകണം. എങ്കിലെ കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.