30 September 2024, Monday
KSFE Galaxy Chits Banner 2

Related news

October 24, 2023
September 18, 2023
September 3, 2023
August 25, 2023
August 15, 2023
July 27, 2023
July 27, 2023
July 21, 2023
July 5, 2023
July 2, 2023

രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്; 25 ന് പ്രധാനമന്ത്രി തറക്കല്ലിടും

Janayugom Webdesk
തിരുവനന്തപുരം
April 23, 2023 8:51 pm

വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്റെ കുതിപ്പില്‍ നാഴികക്കല്ലാകുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി  25 ന് തറക്കല്ലിടും. പള്ളിപ്പുറം ടെക്നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്റെ ഭാഗമാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റയില്‍വേ കമ്മ്യൂണിക്കേഷന്‍സ് ഇലക്ട്രോണിക്സ് ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി  മുരളീധരന്‍, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും.

ടെക്നോസിറ്റിയിലെ ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്‍ററാക്റ്റീവ് — ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022–23 ബജറ്റില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് 200 കോടി രൂപ മുതല്‍മുടക്കില്‍ രണ്ട് ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയിട്ടുണ്ട്. അതില്‍ 200 കോടി രൂപയാണ് കേരള സര്‍ക്കാര്‍ അനുവദിച്ചത്. വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് ബാക്കി തുക കണ്ടത്തേണ്ടത്.

സയന്‍സ് പാര്‍ക്ക് സര്‍വകലാശാലകള്‍, വ്യവസായം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. വ്യവസായ‑ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര‑സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.

നിര്‍ദിഷ്ട ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ശ്രദ്ധയൂന്നുന്ന നാല് സുപ്രധാന മേഖലകളിലൊന്നാണ് ഇന്‍ഡസ്ട്രി 4.0. ഇലക്ട്രോണിക്സ്, അര്‍ധചാലകങ്ങള്‍, വളരെ വലിയ തോതിലുള്ള സംയോജനം, 5 ജി ആശയവിനിമയങ്ങള്‍, സ്മാര്‍ട്ട് മെറ്റീരിയലുകള്‍, മെഡിക്കല്‍ മെറ്റീരിയലുകള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ വ്യവസായമാണിത്. ഇ‑മൊബിലിറ്റി, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ ആപ്ലിക്കേഷനുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ശ്രദ്ധയൂന്നിയുള്ള ഡിജിറ്റല്‍ ഡീപ്ടെക്കുമാണ് രണ്ടാമത്തേത്. ബ്ലോക്ക് ചെയിന്‍, സുരക്ഷ, പരിസ്ഥിതി സുസ്ഥിര ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയാണ് മൂന്നാമത്തെ മേഖല. പുതിയ ഉല്‍പ്പന്നങ്ങള്‍, ശേഷി, ജോലികള്‍ എന്നിവ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സംരംഭകത്വമാണ് മറ്റൊരു പ്രധാന മേഖല.

ഈ നാല് പ്രധാന മേഖലകള്‍ ഹൈ-എന്‍ഡ് റിസര്‍ച്ച് ലാബുകളിലേക്കും സൗകര്യങ്ങളിലേക്കും വിവര്‍ത്തനം ചെയ്യും. വൃത്തിയുള്ള മുറികള്‍, മെറ്റീരിയല്‍ കാരക്റ്ററൈസേഷന്‍ സൗകര്യം, സംയോജിത സെന്‍സര്‍ ലാബുകള്‍, എനര്‍ജി ലാബുകള്‍, മോട്ടോര്‍, ഡ്രൈവ് ലാബുകള്‍, ആര്‍എഫ്, വയര്‍ലെസ് ടെസ്റ്റിംഗ് ലാബുകള്‍, പാരമ്പര്യേതര കമ്പ്യൂട്ടിംഗ് സെന്‍റര്‍, ഹൈ-എന്‍ഡ് ഡാറ്റ സെന്‍റര്‍, റോബോട്ടിക്സ് ലാബുകള്‍, ഇലക്ട്രോണിക് ഡിസൈന്‍ സെന്‍റര്‍, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് ലാബുകള്‍, ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിംഗ് ലാബുകള്‍, ബ്ലോക്ക് ചെയിന്‍-സൈബര്‍ സെക്യൂരിറ്റി ലാബുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അനലോഗ്, മിക്സഡ് സിഗ്നല്‍ സംവിധാനങ്ങള്‍, വി.എല്‍.എസ്.ഐ, എ.ഐ പ്രോസസറുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈനിലെ ആദ്യ കേന്ദ്രത്തോടെ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാകും. യുകെ ആസ്ഥാനമായുള്ള അര്‍ധചാലക- സോഫ്റ്റ് വെയര്‍ ഡിസൈന്‍ കമ്പനിയായ എ ആര്‍ എം കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയുമായി അക്കാദമിക, ഗവേഷണ, സ്റ്റാര്‍ട്ടപ്പ് സംബന്ധ പ്രവര്‍ത്തനങ്ങളില്‍ കരാര്‍ ഒപ്പിട്ടു. പാര്‍ക്കിലെ എ ഐ കേന്ദ്രം ഉത്തരവാദിത്തമുള്ള എ ഐ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മള്‍ട്ടിനാഷണല്‍ യു എസ് ടെക്നോളജി കമ്പനിയായ എന്‍വിഐഡിഐഎ കേന്ദ്രത്തിന്റെ പങ്കാളിയായി ചേരും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തില്‍ പങ്കുചേരുന്നതിനായി മാഞ്ചസ്റ്റര്‍, ഓക്സ്ഫോര്‍ഡ്, എഡിന്‍ബര്‍ഗ് സര്‍വകലാശാലകള്‍ ഡിജിറ്റല്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു.

നിര്‍ദിഷ്ട പാര്‍ക്കില്‍ തുടക്കത്തില്‍ രണ്ട് കെട്ടിടങ്ങളാണ് ഉണ്ടാകുക. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലായിരിക്കും ഇത്. ഒന്നര ലക്ഷം ചതുരശ്രയടിയുള്ളതാണ് ആദ്യ കെട്ടിടം. ആദ്യത്തെ കെട്ടിടത്തില്‍ റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ അഞ്ച് നിലകളും ഹൗസിങ് സെന്റര്‍ ഓഫ് എക്സലന്‍സസും ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തില്‍ അഡ്മിനിസ്ട്രേറ്റീവ് സെന്റര്‍, ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സെന്റര്‍ എന്നിവയായിരിക്കും. ടെക്നോപാര്‍ക്കിലെ കബനി കെട്ടിടത്തില്‍ നിന്ന് വാടകയ്ക്ക് എടുത്ത 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Eng­lish Sum­ma­ry: prime min­is­ter will lay the foun­da­tion stone of the coun­trys first third gen­er­a­tion dig­i­tal sci­ence park in tvm
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.