19 December 2024, Thursday
KSFE Galaxy Chits Banner 2

ചിരിയുടെ ‘മദനോത്സവം’

കെ കെ ജയേഷ്
April 24, 2023 7:32 am

ചെണ്ടൻ എളേപ്പൻ വീട്ടിലെത്തിയ ആ രാത്രിയിലാണ് മദനൻ മല്ലക്കരയുടെ ജീവിതം മാറിമറയുന്നത്. കോഴിക്കുഞ്ഞുങ്ങളെ ചായം പൂശി വിൽപ്പന നടത്തുന്നയാളാണ് മദനൻ. അപ്രതീക്ഷിതമായി ജീവിതത്തിലേക്കെത്തിയ ആലീസിനൊപ്പം പുതിയ ജീവിത സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്ന ആ രാത്രിയാണ് ചെണ്ടൻ എളേപ്പന്റെ വരവ്. അപ്രതീക്ഷിതമായ ആ വരവ് മദനനെ കേരള ലേബർ പാർട്ടിയിലേക്കും മദനൻ മഞ്ഞക്കാരൻ എന്ന ബിഡിഎഫ് നേതാവിനും അരികിലേക്കെത്തിക്കുന്നു. തുടർന്നങ്ങോട്ട് ദുരിതത്തിലായ മദനന്റെ സംഘർഷഭരിതമായ ജീവിതക്കാഴ്ചകളിലൂടെ ആക്ഷേപ ഹാസ്യത്തിന്റെ കെട്ടഴിക്കുകയാണ് മദനോത്സവം എന്ന ചിത്രം. 

സമീപകാലത്തെ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മദനോത്സവം കഥ പറയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു സ്ഥാനാർത്ഥിയെ കാണാതായതും പിന്നീടയാൾ പുറത്തുവന്ന് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ മറ്റൊരു സ്ഥാനാർത്ഥി അമ്പത് ലക്ഷം ചെലവിട്ടുവെന്ന് വെളിപ്പെടുത്തിയതും കുറച്ചു നാൾ മുമ്പാണ്. സിനിമയുടെ തുടക്കത്തിൽ ചുവന്ന പെട്ടിയിൽ പണവുമായി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മദനൻ മഞ്ഞക്കാരനും കേരള രാഷ്ട്രീയത്തിലെ പ്രമുഖനായൊരു നേതാവിന്റെ ഛായയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തിച്ച ഹെലികോപ്റ്ററിൽ കള്ളപ്പണം കടത്തിയെന്ന ആരോപണം കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചതും അടുത്ത കാലത്ത് തന്നെയാണ്.
സമീപകാലത്ത് വാർത്തകളിലൂടെ അറിഞ്ഞ ഇത്തരം ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചിച്ച് സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം എന്ന സിനിമ പുരോഗമിക്കുന്നത്. 

ഇ സന്തോഷ് കുമാറിന്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പൂർണമായും തമാശയുടെ അകമ്പടിയിലാണ് കഥ പറയുന്നത്. 2009 ൽ പ്രസിദ്ധീകരിച്ച കഥയെ തീർത്തും സമകാലികമാക്കി അവതരിപ്പിക്കുകയാണ് രതീഷ് ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഏത് തന്ത്രവും സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മടിയില്ലാത്ത, അപചയത്തിലേക്ക് നീങ്ങുന്ന രാഷ്ട്രീയ കാലാവസ്ഥയെ രസകരമായ സംഭവങ്ങളിലൂടെ, ഇരുണ്ട നർമ്മത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുകയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ആക്ഷേപ ഹാസ്യമെന്ന ലേബൽ അടുത്തിറങ്ങിയ ചില സിനിമകൾ തീർത്തും വിരസമായിപ്പോയപ്പോൾ രതീഷിന്റെ ലളിതമായ കഥ പറച്ചിൽ മദനോത്സവത്തെ രസകരമാക്കുന്നുണ്ട്. കാസർക്കോട് ജില്ലയിലെ ബളാൽ എന്ന പ്രദേശത്താണ് കഥ നടക്കുന്നത്. കാസർക്കോട് ഭാഷാ ശൈലിയും നാടൻ പശ്ചാത്തലവുമെല്ലാം ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു. ഇതേ സമയം മരണത്തെപ്പോലും തമാശയാക്കുന്ന രതീഷിന്റെ രീതിയോട് ഒട്ടും താത്പര്യം തോന്നിയില്ല. 

ബിഡിഎഫ് സ്ഥാനാർത്ഥി മദനൻ മഞ്ഞക്കാരനെ നേരിടാൻ കേരള ലേബർ പാർട്ടി കണ്ടെത്തിയ ചൂണ്ടക്കുരുക്കായിരുന്നു മദനൻ എന്ന കോഴി വിൽപ്പനക്കാരൻ. തുടർന്നങ്ങോട്ട് മദനൻ മഞ്ഞക്കാരന്റെയും ബിഡിഎഫ് പ്രവർത്തകരുടെയും ലേബർ പാർട്ടി പോരാളികളുടെയും നമ്പൂതിരി ബ്രദേഴ്സ് എന്നറിയപ്പെടുന്ന ക്വട്ടേഷൻ ടീമിന്റെയും കിട്ടപ്പ മടിക്കേരി എന്ന ഗുണ്ടാനേതാവിന്റെയുമെല്ലാമിടയിൽ പെട്ട് ചവിട്ടിയരയ്ക്കപ്പെടുകയാണ് മദനനും അദ്ദേഹത്തിന്റെ കോഴിക്കുഞ്ഞുങ്ങളും. മദനൻ മഞ്ഞക്കാരനെതിരെ അപര സ്ഥാനാർത്ഥിയായി കേരള ലേബർ പാർട്ടി രംഗത്തിറക്കുകയാണ് മദനനെ.
നിസഹായനാണ് കഥാനായകനായ മദനൻ. എന്നാൽ അധികാരത്തിന് വേണ്ടി എന്ത് കുറ്റകൃത്യവും ചെയ്യാൻ മടിയില്ലാത്തയാളാണ് മദനൻ മഞ്ഞക്കാരൻ. ഈ മഞ്ഞക്കാരനെ തകർക്കാനാണ് ലേബർ പാർട്ടി മദനനെ ഉപയോഗപ്പെടുത്തുന്നത്. ജീവിതം വഴിയാധാരമാകുന്ന മദനൻ ഒടുവിൽ മഞ്ഞക്കാരനും ലേബർ പാർട്ടിയ്ക്കും മേൽ ആധിപത്യം ഉറപ്പിക്കാനുള്ള പോരാട്ടം നടത്തുകയാണ്. ആദ്യപകുതിയിൽ പൊട്ടിച്ചിരിപ്പിച്ചു തുടങ്ങുന്ന ചിത്രം പിന്നീട് സംഘർഷഭരിതമകുന്നു. അപ്പോഴും ചിരിയുടെ നിമിഷങ്ങളെ സിനിമ കൈവിടുന്നില്ല. 

‘പാർട്ടി ഓഫീസിന് ബോംബ് എറിഞ്ഞാൽ ഇപ്പോൾ കേസെടുക്കില്ല’, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ദേശീയ കോൺഗ്രസിൽ സീറ്റിന് വേണ്ടി തമ്മിൽ തല്ല് തുടങ്ങി’ തുടങ്ങിയ നർമത്തിൽ പൊതി‍ഞ്ഞ പരിഹാസങ്ങൾക്കപ്പുറം, എന്തൊരു ആർത്തിയാ തനിക്കെന്ന’ ഡയലോഗും പ്രധാനമാണ്. ലേബർ പാർട്ടി സെക്രട്ടറി ബിനു തങ്കച്ചനും ബിഡിഎഫ് നേതാവ് മദനൻ മഞ്ഞക്കാരനും തുടങ്ങി ചിത്രത്തിലെ പല കഥാപാത്രങ്ങളും ആർത്തിയെപ്പറ്റി സംസാരിക്കുന്നുണ്ട്. ആർത്തി മൂത്തവർ തന്നെയാണ് മറ്റൊരാളുടെ ആർത്തിയെപ്പറ്റി സംസാരിക്കുന്നതെന്നതും പ്രധാനമാണ്. ജീവിതം കരപറ്റിക്കാനുള്ള ചിലരുടെയും സമ്പത്ത് കുന്നുകൂട്ടാനുള്ള മറ്റു ചിലരുടെയും ആർത്തി തന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പരസ്പരം കൂട്ടിയിണക്കുന്നത്. 

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രസകരമായ തിരക്കഥയും സുധീഷ് ഗോപിനാഥിന്റെ ചടുലമായ സംവിധാനവും തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. ഷെഹനാദ് ജലാലിന്റെ കാമറാക്കാഴ്ചകളും ക്രിസ്റ്റോ സേവിയറിന്റെ സംഗീതവും ചിത്രത്തിന്റെ സ്വഭാവത്തിനൊപ്പം ചേർന്നുപോകുന്നു. ഇതിനൊപ്പം നടീനടൻമാരുടെ സ്വാഭാവികമായ പ്രകടനങ്ങളും ചേരുമ്പോൾ തിയേറ്ററിൽ ആസ്വദിക്കാവുന്ന ചിത്രമായി മദനോത്സവം മാറുന്നു. 

കുറച്ചു നാളുകൾക്ക് ശേഷം സീരിയസ് വേഷങ്ങളിൽ നിന്ന് മാറി കോമഡിയിൽ ഉൾപ്പെടെ തിളങ്ങുകയാണ് മദനനിലൂടെ സുരാജ് വെഞ്ഞാറമൂട്. മദനൻ മഞ്ഞക്കാരൻ എന്ന രാഷ്ട്രീയ നേതാവായി ബാബു ആന്റണിയും ആലീസ് ആയി ഭാമ അരുണും ചെണ്ടൻ എളേപ്പനായി പി പി കുഞ്ഞിക്കൃഷ്ണനുമെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും സിനിമയെ രസകരമായ അനുഭവമാക്കുന്നത് രാജേഷ് മാധവനും രഞ്ജിത് കാങ്കോലും അവതരിപ്പിച്ച നമ്പൂതിരി ക്വട്ടേഷൻ സംഘമാണ്. ശങ്കരൻ നമ്പൂതിരിയും അച്യുതൻ നമ്പൂതിരിയുമായി ഇവർ അരങ്ങ് തകർക്കുന്നു. മദനന്റെ അമ്മായിയായി എത്തിയ ചന്ദ്രികയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ലേബർ പാർട്ടി സെക്രട്ടറി ബിനു തങ്കച്ചനായി രാജേഷ് അഴീക്കോടൻ, ബൂസ്ത് മോനനൻ ആയി സുമേഷ് ചന്ദ്രൻ, നിഷാദ് പുരുഷനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ആലീസിന്റെ മകൾ മഞ്ജുവായി ജോവൽ സിദ്ദിഖ്, ജോജോ ആയി സ്വാതി ദാസ് പ്രഭു, മദനൻ മഞ്ഞക്കാരന്റെ പി ആർ ഒ ഔസേപ്പ് ആയി രാകേഷ് ഉഷാർ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.