“ആ നരനുടെ തോക്കൊന്നലറി, യശരണ-
മാരെയോ വിളിച്ചു കേണടിഞ്ഞാന്‍ മദഗജം.
ദ്യോവിനെ വിറപ്പിക്കുമാ, വിളി കേട്ടോ
മണിക്കോവിലില്‍ മയങ്ങുന്ന
മാനവരുടെ ദൈവം?
എങ്കിലുമതു ചെന്നു
മാറ്റൊലിക്കൊണ്ടൂ, പുത്ര
സങ്കടം സഹിയാത്ത സഹ്യന്റെ
ഹൃദയത്തില്‍”
കന്നിക്കൊയ്‌ത്തും കുടിയൊഴിക്കലും കണ്ണീര്‍ പ്പാടവുമൊക്കെ ഭാഷയ്ക്ക് സമ്മാനിച്ച് മലയാള ഭാഷയിലെ ഭാവുകത്വം മാറ്റിമറിച്ച മലയാളിയുടെ പ്രിയ കവി വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ എന്ന കവിതയുടെ അവസാന വരികളാണ് മേലുദ്ധരിച്ചത്. 1944ല്‍ രചിച്ച ആ കവിത വൈലോപ്പിള്ളിയുടെ മറ്റനേകം കവിതകളെപ്പോലെ ഇന്നും കാലാതിവര്‍ത്തിയായി നില്ക്കുന്നു. ഇക്കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നിന്നും ഒരിഞ്ചുപോലും മാറാതെ മയക്കുവെടിയേറ്റ് ബോധം നഷ്ടപ്പെട്ടിട്ടും ചെറുത്തുനിന്ന ഒരു സഹ്യന്റെ മകന്റെയും അവന്റെ സഹചരരുടെയും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും വൈലോപ്പിള്ളിയുടെ ദീര്‍ഘദര്‍ശിത്വമാണ് ഓര്‍മ്മവന്നത്. സഹ്യന്റെ മടിത്തട്ടില്‍ കളിച്ചുനടന്ന കാലത്ത് കെണിയില്‍പ്പെട്ട് നാട്ടിലെത്തപ്പെട്ട കൊമ്പനാന, ഉടമസ്ഥരുടെ ധനാര്‍ത്തി മൂലം മദപ്പാട് കണ്ടിട്ടും ഉത്സവപ്പറമ്പില്‍ എഴുന്നള്ളിക്കപ്പെടുകയാണ്. മദം പൊട്ടിയ അവന്റെ ഓര്‍മ്മകള്‍ സഹ്യസാനുക്കളിലെ അവന്റെ കാടിനെ തേടുന്നു.
“കരുതീലിവയൊന്നുമാ പ്രൗഢമസ്തിഷ്കത്തി-
ന്നിരുളില്‍ ഭ്രാന്തിന്‍ നിലാവോലുമാ കൊലക്കൊമ്പന്‍.
സഞ്ചരിക്കുകയാണാ സ്സാഹസി, സങ്കല്പത്തില്‍
വന്‍ ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം വീശി
തന്‍ ചെറുനാളില്‍ കേളീവീഥിയില്‍, വസന്തത്താല്‍
സഞ്ചിത വിഭവമാം സഹ്യസാനുദേശങ്ങളില്‍” ഉത്സവത്തിന്റെ ഉച്ചസ്ഥായിയിലുള്ള മേളവും വെളിച്ചവും ആര്‍ത്തിരമ്പുന്ന ജനക്കൂട്ടവും മദപ്പാടുള്ള ആനയുടെ കാടിനോടുള്ള അഭിനിവേശവും ഒരു നിമിഷത്തില്‍ അവന് കൂച്ചുവിലങ്ങ് പൊട്ടിച്ചെറിയാനുള്ള ധൈര്യം നല്കുന്നു. ആ നിമിഷംവരെ കവി കാട്ടുകൊമ്പന്റെ മാനസിക വ്യാപാരങ്ങളെയാണ് പിന്തുടരുന്നത്. അവന്റെ മദപ്പാട് വന്ന മനസില്‍ ഉണരുന്ന ഓര്‍മ്മകളെ വൈലോപ്പിള്ളിക്ക് മാത്രമേ ഇത്രയും യഥാര്‍ത്ഥമായി ചിത്രീകരിക്കുവാനാവുകയുള്ളു.
“ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനക്ക് തിരിയാന്‍ വേറിട്ടിടം?
മലവാഴകള്‍ പൂത്തു മാണിക്യമുതിര്‍ക്കുന്നു,
മലയാനിലന്‍ വന്നു മസ്തകം തലോടുന്നു
പട്ടിലും മൃദുലമാം പല്ലവങ്ങളു, മീന്തല്‍
പട്ടിലിന്‍ മുളകളും വിരുന്നിനൊരുക്കുന്നു
കാട്ടിലെ പൂഞ്ചോലകള്‍ കൈകളിലമൃതത്തെ
ക്കാട്ടിലും മേലാം തണ്ണീര്‍ കാട്ടിയും വിളിക്കുന്നു.”
ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നത് കാട്ടുവള്ളികളുടെ കെട്ട് പൊട്ടിച്ചെറിയുന്ന ലാഘവത്തോടെയാണ്. ആളുകള്‍ വിരണ്ടോടുന്നു. ആനയെ മസ്തകത്തിന് വെടിവച്ച് ഒരു പട്ടാളക്കാരന്‍ കൊല്ലുന്നു. വൈലോപ്പിള്ളിക്ക് മുന്‍പോ ശേഷമോ സസ്യഭുക്കായ ആനയെന്ന പാവം കാട്ടുമൃഗത്തോട് ദുരമൂത്ത മനുഷ്യര്‍ ചെയ്യുന്ന ക്രൂരതയെക്കുറിച്ച് ഇത്രയും ഹൃദയസ്പര്‍ശിയായി ആരും എഴുതിയിട്ടില്ല.
ആന ഒരു വളര്‍ത്തുമൃഗമല്ല. അത് ഒരു വന്യജീവിയാണ്. കൂട്ടം ചേര്‍ന്ന് കാട്ടില്‍ ജീവിക്കുന്ന ഒരു വന്യജീവി. ആനകള്‍ക്ക് അതിസൂക്ഷ്മമായ ഓര്‍മ്മശക്തിയുണ്ട്. മനുഷ്യനേക്കാള്‍ വലിയ അഞ്ച് കിലോയിലധികം വരുന്ന തലച്ചോറുണ്ട്. ഓര്‍മ്മശക്തിയെപ്പോലെ തന്നെ ഘ്രാണശക്തിയുമുണ്ട്. ഒരിക്കല്‍ പരിചിതമായ ഗന്ധം ആന ഒരിക്കലും മറക്കുകയില്ല. ആനയുടെ ഓര്‍മ്മകള്‍ നിലനില്ക്കുന്നത് ഗന്ധത്തിലൂടെയാണ്. സ്വന്തം കൂട്ടുകാരെ ആന തിരിച്ചറിയുന്നതും ഇണകളെ കണ്ടെത്തുന്നതുമൊക്കെ ഗന്ധങ്ങളിലൂടെയാണ്. അദ്വിതീയമായ ഒരു സാമൂഹ്യ ഘടനയുണ്ട് ആനകള്‍ക്ക്. മാതൃ ആധിപത്യ സമ്പ്രദായത്തിലാണ് അത് നിലനില്ക്കുന്നത്. ഏറ്റവും പ്രായം കൂടിയ അമ്മയേയാണ് ആനക്കൂട്ടം പിന്തുടരുന്നത്. ആണ്‍ ആനകള്‍ പതിനഞ്ചു വയസാവുമ്പോഴേക്കും മറ്റു സമപ്രായക്കാരോടൊപ്പം സ്വതന്ത്രമായി സഞ്ചരിക്കും. വലിയ കൊമ്പനാനകള്‍ സ്വന്തം കൂട്ടത്തിനു സമീപത്തായി എന്നാല്‍ അപകടഘട്ടങ്ങളില്‍ മാത്രം അവരോട് ചേര്‍ന്ന് സഞ്ചരിക്കും. കാരണം വളരെ അകലെ നിന്നുപോലും ആനകള്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്താനാവും. ഇന്‍ഫ്രാ സൗണ്ട് സിഗ്നലുകള്‍ ഉപയോഗിച്ചാണ് അവ ആശയവിനിമയം നടത്തുന്നത്. 470 ലധികം വ്യത്യസ്തമായ സിഗ്നലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആനയെ സംബന്ധിച്ചിടത്തോളം അതിന്റെ ആവാസ വ്യവസ്ഥ സര്‍വപ്രധാനമാണ്.
ആനകളെ പൊന്നാട അണിയിച്ചും കതിന വെടികളോടെ സ്വീകരിച്ചും ഉത്സവങ്ങളില്‍ എഴുന്നള്ളിച്ചും മറ്റും നിര്‍വൃതി അടയുന്ന ആന പ്രേമികള്‍ കരുതുന്നതു പോലെ ഈ വാദ്യഘോഷങ്ങളും കൊടും വെയിലത്തുള്ള നില്പും ഒന്നും ആനയെന്ന സാധു ജീവിക്ക് ഒട്ടും സഹിക്കാനാവുന്നതല്ല. ആനകളുടെ ശരീര ഊഷ്മാവ് 96.6 ഡിഗ്രി ഫാരന്‍ ഹീറ്റാണ്. അതിനാല്‍ വലിയ ചൂട് ആനകള്‍ക്ക് അസഹനീയമാണ്. അവ ശരീര താപനില ക്രമീകരിക്കുന്നത് ചെവികള്‍ ആട്ടിയാണ്. ആനയുടെ ചെവിയില്‍ ധാരാളം രക്തധമനികളുണ്ട്. അവിടെയെത്തുന്ന രക്തം ചെവിയാട്ടി തണുപ്പിച്ചാണ് ആന ശരീരോഷ്മാവ് നിയന്ത്രിക്കുന്നത്. അതായത് മനുഷ്യരുടെ വാദ്യമേളങ്ങള്‍ കേട്ട് സന്തോഷിച്ച് ആനകള്‍ ചെവിയാട്ടുന്നതല്ല, പകരം മേളപ്പറമ്പിലെ അസഹനീയമായ ചൂടു കാരണം ശരീരം തണുപ്പിക്കാന്‍ ചെവിയാട്ടുന്നതാണ്. ഉച്ചത്തിലുള്ള ശബ്ദഘോഷങ്ങള്‍ ഒട്ടും സഹിക്കാന്‍ ആനകള്‍ക്കാവില്ല. ഒരു ദിവസം 300 ലിറ്ററോളം വെള്ളം കുടിക്കുന്ന ജീവിയാണ് ആന. കാട്ടിലെ പുല്ലും ചില മരങ്ങളും തൊലിയും ഫലങ്ങളുമൊക്കെയാണ് പൂര്‍ണമായും സസ്യഭുക്കുകളായ അവയുടെ ഭക്ഷണം. പനമ്പട്ട യഥാര്‍ത്ഥത്തില്‍ ആനയുടെ ആഹാരമേ അല്ല.
നാട്ടാനകള്‍ അനുഭവിക്കുന്ന യാതനയുടെ ആഴമറിയണമെങ്കില്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ഏറ്റവും തലയെടുപ്പുള്ള ആനയുടെ കാര്യം മാത്രമെടുത്താല്‍ മതി. 1964ല്‍ ബിഹാറില്‍ നിന്നു കൊണ്ടുവന്ന മോട്ടി പ്രസാദ് എന്ന ആന കേരളത്തിലെത്തിയപ്പോള്‍ ആദ്യ ഉടമ ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം വാങ്ങിയപ്പോള്‍ രാമചന്ദ്രന്‍ എന്ന പേരായി. വളരെ ചെറു പ്രായത്തില്‍ തന്നെ ഏതോ പാപ്പാന്‍ ചട്ടം പഠിപ്പിക്കുന്നതിനിടെ അവന്റെ ഇടത് കണ്ണിന്റെ കാഴ്ച കളഞ്ഞു. ഒരു വശം കാഴ്ച നഷ്ടപ്പെട്ടതോടെ അവന്‍ കൂടുതല്‍ ഭയന്നുതുടങ്ങി. കാഴ്ച വൈകല്യം കൊണ്ട് പലപ്പോഴും വിരണ്ടോടിയ അവന്‍ ആറു പാപ്പാന്മാരെയടക്കം പതിമൂന്നു പേരുടെ മരണത്തിന് കാരണക്കാരനായിട്ടുണ്ട്. എന്നാല്‍ മദപ്പാടുള്ളപ്പോള്‍ പോലും അവന്‍ ആരെയും ഉപദ്രവിക്കാറില്ലത്രെ. ഉത്സവങ്ങളില്‍ നിന്ന് ഉത്സവങ്ങളിലേക്ക് കൊണ്ടുപോവുന്ന ആനകളില്‍ പലതിനും ആവശ്യമായ ഭക്ഷണമോ വിശ്രമമോ ഒന്നും ലഭിക്കാറില്ല. ആനയെ ഉപയോഗിച്ച് കഴിയുന്നത്ര പണമുണ്ടാക്കുക എന്നത് മാത്രമാണ് മിക്കവാറും ഉടമസ്ഥരുടെ ഉദ്ദേശ്യം. ചങ്ങലയിട്ടുരഞ്ഞ് പൊട്ടിയ കാലുകളിലെ ഉണങ്ങാത്ത വ്രണവുമായി കഠിനമായ പാതകളിലൂടെ മൃദുവായ പാദങ്ങളൂന്നി നടന്നുനീങ്ങുന്ന ഓരോ കരിവീരനും നിസഹായതയുടെയും ദൈന്യതയുടെയും മൂര്‍ത്തരൂപമാണ്.
വൈലോപ്പിള്ളി കവിതയിലെ സഹ്യന്റെ മകന്‍ കാട്ടില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടവനാണ്. എന്നാല്‍ ഇന്ന് സഹ്യന്റെ മക്കള്‍ക്ക് തലചായ്ക്കാന്‍ സഹ്യന്റെ വിശാലമായ കാടിടം കൂടി നഷ്ടപ്പെട്ടിരിക്കുന്നു. കാടിന്റെ പച്ചപ്പില്‍ അവനുണ്ടായിരുന്ന ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് അവന്റെ കൂട്ടത്തെ സംരക്ഷിക്കാനാവാതെ ഭ്രാന്തെടുത്ത് നടക്കുന്ന സഹ്യന്റെ മക്കളുടെ കാഴ്ച മനസിനെ മരുഭൂമിയാക്കുന്നു. ആനത്താരകള്‍ മനുഷ്യനാണ് കയ്യടക്കിയത്. അല്ലാതെ മനുഷ്യത്താരങ്ങള്‍ ആനകള്‍ കയ്യടക്കിയതല്ല.
യൂദയായുടെ അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്ന പന്തിയോസ് പിലാത്തോസ് യേശു ദേവന്റെ കുറ്റവിചാരണയില്‍ പലതവണ യേശുവിനെ രക്ഷിക്കാന്‍ ഇടപെട്ടു എന്ന് മത്തായിയുടെ സുവിശേഷം പറയുന്നു. ഒരു കുറ്റവാളിയെ മോചിപ്പിക്കാമെന്ന് പിലാത്തോസ് പറയുന്നത് ജനക്കൂട്ടം യേശുവിന്റെ മോചനം ആവശ്യപ്പെടുമെന്ന് കരുതിയായിരുന്നു. എന്നാല്‍ കൊടും കുറ്റവാളിയായ ബാരബാസിനെ മോചിപ്പിക്കാനാണ് ജനക്കൂട്ടം ആവശ്യപ്പെട്ടത്. ഒടുവില്‍ പിലാത്തോസിന് “ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല” എന്നു പറഞ്ഞ് കൈകഴുകേണ്ടിവന്നു. ആള്‍ക്കൂട്ട നീതി ആവര്‍ത്തിക്കപ്പെടുന്നത് ചരിത്രത്തിലുടനീളം നമ്മള്‍ കാണുന്നു. കൈ കഴുകുന്ന ഭരണാധികാരികളേയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.