6 November 2024, Wednesday
KSFE Galaxy Chits Banner 2

കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കല്‍, തട്ടിപ്പ് ; കുപ്രസിദ്ധ കുറ്റവാളി ‘പൂമ്പാറ്റ സിനി’ കാപ്പ നിയമപ്രകാരം അറസ്റ്റിൽ

Janayugom Webdesk
തൃശൂർ
June 16, 2023 9:22 pm

വ്യാജ സ്വണ്ണം പണയം വച്ച് സ്ഥാപനങ്ങളേയും വ്യക്തികളേയും ചതിക്കുകയും, ഗൂഡാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലും വഞ്ചന കേസുകളിലും പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ (48) എന്ന പൂമ്പാറ്റ സിനിയാണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ ജില്ലാ കളക്ടർ വിആർ കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ജയിൽശിക്ഷ വിധിച്ചത്.ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. വാടകക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽ നിന്നും ഇൻസ്പെക്ടർ ബെന്നിജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ജില്ലാ കളക്ടർക്കു മുമ്പാകെ ഹാജരാക്കിയത്.

സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയാണ് ഇവരുടെ രീതി. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നൂറു കണക്കിന് തട്ടിപ്പുകേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. ആരെയും വശീകരിക്കുന്ന ഇവരുടെ സംഭാഷണ ചാതുരിയിൽ പലരും വിശ്വസിച്ച് വീണുപോകുകയായിരുന്നു. വലിയ മുതലാളിയാണെന്നും, സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നുമൊക്കെ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കും. പണം തട്ടിയെടുത്തതായി ഇരകൾക്ക് തോന്നാതിരിക്കാൻ പല തരത്തിലുള്ള സംഭവങ്ങളാണ് ഇവർ അവതരിപ്പിക്കുക. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും.

ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചിട്ടുണ്ടെങ്കിലും, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കേസിലും ഇതുവരേയും ശിക്ഷിക്കപ്പെട്ടിട്ടില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ഇവര്‍ ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു.

കേസുകൾ

ആലപ്പുഴ ജില്ലയിൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും, എറണാകുളം മുളവുകാട്, ചെങ്ങമനങ്ങാട്, തോപ്പുംപടി, ടൌൺ സൌത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശൂർ പുതുക്കാട്, കൊടകര, മാള, ടൌൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2008 ൽ ആലപ്പുഴ അരൂർ പൊലീസ് സ്റ്റേഷനിൽ ഒരു വ്യാപാരിയുടെ അസ്വാഭാവിക മരണവുമായി രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ സിനി അയാളുമായി സൗഹൃദത്തിലായി നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപയിലധികം പണം തട്ടിയെടുക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വ്യാപാരി ജീവനൊടുക്കിയത്. 2014 ൽ എറണാകുളം കണ്ണമാലിയിൽ സ്വർണനിർമ്മിതമായ നടരാജ വിഗ്രഹം വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസും, മറ്റൊരാളിൽ നിന്നും 6.5 ലക്ഷം രൂപയും തട്ടിയെടുത്തതിന് കേസുണ്ട്.

2014ൽ എറണാകുളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ നിന്നും 45.75 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയും, ബാങ്കിൽ നിന്നും പണം എടുത്ത് വരാം എന്നു പറഞ്ഞ് അവിടെ നിന്നും മുങ്ങി പണം നൽകാതെ ചതി ചെയ്തതിന് കേസുണ്ട്.
എറണാകുളം ഫോർട്ട് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഭാര്യയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കൊച്ചിയിലെ വ്യാപാരിയിൽ നിന്നും 22 ലക്ഷം തട്ടിയെടുത്തതിന് മറ്റൊരു കേസുണ്ട്.

തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട കേസുകൾ

തൃശൂർ ജില്ലയിൽ മാത്രം 8 വിവിധ പോലീസ് സ്റ്റേഷനുകളിലായി 32 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2012ൽ കാസർഗോഡ് നിന്നുള്ള ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട തൃശൂരിലെ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 11 പവൻ സ്വർണം തട്ടിയെടുത്തതാണ് ആദ്യ കേസ്. സ്വർണം തിരികെ ചോദിച്ചപ്പോൾ അവരെ ഭീഷണിപ്പെടുത്തിയെന്ന പരാതിപ്രകാരം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ സിറ്റി ഷാഡോ പൊലീസാണ് പ്രതിയെ പിടികൂടിയത്.

2016ൽ പുതുക്കാട് കിണറിൽ നിന്നും സ്വർണവിഗ്രഹം കണ്ടെത്തിയത് വിൽപ്പന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപയിലധികം തട്ടിയെടുത്തു.
2017 ൽ പുതുക്കാട് സ്വദേശിയെ സ്വർണ ബിസിനസിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസിയുടെ കൈയിൽ നിന്നും 74 ലക്ഷവും തട്ടിയെടുത്തു. 2017 ൽ തന്നെ പുതുക്കാട് സ്വദേശിയിൽ നിന്നും 72 ലക്ഷവും, ബിസിനസ്സിൽ പാർട്ട്ണർ ആക്കാമെന്നു പറഞ്ഞ് മറ്റു മൂന്നു പേരിൽ നിന്നും 15 ലക്ഷവും തട്ടിയെടുത്തു.

2017ൽ പുതുക്കാട് സ്വദേശിയെ പൈനാപ്പിൾ കൃഷിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തു. 2017ൽ പുതുക്കാട് സ്വദേശിയിൽ നിന്നും വ്യാജ ഇടപാടിലൂടെ 12.5 ലക്ഷം രൂപ തട്ടിയെടുത്തു. 2017ൽ ടൌൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജ്വല്ലറി ഉടമയിൽ നിന്നും 27 ലക്ഷം രൂപയും 70 ഗ്രാം സ്വർണവും തട്ടിയെടുത്തു.

2018ൽ ഒല്ലൂരിലെ നിധി കമ്പനി മാനേജരിൽ നിന്നും 5.30 ലക്ഷ രൂപ തട്ടിയെടുത്തതിന് കേസുണ്ട്. 2019ൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് 3 ലക്ഷം രൂപ അപഹരിച്ചു. 2020ൽ ഒല്ലൂർ മഡോണ നഗറിൽ സ്ത്രീയെ കരിങ്കല്ലുകൊണ്ട് തലക്കടിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 ൽ തൃശൂരിൽ തുടങ്ങുന്ന സിങ്കപ്പൂർ ഡയമണ്ട് നക്ലസ് ജ്വല്ലറിയിൽ പാർട്ട്നർ ആക്കാമെന്നു പറഞ്ഞ് പരാതിക്കാരിയിൽ നിന്നും 20 പവൻ സ്വർണ്ണവും ആറുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ തട്ടിയെടുത്തു.

2023 ൽ ഒല്ലൂരിൽ വച്ച് കാർ കച്ചവടം ഉറപ്പിച്ചശേഷം മറ്റൊരാൾക്ക് മറിച്ചുവിറ്റ് വാഹനവും ആറുലക്ഷത്തി അൻപതിനായിരം രൂപയും തട്ടിയെടുത്തതിന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിലും വിവിധ ധനകാര്യ സ്ഥാപനങ്ങളിലുമായി മുക്കുപണ്ടം പണയം വെച്ച് 31 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിന് ടൌൺ ഈസ്റ്റ്, നെടുപുഴ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളുണ്ട്. തട്ടിയെടുത്ത പണത്തിന്റെയും സ്വർണത്തിന്റേയും മൂല്യം കണക്കാക്കുമ്പോൾ കോടിക്കണക്കിനു രൂപ വരും.

Eng­lish Summary:
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.