24 November 2024, Sunday
KSFE Galaxy Chits Banner 2

ഇല്ലത്തെ പെണ്ണുങ്ങള്‍ അക്ഷരം പഠിച്ചാലെന്താ?

ജനയുഗം
July 6, 2023 6:52 pm

ല്ലത്തെ പെണ്‍മ്പിള്ളേര്‍ക്ക് പള്ളിക്കൂടത്തില്‍ ചെന്നുള്ള പഠനം വിലക്കപ്പെട്ടിരുന്ന കാലത്ത് മണലിലെഴുതിപ്പഠിച്ച അക്ഷരങ്ങള്‍ക്ക് പൂമണമാണുള്ളതെന്ന് ദേവകി നിലയങ്ങോട് മലയാള സാഹിത്യത്തെ അനുഭവിപ്പിച്ചു. അകത്തളങ്ങളില്‍ അന്തര്‍ജനങ്ങള്‍ അനുഭവിച്ച ദുരവസ്ഥകളെ തുറന്നുകാട്ടാനും അതേ അക്ഷരങ്ങളെ ആയുധമാക്കി. ആ അക്ഷരങ്ങളില്‍ മാത്രമായിരുന്നില്ല, വാത്സല്യം സ്ഫുരിക്കുന്ന നറുപുഞ്ചിരിക്കുള്ളിലും ഒരു പോരാളിയുടെ വീര്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ‘അന്തർജനങ്ങൾ വായിച്ചു തുടങ്ങിയാൽ സ്വന്തമായി ചിന്തിക്കാനോ വ്യക്തിത്വമുള്ളവരായി വളരാനോ ഇടവന്നാലോ?’- കുട്ടിക്കാലത്തെക്കുറിച്ച് ചോദിച്ചാല്‍ ദേവകി നിലയങ്ങോട് പറഞ്ഞെത്തുന്നത് ഒരുകാലഘട്ടം സ്ത്രീകളോട് കാണിച്ച വിവേചനത്തിന്റെ ഈ ചോദ്യത്തിലേക്കായിരിക്കും. വര്‍ത്തമാനം കത്തിക്കയറി പഴയകാല പോരാട്ടങ്ങളിലേക്കും കടക്കും. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തണമെന്ന നിലപാടുമായാണ് ദേവകി നിലയങ്ങോട് പിന്നെ സഞ്ചരിച്ചതെല്ലാം.

തികച്ചും യാഥാസ്ഥിതികകുടുംബമായിരുന്ന പകലാവൂർ ഇല്ലത്താണ് ദേവകി നിലയങ്ങോട് ജനിച്ചത്. പഠിക്കാനും വായിക്കാനും കുഞ്ഞിലേ കൊതിയായിരുന്നു. നമ്പൂതിരിമാർക്കുവേണ്ടി ഇല്ലത്ത് വരുത്തിയിരുന്ന ആനുകാലികങ്ങൾപോലും പക്ഷെ അന്തർജനങ്ങൾക്ക് വായിക്കാൻ കൊടുക്കാറില്ല. മറ്റുള്ള കുട്ടികൾ സ്കൂളിൽ പോയി പഠിക്കുമ്പോൾ ഇല്ലത്തെ പെണ്‍കുട്ടികള്‍ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടേണ്ട അവസ്ഥ. മനസ് കലുഷിതമാവാതിരിക്കാന്‍ മറ്റെന്ത് കാരണം വേണം. ജനിച്ചുവളര്‍ന്ന ഇല്ലത്തുതന്നെ അസമത്വം നിലനില്‍ക്കുന്നു. അതിനെതിരെ ചിന്തകള്‍ പെരുകി. ചിലപ്പോഴൊക്കെ പ്രതികരിക്കാനും.

പെണ്ണുങ്ങള്‍ക്ക് പുരാണങ്ങൾ വായിക്കാൻവേണ്ടി ലഭിച്ച ഒരു സൗജന്യമായിരുന്നു മണലില്‍ അക്ഷരം എഴുതിപഠിക്കല്‍. അക്കാലത്ത് ആ അക്ഷരപഠനം മുതലാക്കുകയായിരുന്നു ദേവകി എന്ന നമ്പൂതിരിപ്പെണ്‍കൊടി.

1942ൽ ദേവകിയെ വേളി കഴിച്ചുകൊണ്ടുപോയത് പുരോഗമന ചിന്താഗതിക്കാരായ നിലയങ്ങോട് ഇല്ലത്തേക്കായിരുന്നു. ഭർതൃഗൃഹത്തിലേക്ക് വേളിയെ കൂട്ടികൊണ്ടുപോകുന്ന കുടിവയ്പ് എന്ന ആചാരമുണ്ട്. കണ്ടും കേട്ടും അറിഞ്ഞ ആ വൈകാരികമായ ചടങ്ങ് പക്ഷെ ദേവകിയുടെ കാര്യത്തില്‍ വ്യത്യസ്തമായിരുന്നു. കുടിവയ്പിന് അകമ്പടി ഇൻക്വിലാബിന്റെ ഈരടികള്‍. താന്‍ കണ്ടിട്ടുള്ള ഈ ചടങ്ങിന് ആരവമായി കേട്ടിരുന്നത് സ്ത്രീകളുടെ വകയായ കുരവയിടലായിരുന്നു. ഇവിടെ എന്താണ് ഇങ്ങനെയെന്ന് മനസിലാകാതെ അമ്പരപ്പും ഭയവുമായിരുന്നു അന്ന് ദേവകിക്ക്. അക്ഷരാര്‍ത്ഥത്തില്‍ ആ വരവേല്പ് അവര്‍ക്കൊരു വഴിത്തിരിവായിരുന്നു.

നിരന്തരമായ വായന ജീവിതത്തിന് കൂട്ടായെത്തി. പുറംലോകം എന്താണെന്ന് കാണാനായി. ഇല്ലത്തേക്കാള്‍ ദുരിതംപേറിയാണ് സമൂഹത്തിലെവിടെയും അന്ന് സ്ത്രീകള്‍ കഴിഞ്ഞതെന്ന് തിരിച്ചറി‍ഞ്ഞു. അതിനെതിരെ പറയാനും എഴുതാനും അവസരമൊരുങ്ങി. ആര്യാ അന്തർജനം, പാർവതി നിലയങ്ങോട്, പാർവതി നെന്മിനിമംഗലം എന്നിവരുമായി ബന്ധം സ്ഥാപിക്കാനായതോടെ തന്റെ പ്രവര്‍ത്തനത്തിന്റെയും ചിന്തകളുടെയും തലം മാറി.

1945ൽ സുപ്രസിദ്ധമായ ഓങ്ങല്ലൂർ സമ്മേളനത്തിലടക്കം ദേവകി നിലയങ്ങോട് പങ്കെടുത്തു. പുരുഷന്മാരോടൊപ്പം ധാരാളം അന്തർജനങ്ങളും ഓങ്ങല്ലൂരിലെ യോഗത്തിൽ പങ്കെടുത്തു. ഈ സമ്മേളനത്തിൽ വച്ചായിരുന്നു ഇഎംഎസ് ‘നമ്പൂതിരിയെ മനുഷ്യനാക്കണം’ എന്ന പ്രഖ്യാപനം നടത്തിയത്. ഇത് വലിയ പ്രചോദനമായി. ദേവകി നിലയങ്ങോടും സമാജത്തിലെ ഒരു അംഗവും പ്രവർത്തകയുമായി. അന്തർജനസമാജം എന്നൊരു സംഘടനയും രൂപീകരിച്ചു. ഇവയുടെ നേതൃനിരയില്‍ ദേവകിയും നിലകൊണ്ടു. അന്തർജനങ്ങള്‍ക്ക് ബോധവൽക്കരണം നടത്തുകയായിരുന്നു സമാജത്തിന്റെ ഉദ്ദേശ്യം. ഈ പ്രവർത്തനങ്ങളിൽ പാർവതി നെന്മിനിമംഗലം, ആര്യാ പള്ളം എന്നിവരോടൊപ്പം വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ ആവശ്യം സ്ത്രീകളെ പറഞ്ഞുമനസിലാക്കുക എന്ന ദൗത്യത്തിൽ ദേവകി നിലയങ്ങോടും പ്രധാന പങ്കുവഹിച്ചു. ‘നമ്മുടെ വിധിതന്നെയാകണോ നമ്മുടെ കുട്ടികൾക്കും? ’ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ഓരോ ഇടപെടലും. നാലുകെട്ടിലെ ഇരുണ്ട ലോകത്തുതുടങ്ങി അവിടെത്തന്നെ ഒടുങ്ങിയിരുന്ന ജീവിതങ്ങളെ കൈപിടിച്ചുണര്‍ത്തി.

ഓങ്ങല്ലൂര്‍ സമ്മേളനത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ശുകപുരത്ത് അന്തർജനങ്ങളുടെ സമ്മേളനം നടന്നു. കേൾവിക്കാരിൽ പുരുഷന്മാരും ചേര്‍ന്ന വലിയ സമ്മേളനം ആയിരുന്നു ശുകപുരത്തേത്. പിന്നെ ഒറ്റപ്പാലത്തും സമ്മേളനം കൂടി. പാർവതി നെന്മിനിമംഗലവും ദേവകി നിലയങ്ങോടും പ്രസിഡന്റും സെക്രട്ടറിയുമായി സംഘടന പ്രവർത്തിച്ചു. എല്ലാ സമുദായക്കാരും ഒറ്റക്കെട്ടായാണ് അക്കാലത്ത് അനാചാരങ്ങൾക്കെതിരെ പോരാടിയത്. ഇന്ന് സമുദായങ്ങൾ തമ്മിലുള്ള ഐക്യം കുറഞ്ഞുവരികയാണെന്ന അഭിപ്രായം പലപ്പോഴും ദേവകി നിലയങ്ങോട് പറയുമായിരുന്നു.

Eng­lish Sam­mury: A trib­ute to late social reformer Deva­ki Nilayam­gode, by janayu­gom web desk

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.