1 March 2024, Friday

മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് അന്ത്യാഭിലാഷം പറയുന്നത്

വിയാര്‍
July 27, 2023 5:30 am

’ തിരുവനന്തപുരം, ജൂലൈ27 — സഖാവ് കാമ്പിശേരി കരുണാകരന്‍ നിര്യാതനായ വിവരം തീവ്രമായ ദുഃഖത്തോടെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. പത്രപ്രവര്‍ത്തനരംഗത്തും അഭിനയരംഗത്തും സാഹിത്യ‑രാഷ്ട്രീയമണ്ഡലങ്ങളിലും മായാത്ത വ്യക്തിമുദ്രപതിപ്പിച്ച കാമ്പിശേരി ഇന്ന് വൈകീട്ട് 4.20ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് നമ്മെ വിട്ടുപിരിഞ്ഞത്’-ജനയുഗത്തെയും രാഷ്ട്രീയ‑സാംസ്കാരിക കേരളത്തെയും കണ്ണീരിലാഴ്‌ത്തിയ ഈ വാര്‍ത്തയുടെ ഇന്‍ഡ്രോ ഇങ്ങനെയായിരുന്നു; ”കഴിഞ്ഞ മൂന്നുദശാബ്ദക്കാലം കേരളത്തിലെ കലാ-സാംസ്കാരിക‑രാഷ്ട്രീയ രംഗങ്ങളില്‍ പ്രകാശം പരത്തിയ ആ തീനാളം ഇന്ന് കെട്ടടങ്ങി. ‘ജനയുഗ’ത്തിന്റെ മാനേജിങ് എഡിറ്ററും മധ്യതിരുവിതാംകൂറിലെ തീപാറുന്ന രണസ്മൃതികളുടെ പ്രിയപുത്രനുമായ കാമ്പിശേരിക്ക് മരിക്കുമ്പോള്‍ 55 വയസായിരുന്നു പ്രായം”…

കാമ്പിശേരിയെന്ന പത്രപ്രവര്‍ത്തനരംഗത്തെ അതികായന്റെ ചരമവാര്‍ത്ത നാലര പതിറ്റാണ്ടിനിപ്പുറമിരുന്ന് വീണ്ടും വായിച്ചെടുക്കുമ്പോള്‍, വലിയൊരു കാലഘട്ടമാണ് സ്മരിക്കപ്പെടുന്നത്. വലിയൊരു ചരിത്രവും. മരണത്തിന്റെ പിറ്റേന്ന് പുറത്തുവന്ന ജനയുഗത്തിന്റെ ഒന്നാംപേജിലെ പ്രധാനവാര്‍ത്ത കാമ്പിശേരിയുടെ നഷ്ടം തന്നെയാണ്. കെ രംഗനാഥ് പകര്‍ത്തിയ ആ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നുണ്ട്, ‘കാമ്പിശേരിയുടെ അന്ത്യനിമിഷങ്ങളില്‍ പേവാര്‍ഡും പരിസരവും വമ്പിച്ച ജനക്കൂട്ടത്താല്‍ നിബിഡമായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി എന്‍ ഇ ബാലറാം, മന്ത്രിമാരായ പി കെ വാസുദേവന്‍ നായര്‍, കാന്തലോട്ട് കുഞ്ഞമ്പു, കെഎസ്‌ടിസി നേതാവ് പി ഭാസ്കരന്‍, വി ലക്ഷ്മണന്‍, സി ആര്‍ രാമചന്ദ്രന്‍(ജനയുഗം), കെ ഗോവിന്ദപിള്ള, ജി കാര്‍ത്തികേയന്‍, കാമ്പിശേരിയുടെ ജ്യേഷ്ഠനായ ശങ്കരന്‍ വൈദ്യര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി…’

മറ്റൊരു കാഴ്ചയും അതില്‍ എടുത്തുപറയുന്നു. ‘ബാല്യകാലം മുതല്‍ മരിക്കുവോളം തന്റെ ഉറ്റതോഴനായിരുന്ന കാമ്പിശേരി എന്നന്നേയ്ക്കുമായി തന്നെ വിട്ടുപിരിയുന്നുവെന്ന ദുഃഖപൂരിതസത്യം തോപ്പില്‍ ഭാസിയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. പേവാര്‍ഡിന്റെ തെക്കേവശത്തുള്ള ജാലകത്തിനടുത്ത് ഏകാകിയായി നിന്ന് അനന്തതയിലേക്ക് നോക്കി ഭാസി കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു’.

കാമ്പിശേരിയും തോപ്പില്‍ ഭാസിയും

- വിവിധ രാഷ്ട്രീയ‑സാമൂഹ്യ സംഘടനകളുടെ പേരിലും സ്ഥാപനങ്ങളുടെ പേരിലും പുഷ്പചക്രങ്ങളും മൃതദേഹത്തില്‍ സമര്‍പ്പിക്കപ്പെട്ടു. അഞ്ചരമണിക്ക് കൊല്ലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. രക്തപതാകയില്‍ പൊതിഞ്ഞ കാമ്പിശേരിയുടെ മൃതദേഹം അസംഖ്യം വാഹനങ്ങളുടെ അകമ്പടിയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ഓഫീസിലേക്ക് കൊണ്ടുവരികയും ‘ജനയുഗം’ സിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന മുറിയില്‍ അന്ത്യാഭിവാദ്യമരുളാന്‍ കിടത്തുകയും ചെയ്തു.’

കാമ്പിശേരിയുടെ വേര്‍പാടിന്റെ നൊമ്പരങ്ങള്‍ പങ്കുവച്ച് അന്ന് ഒരുപാടുപേര്‍ നല്‍കിയ അനുശോചന സന്ദേശങ്ങളും കുറിപ്പുകളും ജനയുഗത്തിന്റെ വിവിധ പേജുകളിലായി വായിച്ചു.

‘എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല..’ എന്നായിരുന്നു തകഴി ശിവശങ്കരപ്പിള്ള എഴുതിത്തുടങ്ങിയത്. ‘വിപ്ലവബോധമുള്ള പത്രപ്രവര്‍ത്തകന്‍, നിശ്ചയദാര്‍ഢ്യമുള്ള രാഷ്ട്രീയപ്രവര്‍ത്തകന്‍, നല്ല സഹൃദയന്‍ ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു വലിയ മനുഷ്യനായിരുന്നു കാമ്പിശേരി’-തകഴി അനുസ്മരിച്ചു.

‘എനിക്ക് ഏറ്റവും വലിയ മഹാനായ സുഹൃത്തിനെ നഷ്ടമായി. ഈ ദുഃഖം എനിക്ക് സഹിക്കാനാവില്ല’-മലയാള സിനിമാരംഗത്തെ അതുല്യനടനായ പ്രേംനസീര്‍ കാമ്പിശേരിയെ സ്മരിച്ചത് ഇങ്ങനെയായിരുന്നു. കെ പി ഉമ്മറും അടൂര്‍ഭാസിയും അന്ന് സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന പവനും ജി ശങ്കരപ്പിള്ളയുമെല്ലാം അനുശോചനക്കുറിപ്പുകളയച്ചു.

1922ല്‍ മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നത്താണ് കാമ്പിശേരി കരുണാകരന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് മെട്രിക്കുലേഷന്‍ പരീക്ഷയെഴുതിയ കാമ്പിശേരി, തുടര്‍ന്ന് തിരുവനന്തപുരം സംസ്കൃത കോളജില്‍ ചേര്‍ന്നു. അവിടെ വിദ്യാര്‍ത്ഥിയായിരിക്കെ 1942ലെ ക്വിറ്റ്ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 1944ല്‍ ആദ്യമായി അറസ്റ്റുവരിക്കുമ്പോള്‍ കാമ്പിശേരിയുടെ വയസ് 21 ആയിരുന്നു. ഒരു വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞു. ജയില്‍ മോചനത്തിനുശേഷം മധ്യതിരുവിതാംകൂറിലെ കോണ്‍ഗ്രസ് പ്രര്‍ത്തനങ്ങളില്‍ സജീവമായി. കോണ്‍ഗ്രസ് കായംകുളം ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളോട് സന്ധിയാകാന്‍ കഴിയാത്ത യുവജനവിഭാഗത്തോടൊപ്പം അദ്ദേഹം പാര്‍ട്ടിവിട്ടു.

1947ലാണ് കാമ്പിശേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്. വയലാര്‍ സമരത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തില്‍ വള്ളിക്കുന്നത്തെ യാതനകളനുഭവിക്കുന്ന കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് ജന്മിമാര്‍ക്കെതിരെ സമരം ചെയ്തു.

കഷ്ടപ്പാടും പ്രയാസങ്ങളും അനുഭവിച്ച് ആ കാലഘട്ടത്തില്‍ തന്നെ പത്രപ്രവര്‍ത്തനരംഗത്തും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചു. പുരോഗമന ചിന്താഗതികളെ പ്രതിഫലിപ്പിച്ചിരുന്ന ‘കേരളം’ എന്ന പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യുവകേരളം, കേരളം, വിശ്വകേരളം, പൗരധ്വനി എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായും കാമ്പിശേരി പ്രവര്‍ത്തിച്ചു. 1954ല്‍ ജനയുഗം പത്രാധിപസമിതി അംഗമായി. പത്രം ബാലാരിഷ്ടതകള്‍ നിറഞ്ഞ കാലമായിരുന്നു അത്. കാമ്പിശേരിയും സഹപ്രവര്‍ത്തകരും ജനയുഗത്തിന്റെ വളര്‍ച്ചയ്ക്കായി പൊരുതുകകൂടിയായിരുന്നു, പിന്നീട്. 1962ല്‍ കാമ്പിശേരി ജനയുഗത്തിന്റെ ചീഫ് എ‍‍ഡിറ്ററായി. ജനയുഗം വാരികയുടെയും പത്രത്തിന്റെയും സിനിരമയുടെയും ബാലയുഗത്തിന്റെയും വളര്‍ച്ചയില്‍ കാമ്പിശേരിയുടെ പങ്ക് അതിനിര്‍ണായകമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ അതിന്റെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തില്‍ നിര്‍ഭയമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു കാമ്പിശേരി. 1951ലെ പൊതുതെരഞ്ഞെടുപ്പില്‍ തിരു-കൊച്ചി നിയമസഭാംഗമായി കായംകുളത്തെ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചു. സഭയിലെ കാമ്പിശേരിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ‑സാംസ്കാരിക കേരളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഒന്നായിരുന്നു. കേരളത്തിന്റെ പുതുയുഗപ്പിറവിക്ക് കാരണമായ തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ നിരോധനം നീക്കുന്നതിന് ഭരണാധികാരികളെ പ്രേരിപ്പിച്ചതിന് പിന്നില്‍ കാമ്പിശേരിയുടെ നിയമസഭയിലെ പ്രകടനം ഒന്നുമാത്രമായിരുന്നു. അങ്ങനെയുള്ള ഒരു മഹാപ്രതിഭയുടെ വേര്‍പാട് അന്നൊരു ചരിത്രം തന്നെയായിരുന്നു.

”റീത്ത് സമര്‍പ്പണവും മറ്റേര്‍പ്പാടുകളും ഒന്നും വേണ്ടാ. അനുശോചന യോഗം കൂടരുത്. മതാചാരമനുസരിച്ചുള്ള ചടങ്ങുകള്‍ പാടില്ല. മൃതദേഹം വള്ളിക്കുന്നത്തുകൊണ്ടുപോയി എന്റെ അച്ഛനെ ‘കുഴിച്ചിട്ട’തിനു സമീപത്തായി ‘കുഴിച്ചിടണം” — കാമ്പിശേരിയുടെ അന്തിമാഭിലാഷം ഇത്രമാത്രമായിരുന്നു. മരിക്കുന്നതിന് നാല് ദിവസം മുമ്പ് ജൂലൈ 23ന് രാത്രി 9.15നാണ് അദ്ദേഹം തന്റെ അന്ത്യാഭിലാഷക്കുറിപ്പ് തയ്യാറാക്കാനായി അടുത്തുണ്ടായിരുന്ന ഭാര്യയോടും മക്കളോടും നിര്‍ദ്ദേശിച്ചത്. ‘ഞാന്‍ ഇനി വേഗം മരിച്ചുപോകും’ എന്നുപറഞ്ഞുകൊണ്ടാണ് ആശുപത്രി കിടക്കയില്‍ നിന്നും പെട്ടെന്ന് എണീറ്റിരുന്ന് അവരോട് ആ നിര്‍ദ്ദേശം നല്‍കിയത്.

മുഖപ്രസംഗമില്ലാതെ ജനയുഗം

കാമ്പിശേരിയുടെ വേര്‍പാടിന്റെ തീരാവേദനയില്‍ പത്രം അന്ന് മുഖപ്രസംഗം എഴുതിയില്ല. ഓഫീസും പ്രവര്‍ത്തിച്ചില്ല. എഡിറ്റ് പേജില്‍ ഒഴിച്ചിട്ട ആ കോളത്തിനപ്പുറത്ത് കാമ്പിശേരിയുടെ ലഘുജീവചരിത്രം വിവരിക്കുന്ന കുറിപ്പ് അച്ചടിച്ചുവന്നു. ഒപ്പം തന്റെ കുടുംബത്തോടൊപ്പമുള്ള കാമ്പിശേരിയുടെ ചിത്രവും. ആ കുറിപ്പില്‍ എഴുതിയതുപോലെ ‘സംതൃപ്തിനിറഞ്ഞ ഒരു കൊച്ചുകുടുംബത്തിന്റെ നായകന്‍’…

കാമ്പിശേരി കരുണാകരന്റെ ചരമവാര്‍ഷികമാണിന്ന്. ദീപ്തമായ ആ സ്മരണയ്ക്ക് മുന്നില്‍ ജനയുഗം പ്രവര്‍ത്തകരുടെ ആദരാഞ്ജലികള്‍…

Eng­lish Sam­mury: Kam­bis­seri Karunakaran, Mem­o­ries of the obituary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.