ഗാന്ധിജിയും ലെനിനും ടാഗോറും വള്ളത്തോളും ആൽബർട്ട് ഐൻസ്റ്റീനും സി വി രാമനും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും ജീവിച്ച കാലത്തു ജീവിക്കാൻ സാധിച്ചത് സൗഭാഗ്യമാണ്, എനിക്കും എന്റെ തലമുറയ്ക്കും’- അരനൂറ്റാണ്ട് മുമ്പ്, 1973 ജൂലൈ 10 ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പി നാരായണൻ നായർ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് ‘അരനൂറ്റാണ്ടിലൂടെ’ എന്ന തന്റെ ആത്മകഥയിൽ കുറിച്ച വാക്കുകളാണിത്. പിഎൻ എന്ന രണ്ടക്ഷരത്തിൽ രാജ്യമാകെ അറിയപ്പെട്ടിരുന്ന നാരായണൻ നായരുടെ വിയോഗത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. ‘അരനൂറ്റാണ്ടിലൂടെ’ സാംസ്കാരിക കൈരളിക്ക് സമർപ്പിച്ചതും 1973 മേയ് മൂന്നിനായിരുന്നു. ഭാരതപ്പുഴയ്ക്ക് തെക്ക് പഴയ പേരാറ്റു വീഥിയിൽ ചേലക്കരയ്ക്കടുത്ത് കർഷക കുടുംബത്തിൽ കിഴക്കേതിൽ വെള്ളിയാട്ട് നാരായണൻ നായർ പേരാട്ട് പാറുക്കുട്ടി ദമ്പതികളുടെ മകനായി 1906 ഏപ്രിൽ മാസത്തിലാണ് ജനനം. കിള്ളിമംഗലത്തെ സർക്കാർ പ്രൈമറി സ്കൂളിൽ അഞ്ചു വർഷത്തെ വിദ്യാഭ്യാസം. ലോക മാറ്റം വിളിച്ചോതിയ റഷ്യൻ വിപ്ലവത്തെക്കുറിച്ച് ആ കുഞ്ഞുമനസിലേക്ക് പകർന്നു നൽകിയത് അവിടുത്തെ അധ്യാപകരാണ്. ഒന്നാം ലോക മഹായുദ്ധത്തെപ്പറ്റി കേട്ടറിവുണ്ടായത് അയൽവാസിയും കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെ ജീവനക്കാരനുമായിരുന്ന കാളാത്തു നാരായണൻ നായർ കയ്യിൽ കരുതുമായിരുന്ന ‘സുപ്രഭാതം’ പത്രത്തില്‍ നിന്നും. വടക്കാഞ്ചേരി ഹൈസ്കൂളിൽ സെക്കന്‍ഡറി പഠനകാലത്ത് മൂന്നു വർഷം സാഹിത്യ സമാജം സെക്രട്ടറിയായി പ്രവർത്തിച്ചു. അക്കാലത്ത് വായനയിലും കമ്പം വളർന്നു. അന്ന് തെക്കുംകര, കരുമത്ര വായനശാലകൾ നാട്ടിൻപ്രദേശത്തെ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയായിരുന്നു. സ്കൂൾ ഫൈനൽ പരീക്ഷ കഴിഞ്ഞപ്പോൾ തോന്നൂർക്കരയിലുള്ള എയ്ഡഡ് പ്രൈമറി സ്കൂളിൽ ഹെഡ് മാസ്റ്റർ തസ്തികയിൽ നിയമിതനായി. അക്കാലത്ത് നാട്ടിന്‍പുറങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ജോലിയന്വേഷിച്ച് നഗരങ്ങളിലേക്കും മറുനാട്ടിലേക്കുമാണ് പോയിരുന്നത്. അങ്ങനെയൊരു മോഹം നാരായണൻ നായരിലും കിളിർത്തു. ആയിടയ്ക്കാണ് മദിരാശി കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന അഡ്വ. ഡി എ കൃഷ്ണവാരിയർ നാട്ടിൽ വന്നത്. അദ്ദേഹത്തെ തന്റെ ആഗ്രഹം അറിയിച്ചു.
പിന്നാലെ മദിരാശിയിലെത്തി വക്കീലിന്റെ സഹായത്തോടെ ജോലി തരപ്പെടുത്തിയതോടെ അധ്യാപക ജോലി രാജി വച്ചു. വാഷർമാൻ പേട്ടയിലെ റിലയൻസ് എന്‍ജിനീയറിങ്ങ് എന്ന കമ്പനിയിലാണ് ജോലിക്ക് കയറിയത്. പത്രപ്രവർത്തനത്തിലും പിഎന്നിന് കമ്പമുണ്ടായിരുന്നു. ജസ്റ്റിസ് പാർട്ടിയുടെ മുഖപത്രമായ ‘ജസ്റ്റിസി‘ലാണ് ആദ്യം പത്രപ്രവര്‍ത്തകനായത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്പൂർണ സമ്മേളനം 1927 ഡിസംബർ ആദ്യവാരത്തിൽ എഗ്‍മൂറിൽ നടന്നു. സോഹൻ സിങ് ജോഷി, എസ് വി ഘാട്ടെ, എസ് എസ് മിറാജ്കർ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ കാണാനും അടുത്തിടപഴകുവാനും അവസരമുണ്ടായി. സ്വതന്ത്ര ഇന്ത്യയിൽ തൊഴിലാളികളുടെയും കൃഷിക്കാരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സ്ഥിതി എന്തായിരിക്കണമെന്ന് വിശദീകരിക്കുന്ന ഒരു ലഘുലേഖ അവർ പിഎന്നിന് കൈമാറി. എസ് എ ഡാങ്കെ രചിച്ച, ‘ഗാന്ധിജിയും ലെനിനും’ എന്ന പുസ്തകവും ഏറെ സ്വാധീനം ചെലുത്തി. ഗാന്ധിജി നേതൃത്വം നൽകിയ നിയമനിഷേധവും അതിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയും ഉപ്പുകുറുക്കൽ സമരവും കൊണ്ട് രാജ്യം പ്രക്ഷുബ്ധമായി. അവർണർക്ക് ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുരുവായൂർ സത്യഗ്രഹവും കോഴിക്കോട്, പയ്യാമ്പലം കടപ്പുറങ്ങളിൽ നടന്ന ഉപ്പുകുറുക്കൽ സമരവും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെയും മാറ്റിമറിച്ചു. 1932ല്‍ മാതൃഭൂമിയിൽ ജോലി തുടങ്ങിയ പിഎന്‍, അധികം വൈകാതെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. മാതൃഭൂമി പത്രാധിപരായിരുന്ന കെ മാധവൻ നായരുടെ ആകസ്മികമായ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഛായാചിത്രം ഗാന്ധിജിയാണ് അനാച്ഛാദനം ചെയ്തത്. ഗാന്ധിജിയെ അനുഗമിക്കാനും അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുവാനുമുള്ള അസുലഭാവസരം വിലമതിക്കാനാവാത്ത അംഗീകാരമായിട്ടാണ് പിഎൻ കണ്ടത്. 1933ലായിരുന്നു വിവാഹം, വധു കിള്ളിമംഗലം കാറാത്ത് കുഞ്ഞുമാളു അമ്മ. ദമ്പതികൾക്ക് ആറ് മക്കൾ പിറന്നു. ദിവാകരൻ, പ്രഭാകരൻ, സുധാകരൻ, ഇന്ദിര, ലീല, ഭാസ്കരൻ. കെ പ്രഭാകരൻ ദീർഘകാലം മാതൃഭൂമിയിലും പിന്നീട് സിപിഐ ഔദ്യോഗിക ജിഹ്വയായ നവയുഗത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ജവഹർലാൽ നെഹ്രുവിന്റെ ‘ഇന്ത്യ എങ്ങോട്ട്’ എന്ന ലേഖന പരമ്പരയിലൂടെ ലഭിച്ച പ്രചോദനമാണ് തന്നെ പൊതുപ്രവർത്തന തല്പരനാക്കിയത് എന്ന് പിഎൻ വിവരിക്കുന്നുണ്ട്.
സി കെ ഗോവിന്ദൻ നായർ പ്രസിഡന്റും പി കൃഷ്ണപിള്ള സെക്രട്ടറിയുമായുള്ള സോഷ്യലിസ്റ്റ് സംഘടന കേരളത്തില്‍ രൂപീകരിക്കപ്പെട്ടു. കൃഷ്ണപിള്ളയുടെ രാഷ്ട്രീയ നേതൃത്വവും സംഘടനാ വൈഭവവും ഹഠാദാകർഷിച്ചതിന്റെ വെളിച്ചത്തിൽ’ കോൺഗ്രസും സോഷ്യലിസവും’ എന്ന ശീർഷകത്തിൽ ഒരു ലേഖനം മാതൃഭൂമി വിശേഷാൽ പതിപ്പിൽ പിഎൻ എഴുതി. അതിനു മറുപടിയായി വിമർശനാത്മകമായ ലേഖനം കെ ദാമോദരനും എഴുതുകയുണ്ടായി. ആശയ വ്യക്തതയ്ക്ക് ഉപകരിച്ച വിമർശനമായിരുന്നു അത്. 1936 മുതൽ കെപിസിസി ഖജാൻജിയായി പിഎൻ പ്രവർത്തിച്ചു. 1939ൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1935 മുതൽ 39 വരെ തുടർച്ചയായി എഐസിസി സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. പിഎന്നിനെയും സഖാക്കളെയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ പി സുന്ദരയ്യയും എസ് വി ഘാട്ടെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. 1939 ൽ തലശേരിക്കടുത്ത് പിണറായിയിൽ എൻ ഇ ബാലറാമിന്റെ സ്ഥലത്തു വച്ച് ഒരു യോഗം ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നതിനുള്ള തീരുമാനം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകം ഏകകണ്ഠമായി അംഗീകരിച്ചു. ആദ്യത്തെ അഖില കേരള തൊഴിലാളി സമ്മേളനം കോഴിക്കോട്ടാണ് നടന്നത്. രണ്ടാമത്തേത് തൃശൂരിലും. മൂന്നാം സമ്മേളനത്തിന് വേദിയായത് 1939 ഫെബ്രുവരിയിൽ ആലപ്പുഴയിലെ കഞ്ഞിക്കുഴിയാണ്. അധ്യക്ഷനായി നിശ്ചയിച്ചിരുന്ന സുരേഷ് ബാനർജിക്ക് തിരുവിതാംകൂർ സർക്കാർ പ്രവേശനം നിഷേധിച്ചു. പകരം അധ്യക്ഷനായത് പി നാരായണൻ നായരായിരുന്നു. കിസാൻ സഭ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇതിന്റെ പേരിൽ അറസ്റ്റും ജയിൽവാസവും അനുഭവിച്ചു. മാതൃഭൂമിയിൽ നിന്നും പിരിഞ്ഞ ശേഷം’ പ്രഭാതം’ വാരികയുടെ മാനേജരായി ചുമതലയേറ്റു. ഇഎംഎസ് ആയിരുന്നു പത്രാധിപർ. അദ്ദേഹം ഒളിവിൽപ്പോയതിനെ തുടർന്ന് പത്രാധിപരുടെ ചുമതലയും ഏറ്റെടുത്തു. 1942ൽ സിപിഐ, അഖിലേന്ത്യാ തലത്തിൽ ‘പീപ്പിൾസ് വാർ’ എന്ന പേരിൽ ഒരു ഇംഗ്ലീഷ് വാരികയും പിറ്റേവർഷം’ ദേശാഭിമാനി’ വാരികയും പ്രസിദ്ധം ചെയ്തു. ഇഎംഎസ്, കെ ദാമോദരൻ, എം എസ് ദേവദാസ്, കെ കെ വാരിയർ, കെപിജി, ഇ വി ദേവ്, വി ടി ഇന്ദുചൂഡൻ എന്നിവർക്കൊപ്പം എഴുത്തിലും നടത്തിപ്പിലും പങ്കാളിയായി.
1946 ജനുവരിയിൽ ദേശാഭിമാനി ദിനപത്രമായപ്പോൾ മാനേജിങ് എഡിറ്ററായി. തിരുവിതാംകൂറിലെ ജനവിരുദ്ധ പോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തു. തിരുവിതാംകൂറിൽ പി കൃഷ്ണപിള്ള, കെ സി ജോർജ്, കെ ദാമോദരൻ, സി എസ് ഗോപാല പിള്ള, ശങ്കരനാരായണൻ തമ്പി തുടങ്ങിയവരെല്ലാം സജീവമായ റാഡിക്കൽ യൂത്ത് ലീഗിന്റെ പ്രവർത്തനം ശക്തമായിരുന്നു. എം എൻ ഗോവിന്ദൻ നായരെ യൂത്ത് ലീഗുമായി ബന്ധപ്പെടുത്തുന്നതിലും സെക്രട്ടറി സ്ഥാനം ഏറ്റെടുപ്പിക്കുന്നതിലും പിഎൻ മുഖ്യ പങ്ക് വഹിച്ചു. 1937ൽ ഇരിങ്ങാലക്കുടയിൽ ഒരു യുവജന സമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. രണ്ട് വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ശേഷം നേതാക്കൾക്കൊപ്പം സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുന്നതിൽ മുന്നിട്ടിറങ്ങി. സിപിഐയുടെ ഒന്നാം കോൺഗ്രസിൽ പ്രതിനിധിയായി പങ്കെടുത്ത് തിരിച്ചു വന്ന ശേഷം മുഖ്യമായും ശ്രദ്ധിച്ചത് ദുരന്ത നിവാരണ പ്രവർത്തനങ്ങളിലാണ്. മഞ്ചേരിയിലെ ദുരിതാശ്വാസ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബെല്ലാരി അലിപുരം സെൻട്രൽ ജയിലിൽ നാലു വർഷത്തെ ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. 1956ലാണ് മദിരാശി അസംബ്ലിയിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 1937ല്‍ കോഴിക്കോട് നഗരസഭാ കൗൺസിലറായിരുന്നു.
ഇന്ത്യയിൽ ഔദ്യോഗിക ഭാഷ നടപ്പിൽവരുത്തുന്നത് പരിശോധിക്കുന്ന പാർലമെന്റിന്റെ ഉന്നതാധികാര സമിതിയിൽ എസ് എ ഡാങ്കെ, ഹിരൺ മുഖർജി എന്നിവർക്കൊപ്പം സിപിഐയുടെ പ്രതിനിധിയായി. ദേശീയ ഐക്യവും അഖണ്ഡതയും മുൻനിർത്തിയുള്ള നിർദേശങ്ങളാണ് സിപിഐ സഖാക്കൾ സമർപ്പിച്ചത്. പാർട്ടിയുടെ ഒന്നാം കോൺഗ്രസ് മുതൽ പ്രതിനിധിയായി പങ്കെടുത്തിരുന്ന പിഎൻ, അമൃത്സറിൽ നടന്ന അഞ്ചാം പാർട്ടി കോൺഗ്രസിൽ കൺട്രോൾ കമ്മിഷൻ അംഗമായി. പത്ത് വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു. പാർട്ടിയുടെ പിളർപ്പിൽ വേദനിച്ചെങ്കിലും സിപിഐ നിലപാടിൽ ഉറച്ചു നിന്നു. മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിൽ പിഎൻ വഹിച്ച പങ്ക് നിസ്തുലമാണ്. സാധാരണക്കാർക്ക് ഗ്രഹിക്കാൻ കഴിയുംവിധത്തിൽ സരളമായിരുന്നു ഭാഷ. ‘മാർക്സിസം-അതിന്റെ പേരും വീര്യവും’ എന്ന ലഘുഗ്രന്ഥം മുതൽ മാർക്സിസ്റ്റ് തത്വചിന്ത, അർത്ഥ നീതി, രാഷ്ട്രീയ കമ്മ്യൂണിസം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ഒ യുവേദിന്റെ ‘എന്താണ് വൈരുധ്യാത്മക ഭൗതികവാദം’, ‘ചരിത്രത്തിന്റെ സാരഥ്യ ശക്തികൾ‑വീരപുരുഷൻമാരും ബഹുജനങ്ങളും’, ലിയോൺ ടിയേവിന്റെ ‘മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ’, ‘സംസ്കാരവും സാംസ്കാരിക വിപ്ലവവും’ (ലെനിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും), ദേർഴിൻ സ്കായുടെ’ ദേശീയതയുടെ പ്രശ്നം’, വി വിനോ ഗ്രദോവും, ദഷറിയേവും ചേർന്നെഴുതിയ ‘ഭാഷയും ഭാഷാ വികസനവും’ തുടങ്ങിയ പുസ്തകങ്ങളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. യാറോ ലാസ്കി എഴുതിയ സ്റ്റാലിന്റെ ജീവചരിത്രത്തിന്റെ വിവർത്തനം നടത്തിയത് 1943ൽ വെല്ലൂർ ജയിലിൽ വച്ചായിരുന്നു. ചാള്‍സ് പോൾസൺ രചിച്ച ‘ഇംഗ്ലീഷ് എപ്പിസോഡ്’ എന്ന നോവൽ ‘അടിയോരും ഉടയോരും’ എന്ന ശീർഷകത്തിൽ പ്രസിദ്ധപ്പെടുത്തി. നിക്കാലായ് മെയ്സകിന്റെ ‘സൈബീരിയ‑മഹത്തായ ഭാവിയുള്ള നാട്’ മൊഴിമാറ്റം നടത്തി. സ്വന്തം കാലത്തോടും സമൂഹത്തോടും താദാത്മ്യം പ്രാപ്രിച്ചുകൊണ്ട് ജീവിച്ച പി നാരായണൻ നായർ എന്ന സഖാവ് പിഎൻ ഇല്ലാതായിട്ട് അരനൂറ്റാണ്ട് തികയുമ്പോള്‍, സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയിലും കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിലും ജ്വലിക്കുന്ന സ്മരണയാണ് ആ ജീവിതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.