15 November 2024, Friday
KSFE Galaxy Chits Banner 2

അവള്‍ പറയുന്നു, സംഗീതമെന്ന മരുന്നാണ് തന്റെ അതിജീവനം

ശ്യാമ രാജീവ്
സ്ത്രീയുഗം
July 10, 2023 9:53 pm

വനി എന്നാല്‍ ഭൂമി എന്നാണ് അര്‍ത്ഥം. ഏതാണ്ട് ഭൂമിയെപ്പോലെ വലുപ്പം തോന്നുന്ന ഒരു രോഗത്തെ മനക്കരുത്തോടെ അതിജീവിച്ചവള്‍. ഏറെ പ്രതിസന്ധിനിറഞ്ഞ സമയത്ത് അതിനെയെല്ലാം ചിരിച്ചുകൊണ്ട് മറികടക്കാന്‍ അവള്‍ക്ക് സാധിച്ചു. ഇന്ന് ആ രോഗത്തേയും മറികടന്ന് മലയാളികളുടെ മനസില്‍ അവള്‍ ചേക്കേറി. തിരുവനന്തപുരം വെഞ്ഞാറമൂട് ആലന്തറ സ്വദേശിയായ അവനി എന്ന മിടുക്കി ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. അര്‍ബുദ രോഗത്തെ സംഗീതമെന്ന വരപ്രസാദത്താല്‍ അതിജീവിച്ച അവനി മലയാള സിനിമാ സംഗീത ലോകത്തേക്ക് ചുവടുവയ്ക്കുകയാണ്.

ചെറിയൊരു പനി വന്നാല്‍ പോലും പേടിച്ചുവിറക്കുന്നവര്‍ക്ക് അവനിയുടെ ജീവിതയാത്ര വലിയൊരു സന്ദേശമാണ്. 2018ലാണ് അവനിക്ക് കഴകളില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. അന്ന് അവള്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. രോഗത്തെ തിരിച്ചറിഞ്ഞത് സംഗീതത്തിലൂടെയാണ്. പാട്ട് പാടുമ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥയെ തുടര്‍ന്ന് ആശുപത്രിയിൽ പോയി. ആശുപത്രികള്‍ പലതും കയറിയിറങ്ങിയെങ്കിലും അസുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിരവധി പരിശോധനകള്‍ക്കൊടുവില്‍ അവനിക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞു. സംഗീതലോകത്തേക്ക് പിച്ചവച്ചു തുടങ്ങുമ്പോഴേക്കും അസുഖം ഉണ്ടെന്ന തിരിച്ചറിവ് അവനിയുടെ കുടുംബത്തെ ഒന്നാകെ ഉലച്ചു. ഇനി എന്തു ചെയ്യുമെന്നാലോചിച്ച് പകച്ചു നിന്ന വീട്ടുകാരെ ചേര്‍ത്ത് നിര്‍ത്തി അസുഖത്തെ പാടിതോല്‍പ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. ചികിത്സക്കൊപ്പം പാട്ടും മുറുകെ പിടിച്ചു പോരാടി.

സംഗീതമെന്ന മരുന്നാണ് തന്റെ അതിജീവനം വേ​ഗത്തിലാക്കിയെന്ന് അവനി പറയുന്നു. വീട്ടുകാരുടെ പിന്തുണയും മറ്റനേകം പേരുടെ പ്രാർത്ഥനയും മുന്നോട്ടുള്ള യാത്രയില്‍ കരുത്തായി. അസുഖത്തെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും ചോദിക്കുന്നവരോട് അവനിക്ക് ഒന്നേ പറയാനുള്ളു. ഞാന്‍ ഇപ്പോള്‍ ഹാപ്പിയാണ്. കാരണം , ഇപ്പോള്‍ തന്നെ തേടിയെത്തിയ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും അസുഖമാണെന്ന് നിറഞ്ഞ ചിരിയോടെ അവള്‍ പറ‍ഞ്ഞു. ചികിത്സ തുടരുന്നതിനിടെ ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ അവനിക്ക് സെലക്ഷന്‍ കിട്ടി. പരിപാടിയിലെ സാന്നിധ്യമാണ് അവനിയെ കൂടുതല്‍ ജനപ്രിയയാക്കിയത്.

അസുഖത്തെ തോല്‍പ്പിക്കാന്‍ സംഗീതത്തെ ചേര്‍ത്തു പിടിച്ച അവനിയുടെ മനസാന്നിധ്യത്തെ സംഗീതലോകം ഒന്നടങ്കം അഭിനന്ദിച്ചു. ചികിത്സക്കിടെ കലോത്സവ വേദിയിലും അവനി നിറസാന്നിധ്യമായി. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഹയർ സെക്കൻഡറി വിഭാ​ഗം ശാസ്ത്രീയസം​ഗീതത്തില്‍ എ ​ഗ്രേഡ് സ്വന്തമാക്കിയാണ് അവനി മടങ്ങിയത്. മൂന്ന് വയസ് മുതല്‍ പാട്ടുപാടിത്തുടങ്ങിയ അവനി ചിട്ടയായ സംഗീത പഠനം ആരംഭിക്കുന്നത് അഞ്ചാം വയസിലാണ്. അന്ന് തൊട്ടിന്നോളം സം​ഗീതത്തെ അവൾ തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ച് തൊട്ടതെല്ലാം പൊന്നാക്കി മാറ്റി. ട്രീറ്റ്മെന്റുകള്‍ പൂര്‍ണമായും അവസാനിച്ച് സംഗീതലോകത്ത് ചുവടുറപ്പിക്കാനുള്ള തിരക്കിലാണ് ഇന്ന് അവനി. കേരളത്തിലും വിദേശത്തുമായി സംഗീത പരിപാടികളിലും സജീവയാണ്. സംഗീതത്തിരക്കിനിടയിലും പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനം വിജയം നേടിയ അവനിക്ക് സംഗീതത്തില്‍ തന്നെ ഉപരിപഠനം ചെയ്യണമെന്നാണ് ആഗ്രഹം. ആ ആഗ്രഹത്തെ ചേര്‍ത്തു പിടിക്കാന്‍ എന്തിനും തയ്യാറായി അവനിയുടെ അച്ഛന്‍ ശിവപ്രസാദും അമ്മ സതീജയും കൂട്ടിനുണ്ട്. നിലവില്‍ മ്യൂസിക് കോളജില്‍ ബിരുദപഠനത്തിന് അഡ്മിഷന്‍ നേടിയ അവനി സംഗീതത്തെ കൂടുതല്‍ അറിയാനുള്ള ഒരുക്കത്തിലാണ്.

Eng­lish Sam­mury: Avani, His sur­vival is the med­i­cine of music

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.