22 December 2024, Sunday
KSFE Galaxy Chits Banner 2

നഷ്ടത്തിലോടുന്ന ദൈവാലയങ്ങൾ

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
July 20, 2023 4:22 am

ലോകത്ത് പല രാജ്യങ്ങളിലും പ്രാർത്ഥനാലയങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്രാർത്ഥനയിലൂടെ മോക്ഷപ്രാപ്തിയെന്ന ആശയം ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും ഉപേക്ഷിച്ചുകഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ വിപുലമായ സ്ഥലസൗകര്യങ്ങളുള്ള പ്രാർത്ഥനാലയങ്ങൾ മറ്റ് പല ആവശ്യങ്ങൾക്കുമായി വാടകയ്ക്ക് കൊടുക്കുകയോ വിൽക്കുകയോ ചെയ്യുന്നുണ്ട്. വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. വിജനമായ ആരാധനാലയങ്ങളുള്ള രാജ്യങ്ങളിലെ ജനങ്ങൾ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും മറ്റും മോചിതരായപ്പോൾ ആരാധന അവസാനിപ്പിച്ചവരാണ്. പ്രാർത്ഥന കൊണ്ട് അർത്ഥമില്ലെന്നറിയാമെങ്കിലും ഭരണകൂടത്തെ ഭയന്ന് പ്രാർത്ഥിക്കുന്ന രാജ്യങ്ങളുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാരതീയ ദർശനമാണ് ചാർവാകദര്‍ശനം. അവർ പറയുന്നത്, ഒരു നിമിഷം പോലും പ്രാർത്ഥിച്ചു പാഴാക്കരുതെന്നാണ്. അസഭ്യസ്തോത്രങ്ങൾ പാടി ആരാധിക്കാനായിട്ട് കൊടുങ്ങല്ലൂരിന് പോകരുതേയെന്ന് ആഹ്വാനം ചെയ്യുന്ന ഒരു കവിത തന്നെ സഹോദരൻ അയ്യപ്പൻ എഴുതിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ; മൗനവും ചോദ്യവും


കേരളത്തിൽ പഴയതുപോലെയുള്ള വ്രതാനുഷ്ഠാനങ്ങളും മലകയറാനുള്ള പദയാത്രയുമൊന്നും ഇപ്പോഴില്ല. മൈക്ക്സെറ്റ് വാങ്ങാൻ പണമുള്ളവർ അമ്പലം കൂടി തുടങ്ങുമെന്ന വിചിത്രമായ ഒരു രീതിയാണിപ്പോൾ. അവിടേക്ക് ഭക്തജനങ്ങൾ പല ലക്ഷ്യങ്ങളോടെ എത്തുന്നുണ്ട്. എന്നാൽ ഭണ്ഡാരങ്ങൾ പഴയതുപോലെ കവിഞ്ഞൊഴുകുന്നില്ല. അമ്പലപ്രമാണിമാരുടെ ധനമോഹം സഫലീകരിക്കുന്നുണ്ടെങ്കിലും അതിമോഹം നടക്കുന്നില്ല. ആ രീതിയിൽ വിവേകമുള്ള ഒരു സമൂഹമായി നമ്മൾ ക്രമേണ മാറുന്നുണ്ട്.
എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു സങ്കടം ഭക്തജനങ്ങളുടെ സംഭാവന എല്ലാ ക്ഷേത്രങ്ങളിലും സമൃദ്ധമായി കിട്ടുന്നില്ല എന്നാണ്. ആയിരത്തിലധികം ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ളത്. ഇടതുപക്ഷ ഭരണകൂടം ഉണ്ടാകുമ്പോൾ സാമ്പത്തിക കാര്യങ്ങളൊക്കെ സത്യസന്ധമായും ശ്രദ്ധയോടെയും നടക്കാറാണ് പതിവ്. ഭക്തിപ്രകടനമൊന്നും നടത്താത്ത ദേവസ്വം ചുമതലയുള്ള മന്ത്രിമാർ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാറുമുണ്ട്. അതിനാൽ ഇപ്പോഴത്തെ ഭരണസമിതി പറയുന്ന കാര്യങ്ങൾ നമ്മൾ വിശ്വാസത്തിലെടുക്കേണ്ടതാണ്.

 


ഇതുകൂടി വായിക്കൂ; കേന്ദ്ര സര്‍ക്കാരിനേറ്റ അടി


 

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെന്ന വരുമാനസ്രോതസുകളിൽ നിന്ന് വളരെക്കുറച്ച് സമ്പത്തു മാത്രമേ ലഭിക്കുന്നുള്ളൂ. ശബരിമല, ചെട്ടികുളങ്ങര, മലയാലപ്പുഴ, ഏറ്റുമാന്നൂർ, കൊട്ടാരക്കര, വൈക്കം, തിരുവല്ലം, വർക്കല, തൃക്കടവൂർ തുടങ്ങിയ ഏതാനും മോക്ഷോല്പന്നശാലകളിൽ നിന്നു മാത്രമേ കഴിഞ്ഞുകൂടാനുള്ള വരുമാനം കിട്ടുന്നുള്ളൂ. മറ്റു ക്ഷേത്രങ്ങളെല്ലാം നഷ്ടത്തിലാണോടുന്നത്.  ശബരിമലയിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ദേവസ്വം ബോർഡിലെ എല്ലാ ജീവനക്കാരുടെയും ശമ്പളവും മറ്റും നൽകുന്നത്. ആ തുറന്നു പറച്ചിൽ നന്നായി. ശബരിമലയിലെ കാശെടുത്താണ് റോഡും പാലവും പണിയുന്നതെന്നു പോലും പ്രചരിപ്പിക്കപ്പെടുന്ന നാടാണിത്. നഷ്ടത്തിലോടുന്ന വിദ്യാലയങ്ങൾ പൂട്ടാൻ ഒരിക്കൽ അന്നത്തെ സര്‍ക്കാർ പട്ടിക തയ്യാറാക്കിയിരുന്നു. അന്നാണ് ‘സ്കൂൾബാർ’ എന്ന കവിതയുണ്ടായത്. ഇവിടെ ക്ഷേത്രങ്ങൾ പൂട്ടുന്നില്ല. പകരം ഭാഗ്യാന്വേഷികളായ പാവങ്ങളെ പ്രലോഭിപ്പിക്കാനായി കാര്യസിദ്ധിപൂജ തുടങ്ങിയ പൂജകളും പ്രാകൃത ഹിന്ദുമതാചാരമായ ഹോമങ്ങളും ആകർഷകമായ വഴിപാടുകളും മറ്റും നടത്തുമത്രേ.
വിദ്യാലയങ്ങൾ പോലെയല്ല ആരാധനാലയങ്ങൾ. ലാഭകരമല്ലെങ്കിൽ പൂട്ടിയാലും ഒരു കുഴപ്പവുമില്ല. പ്രശ്നം ഭക്ത അജഗണങ്ങളുടെ വേഷമിട്ട് മതരാഷ്ട്രീയ ചെന്നായ്ക്കൾ ഏറ്റെടുക്കാൻ വരുമെന്നതാണ്. ആരാധനാലയങ്ങൾക്ക് പരിധിയും നിയന്ത്രണവും ഏർപ്പെടുത്തിയാൽ തീരാവുന്ന പ്രശ്നമാണിത്. നഷ്ടത്തിലോടുന്ന ആരാധനാലയങ്ങൾ ക്രമേണ വിദ്യാലയങ്ങളാക്കി മാറ്റാവുന്നതാണ്. നാരായണഗുരു പറഞ്ഞതും അതാണല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.