22 January 2026, Thursday

ജി20: ഡല്‍ഹിയില്‍ സംയുക്തപ്രഖ്യാപനം ഉണ്ടാകുമോ!

പ്രൊഫ. കെ അരവിന്ദാക്ഷൻ
July 21, 2023 4:30 am

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ‌മോഡി അധ്യക്ഷനായ ജി 20 ഉച്ചകോടിക്ക് ദേശീയതലസ്ഥാനത്ത് തുടക്കം കുറിക്കാന്‍ ഇനിയും ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. മുന്‍ സമ്മേളനങ്ങളെന്നപോലെ ഇക്കുറിയും യോജിച്ച ഒരു പ്രഖ്യാപനം ഉണ്ടാകുമോ എന്നതില്‍ നയതന്ത്രപ്രതിനിധികള്‍ക്ക് ഉറപ്പൊന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുന്‍ തീരുമാനപ്രകാരം ഇത് നടക്കേണ്ടത് സെപ്റ്റംബര്‍ 9, 10 തീയതികളിലാണ്. സമ്മേളനം അവസാനിക്കുമ്പോള്‍ ഡല്‍ഹി പ്രഖ്യാപനം എന്ന പേരില്‍ യോജിച്ച ഒരു പ്രഖ്യാപനവും നടക്കേണ്ടതുണ്ട്. ഇത് സാധ്യമാകുമോ എന്നതിലാണ് ലോകനേതാക്കള്‍ക്ക് ശുഭാപ്തി വിശ്വാസമില്ലാത്തത്. ഈ അനുഭവം ഇത് ആദ്യത്തേതല്ല. മുന്‍കാല മന്ത്രിതല സമ്മേളനങ്ങളുടെ തനിയാവര്‍ത്തനം മാത്രമായിരിക്കും ഇത്. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഘോഷിക്കാന്‍ വകയുണ്ട്. യുണൈറ്റഡ് പേയ്‌മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) എന്ന ഏകീകൃത കൊടുക്കല്‍ വാങ്ങല്‍ ധനകാര്യ സംവിധാനം ലോക രാജ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതുതന്നെ. നിസാരമായൊരു നേട്ടമല്ല ഇത്.


ഇത് കൂടി വായിക്കൂ: കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്


പാശ്ചാത്യരാജ്യങ്ങളെ സംബന്ധിച്ചാണെങ്കില്‍ അവര്‍ ഏകകണ്ഠമായി ആവശ്യപ്പെടുക, ഉക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണത്തെ അപലപിക്കുക എന്നതായിരിക്കും. ഇതിനോട് ഒത്തുപോകാന്‍ റഷ്യ മാത്രമല്ല, റഷ്യയോട് ചങ്ങാത്തം പുലര്‍ത്തിവരുന്ന ചൈനയും സന്നദ്ധമാവില്ല. 2023 മാര്‍ച്ചില്‍ ചേര്‍ന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ തന്നെ റഷ്യയുടേയും ചൈനയുടേയും എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഈ വിഷയത്തില്‍ ഒരു സമവായം പ്രതീക്ഷിക്കേണ്ടതില്ല. ലേബര്‍20(എല്‍20) എന്ന പേരില്‍ ജി20 ഉന്നതതലത്തില്‍ ഒരു വിഭാഗമുണ്ട്. തൊഴിൽ സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിശകലനങ്ങളും നയശുപാർശകളും നൽകുന്ന അംഗരാജ്യങ്ങളിലെ കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു. ആര്‍എസ്എസ് അനുഭാവ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) സമീപകാലത്ത് നേതൃത്വത്തിനുള്ള അവകാശം ഉന്നയിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ഡിമാന്‍ഡ് അനുവദിച്ചുകൊടുക്കാന്‍ മറ്റ് യൂണിയനുകള്‍ സന്നദ്ധമല്ല. കാരണം ബിഎംഎസ് എന്ന സംഘടന ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ (ഐടിയുസി) ഭാഗമല്ലെന്നതുതന്നെ. ഇതോടെ പൊതുവേദിയില്‍ ബിഎംഎസിന് അംഗത്വമുണ്ടാവാതെ വരുന്നത് ഒരു വെല്ലുവിളിയാകും. ഇതാണ് ഒരു യോജിച്ച സംയുക്ത പ്രഖ്യാപനത്തിന് വിലങ്ങുതടിയാകുന്ന രണ്ടാമത്തെ വെല്ലുവിളി. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന ഐക്യവേദി ഉന്നയിച്ചിരിക്കുന്ന ആവശ്യം ഐഎന്‍ടിയുസി ഈ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ്. ഇടത് ട്രേഡ് യൂണിയനുകളടക്കം മറ്റ് ഒമ്പത് സംഘടനകള്‍ ഇതംഗികരിക്കുന്നു. സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതിനാല്‍ ബിഎംഎസിന്റെ അവകാശവാദം തള്ളിക്കളഞ്ഞ് പ്രതിപക്ഷത്തുള്ള ഐഎന്‍ടിയുസിക്ക് അധ്യക്ഷത അനുവദിക്കാന്‍ ‍ബിജെപി നേതൃത്വം ഒരു സാഹചര്യത്തിലും തയ്യാറാവുകയുമില്ല. ലേബര്‍ കോണ്‍ഫറന്‍സിന് ആതിഥ്യം വഹിക്കുന്നത് ബിഎംഎസ് ആണെന്നതും പ്രസക്തമാണ്. കലങ്ങിമറിഞ്ഞ സാഹചര്യത്തില്‍ ബിഎംഎസ് വിളിച്ചുചേര്‍ത്തിട്ടുള്ള മുഴുവന്‍ യോഗങ്ങളും മറ്റ് സംഘടനകള്‍ കൂട്ടത്തോടെ ബഹിഷ്കരിച്ചിരിക്കുകയാണ്. ഇത് നിസാരമായൊരു വെല്ലുവിളിയല്ല. മുന്‍കാല സമ്മേളനങ്ങളെല്ലാം സ്വതന്ത്ര ട്രേ‍ഡ് യൂണിയനുകളുടെ പൊതുവേദിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചുവന്നിട്ടുള്ള കീഴ്‌വഴക്കമാണുള്ളത്. ഇക്കാര്യത്തില്‍ ചൈനയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ പോലും ഇത്തരമൊരു സമവായത്തോടൊപ്പമായിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നതിനു പുറമെ, ഏറ്റവും ഊര്‍ജസ്വലമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നിലവിലുള്ള രാജ്യം കൂടിയാണ് ഇന്ത്യ എന്ന പ്രതിച്ഛായ അങ്ങേയറ്റം കളങ്കപ്പെടാന്‍ ഇടയാക്കുന്ന ആഗോള ഉന്നതതലമായിരിക്കും ജി 20 ഡല്‍ഹി സമ്മേളനം എന്നതില്‍ സംശയമില്ല. വരാനിരിക്കുന്ന ട്രേഡ് യൂണിയന്‍ യോഗങ്ങളിലൊന്നും ബഹുഭൂരിഭാഗം തൊഴിലാളിസംഘടനാ പ്രതിനിധികളും പങ്കെടുക്കുകയില്ല എന്ന് വ്യക്തമാണ്. നരേന്ദ്രമോഡി സര്‍ക്കാരും ബിജെപി — സംഘ്പരിവാര്‍ വൃന്ദവും ഇത്തരം സംഭവ വികാസങ്ങളൊന്നും ഗൗരവത്തോടെ കാണാന്‍ ആഗ്രഹിക്കുന്നില്ല.


ഇത് കൂടി വായിക്കൂ: ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


കേന്ദ്ര തൊഴില്‍ മന്ത്രി രൂപേന്ദര്‍ യാദവിന്റെ അലംഭാവപൂര്‍വമായ സമീപനം ഈ വസ്തുത വെളിവാക്കുന്നുമുണ്ട്. ‘ജി20 സമ്മേളനാന്ത്യത്തില്‍ പുറത്തിറക്കുന്ന സംയുക്ത പ്രഖ്യാപനത്തില്‍ ട്രേഡ് യൂണിയന്‍ സംബന്ധമായ പരാമര്‍ശങ്ങളൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല. കാരണം, പ്രസ്തുത പ്രഖ്യാപനത്തില്‍ മറ്റ് ചില പ്രമേയങ്ങള്‍ ഉള്‍ച്ചേര്‍ക്കാം’ എന്ന് യാദവ് പറയുന്നു. ഇതിലൊന്ന് സാമൂഹ്യ സുരക്ഷ സാര്‍വത്രികമാക്കുക എന്നതു സംബന്ധിച്ചുള്ളതും രണ്ടാമത്തേത് വനിതാ ശാക്തീകരണവും. ന്യൂഡല്‍ഹി ജി20 ഉന്നതതലം നേരിടാനിടയുള്ള മറ്റൊരു ഗുരുതരമായ വെല്ലുവിളി ഏകകണ്ഠമായി അംഗീകാരം നല്‍കേണ്ട ഡിജിറ്റല്‍ പൊതു ആന്തരഘടനാ (ഡിപിഐ) സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത്തരമൊരു ധനകാര്യ കൈമാറ്റ സംവിധാനം, നിലവിലുള്ള ചെലവേറിയ പാശ്ചാത്യയൂണിയന്‍ പോലുള്ളവയെക്കാള്‍ ജനാധിപത്യ സ്വഭാവമുള്ളതും ലാഭകരവും ലളിതവുമായിരിക്കും. ഫണ്ടുകളുടെ കൈമാറ്റങ്ങള്‍ക്ക് ആഭ്യന്തരതലത്തിലും രാജ്യങ്ങള്‍ തമ്മിലും പുതിയ വിദ്യ കൂടുതല്‍ ആകര്‍ഷകമായിരിക്കും. യുപിഐ എന്ന പേരില്‍ ഇതിനകം തന്നെ ലോക ജനതയ്ക്ക് ഇന്ത്യ നല്‍കിയിരിക്കുന്ന കൊടുക്കല്‍-വാങ്ങല്‍ മാധ്യമ സംവിധാനമാണിത്. വ്യാപകമായ തോതിലാണ് ആഗോളതലത്തില്‍ ഇതിന് സ്വാഗതം കിട്ടിയത്. ബാങ്കര്‍മാരും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും മറ്റ് ഇടപാടുകാരും യുപിഐയുടെ പ്രവര്‍ത്തനങ്ങളെ താല്പര്യപൂര്‍വം നിരീക്ഷിച്ചുവരികയാണ്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സംവിധാനത്തിന്റെ പ്രോത്സാഹനാര്‍ത്ഥം ഈ വിഷയവുമായി ബന്ധപ്പെട്ട്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. 2023 ആദ്യം യുപി തലസ്ഥാനമായ ലഖ്നൗവില്‍ കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പങ്കെടുത്ത സമ്മേളനത്തില്‍ 13 രാജ്യങ്ങളുമായി നാം യുപിഐ സംവിധാനവുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. സിംഗപ്പൂര്‍ ആണെങ്കില്‍ ഇതനുസരിച്ചുള്ള മുഴുവന്‍ നടപടി ക്രമങ്ങളും ഇതിനോടകം പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കുകയാണ്. അതേ അവസരത്തില്‍ യുപിഐയുടെ കാര്യത്തില്‍ അതിശക്തമായ എതിരഭിപ്രായവുമായി ബ്രസീലും ഓസ്ട്രേലിയയും രംഗത്തെത്തിയിട്ടുണ്ട്. ലഖ്നൗ യോഗത്തില്‍ ഈ രാജ്യങ്ങളിലെ പ്രതിനിധികള്‍ വിചിത്രമായ നിലപാടാണ് സ്വീകരിച്ചത്. ഇതിലേക്കായി പ്രായോഗികമാക്കിയിരിക്കുന്ന ധനകാര്യ സാങ്കേതികവിദ്യ തങ്ങളുടെ രാജ്യങ്ങളുടേതുമായി ചേര്‍ന്നുപോകുന്നവയല്ലെന്നായിരുന്നു അവര്‍ വിലയിരുത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം അവരുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. ഈ മേഖലയില്‍ ഇന്ത്യയുടേത് അപൂര്‍വതയാര്‍ന്നൊരു ‘ആക്ടിവിസം’ തന്നെയാണെന്ന് നയതന്ത്ര വക്താക്കള്‍ സമ്മതിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നൊരു പേരാണ് രാജീവ് ഭാട്ടിയയുടേത്. സമ്മേളനാവസാനത്തില്‍ പുറത്തുവരാനിരിക്കുന്ന പ്രഖ്യാപനത്തില്‍ ഇതേപ്പറ്റി പ്രത്യേക പരാമര്‍ശം വേണമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പ്രഖ്യാപനം ഏകകണ്ഠമായ ഒന്നായിരിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇലക്ട്രോണിക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് ജനാധിപത്യ സ്വഭാവമുണ്ടായാല്‍ മാത്രം പോരാ. സുരക്ഷിതത്വം കൂടി ആയിരിക്കണമെന്നത് അനിവാര്യമാണല്ലോ. ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിങ് ഗ്രൂപ്പ് (ഡിഇഡബ്ല്യുജി)ന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ 77 വിദേശ രാജ്യ പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായി. ഒമ്പത് അതിഥി രാജ്യ പ്രതിനിധികളും അഞ്ച് ആഗോള സംഘടനാ പ്രതിനിധികളും രണ്ട് പ്രാദേശിക സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇവര്‍ ചര്‍ച്ചചെയ്തത് പ്രധാനമായും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെപ്പറ്റി ആയിരുന്നില്ല; സുതാര്യതയെപ്പറ്റിയായിരുന്നു.


ഇത് കൂടി വായിക്കൂ:നദികളുടെ വീണ്ടെടുപ്പിനായി ഒരു ദിനം


കൂടാതെ ഡിപിഐയുടെ ഭാഗമായി ‘ഒരു ഭാവിനിധി’ കൂടി കൂട്ടിച്ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ടായി. ഈ രണ്ട് നിര്‍ദേശങ്ങളും വെറും ആശയരൂപത്തില്‍ മാത്രം ഉള്ളതാണ്. രണ്ടിനും വ്യക്തതയില്ല. ഭാവിനിധി എന്നതില്‍ ആരാണ് സംഭാവന ചെയ്യുക എന്ന് വ്യക്തമല്ല. സംയുക്ത പ്രഖ്യാപനത്തിന് മുമ്പ് ഈവക കാര്യങ്ങളില്‍ വ്യക്തത കൂടിയേ തീരു. മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള ഒരു സമവായ രേഖയാണ് ജി20 ഉന്നതതലത്തിന്റെ സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നതെങ്കില്‍, അത് ഡിജിറ്റല്‍ മേഖലയില്‍ ആഗോളതലത്തില്‍ ഇന്ത്യ കൈവരിക്കുന്ന ഏറ്റവും വലിയൊരു വിജയമായിരിക്കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ കരുതുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.