മണിപ്പൂരിലെ ഭരണഘടനാ സംവിധാനവും ക്രമസമാധാന പാലനവും പൂര്‍ണമായി തകര്‍ന്നെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ പരാജയമെന്ന് വിലയിരുത്തിയ സുപ്രീം കോടതി മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂക്ഷമായി വിമര്‍ശിച്ചത്. മൂന്നു മാസം പിന്നിട്ടിട്ടും പല സംഭവങ്ങളിലും എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തില്ല. ഏതാനും അറസ്റ്റ് മാത്രമാണ് നടന്നത്. പ്രതികളെ പിടികൂടുന്നതിലും മൊഴികള്‍ രേഖപ്പെടുത്തുന്നതിലും കേസുകള്‍ അന്വേഷിക്കുന്നതിലും ഗുരുതര അലംഭാവവും ഉദാസീനതയും തുടരുകയാണ്. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നേരിട്ടു ഹാജരാകാന്‍ മണിപ്പൂര്‍ ഡിജിപിയോട് കോടതി നിര്‍ദേശിച്ചു. കോടതി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായി വേണം എത്തേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.
കലാപവുമായി ബന്ധപ്പെട്ട് 6,532 എഫ് ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 11 എണ്ണം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് മണിപ്പൂര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇതില്‍ എത്ര സീറോ എഫ്ഐആറുകള്‍ ഉണ്ടെന്നും അതില്‍ എത്രയെണ്ണം സാധാരണ എഫ് ഐആറുകളാക്കി മാറ്റിയെന്നും കോടതി ആരാഞ്ഞെങ്കിലും മറുപടി നല്‍കാന്‍ തുഷാര്‍ മേത്തയ്ക്കായില്ല. എത്രപേരെ അറസ്റ്റു ചെയ്തു എന്ന ചോദ്യത്തിനും സോളിസിറ്റര്‍ ജനറലിന് കൃത്യമായ ഉത്തരമുണ്ടായില്ല. കേസുകളുടെ കൃത്യമായ വിശദാംശങ്ങള്‍ കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ലഭ്യമാക്കണമെന്ന് ബെഞ്ച് തുഷാര്‍ മേത്തയ്ക്ക് നിര്‍ദേശം നല്‍കി.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നില്ലെന്ന കാര്യം പരാതിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ബന്ധുക്കള്‍ ഏറ്റുവാങ്ങാത്ത മൃതദേഹങ്ങള്‍ നുഴഞ്ഞു കയറ്റക്കാരുടെയാണെന്നായിരുന്നു മണിപ്പൂര്‍ സര്‍ക്കാരിന്റെ വാദം. ഇതിനെ ഹര്‍ജിക്കാര്‍ എതിര്‍ത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കാന്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കിയ ചീഫ് ജസ്റ്റിസ് ഇതിന്റെ വിശദാംശങ്ങളും നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാനും ആവശ്യപ്പെട്ടു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും പുനരധിവാസത്തിനും തകര്‍ന്ന വീടുകള്‍ പുതുക്കി പണിയാനും ശരിയായ രീതിയില്‍ ഇരകളുടെ മൊഴി രേഖപ്പെടുത്തുന്നതുമുള്‍പ്പെടെ അന്വേഷണത്തിന് മുന്നോടിയായുള്ള കാര്യങ്ങള്‍ക്കായും ഹൈക്കോടതി മുന്‍ ജഡ്ജിമാരുടെ സമിതിയെ നിയോഗിക്കുമെന്ന സൂചന ചീഫ് ജസ്റ്റിസ് നല്‍കി. ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാന പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു
സംസ്ഥാന പൊലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തി. കേസന്വേഷണത്തില്‍ സംസ്ഥാന പൊലീസിന്റെ അമാന്തവും ഉദാസീനതയും കോടതി എടുത്തു പറഞ്ഞു.
സുപ്രീം കോടതി ഇതുവരെ രജിസ്റ്റര്‍ ചെയ്ത 6500ല്‍ അധികം കേസുകളുടെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നത് അപ്രായോഗികമാണെന്നും പറഞ്ഞു. നീതിപൂര്‍വ്വമായി കേസന്വേഷിക്കാന്‍ എന്തു സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ കഴിയുകയെന്ന് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു.
ആര്‍ട്ടിക്കിള്‍ 355: മറുപടിയില്ലാതെ കേന്ദ്രം
ന്യൂഡല്‍ഹി: കലാപ കലുഷിതമായ മണിപ്പൂരില്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ 355 നെക്കുറിച്ചുള്ള ചോദ്യം ലോക്‌സഭയിലെ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍.
ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ ചോദ്യം അന്തിമ ചോദ്യങ്ങളുടെ പട്ടികയില്‍ ഒഴിവാക്കപ്പെട്ടു.
ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ട ചോദ്യങ്ങളുടെ ഗണത്തില്‍ ആര്‍ട്ടിക്കിള്‍ 355 ഇടം നേടിയിരുന്നു. സംസ്ഥാനങ്ങളില്‍ വിദേശ ശക്തികളുടെ ഇടപെടലും ആഭ്യന്തര സംഘര്‍ഷവും അരങ്ങേറുന്ന വേളയില്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പ് വരുത്തുന്ന വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 355. എന്നാല്‍ പിന്നീട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ 30 ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇതടക്കം മൂന്നു ചോദ്യങ്ങള്‍ ഒഴിവാക്കി.
English Summary:In Manipur, legal and constitutional systems have completely broken down
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.