19 December 2024, Thursday
KSFE Galaxy Chits Banner 2

ഭരണഘടനയെ വെല്ലുവിളിച്ച് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

സഫി മോഹന്‍ എം ആര്‍
August 13, 2023 4:45 am

രണഘടനയുടെ അടിസ്ഥാനശിലയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിൽ നടത്തിയ പ്രസ്താവന തികച്ചും ജനാധിപത്യവിരുദ്ധവും ധാർമ്മികമൂല്യങ്ങൾക്ക് ചേരാത്തതുമാണ്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയെ അധികം വൈകാതെ രാജ്യസഭാ അംഗമായി കേന്ദ്രസർക്കാർ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. രാമജന്മഭൂമി ഉൾപ്പെടെ പല സുപ്രധാന കേസുകളിലും വിധി പറഞ്ഞിട്ടുള്ള ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കിട്ടിയ പ്രതിഫലമായിരുന്നു രാജ്യസഭാ അംഗത്വം. സുപ്രീം കോടതിയിൽ നിന്നും വിരമിക്കുന്ന ന്യായാധിപന്മാർ ആ സ്ഥാനത്തിന്റെ പവിത്രത മാനിച്ച് ഭരിക്കുന്ന സർക്കാരുകൾ നൽകുന്ന സ്ഥാനമാനങ്ങൾ നിരസിക്കുകയാണ് പതിവ്. ഇതിന് വിപരീതമായി സ്ഥാനമാനങ്ങൾക്ക് പുറമേ ന്യായാധിപന്മാർ പോകുന്ന കാഴ്ച കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി കാണാന്‍ കഴിയുന്നു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തത് വളരെ ഞെട്ടലോടെയാണ് നിയമലോകം വീക്ഷിച്ചത്. ഭരണഘടനയെക്കുറിച്ച് അറിവുള്ള ഒരു മുൻ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഭരണഘടനയുടെ അടിസ്ഥാനശിലയെ ദുർബലപ്പെടുത്താൻ കഴിയുന്ന പ്രസ്താവനയാണ് കഴിഞ്ഞദിവസം സഭയില്‍ ഉണ്ടായിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഭക്ഷ്യസുരക്ഷാ പ്രശ്നത്തിന് പ്രഥമ പരിഗണന ആവശ്യം


ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അവകാശം അനുച്ഛേദം 368 അനുസരിച്ച് ഇന്ത്യൻ പാർലമെന്റിനുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാനശിലയെ ഭേദഗതിയിലൂടെ മാറ്റം വരുത്തുവാനുള്ള അധികാരം പാർലമെന്റിനില്ല എന്ന് 1973ൽ സുപ്രീം കോടതി കേശവാനനന്ദ ഭാരതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതത്തിനനുസരിച്ച് ഭരണഘടനയെ ഏതുവിധത്തിലും ഭേദഗതി ചെയ്ത് നശിപ്പിക്കാതിരിക്കുന്നതിനുവേണ്ടിയാണ് അടിസ്ഥാനതത്വം സുപ്രീം കോടതി ഈ വിധി ന്യായത്തിലൂടെ ഉറപ്പിച്ചത്. രാജ്യത്തിന്റെ പരമാധികാരം, സ്ഥിതിസമത്വ രാഷ്ട്രം, മതനിരപേക്ഷ രാഷ്ട്രം, ഫെഡറൽ സ്വഭാവം, ജനാധിപത്യമൂല്യങ്ങൾ, സ്വതന്ത്രവും സുതാര്യവുമായ നീതിന്യായ സംവിധാനം, വ്യക്തിസ്വാതന്ത്ര്യം, നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണസംവിധാനം ഇവയെല്ലാം ഭരണഘടനയുടെ അടിസ്ഥാനശിലയായി സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ഭരണഘടന ഭേദഗതി സാധ്യമല്ലാത്തതിലുള്ള അതൃപ്തി മാസങ്ങൾക്ക് മുമ്പ് രാജ്യസഭ ഉപാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്‌ദീപ് ധൻഖറുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾ പിന്തുടരാൻ ഭരണഘടന തടസം നിൽക്കുന്നു എന്നതാണ് വാസ്തവം. മതനിരപേക്ഷതയെ നശിപ്പിച്ചുകൊണ്ട് മതാധിഷ്ഠിത രാഷ്ട്രവും സ്ഥിതിസമത്വ രാഷ്ട്രത്തെ നശിപ്പിച്ചുകൊണ്ട് കോർപറേറ്റ്‌വൽക്കരണവും, രാജ്യത്തിന്റെ ഫെഡറൽ സ്വാഭവത്തെ നശിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലേക്ക് കടന്നുകയറുവാനും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജുഡീഷ്യറിയിലേക്ക് സ്വന്തം ആൾക്കാരെ നിയമിക്കുവാനും തടസമായി കേശവാനന്ദ ഭാരതി വിധിന്യായത്തിലെ അടിസ്ഥാനശിലാ തത്വം കേന്ദ്രസർക്കാരിന് മുന്നിൽ നിൽക്കുന്നു. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറുടെയും ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെയും പ്രസ്താവനകളെ കാണേണ്ടത്. ഇത്തരം ചർച്ചകളിലൂടെ ജുഡീഷ്യറിയെയും രാജ്യത്തെ ഭരണഘടനയെയും ദുർബലപ്പെടുത്താം എന്ന വ്യാമോഹമാണ് കേന്ദ്രസർക്കാരിനുള്ളത്. അതിനുവേണ്ടി ഒരു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉപയോഗിക്കുന്നുവെന്നത് ദൗർഭാഗ്യകരം തന്നെ.


ഇതുകൂടി വായിക്കൂ: ജനാധിപത്യ സംരക്ഷണ പോരാട്ടം ഇസ്രയേലിലും ഇന്ത്യയിലും


അടിസ്ഥാനശിലാ തത്വം ഇന്ത്യൻ ഭരണഘടനയെ ലോകത്തെ ഏറ്റവും മികച്ച ഭരണഘടനയായി നിലനിർത്താൻ സഹായിക്കുന്നു എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഇസ്രയേലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ അനാവശ്യമായ ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തിന്റെ പരമോന്നത കോടതിയുടെ അധികാരങ്ങൾ ഉൾപ്പെടെ ദുർബലപ്പെടുത്താനോ നശിപ്പിക്കുവാനോ കഴിയും. ഇസ്രയേലിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഇതിന് ഉത്തമ ഉദാഹരണമാണ്. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ഇല്ലാതാക്കിയാൽ ഭരിക്കുന്ന സർക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് ഭേദഗതി നടത്താൻ കഴിയും. ഇത് രാജ്യത്തെ ഏകാധിപത്യത്തിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും വഴിതെളിക്കും. ഇന്ത്യൻ ഭരണഘടനയെ ദുർബലപ്പെടുത്തുവാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. കാരണം ഭരണഘടന പൗരന്മാരുടെ സൃഷ്ടിയും അതിലൂടെ ഉണ്ടാകുന്ന ജനാധിപത്യം ജനങ്ങളുടെ അവകാശവുമാണ്. ഭരണഘടനയുടെ അടിസ്ഥാനശിലയുടെ സംരക്ഷകരായ സുപ്രീം കോടതി രഞ്ജൻ ഗൊഗോയുടെ പ്രസ്താവനയ്ക്ക് ഒരു വിലയും നൽകിയിട്ടില്ല. അത് ഒരു വ്യക്തിയുടെ അഭിപ്രായ പ്രകടനമായി മാത്രമേ കാണേണ്ടതുള്ളൂ എന്ന നിലപാടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സ്വീകരിച്ചത്. രാജ്യത്തെ ജുഡീഷ്യറിയെയും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെയും സംരക്ഷിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനശിലാതത്വം എടുത്തുമാറ്റിയാൽ ഇന്ത്യൻ ഭരണഘടനയ്ക്കും ജനങ്ങൾക്കും കടലാസിന്റെ വിലപോലും ഉണ്ടാകില്ല എന്ന സത്യം വിസ്മരിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.